പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ 15.3.2017നു ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം ദേശീയ ആരോഗ്യനയം, 2017(എന്‍.എച്ച്.പി., 2017)ന് അംഗീകാരം നല്‍കി. സമഗ്രവും ഏകീകൃതവുമായ മാര്‍ഗത്തിലൂടെ എല്ലാവരെയും ക്ഷേമത്തിലേക്കു നയിക്കുകയാണു നയത്തിന്റെ ഉദ്ദേശ്യം. ആഗോളനിലവാരമുള്ള ആരോഗ്യ പരിരക്ഷണവും എല്ലാവര്‍ക്കും താങ്ങാവുന്ന ചെലവില്‍ മേന്മയേറിയ ആരോഗ്യസംരക്ഷണ സേവനവും ലഭ്യമാക്കുകയാണ് ഈ നയത്തിലൂടെ ലക്ഷ്യംവെക്കുന്നത്.
സ്വകാര്യമേഖലയെക്കൂടി പങ്കാളികളാക്കിക്കൊണ്ടാണ് ആരോഗ്യപ്രശ്‌നങ്ങള്‍ക്കു സമ്പൂര്‍ണ പരിഹാരം തേടാന്‍ ശ്രമിക്കുക. പരിചരണത്തിന്റെ മേന്മ വര്‍ധിപ്പിക്കുന്നതിനു പ്രോത്സാഹനം നല്‍കുന്നതിനൊപ്പം, ആധുനികകാലത്തുണ്ടാകുന്ന രോഗങ്ങളെ നേരിടുന്നതിനും അഭിവൃദ്ധിജനകവും പ്രതിരോധപരവുമായ വിധം ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നതിനും ആയിരിക്കും പ്രാധാന്യം കല്‍പിക്കുന്നത്. രോഗികളെ കേന്ദ്രീകരിച്ചുള്ളതും മേന്മ നിലനിര്‍ത്തിക്കൊണ്ടുള്ളതും ആയിരിക്കും നയം. ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്ന പദ്ധതിയായിരിക്കും ഇത്.
ദേശീയ ആരോഗ്യ നയം 2017ന്റെ പ്രധാന ലക്ഷ്യം പ്രതിരോധപരവും അഭിവൃദ്ധിജനകവുമായ ആരോഗ്യസംരക്ഷണ പദ്ധതിയെ എല്ലാ വികസനനയങ്ങളുടെയും ഭാഗമാക്കിത്തീര്‍ക്കുകവഴി, പരമാവധി മെച്ചപ്പെട്ട ആരോഗ്യവും ക്ഷേമവും നേടിയെടുക്കുകയും സാമ്പത്തിക പരാധീനത തടസ്സമാകാത്തവിധം എല്ലാവര്‍ക്കും ആഗോളനിലവാരമുള്ള ആരോഗ്യസംരക്ഷണ സേവനം ലഭ്യമാക്കുകയുമാണ്.
ദ്വിതീയ, തൃതീയ സംരക്ഷണ ഘട്ടങ്ങളില്‍ ചികിത്സാ സൗകര്യവും സാമ്പത്തിക സുരക്ഷയും ഉറപ്പാക്കുന്നതിനായി സൗജന്യ മരുന്നുകളും സൗജന്യ പരിശോധനയും സൗജന്യ അടിന്തര ചികിത്സാ സേവനങ്ങളും എല്ലാ പൊതു ആശുപത്രികളിലും ലഭ്യമാക്കാന്‍ ഈ നയം വ്യവസ്ഥ ചെയ്യുന്നു.
