2024 ഖാരിഫ് കാലയളവിൽ (01.04.2024 മുതൽ 30.09.2024 വരെ) ഫോസ്ഫാറ്റിക്, പൊട്ടാസിക്ക് (P&K) പോഷകങ്ങളെ അടിസ്ഥാനമാക്കിയുള്ള സബ്സിഡി (NBS) നിരക്കു നിശ്ചയിക്കുന്നതിനും എൻബിഎസ് പദ്ധതിക്കു കീഴിൽ 3 പുതിയ വളം ഗ്രേഡുകൾ ഉൾപ്പെടുത്തുന്നതിനുമുള്ള രാസവളം വകുപ്പിന്റെ നിർദേശത്തിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകി. 2024 ഖാരിഫ് കാലയളവിലേക്കുള്ള ബജറ്റ് ആവശ്യകത ഏകദേശം 24,420 കോടി രൂപയായിരിക്കും.
പ്രയോജനങ്ങൾ:
i. കർഷകർക്ക് സബ്‌സിഡിയിലും താങ്ങാനാകുന്ന വിലയിലും ന്യായമായ വിലയിലും രാസവളങ്ങളുടെ ലഭ്യത ഉറപ്പാക്കും.
ii. രാസവളങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും അന്താരാഷ്ട്ര നിരക്കുകളിലെ സമീപകാല പ്രവണതകൾ കണക്കിലെടുത്തു പി&കെ വളങ്ങളുടെ സബ്‌സിഡി യുക്തിസഹമാക്കും.
iii. എൻബിഎസിൽ മൂന്നു പുതിയ ഗ്രേഡുകൾ ഉൾപ്പെടുത്തുന്നത്, സമീകൃത മണ്ണിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും മണ്ണിന്റെ ആവശ്യകത അനുസരിച്ചു സൂക്ഷ്മ പോഷകങ്ങൾ ഉപയോഗിച്ചു ശക്തിപ്പെടുത്തിയ രാസവളങ്ങൾ തിരഞ്ഞെടുക്കുന്നതിനു കർഷകർക്കു ബദലുകൾ വാഗ്ദാനം ചെയ്യുന്നതിനും സഹായിക്കും.
നടപ്പാക്കൽ തന്ത്രവും ലക്ഷ്യങ്ങളും:
കർഷകർക്കു മിതമായ നിരക്കിൽ ഈ രാസവളങ്ങളുടെ സുഗമമായ ലഭ്യത ഉറപ്പാക്കുന്നതിന്, ഖാരിഫ് 2024ലെ (01.04.2024 മുതൽ 30.09.2024 വരെ ബാധകം) അംഗീകൃത നിരക്കുകളെ അടിസ്ഥാനമാക്കി P&K വളങ്ങളുടെ സബ്‌സിഡി നൽകും.
പശ്ചാത്തലം:
രാസവളം നിർമാതാക്കൾ/ഇറക്കുമതിക്കാർ മുഖേന കർഷകർക്കു സബ്‌സിഡി വിലയിൽ 25 ഗ്രേഡുകളുള്ള പി ആൻഡ് കെ വളങ്ങൾ ഗവണ്മെന്റ് ലഭ്യമാക്കുന്നു. 01.04.2010 മുതലുള്ള NBS പദ്ധതിയാണ് P&K വളങ്ങളുടെ സബ്‌സിഡി നിയന്ത്രിക്കുന്നത്. കർഷകസൗഹൃദ സമീപനത്തിന് അനുസൃതമായി, കർഷകർക്കു താങ്ങാനാകുന്ന വിലയിൽ P&K വളങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണ്. യൂറിയ, ഡിഎപി, എംഒപി, സൾഫർ എന്നിവയുടെ അന്താരാഷ്ട്ര വിലയിലെ സമീപകാല പ്രവണതകൾ കണക്കിലെടുത്ത്, ഫോസ്ഫാറ്റിക്, പൊട്ടാസിക് (പി & കെ) വളങ്ങളുടെ ഖാരിഫ് 2024ലെ എൻബിഎസ് നിരക്ക് 01.04.2024 മുതൽ 30.09.2024 വരെ പ്രാബല്യത്തിൽ വരുത്താൻ ഗവണ്മെന്റ് തീരുമാനിച്ചു. എൻബിഎസ് പദ്ധതിക്കു കീഴിൽ 3 പുതിയ വളം ഗ്രേഡുകൾ ഉൾപ്പെടുത്താനും ഗവണ്മെന്റ് തീരുമാനിച്ചു. കർഷകർക്ക് താങ്ങാനാകുന്ന നിരക്കിൽ രാസവളം ലഭ്യമാക്കുന്നതിന് അംഗീകൃതവും വിജ്ഞാപനം ചെയ്തതുമായ നിരക്കുകൾ അനുസരിച്ച് രാസവളം കമ്പനികൾക്കു സബ്‌സിഡി നൽകും.