BIMSTEC Outcome Document: Countries agree to intensify our efforts to realise the objectives and purposes of BIMSTEC
BIMSTEC Outcome Document: Countries pledge to work collectively towards making BIMSTEC stronger, more effective, and result oriented
BIMSTEC Outcome Document: Terrorism continues to remain the single most significant threat to peace and stability in our region
BIMSTEC countries reiterate strong commitment to combat terrorism in all its forms and manifestations

നാം, ബംഗ്ലാദേശ് പ്രധാനമന്ത്രിയും ഭൂട്ടാന്‍ പ്രധാനമന്ത്രിയും ഇന്ത്യന്‍ പ്രധാനമന്ത്രിയും മ്യാന്‍മര്‍ സ്റ്റേറ്റ് കൗണ്‍സിലറും നേപ്പാള്‍ പ്രധാനമന്ത്രിയും ശ്രീലങ്കന്‍ പ്രസിഡന്റും തായ്‌ലന്റ് പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധിയും ബ്രിക്‌സ്-ബിംസ്‌റ്റെക് ഔട്ട്‌റീച്ച് ഉച്ചകോടിക്കായി 2016 ഒക്ടോബര്‍ 16നു ഗോവയില്‍ ഒത്തുചേര്‍ന്നു.

ഐക്യരാഷ്ട്രസഭ പ്രഥമ ഹ്യൂമന്‍ ഡെവലപ്‌മെന്റ് ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കുക വഴി ആദരിച്ച ബഹുമാനപ്പെട്ട ഭൂമിബോല്‍ അദുല്യദേജ് രാജാവിന്റെ നിര്യാണത്തില്‍ നാം അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. തായ്‌ലന്റ് രാജവംശത്തെയും ജനങ്ങളെയും ഗവണ്‍മെന്റിനെയും ആത്മാര്‍ഥമായ അനുശോചനം അറിയിക്കുന്നു.

സുസ്ഥിരവികസനത്തിനായുള്ള ഐക്യരാഷ്ട്ര സഭയുടെ 2030 അജണ്ട ഉള്‍പ്പെടെയുള്ള ആഗോള, മേഖലാതല പ്രശ്‌നങ്ങളെക്കുറിച്ചുള്ള വീക്ഷണങ്ങള്‍ കൈമാറാനും പരസ്പര താല്‍പര്യമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും ബ്രിക്‌സ്, ബിംസ്റ്റെക് നേതാക്കള്‍ പങ്കെടുക്കുന്ന ഉച്ചകോടി സാധ്യമാക്കിയതിനെ നാം അഭിനന്ദിക്കുന്നു.

1997 ലെ ബാങ്കോക്ക് പ്രഖ്യാപനത്തില്‍ ഉയര്‍ത്തിക്കാട്ടിയ ആദര്‍ശങ്ങളെ അനുസ്മരിച്ചുകൊണ്ട്, ബിംസ്റ്റെക് അംഗങ്ങള്‍ക്കിടയിലുള്ള സഹകരണം തുല്യമായ രാഷ്ട്രപരമാധികാരം, ഭൂപരിധി സംബന്ധിച്ച കൃത്യത, രാഷ്ട്രീയ സ്വാതന്ത്ര്യം, ആഭ്യന്തര കാര്യങ്ങളില്‍ പരസ്പരം ഇടപെടാതിരിക്കല്‍, സമാധാനപരമായ സഹവര്‍ത്തിത്വം, പരസ്പര നേട്ടം എന്നീ ആദര്‍ശങ്ങള്‍ക്ക് അനുസൃതമായിരിക്കുമെന്നു നാം വീണ്ടും അടിവരയിട്ടു വ്യക്തമാക്കുകയാണ്.

