പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി നാളെ മഹാരാഷ്ട്രയിലെ സോളാപൂര്‍ സന്ദര്‍ശിക്കും. വിവിധ പദ്ധതികള്‍ക്ക് അദ്ദേഹം തുടക്കം കുറിയ്ക്കുകയും തറക്കല്ലിടുകയും ചെയ്യും. മഹാരാഷ്ട്രയിലെ റോഡ് ഗതാഗതത്തിനും കണക്ടിവിറ്റിക്കും ആക്കമേകിക്കൊണ്ട് ദേശീയപാത 211 ലെ (പുതിയ ദേശീയ പാത - 52) സോളാപൂര്‍ - തുല്‍ജാപൂര്‍ - ഒസ്മാനാബാദ് നാലുവരിപാത പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കും. സോളാപൂര്‍ - ഒസ്മാനാബാദ് നാലുവരി ഹൈവേ മഹാരാഷ്ട്രയിലെ മറാത്ത്‌വാഡ മേഖലയുമായുള്ള സോളാപൂരിന്റെ കണക്ടിറ്റിവിറ്റി മെച്ചപ്പെടുത്തും.
Route Layout of Four Laning of Solapur-Tuljapur-Osmanabad section
പ്രധാനമന്ത്രി ഭവന നിര്‍മ്മാണ പദ്ധതിക്ക് കീഴില്‍ 30,000 വീടുകള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിടും. ചവര്‍ പെറുക്കി നടക്കുന്നവര്‍, റിക്ഷാ ഡ്രൈവര്‍മാര്‍, ടെക്‌സ്റ്റൈയില്‍ തൊഴിലാളികള്‍, ബീഡി തൊഴിലാളികള്‍ മുതലായ ഭവന രഹിതരായ പാവപ്പെട്ടവര്‍ക്കായിരിക്കും ഈ വീടുകള്‍ ലഭിക്കുക. മൊത്തം പദ്ധതി ചെലവായ 1811.33 കോടി രൂപയില്‍ 750 കോടി രൂപ കേന്ദ്ര - സംസ്ഥാന ഗവണ്‍മെന്റുകളുടെ സഹായമാണ്. ശുചിത്വ ഭാരതമെന്ന ദര്‍ശനത്തിന് അനുസൃതമായി പ്രധാനമന്ത്രി സോളാപൂരില്‍ ഭൂഗര്‍ഭ അഴുക്കുചാല്‍ സംവിധാനം മൂന്ന് മലിന ജല സംസ്‌കരണ പ്ലാന്റുകള്‍ എന്നിവ രാഷ്ട്രത്തിന് സമര്‍പ്പിക്കും. നഗരത്തിലെ ശുചിത്വ നിലവാരം ഇത് വര്‍ദ്ധിപ്പിക്കും. നിലവിലുള്ള സംവിധാനത്തിന് പകരം വയ്ക്കുന്ന ഈ ഭൂഗര്‍ഭ സംവിധാനം അമൃത് ദൗത്യത്തിന് കീഴില്‍ നടപ്പിലാക്കുന്ന ട്രങ്ക് സ്വീവറുകളുമായി ബന്ധിപ്പിക്കുകയും ചെയ്യും. അമൃത് ദൗത്യത്തിന് കീഴില്‍ സോളാപൂര്‍ നഗരത്തിലേക്ക് ഉജ്ജനി അണക്കെട്ടില്‍ നിന്നുള്ള കുടിവെള്ള വിതരണ പദ്ധതിയുടെ വിപുലീകരണം, സോളാപൂര്‍ സ്മാര്‍ട്ട് സിറ്റി വികസനത്തിന്റെ ഭാഗമായുള്ള ജലവിതരണ, മലിന ജല സംസ്‌കരണ സംയുക്ത പദ്ധതി എന്നിവയ്ക്കും പ്രധാനമന്ത്രി തറക്കല്ലിടും. സ്മാര്‍ട്ട് സിറ്റി ദൗത്യത്തിന് കീഴില്‍ 244 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്. പൗരന്മാര്‍ക്കുള്ള സേവനങ്ങളും പൊതുജനാരോഗ്യ നിലവാരവും മെച്ചപ്പെടുത്തുന്നതില്‍ ഈ പദ്ധതി ഗണ്യമായ പങ്ക് വഹിക്കും. നഗരത്തില്‍ ഒരു പൊതുയോഗത്തെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ഇത് ഈ നഗരത്തിലെ പ്രധാനമന്ത്രിയുടെ രണ്ടാമത്തെ സന്ദര്‍ശനമാണ്. നേരത്തെ 2014 ഓഗസ്റ്റ് 16 ന് ഇവിടം സന്ദര്‍ശിച്ചപ്പോള്‍ പ്രധാനമന്ത്രി ദേശീയപാത -9 ലെ സോളാപൂര്‍- മഹാരാഷ്ട്ര/കര്‍ണ്ണാടക അതിര്‍ത്തി വരെയുള്ള നാലുവരി പാതയ്ക്ക് തറക്കല്ലിടുകയും, സോളാപൂര്‍ - റായ്ചൂര്‍ 765 കെ.വി വൈദ്യുത വിതരണ ലൈന്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും ചെയ്തു.