ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ (എഫ്‌സിഐ) 2024-25 സാമ്പത്തിക വർഷത്തിൽ പ്രവർത്തന മൂലധനമായി 10,700 കോടി രൂപയുടെ നിക്ഷേപം നടത്തുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി (സിസിഇഎ) അംഗീകാരം നൽകി. കാർഷിക മേഖലയെ ഉത്തേജിപ്പിക്കുന്നതിനും രാജ്യവ്യാപകമായി കർഷകരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് തീരുമാനം. കർഷകരെ പിന്തുണയ്ക്കുന്നതിനും ഇന്ത്യയുടെ കാർഷിക സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുമുള്ള ഗവണ്മെന്റിന്റെ അചഞ്ചലമായ പ്രതിബദ്ധതയാണ് ഈ തന്ത്രപരമായ നീക്കം വെളിവാക്കുന്നത്.
100 കോടി രൂപ അംഗീകൃത മൂലധനത്തോടെയും 4 കോടി രൂപ ഓഹരി നിക്ഷേപത്തോടെയുമാണ് 1964-ൽ എഫ്‌സിഐ അതിൻ്റെ പ്രയാണം ആരംഭിച്ചത്. എഫ്‌സിഐയുടെ പ്രവർത്തനങ്ങൾ പതിന്മടങ്ങ് വർധിച്ചതിന്റെ ഫലമായി അംഗീകൃത മൂലധനം 11,000 കോടി രൂപയിൽ നിന്ന് 2023 ഫെബ്രുവരിയിൽ 21,000 കോടി രൂപയായി ഉയർന്നു. 2019-20 സാമ്പത്തിക വർഷത്തിൽ 4,496 കോടി രൂപയായിരുന്ന എഫ് സി ഐ യുടെ മൂലധനം 2023-24 സാമ്പത്തിക വർഷത്തിൽ 10,157 കോടി രൂപയായി വർദ്ധിച്ചു. ഇപ്പോൾ, ഇന്ത്യാ ഗവൺമെൻ്റ് 10,700 കോടി രൂപയുടെ മൂലധന നിക്ഷേപത്തിന് അംഗീകാരം നൽകിയത് എഫ്‌സിഐയെ സാമ്പത്തികമായി ശക്തിപ്പെടുത്തുകയും അതിൻ്റെ പരിവർത്തനത്തിനായി കൈക്കൊണ്ടിട്ടുള്ള ഉദ്യമങ്ങൾക്കു വലിയ ഉത്തേജനം നൽകുകയും ചെയ്യും.
മിനിമം താങ്ങുവില (എംഎസ്പി) നൽകി ഭക്ഷ്യധാന്യങ്ങൾ ശേഖരിച്ചും, തന്ത്രപ്രധാന ഭക്ഷ്യധാന്യങ്ങളുടെ ശേഖരം പരിപാലിച്ചും, ക്ഷേമകാര്യങ്ങൾക്കായി ഭക്ഷ്യധാന്യങ്ങളുടെ വിതരണം, വിപണിയിലെ ഭക്ഷ്യധാന്യ വില സ്ഥിരത എന്നിവയിലൂടെയും, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ എഫ്സിഐ നിർണായക പങ്ക് വഹിക്കുന്നു.
മൂലധന സന്നിവേശം, എഫ്‌സിഐയുടെ പ്രവർത്തന ശേഷി വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യങ്ങൾ ഫലപ്രദമായി നിറവേറ്റുന്നതിനുമുള്ള സുപ്രധാന ചുവടുവെപ്പാണ്. ഫണ്ടിന്റെ അപര്യാപ്തത പരിഹരിക്കാൻ എഫ്സിഐ ഹ്രസ്വകാല വായ്പകൾ സ്വീകരിക്കുന്നു. ഈ മൂലധന സന്നിവേശം പലിശ ഭാരം കുറയ്ക്കാൻ സഹായിക്കുകയും ആത്യന്തികമായി ഇന്ത്യാ ഗവൺമെൻ്റിൻ്റെ സബ്‌സിഡി കുറയ്ക്കുകയും ചെയ്യും.
കുറഞ്ഞ താങ്ങുവില അടിസ്ഥാനമാക്കിയുള്ള സംഭരണത്തിനും എഫ്‌സിഐയുടെ പ്രവർത്തന ശേഷി വർദ്ധിപ്പിക്കാനുതകുന്ന നിക്ഷേപത്തിനുമുള്ള ഗവൺമെൻ്റിൻ്റെ ഈ ഇരട്ട പ്രതിബദ്ധത കർഷകരെ ശാക്തീകരിക്കുന്നതിനും കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനും രാജ്യത്തിന് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള പരസ്പര സഹകരണത്തെ സൂചിപ്പിക്കുന്നു.
Today’s Cabinet decision on the infusion of equity of Rs. 10,700 crore in the Food Corporation of India will enhance its capacity to manage food procurement and distribution efficiently. It will also ensure better support for farmers and contribute to national food security.…
— Narendra Modi (@narendramodi) November 6, 2024