ബയോ ഉല്‍പ്പാദനരംഗത്ത് മികച്ച പ്രകടനം പരിപോഷിപ്പിക്കുന്നതിനുള്ള ബയോടെക്നോളജി വകുപ്പിന്റെ ബയോഇ 3 (സാമ്പത്തിക, പരിസ്ഥിതി, തൊഴില്‍ എന്നിവയ്ക്ക് വേണ്ടി ബയോടെക്നോളജി) നയനിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ ഇന്ന് അംഗീകാരം നല്‍കി.
ഗവേഷണ-വികസനത്തിനും തിമാറ്റിക് മേഖലകളിലുടനീളമുള്ള സംരംഭകത്വത്തിനുമുള്ള നൂതനാശയ-പ്രേരിത പിന്തുണ ബയോഇ3 നയത്തിന്റെ പ്രധാന സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. ബയോമാനുഫാക്ചറിംഗും ബയോ-എ.ഐ (നിര്‍മ്മിത ബുദ്ധി)ഹബുകളും ബയോഫൗണ്ടറിയും സ്ഥാപിക്കുന്നതിലൂടെ ഇത് സാങ്കേതിക വികസനവും വാണിജ്യവല്‍ക്കരണവും ത്വരിതപ്പെടുത്തും. ഹരിത വളര്‍ച്ചയുടെ പുനരുല്‍പ്പാദന ബയോ ഇക്കണോമിമാതൃകകള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനൊപ്പം, ഈ നയം ഇന്ത്യയുടെ വൈദഗ്ധ്യമുള്ള തൊഴില്‍ സേനയുടെ വിപുലീകരണത്തെ സുഗമമാക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ കുതിച്ചുചാട്ടം നടത്തുകയും ചെയ്യും.
മൊത്തത്തില്‍, ഈ നയം ഗവണ്‍മെന്റിന്റെ നെറ്റ് സീറോ കാര്‍ബണ്‍ സമ്പദ്വ്യവസ്ഥ, മിഷൻ ലൈഫ് തുടങ്ങിയ സംരംഭങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ചാക്രിക ജൈവ സമ്പദ്വ്യവസ്ഥ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇന്ത്യയെ ത്വരിതഗതിയില്‍ ഹരിത വളര്‍ച്ചയുടെ പാതയിലേക്ക് നയിക്കുകയും ചെയ്യും. കൂടുതല്‍ സുസ്ഥിരവും നൂതനാശയപരവും ആഗോള വെല്ലുവിളികളോട് പ്രതികരിക്കുന്നതും വികസിത് ഭാരതിന് വേണ്ട ബയോ വിഷന്‍ രൂപപ്പെടുത്തുന്നതുമായ ഭാവിയെ പരിപോഷിപ്പിക്കുകയും മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്നതായിരിക്കും ബയോഇ3 നയം.
കാലാവസ്ഥാ വ്യതിയാന ലഘൂകരണം, ഭക്ഷ്യസുരക്ഷ, മനുഷ്യന്റെ ആരോഗ്യം തുടങ്ങിയ നിര്‍ണായകമായ ചില സാമൂഹിക പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതിനുള്ള സുസ്ഥിരവും ചാക്രികവുമായ സമ്പ്രദായങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ജീവശാസ്ത്രത്തിന്റെ വ്യാവസായികവല്‍ക്കരണത്തില്‍ നിക്ഷേപം നടത്തുന്നതിനുള്ള ഉചിതമായ സമയമാണ് നമ്മുടെ ഇന്നത്തെ യുഗം. ജൈവ അധിഷ്ഠിത ഉല്‍പന്നങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള അത്യാധുനിക നൂതനാശയങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് നമ്മുടെ രാജ്യത്ത് പ്രതിരോധശേഷിയുള്ള ഒരു ബയോ മാനുഫാക്ചറിംഗ് ആവാസവ്യവസ്ഥ കെട്ടിപ്പടുക്കേണ്ടത് പ്രധാനമാണ്.
നൂതന ബയോടെക്‌നോളജിക്കല്‍ പ്രക്രിയകളുടെ സംയോജനത്തിലൂടെ മരുന്ന് മുതല്‍ തുടങ്ങിയവയെ അഭിസംബോധനചെയ്യുന്നതിനും ജൈവ അധിഷ്ഠിത ഉല്‍പന്നങ്ങളുടെ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കാനുമുള്ള കഴിവാണ് ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയുള്ള ബയോ മാനുഫാക്ചറിംഗ്. ഉയര്‍ന്ന മൂല്യമുള്ള ജൈവ-അധിഷ്ഠിത രാസവസ്തുക്കള്‍, ബയോപോളിമറുകളും എന്‍സൈമുകളും; സ്മാര്‍ട്ട് പ്രോട്ടീനുകളും പ്രവര്‍ത്തനപരമായ ഭക്ഷണങ്ങളും; കൃത്യമായ ബയോതെറാപ്പിറ്റിക്‌സ്; കാലാവസ്ഥയെ പ്രതിരോധിക്കുന്ന കൃഷി; കാര്‍ബണ്‍ പിടിച്ചെടുക്കലും അതിന്റെ ഉപയോഗവും; സമുദ്ര, ബഹിരാകാശ ഗവേഷണം ദേശീയ എന്നീ തന്ത്രപ്രധാന മേഖലകളില്‍ മുന്‍ഗണനകളെ അഭിസംബോധന ചെയ്യുന്നതിനായി ബയോഇ3 നയം ശ്രദ്ധ കേന്ദ്രീകരിക്കും.