ത്രിപുര സംസ്ഥാനത്തുകൂടി 134.913 കിലോമീറ്റര്‍ ദൂരം കടന്നു പോകുന്ന ദേശീയ പാത 208-ന്റെ 101.300 കിലോമീറ്റര്‍ (ഖോവായ്) മുതല്‍ 236.213 കിലോമീറ്റര്‍ (ഹരിന) വരെയുള്ള ഭാഗം രണ്ടുവരി പാതയായി വികസിപ്പിക്കുന്നതിനും വീതികൂട്ടുന്നതിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തിക കാര്യ സമിതി അനുമതി നല്‍കി.
1,511.70 കോടി (ജെപിവൈ 23,129 ദശലക്ഷം) രൂപ വായ്പ ഉള്‍പ്പെടെ പദ്ധതിയില്‍ 2,486.78 കോടി രൂപയാണ് ഇതിനായി നീക്കി വയ്ക്കുന്നത്. ഔദ്യോഗിക വികസന സഹായ പദ്ധതിക്കു (ഒഡിഎ) കീഴിലുള്ള ജപ്പാന്‍ അന്തര്‍ദേശീയ സഹകരണ ഏജന്‍സി (ജെഐസിഎ)യില്‍ നിന്നാണ് വായ്പാ സഹായം. ത്രിപുരയുടെ വിവിധ ഭാഗങ്ങള്‍ തമ്മില്‍ മെച്ചപ്പെട്ട റോഡ് ബന്ധം സുഗമമാക്കുന്നതിനും നിലവിലുള്ള എന്‍എച്ച്-8 ന് പുറമെ ത്രിപുരയില്‍ നിന്ന് അസമിലേക്കും മേഘാലയയിലേക്കും മറ്റു പ്രവേശനം നല്‍കാനും പദ്ധതി വിഭാവനം ചെയ്യുന്നു.
പ്രയോജനങ്ങള്‍:
പ്രദേശത്തിന്റെ സാമൂഹിക സാമ്പത്തിക ആവശ്യങ്ങള്‍ പരിഗണിച്ച് സുഗമവും വാഹന ഗതാഗതയോഗ്യവുമായ റോഡ് ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെ അടിസ്ഥാനമാക്കിയാണ് പദ്ധതി തിരഞ്ഞെടുത്തിരിക്കുന്നത്. എന്‍എച്ച്-208 ലെ പദ്ധതി മേഖലയുടെ വികസനം എന്‍എച്ച് 208 എ വഴി അസമിനും ത്രിപുരയ്ക്കും ഇടയിലുള്ള അന്തര്‍സംസ്ഥാന ഗതാഗത സൗകര്യം മെച്ചപ്പെടുത്തുക മാത്രമല്ല, യാത്രാ സമയം കുറയ്ക്കുകയും യാത്രക്കാര്‍ക്ക് സുരക്ഷിതമായ ഗതാഗത സൗകര്യം നല്‍കുകയും ചെയ്യും. ബംഗ്ലാദേശ് അതിര്‍ത്തിക്ക് വളരെ അടുത്തുകൂടിയാണ് പദ്ധതി മേഖല കടന്നുപോകുന്നത്, ഇത് കൈലാഷഹര്‍, കമാല്‍പൂര്‍, ഖോവായ് അതിര്‍ത്തി ചെക്ക് പോസ്റ്റ് വഴി ബംഗ്ലാദേശിലേക്കുള്ള ഗതാഗതം മെച്ചപ്പെടുത്തും. ഈ റോഡിന്റെ വികസനത്തിലൂടെ മേഖലയിലെ റോഡ് ശൃംഖലയിലെ പുരോഗതിക്കൊപ്പം കര അതിര്‍ത്തി വ്യാപാരവും വളരാന്‍ സാധ്യതയുണ്ട്.
വളര്‍ച്ചയുടെയും വരുമാനത്തിന്റെയും കാര്യത്തില്‍ പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനത്തെ കാര്‍ഷിക മേഖല, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ആരാധനാലയങ്ങള്‍, ഗോത്രവര്‍ഗ ജില്ലകള്‍ എന്നിവയിലേക്ക് മെച്ചപ്പെട്ട ഗതാഗത സൗകര്യമാണ് തിരഞ്ഞെടുത്ത പദ്ധതി നല്‍കുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്തിനും തദ്ദേശവാസികളായ പൊതുജനങ്ങൾക്കും കൂടുതൽ വരുമാനം ഉണ്ടാക്കാന്‍ സഹായിക്കുന്നവിധം ഗതാഗത സൗകര്യം മെച്ചപ്പെടും.
നിര്‍മ്മാണം പൂര്‍ത്തിയായ ശേഷം നടപ്പാതകളുടെ 5 വര്‍ഷം മുതല്‍ പത്ത് വര്‍ഷം വരെ അറ്റകുറ്റപ്പണിക്കുള്ള കരാര്‍ കൂടി ഉള്‍പ്പെടുന്ന പദ്ധതി രണ്ടു വര്‍ഷം കൊണ്ട് പൂര്‍ത്തിയാകും.