ത്രിപുരയിലെ അഗര്‍ത്തല വിമാനത്താവളം ‘മഹാരാജാ ബീര്‍ ബിക്രം മാണിക്യ കിഷോര്‍ വിമാനത്താവളം, അഗര്‍ത്തല’ എന്നാക്കി പുനര്‍നാമകരണം ചെയ്യുന്നതിന് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. മഹാരാജാ ബീര്‍ ബിക്രം മാണിക്യ കിഷോറിനോടുള്ള ആദരസൂചകമായി വിമാനത്താവളത്തിന് അദ്ദേഹത്തിന്റെ പേര് നല്‍കണമെന്ന ത്രിപുരയിലെ ജനങ്ങളുടെയും ഗവണ്‍മെന്റിന്റെയും ആവശ്യം പരിഗണിച്ചാണ് ഈ തീരുമാനം.
പശ്ചാത്തലം;
1923 ല്‍ നാട്ടുരാജ്യമായ ത്രിപുരയുടെ സിംഹാസനത്തിലേറിയ മഹാരാജാ ബീര്‍ ബിക്രം മാണിക്യ കിഷോര്‍ ജ്ഞാനിയും, ദയാശീലനുമായ ഭരണാധികാരിയായിരുന്നു. 1942 ല്‍ അദ്ദേഹം ദാനമായി നല്‍കിയ ഭൂമിയിലാണ് ത്രിപുര വിമാനത്താവളം നിര്‍മ്മിച്ചത്. ലോകത്തുടനീളം സഞ്ചരിച്ച, ദീര്‍ഘദര്‍ശിയായ ഭരണാധികാരിയായ അദ്ദേഹം ത്രിപുരയുടെ സര്‍വതോന്മുഖ വികസനത്തിനായി നിരവധി നടപടികള്‍ കൈക്കൊണ്ടു. അദ്ദേഹത്തിന്റെ പരിശ്രമഫലമായി അഗര്‍ത്തലയില്‍ ഒരു വിമാനത്താവളം സ്ഥാപിക്കപ്പെട്ടു. വടക്കു കിഴക്കന്‍ മേഖലയിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളമായി അത് മാറുകയും ത്രിപുരയിലേക്കുള്ള വ്യോമയാന ബന്ധം ഉറപ്പുവരുത്തുകയും ചെയ്തു. അതുകൊണ്ടുതന്നെ അഗര്‍ത്തല വിമാനത്താവളത്തിന് മഹാരാജാ ബീര്‍ ബിക്രം മാണിക്യ കിഷോറിന്റെ പേര് നല്‍കുന്നത് അദ്ദേഹത്തിന് ഏറെ യോജിച്ച ശ്രദ്ധാഞ്ജലിയാണ്.