ആരോഗ്യസംവിധാനത്തിലെ നിര്‍ണായകമായ വിടവുകള്‍ നികത്തുന്നതിനായി ഹ്രസ്വകാല സംവിധാനമെന്ന നിലയില്‍ ദ്വിതീയ, തൃതീയ സംരക്ഷണ സേവനങ്ങള്‍ തന്ത്രപരമായി ഉപയോഗപ്പെടുത്തുന്നതിനുള്ള സാധ്യതകള്‍ നയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ആരോഗ്യ സംവിധാനത്തിനു രൂപം നല്‍കുന്നതില്‍ ഗവണ്‍മെന്റിനുള്ള സ്ഥാനം എല്ലാ അര്‍ഥത്തിലും മുന്‍പന്തിയിലാണെന്നു നയം ചൂണ്ടിക്കാട്ടുന്നു. പൊതു ഫണ്ട് ഉപയോഗപ്പെടുത്തുകയും സമഗ്രവും ഏകീകൃതവും എല്ലാവര്‍ക്കും പ്രാപ്യവുമായ പൊതു ആരോഗ്യസംരക്ഷണ സംവിധാനം രൂപപ്പെടുത്തുകയും ചെയ്യുമെന്നതാണ് പുതിയ നയത്തിന്റെ മാര്‍ഗരേഖയുടെ സവിശേഷത.
ദേശീയ ലക്ഷ്യം നേടിയെടുക്കുന്നതിനായി, വിടവുകള്‍ നികത്തുന്നതിന് സ്വകാര്യമേഖലയുമായി സൃഷ്ടിപരവും പരസ്പരപൂരകവുമായ ബന്ധം സ്ഥാപിക്കണമെന്ന് എന്‍.എച്ച്.പി., 2017 നിര്‍ദേശിക്കുന്നു. പ്രധാനമായും അവശ്യഘടകങ്ങള്‍ വാങ്ങുന്നതിനും ശേഷി വര്‍ധിപ്പിക്കുന്നതിനും നൈപുണ്യ വികസന പദ്ധതികള്‍ നടപ്പാക്കുന്നതിനും ബോധവല്‍ക്കരണം സൃഷ്ടിക്കുന്നതിനും മാനസികാരോഗ്യ സേവനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി സമൂഹത്തില്‍ സുസ്ഥിരമായ ശൃംഖല കെട്ടിപ്പടുക്കുന്നതിനും ദുരന്തങ്ങളെ നേരിടുന്നതിനും സ്വകാര്യമേഖലയുമായുള്ള സഹകരണം ഉപയോഗപ്പെടുത്താന്‍ ഉദ്ദേശിക്കുന്നു. സ്വകാര്യമേഖലയുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ സാമ്പത്തികവും അല്ലാത്തതുമായ പ്രോത്സാഹനം പകരണമെന്നു നിര്‍ദേശിക്കുന്നുണ്ട്.
പൊതു ആരോഗ്യത്തിനായുള്ള ചെലവ് സമയബന്ധിതമായി മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 2.5 ശതമാനമായി ഉയര്‍ത്തിക്കൊണ്ടുവരണമെന്നു നയത്തില്‍ വ്യക്തമാക്കുന്നു. ആരോഗ്യ, ക്ഷേമ കേന്ദ്രങ്ങളിലൂടെ സമഗ്ര പ്രാഥമികാരോഗ്യം സംബന്ധിച്ച വിശ്വാസ്യതയുള്ള വലിയ പാക്കേജുകള്‍ നല്‍കണമെന്ന വ്യവസ്ഥ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പ്രധാനമായും, വാര്‍ധക്യകാല ആരോഗ്യസംരക്ഷണം, വേദനശുശ്രൂഷ, പുനരധിവാസ പരിരക്ഷാ സേവനങ്ങള്‍ എന്നീ മേഖലകളില്‍ തെരഞ്ഞെടുത്ത ഏതാനും പേര്‍ക്ക് എന്ന സ്ഥിതിക്കപ്പുറം, സമഗ്ര പ്രാഥമിക ആരോഗ്യ സംരക്ഷണ പദ്ധതിയിലേക്കുള്ള മാറ്റം ലക്ഷ്യംവെക്കുന്നുണ്ട്. പുതിയ നയമനുസരിച്ച്, ആകെ വിഭവങ്ങളുടെ മൂന്നില്‍ രണ്ടോ അതിലേറെയോ പങ്ക് പ്രാഥമിക സംരക്ഷണത്തിനും ബാക്കി ഭാഗം ദ്വിതീയ, തൃതീയതല സംരക്ഷണങ്ങള്‍ക്കും നീക്കിവെക്കും. നിലവില്‍ മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ ലഭ്യമാക്കിവരുന്ന മിക്ക ദ്വിതീയതല സംരക്ഷണങ്ങളും ജില്ലാതലങ്ങളില്‍ ലഭ്യമാക്കാന്‍ സാധിക്കണമെന്നു ദേശീയ ആരോഗ്യ നയം, 2017 കാംക്ഷിക്കുന്നു. രോഗങ്ങള്‍ പടരുന്നതു കുറച്ചുകൊണ്ടുവരാനും പൊതു ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താനും പദ്ധതി ഫലപ്രദമാക്കാനും ആരോഗ്യസംവിധാനത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സംവിധാനം ശക്തിപ്പെടുത്താനും ലക്ഷ്യബോധത്തോടെയുള്ള പ്രവര്‍ത്തനമാണു നയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2020 ആകുമ്പോഴേക്കും പൊതു ആരോഗ്യത്തെ ബാധിക്കാനിടയുള്ള രോഗങ്ങള്‍ രേഖപ്പെടുത്താനും ആരോഗ്യ, ജാഗ്രതാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനും വ്യവസ്ഥകള്‍ ഉണ്ട്. പൊതു ആരോഗ്യ ലക്ഷ്യങ്ങളോടുകൂടിയ വൈദ്യ ഉപകരണങ്ങളും സംവിധാനങ്ങളും സംബന്ധിച്ച് മറ്റു നയങ്ങള്‍ രൂപീകരിക്കാന്‍ നിര്‍ദേശിക്കുന്നുമുണ്ട്.
ദേശീയ ആരോഗ്യ നയം 2017ന്റെ പ്രാഥമിക ലക്ഷ്യം ആരോഗ്യരംഗത്തെ നിക്ഷേപം വര്‍ധിപ്പിക്കല്‍, ആരോഗ്യസംരക്ഷണ സേവനങ്ങള്‍ സംഘടിപ്പിക്കലും പണം ലഭ്യമാക്കലും, രോഗപ്രതിരോധവും നല്ല ആരോഗ്യം ഉറപ്പുവരുത്തലും, സാങ്കേതികവിദ്യ ലഭ്യമാക്കല്‍, മനുഷ്യവിഭവശേഷി വികസിപ്പിക്കല്‍, വിവിധ ചികിത്സാരീതികളെ പ്രോത്സാഹിപ്പിക്കല്‍, ആരോഗ്യം മെച്ചപ്പെടുത്താന്‍ ആവശ്യമാംവിധം അറിവു വര്‍ധിപ്പിക്കല്‍, സാമ്പത്തിക സംരക്ഷണ നയങ്ങള്‍ രൂപപ്പെടുത്തല്‍, ആരോഗ്യസംരക്ഷണത്തിനായി നിയന്ത്രണങ്ങള്‍ നടപ്പാക്കുകയും പുരോഗമനാത്മകമായ പ്രത്യാശ പകരുകയും ചെയ്യുക തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ ആരോഗ്യ സംവിധാനം രൂപപ്പെടുത്തുന്നതില്‍ ഗവണ്‍മെന്റിനുള്ള പങ്ക് ഉയര്‍ത്തിക്കാട്ടുന്നതിനായി വിവരങ്ങള്‍ വെളിപ്പെടുത്തുകയും സ്പഷ്ടത വരുത്തുകയും ഗൗരവമായി രേഖപ്പെടുത്തുകയുമാണ്.
തൊഴില്‍പരമായ മേന്മ, ആത്മാര്‍ഥതയും ധാര്‍മികതയും, തുല്യത, താങ്ങാവുന്ന ചെലവ്, വ്യാപകമായ ലഭ്യത, രോഗികളെ കേന്ദ്രീകരിച്ചുള്ളതും മേന്മയേറിയതുമായ പരിചരണം, ഉത്തരവാദിത്തബോധം, ബഹുത്വം എന്നിവയില്‍ അധിഷ്ഠിതമാണു വിശാലമായ അര്‍ഥത്തില്‍ ആരോഗ്യ നയം.
