-
ഏകദേശം 10,000 കോടി രൂപ മുതൽമുടക്കിൽ 3 പ്രധാന റെയിൽവേ സ്റ്റേഷനുകളുടെ പുനർവികസനത്തിനുള്ള ഇന്ത്യൻ റെയിൽവേയുടെ നിർദേശം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകരിച്ചു.
a) ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ;
b) അഹമ്മദാബാദ് റെയിൽവേ സ്റ്റേഷൻ; ഒപ്പം,
c) ഛത്രപതി ശിവജി മഹാരാജ് ടെർമിനസ് (സിഎസ്എംടി) മുംബൈ
ഒരു നഗരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ടതും കേന്ദ്രമേഖലയുമാണു റെയിൽവേ സ്റ്റേഷൻ. റെയിൽവേയുടെ പരിവർത്തനത്തിൽ സ്റ്റേഷനുകളുടെ വികസനത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രാധാന്യം നൽകിയിട്ടുണ്ട്. ഇന്നത്തെ മന്ത്രിസഭായോഗതീരുമാനം സ്റ്റേഷൻ വികസനത്തിനു പുതിയ ദിശാബോധം പകരുന്നതാണ്. 199 സ്റ്റേഷനുകളുടെ പുനർവികസനപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതിൽ 47 സ്റ്റേഷനുകൾക്കു ടെൻഡർ നൽകി. ബാക്കിയുള്ളവയുടെ ആസൂത്രണവും രൂപകൽപ്പനയും നടന്നുവരുന്നു. 32 സ്റ്റേഷനുകളുടെ പണി അതിവേഗം പുരോഗമിക്കുകയാണ്. ന്യൂഡൽഹി, ഛത്രപതി ശിവജി മഹാരാജ് ടെർമിനസ് (സിഎസ്എംടി) മുംബൈ, അഹമ്മദാബാദ് എന്നിങ്ങനെ മൂന്നു വലിയ റെയിൽവേ സ്റ്റേഷനുകൾക്കായി 10,000 കോടി രൂപയുടെ നിക്ഷേപത്തിന് ഇന്നു ചേർന്ന കേന്ദ്രമന്ത്രിസഭായോഗം അനുമതി നൽകി.
സ്റ്റേഷൻ രൂപകൽപ്പനയുടെ അടിസ്ഥാനഘടകങ്ങൾ ഇനിപ്പറയുന്നവയായിരിക്കും:
1. എല്ലാ സ്റ്റേഷനുകളിലും വിശാലമായ മേൽക്കൂരയും അവയിൽ വിപണനസൗകര്യവും (റൂഫ് പ്ലാസ - 36/72/108 മീ) ഉണ്ടായിരിക്കും. ചില്ലറവിൽപ്പനകേന്ദ്രങ്ങൾ, കഫറ്റീരിയകൾ, വിനോദസൗകര്യങ്ങൾ തുടങ്ങി യാത്രക്കാർക്കുള്ള എല്ലാ സൗകര്യങ്ങളും ഒറ്റയിടത്തു ലഭ്യമാക്കുന്ന വിധത്തിലാകും ഇതൊരുക്കുക.
2. നഗരത്തിന്റെ ഇരുവശങ്ങളും സ്റ്റേഷനുമായി ബന്ധിപ്പിക്കും; റെയിൽവേ ട്രാക്കുകളുടെ ഇരുവശങ്ങളിലും സ്റ്റേഷൻ കെട്ടിടം സ്ഥാപിക്കും.
3. ഭക്ഷണശാല, കാത്തിരിപ്പുകേന്ദ്രം, കുട്ടികൾക്കുള്ള കളിസ്ഥലം, പ്രാദേശിക ഉൽപ്പന്നങ്ങൾക്കുള്ള സ്ഥലം തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാകും.
4. നഗരത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന സ്റ്റേഷനുകൾക്കു നഗരകേന്ദ്രം പോലുള്ള ഇടം ഉണ്ടായിരിക്കും.
5. സ്റ്റേഷൻഅനുഭവം മെച്ചപ്പെടുത്തുന്നതിനു കൃത്യമായ പ്രകാശസംവിധാനം, വഴിയടയാളങ്ങൾ/സൂചനകൾ, ശബ്ദസംവിധാനം, ലിഫ്റ്റുകൾ/എസ്കലേറ്ററുകൾ/ട്രാവലേറ്ററുകൾ എന്നിവ ഉണ്ടായിരിക്കും.
6. മതിയായ പാർക്കിങ് സൗകര്യങ്ങളോടെ ഗതാഗതം സുഗമമാക്കുന്നതിനുള്ള പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്.
7. മെട്രോ, ബസ് തുടങ്ങിയ മറ്റു ഗതാഗത മാർഗങ്ങളുമായി ഏകോപനമുണ്ടാകും.
8. സൗരോർജം, ജലസംരക്ഷണം/പുനഃചംക്രമണം, മരങ്ങളൊരുക്കുന്ന മെച്ചപ്പെട്ട പരിരക്ഷ എന്നിവയിലൂടെ ഹരിതമന്ദിര സാങ്കേതികവിദ്യകൾ ഉപയോഗിക്കും.
9. ദിവ്യാംഗസൗഹൃദ സൗകര്യങ്ങൾ ഒരുക്കുന്നതിനു പ്രത്യേകം ശ്രദ്ധിക്കും.
10. ഇന്റലിജന്റ് ബിൽഡിങ് എന്ന ആശയത്തിലായിരിക്കും ഈ സ്റ്റേഷനുകൾ വികസിപ്പിക്കുക.
11. എത്തിച്ചേരൽ/പുറപ്പെടലുകൾ എന്നിവ പ്രത്യേകം പ്രത്യേകമാക്കലും കോലാഹലങ്ങളില്ലാത്ത പ്ലാറ്റ്‌ഫോമുകളും മികച്ച പ്രതലങ്ങളും പൂർണമായി ആവരണംചെയ്ത പ്ലാറ്റ്‌ഫോമുകളും ഉണ്ടായിരിക്കും.
12. സിസിടിവി സ്ഥാപിക്കുകയും പ്രവേശനനിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്യുന്നതോടെ സ്റ്റേഷനുകൾ സുരക്ഷിതമാകും.
13. ഇവ മാതൃകാ സ്റ്റേഷൻ കെട്ടിടങ്ങളായിരിക്കും.
India's infrastructure has to be futuristic. Today's Cabinet decision on redevelopment of New Delhi, Ahmedabad and Chhatrapati Shivaji Maharaj Terminus reflects this vision of the Government. These stations will be modernised and further 'Ease of Living,' https://t.co/hCKryKlob2
— Narendra Modi (@narendramodi) September 28, 2022