1997 ബാങ്കോക്ക് പ്രഖ്യാപനത്തില്‍ വ്യക്തമാക്കുംവിധം ബിംസ്റ്റെക്കിന്റെ ലക്ഷ്യങ്ങളും ആവശ്യങ്ങളും നിറവേറ്റാനായുള്ള ശ്രമങ്ങള്‍ ഊര്‍ജിതപ്പെടുത്തുമെന്നു നാം പരസ്പരം സമ്മതിക്കുന്നു. മുന്‍ഗണന നല്‍കി മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട മേഖലകളില്‍ പരസ്പരം ഗുണകരമായ സഹകരണത്തിലൂടെ സാമ്പത്തികവും സാമൂഹികവുമായ വികസനത്തിനുള്ള നിര്‍ണായക ശേഷി ബിംസ്റ്റെക്കിനുണ്ടെന്നു നാം ഒരിക്കല്‍ക്കൂടി സ്ഥിരീകരിക്കുകയാണ്. ബിംസ്റ്റെക്കിനെ കൂടുതല്‍ കരുത്തുറ്റതും ഫലപ്രദവും ഫലകാംക്ഷയുള്ളതും ആക്കിത്തീര്‍ക്കുമെന്നു നാം പ്രതിജ്ഞയെടുക്കുകയാണ്.

നാം 2014 മാര്‍ച്ച് നാലിനു നേ പി തോവില്‍ പുറത്തിറക്കപ്പെട്ട മൂന്നാമതു ബിംസ്റ്റെക് ഉച്ചകോടി പ്രഖ്യാപനം അനുസ്മരിച്ചുകൊണ്ട് ബംഗാള്‍ ഉള്‍ക്കടല്‍ പ്രദേശത്തു മേഖലാതല സഹകരണവും ഏകോപനവും പ്രോല്‍സാഹിപ്പിക്കുന്ന സംഘടനയായി ബിംസ്റ്റെക്കിനെ മാറ്റിയെടുക്കാനുള്ള നമ്മുടെ പ്രതിജ്ഞാബദ്ധത ഊന്നിപ്പറയുകയും ചെയ്യുന്നു. ഭൂമിശാസ്ത്രപരമായ അടുപ്പവും സുലഭമായ പ്രകൃതി, മനുഷ്യവിഭവ ശേഷിയും മൂല്യമേറിയ ചരിത്രപരമായ ബന്ധവും പൊതുവായ സാംസ്‌കാരിക പാരമ്പര്യവും മേഖലാതലത്തില്‍ സമാധാനവും സ്ഥിരതയും അഭിവൃദ്ധിയും ഉറപ്പാക്കാന്‍ സാധിക്കുന്ന കൂട്ടായ്മയായി ബിംസ്‌റ്റെക്കിനെ മാറ്റുന്നുവെന്നു നാം തിരിച്ചറിയുന്നു.

നമ്മുടെ മേഖലയിലെ സമാധാനത്തിനും സുസ്ഥിരതയ്ക്കും നേരെയുള്ള ഏറ്റവും വലിയ വെല്ലുവിളി ഭീകരവാദമാണെന്നു തിരിച്ചറിഞ്ഞ എല്ലാ വിധത്തിലുമുള്ള ഭീകരവാദത്തെയും നേരിടാനുള്ള ശക്തമായ പ്രതിജ്ഞാബദ്ധത അരക്കിട്ടുറപ്പിക്കുകയും ഏതു വിധത്തിലുമുള്ള ഭീകരവാദത്തിന് ഒരു ന്യായീകരണവും ഉണ്ടായിരിക്കില്ലെന്ന് ആവര്‍ത്തിക്കുകയും ചെയ്യുന്നു. മേഖലയില്‍ അടുത്തിടെയുണ്ടായ ഹീനവും ക്രൂരവുമായ ഭീകരവാദി ആക്രമണത്തെ നാം ശക്തമായ ഭാഷയില്‍ അപലപിക്കുന്നു. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടം കേവലം ഭീകരവാദികളെയും ഭീകരസംഘടനകളെയും അവരുടെ ശൃംഖലയെയും ഇല്ലാതാക്കുന്നതില്‍ ഒതുങ്ങുന്നില്ലെന്നും ഭീകരവാദത്തെ പിന്‍തുണയ്ക്കുകയോ സാമ്പത്തികമായി സഹായിക്കുകയോ ഭീകരവാദികള്‍ക്കും ഭീകരവാദപ്രസ്ഥാനങ്ങള്‍ക്കും താവളം ഒരുക്കിക്കൊടുക്കുകയോ ചെയ്യുകയും ഭീകരവാദികളെ ആരാധിക്കുകയും ചെയ്യുന്ന രാഷ്ട്രങ്ങളെ തിരിച്ചറിയുകയും അവര്‍ കുറ്റക്കാരാണെന്നു വെളിവാക്കുകയും അവര്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കുള്ളുകയും വേണമെന്ന് ഉറച്ചുവിശ്വസിക്കുന്നു.

