പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തികകാര്യ മന്ത്രിസഭാസമിതി മൊത്തം 7927 കോടി രൂപ (ഏകദേശം) ചെലവുവരുന്ന റെയിൽവേ മന്ത്രാലയത്തിന്റെ മൂന്ന് പദ്ധതികൾക്ക് ഇന്ന് അംഗീകാരം നൽകി.
പദ്ധതികൾ ഇനി പറയുന്നു:
i. ജൽഗാവ് - മൻമാഡ് നാലാം പാത (160 കി.മീ.)
ii. ഭുസാവൽ - ഖണ്ഡ്വ 3ഉം 4ഉം പാതകൾ (131 കി.മീ)
iii. പ്രയാഗ്‌രാജ് (ഇരാദത്ഗഞ്ച്) – മാനിക്പുർ മൂന്നാം പാത (84 കി.മീ.)
നിർദിഷ്ട ബഹുപാതാ പദ്ധതികൾ, മുംബൈയ്ക്കും പ്രയാഗ്‌രാജിനും ഇടയിലുള്ള ഏറ്റവും തിരക്കേറിയ ഭാഗങ്ങളിൽ ആവശ്യമായ അടിസ്ഥാനസൗകര്യവികസനം പ്രദാനം ചെയ്യുന്നതിലൂടെ പ്രവർത്തനഭാരം ലഘൂകരിക്കുകയും തിരക്കു കുറയ്ക്കുകയും ചെയ്യും.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നവ ഇന്ത്യ എന്ന കാഴ്ചപ്പാടിന് അനുസൃതമായാണ് പദ്ധതികൾ നടപ്പാക്കുന്നത്. അത് മേഖലയിലെ സമഗ്ര വികസനത്തിലൂടെ പ്രദേശത്തെ ജനങ്ങളെ ‘സ്വയംപര്യാപ്ത’മാക്കുകയും തൊഴിൽ/സ്വയം തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുകയും ചെയ്യും.
സംയോജിത ആസൂത്രണത്തിലൂടെ സാധ്യമായ ബഹുതല ഗതാഗതസൗകര്യത്തിനുള്ള പിഎം-ഗതി ശക്തി ദേശീയ ആസൂത്രണ പദ്ധതിയുടെ ഫലമണ് ഈ പദ്ധതികൾ. ഇതു ജനങ്ങളുടെയും ചരക്കുകളുടെയും സേവനങ്ങളുടെയും ചലനത്തിന് തടസ്സരഹിത ഗതാഗതസൗകര്യം പ്രദാനം ചെയ്യും.
മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ ഏഴ് ജില്ലകളെ ഉൾക്കൊള്ളുന്ന മൂന്ന് പദ്ധതികൾ ഇന്ത്യൻ റെയിൽവേയുടെ നിലവിലുള്ള ശൃംഖലയെ ഏകദേശം 639 കിലോമീറ്റർ വർധിപ്പിക്കും. നിർദിഷ്ട ബഹുപാതാപദ്ധതികൾ വികസനം കാംക്ഷിക്കുന്ന രണ്ട് ജില്ലകളിലേക്കുള്ള (ഖണ്ഡ്വ, ചിത്രകൂട്) ഗതാഗതസൗകര്യം വർധിപ്പിക്കും. 1319 ഗ്രാമങ്ങൾക്കും ഏകദേശം 38 ലക്ഷം ജനങ്ങൾക്കും ഇതു പ്രയോജനപ്പെടും.
നിർദിഷ്ട പദ്ധതികൾ മുംബൈ-പ്രയാഗ്‌രാജ്-വാരാണസി പാതയിൽ കൂടുതൽ യാത്രാ ട്രെയിനുകളുടെ പ്രവർത്തനം സാധ്യമാക്കുന്നതിലൂടെ, നാഷിക് (ത്രയംബകേശ്വർ), ഖണ്ഡ്വ (ഓംകാരേശ്വർ), വാരാണസി (കാശി വിശ്വനാഥ്) എന്നിവിടങ്ങളിലെ ജ്യോതിർലിംഗങ്ങളിലേക്കും പ്രയാഗ്‌രാജ്, ചിത്രകൂട്, ഗയ, ഷിർദി എന്നിവിടങ്ങളിലെ ആരാധനാലയങ്ങളിലേക്കും യാത്ര ചെയ്യുന്ന തീർഥാടകർക്ക് പ്രയോജനം ചെയ്യും. കൂടാതെ, ഖജുരാഹോ യുനെസ്കോ ലോക പൈതൃക പ്രദേശം, യുനെസ്കോ ലോക പൈതൃക പ്രദേശമായ അജന്ത & എലോറ ഗുഹകൾ, ദേവഗിരി കോട്ട, അസീർഗഢ് കോട്ട, രേവ ഫോർട്ട്, യാവൽ വന്യജീവി സങ്കേതം, കേവ്ടി വെള്ളച്ചാട്ടം, പൂർവ വെള്ളച്ചാട്ടം തുടങ്ങിയ വിവിധയിടങ്ങളിലേക്കുള്ള മെച്ചപ്പെട്ട പ്രവേശനത്തിലൂടെ ഈ പദ്ധതികൾ വിനോദസഞ്ചാരത്തിനും പ്രോത്സാഹനമേകും.
കാർഷികോൽപ്പന്നങ്ങൾ, വളം, കൽക്കരി, ഉരുക്ക്, സിമന്റ്, കണ്ടെയ്നറുകൾ തുടങ്ങിയ ചരക്കുകളുടെ ഗതാഗതത്തിന് അവശ്യമായ പാതകളാണിത്. ശേഷി വർധിപ്പിക്കൽ പ്രവൃത്തികൾ 51 MTPA (പ്രതിവർഷം ദശലക്ഷം ടൺ) അധിക ചരക്കു ഗതാഗതത്തിന് കാരണമാകും. പരിസ്ഥിതിസൗഹൃദവും ഊർജകാര്യക്ഷമവുമായ ഗതാഗത മാർഗമായതിനാൽ, കാലാവസ്ഥാലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും രാജ്യത്തിന്റെ ലോജിസ്റ്റിക്സ് ചെലവു കുറയ്ക്കുന്നതിനും, 11 കോടി മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിന് തുല്യമായ CO2 പുറന്തള്ളൽ (271 കോടി കിലോഗ്രാം) കുറയ്ക്കുന്നതിനും റെയിൽവേ സഹായിക്കും.
Better infrastructure is about connecting dreams and accelerating progress.
— Narendra Modi (@narendramodi) November 26, 2024
The Cabinet approval to three major rail projects will benefit Maharashtra, Madhya Pradesh and Uttar Pradesh. It will boost development along the busy sections between Mumbai and Prayagraj.…