ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഢ്, ജാർഖണ്ഡ്, മഹാരാഷ്ട്ര, ഒഡീഷ എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ വികസനാഭിമുഖ്യമുള്ള ജില്ലകളിൽ മൊബൈൽ സേവനങ്ങൾ ഇനിയും എത്താത്ത ഗ്രാമങ്ങളിൽ അവ നൽകുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നൽകി.
ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, ഝാർഖണ്ഡ്, മഹാരാഷ്ട്ര, ഒഡീഷ എന്നീ അഞ്ച് സംസ്ഥാനങ്ങളിലായി വികസനാഭിമുഖ്യമുള്ള 44 ജില്ലകളിലെ 7,287 ഗ്രാമങ്ങളിൽ 4ജി അധിഷ്‌ഠിത മൊബൈൽ സേവനങ്ങൾ ലഭ്യമാക്കാൻ പദ്ധതി വിഭാവനം ചെയ്യുന്നു, 5 വർഷത്തെ പ്രവർത്തന ചെലവുകൾ ഉൾപ്പെടെ ഏകദേശം 6,466 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു . യൂണിവേഴ്സൽ സർവീസ് ഒബ്ലിഗേഷൻ ഫണ്ട് (യുഎസ്ഒഎഫ്) പദ്ധതിക്ക് ധനസഹായം നൽകും. കരാർ ഒപ്പിട്ട ശേഷം 18 മാസത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കുകയും നവംബർ 23 നകം പൂർത്തീകരിക്കുകയും ചെയ്യും.
ഈ ഗ്രാമങ്ങളിൽ 4ജി മൊബൈൽ സേവനങ്ങൾ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട ജോലികൾ നിലവിലുള്ള യുഎസ്ഒഎഫ് നടപടിക്രമങ്ങൾ അനുസരിച്ച് ഓപ്പൺ കോംപറ്റിറ്റീവ് ബിഡ്ഡിംഗ് പ്രക്രിയയിലൂടെ നൽകും.
ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, ഝാർഖണ്ഡ്, മഹാരാഷ്ട്ര, ഒഡീഷ എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ വികസനാഭിമുഖ്യമുള്ള ജില്ലകളുടെ വിദൂരവും ബുദ്ധിമുട്ടേറിയതുമായ പ്രദേശങ്ങളിൽ മൊബൈൽ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള നിലവിലെ നിർദ്ദേശം, സ്വാശ്രയത്വത്തിനും പഠനത്തിനും വിവര- വിജ്ഞാന വ്യാപനത്തിനും ഉപകാരപ്രദമായ ഡിജിറ്റൽ കണക്റ്റിവിറ്റി വർദ്ധിപ്പിക്കും. ഒപ്പം നൈപുണ്യ നവീകരണവും വികസനവും, ദുരന്തനിവാരണം, ഇ-ഗവേണൻസ് സംരംഭങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അറിവ് പങ്കുവയ്ക്കുന്നതിനും തൊഴിൽ അവസരങ്ങളുടെ ലഭ്യതയ്ക്കും മതിയായ പിന്തുണ നൽകൽ, ആഭ്യന്തര ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്ന ഡിജിറ്റൽ ഇന്ത്യയുടെ കാഴ്ചപ്പാട് നിറവേറ്റൽ മുതലായവയും ആത്മനിർഭർ ഭാരതിന്റെ ലക്ഷ്യങ്ങളുടെ പൂർത്തീകരണവും സാധ്യമാക്കും.