പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ‘പ്രളയനിയന്ത്രണ-അതിര്‍ത്തിപ്രദേശ പരിപാടി (എഫ്എംബിഎപി)’ തുടരുന്നതിനുള്ള ജലവിഭവ വകുപ്പ്, ആര്‍ഡി ആന്‍ഡ് ജിആര്‍ നിർദേശത്തിന് അംഗീകാരം നല്‍കി. 2021-22 മുതല്‍ 2025-26 വരെയുള്ള (15-ാം ധനകാര്യ കമ്മീഷന്റെ കാലയളവ്) അഞ്ചുവര്‍ഷത്തേക്കു പദ്ധതി തുടരുന്നതിനു മൊത്തം 4100 കോടി രൂപ വകയിരുത്തി.
ഈ പദ്ധതിക്കു രണ്ടു ഘടകങ്ങളുണ്ട്:
a. 2940 കോടി രൂപ ചെലവില്‍ എഫ്എംബിഎപിയുടെ പ്രളയനിയന്ത്രണ പരിപാടി (എഫ്എംപി) ഘടകത്തിനു കീഴില്‍ വെള്ളപ്പൊക്ക നിയന്ത്രണം, മണ്ണൊലിപ്പു തടയല്‍, അഴുക്കുചാല്‍ വികസനം, കടല്‍ക്ഷോഭം തടയല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട നിര്‍ണായക പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനു സംസ്ഥാന ഗവണ്മെന്റുകള്‍ക്കു കേന്ദ്ര സഹായം നല്‍കും. പ്രത്യേക വിഭാഗത്തിലുള്ള സംസ്ഥാനങ്ങളുടെ (8 വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, മലയോര സംസ്ഥാനങ്ങളായ ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീരിലെ കേന്ദ്രഭരണ പ്രദേശങ്ങള്‍) കാര്യത്തിൽ 90% തുക കേന്ദ്രം ചെലവഴിക്കും. 10 ശതമാനമാണു സംസ്ഥാനവിഹിതം. പൊതുവിഭാഗത്തിലുള്ള/പ്രത്യേകതകളില്ലാത്ത സംസ്ഥാനങ്ങള്‍ക്ക് 60 ശതമാനം കേന്ദ്രസഹായം നൽകും. 40% സംസ്ഥാനങ്ങൾ ചെലവഴിക്കും.
b. 1160 കോടി രൂപ മുതല്‍ മുടക്കില്‍ എഫ്എംബിഎപിയുടെ നദീപരിപാലന അതിര്‍ത്തിപ്രദേശ (ആര്‍എംബിഎ) ഘടകത്തിനു കീഴില്‍ അയല്‍രാജ്യങ്ങളുമായി അതിർത്തിപങ്കിടുന്ന പൊതുനദികളിലെ വെള്ളപ്പൊക്ക നിയന്ത്രണവും മണ്ണൊലിപ്പു തടയല്‍ പ്രവര്‍ത്തനങ്ങളും; ജലത്തിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങളും വെള്ളപ്പൊക്ക പ്രവചനവും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍; അതിര്‍ത്തിയിലെ പൊതുനദികളിലെ സംയുക്ത ജലവിഭവ പദ്ധതികൾ കണ്ടെത്തലും നിര്‍മാണപൂർവ പ്രവര്‍ത്തനങ്ങളും (അയല്‍ രാജ്യങ്ങളുമായി) എന്നിവ 100 ശതമാനം കേന്ദ്ര സഹായത്തോടെ ഏറ്റെടുക്കും.
പ്രളയനിയന്ത്രണത്തിന്റെ പ്രാഥമിക ഉത്തരവാദിത്വം സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കാണെങ്കിലും, പ്രളയ നിയന്ത്രണത്തില്‍ സംസ്ഥാന ഗവണ്‍മെന്റുകളുടെ പരിശ്രമങ്ങള്‍ക്ക് അനുബന്ധമായി ആധുനിക സാങ്കേതികവിദ്യ സ്വീകരിക്കുകയും നൂതന വസ്തുക്കളും/സമീപനങ്ങളും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതു നല്ലതാണെന്നാണു കേന്ദ്ര ഗവണ്‍മെന്റിന്റെ തീരുമാനം. കാലാവസ്ഥാവ്യതിയാനത്തിന്റെ ആഘാതം കണക്കിലെടുത്തു കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തീവ്രമായ സംഭവങ്ങളുടെ വര്‍ധനയ്ക്കു സാക്ഷ്യം വഹിച്ചതിനാലും വരും കാലങ്ങളില്‍ വെള്ളപ്പൊക്കത്തിന്റെ വ്യാപ്തി, തീവ്രത, ആവൃത്തി എന്നിവയുടെ അടിസ്ഥാനത്തില്‍ സ്ഥിതി കൂടുതല്‍ രൂക്ഷമാകുന്നതിനാലും ഇതു പ്രസക്തമാണ്. ആര്‍എംബിഎ ഘടകത്തിനു കീഴില്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ സുരക്ഷാ ഏജന്‍സികൾ സ്ഥാപിച്ച സുപ്രധാന യന്ത്രോപകരണങ്ങൾ, അതിര്‍ത്തി കാവൽപ്പുരകള്‍ മുതലായവയെയും അതിര്‍ത്തി നദികളെയും വെള്ളപ്പൊക്കത്തില്‍നിന്നും മണ്ണൊലിപ്പില്‍നിന്നും സംരക്ഷിക്കുന്നു. വെള്ളപ്പൊക്കം കൈകാര്യം ചെയ്യുന്നതിനുള്ള ഫലപ്രദമായ ഘടനാപരമല്ലാത്ത നടപടിയായി അംഗീകരിക്കപ്പെട്ട ഫ്ലഡ് പ്ലെയിൻ മേഖല നടപ്പാക്കുന്ന സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വ്യവസ്ഥ ഈ പദ്ധതിയിലുണ്ട്.