ദ്വിതീയ, തൃതീയ തല പരിചരണ സേവനങ്ങള്‍ എല്ലാവര്‍ക്കും പ്രാപ്യമാക്കാനും താങ്ങാവുന്ന ചെലവില്‍ ഒതുങ്ങുന്നവയാക്കി മാറ്റാനും പൊതു, സ്വകാര്യ ആരോഗ്യസംരക്ഷണ കേന്ദ്രങ്ങളുടെ സഹകരണം സാധ്യമാക്കുന്നതിനും പൊതുമേഖലാ ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ നഷ്ടമായ വിശ്വാസ്യത തിരിച്ചുപിടിക്കുന്നതിനും പൊതു ആരോഗ്യ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനായി സ്വകാര്യ ആരോഗ്യസംരക്ഷണ വ്യവസായത്തെയും വൈദ്യരംഗത്തെ സാങ്കേതികവിദ്യയെയും സ്വാധീനിക്കുന്നതിനുമുള്ള സാധ്യതകള്‍ തേടുകയും ചെയ്യുന്നു.
ബാല്യ, താരുണ്യ ഘട്ടങ്ങളില്‍ സംഭവിക്കുന്ന മരണങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിനായി, രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ടു പ്രതിരോധിക്കുന്നതിനു പുതിയ നയം പ്രതിജ്ഞാബദ്ധമാണ്. വിദ്യാലയങ്ങളില്‍ ആരോഗ്യ സംരക്ഷണ പദ്ധതികള്‍ നടപ്പാക്കാനും ആരോഗ്യവും വൃത്തിയും സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കാനും ഉദ്ദേശിക്കുന്നുണ്ട്.
വിവിധ ചികില്‍സാപദ്ധതികളെക്കൊണ്ടുള്ള നേട്ടം ഉറപ്പിക്കുന്നതിനായി അവയെല്ലാം മുഖ്യധാരയിലേക്ക് ഉയര്‍ത്തണമെന്നു നയം ശുപാര്‍ശ ചെയ്യുന്നു. പൊതു സ്ഥലങ്ങളില്‍ ആയുഷ് മരുന്നുകള്‍ ലഭ്യമാക്കുക വഴി ആയുഷിനെ മുഖ്യധാരയിലേക്കു കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നു. നല്ല ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, വ്യാപകമായി സ്‌കൂളുകളിലും തൊഴിലിടങ്ങളിലും യോഗ പ്രോത്സാഹിപ്പിക്കും.
നമുക്കു ലഭിച്ചതിന് ആനുപാതികമായി സമൂഹത്തിനു തിരിച്ചുനല്‍കുക എന്ന ആശയത്തിന്റെ ഭാഗമായി, അംഗീകൃത ആരോഗ്യസംരക്ഷണ പ്രവര്‍ത്തകര്‍ ഗ്രാമീണ മേഖലകളിലും ആരോഗ്യസംരക്ഷണ പ്രവര്‍ത്തനം വേണ്ടത്ര കടന്നെത്തിയിട്ടില്ലാത്ത മേഖലകളിലൂം സൗജന്യസേവനം നടത്തുന്നതിനെ നയം പ്രോത്സാഹിപ്പിക്കുന്നു.
ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ ക്ഷമതയും ഫലവും മെച്ചപ്പെടുത്തുന്നതിനായി ഡിജിറ്റല്‍ ഉപകരണങ്ങള്‍ വ്യാപകമായി ഉപയോഗപ്പെടുത്താന്‍ ഉപദേശിക്കുന്ന നയം, ഡിജിറ്റല്‍ ആരോഗ്യ സംവിധാനം നിയന്ത്രിക്കുന്നതിനും വികസിപ്പിക്കുന്നതിനും വിന്യസിപ്പിക്കുന്നതിനും ദേശീയ ഡിജിറ്റല്‍ ആരോഗ്യ അതോറിറ്റി രൂപീകരിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെക്കുന്നു.
പുരോഗമനാത്മകമായി മുന്നേറ്റം തുടരുന്ന വിധത്തിലുള്ള ഉറച്ച സമീപനമാണു നയം കൈക്കൊള്ളുന്നത്.