ഭീകരവാദികള്‍ ഒരിക്കലും രക്തസാക്ഷികളായി ഉയര്‍ത്തിക്കാട്ടപ്പെടരുത്. ഭീകരവാദം വ്യാപിക്കുന്നതു തടയാനും ഹിംസാത്കമായ തീവ്രവാദത്തെയും പരിഷ്‌കരണവാദത്തെയും അമര്‍ച്ച ചെയ്യാനും അടിയന്തര നടപടി വേണമെന്നു നാം മനസ്സിലാക്കുന്നു. നിയമം നടപ്പാക്കുന്നതിലും രഹസ്യാനേഷണ, സുരക്ഷാ ഏജന്‍സികളുടെ പ്രവര്‍ത്തനത്തിലും സഹകരണവും ഏകോപനവും സാധ്യമാക്കാന്‍ വ്യക്തമായ നടപടികള്‍ സംബന്ധിച്ച ദൃഢനിശ്ചയം നാം വെളിപ്പെടുത്തുകയാണ്.

കുറ്റകൃത്യങ്ങള്‍ പ്രതിരോധിക്കുന്നതിനായുള്ള പരസ്പര സഹകരണത്തിനു വേണ്ടിയുള്ള ബിംസ്റ്റെക് കണ്‍വെന്‍ഷന്‍ ഒപ്പുവെക്കുന്നതും രാജ്യാന്തര ഭീകരവാദം, രാജ്യാന്തരം സംഘടിത കുറ്റകൃത്യങ്ങള്‍, അനധികൃത മയക്കുമരുന്നു കടത്ത് എന്നീ കാര്യങ്ങളില്‍ സഹകരിക്കുന്നതു സംബന്ധിച്ച ബിംസ്റ്റെക് കണ്‍വെന്‍ഷന് അംഗീകാരം നല്‍കുന്നതും വേഗത്തിലാക്കാന്‍ ശ്രമിക്കുമെന്നു നാം പ്രതിജ്ഞയെടുക്കുന്നു.

കാലാവസ്ഥാ വ്യതിയാനം നിമിത്തം ഭൂമി നേരിടുന്ന ഭീഷണി തിരിച്ചറിഞ്ഞും ഇതു മൂലം ബംഗാള്‍ ഉള്‍ക്കടല്‍ പ്രദേശത്തെ ജനങ്ങളുടെ ജീവിതത്തിനുണ്ടാകുന്ന തിരിച്ചടികള്‍ മനസ്സിലാക്കിയും പരിസ്ഥിതി സംരക്ഷണത്തിനായി സഹകരണം ശക്തിപ്പെടുത്താന്‍ നാം ദൃഢനിശ്ചയം ചെയ്യുന്നു. സുസ്ഥിരവികസനം നടപ്പാക്കേണ്ടതിന്റെയും മേഖല – ദേശീയ തലങ്ങളില്‍ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള പാരീസ് കരാര്‍ നടപ്പാക്കേണ്ടതിന്റെയും അനിവാര്യതയ്ക്കു നാം പ്രാധാന്യം കല്‍പിക്കുന്നു.

സംയുക്ത പ്രവര്‍ത്തനത്തിലൂടെ ദുരിതനിവാരണം, പ്രകൃതിദുരന്തങ്ങളെക്കുറിച്ചു മുന്നറിയിപ്പു നല്‍കുന്നത് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുടെ പങ്കുവെക്കല്‍, ദുരന്തങ്ങളെ പ്രതിരോധിക്കാന്‍ നടപടി കൈക്കൊള്ളല്‍, ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും സംയുക്ത പദ്ധതി, ശേഷി വര്‍ധിപ്പിക്കല്‍ തുടങ്ങിയ മേഖലകളിലെ സഹകരണം വര്‍ധിപ്പിക്കുന്നതിനെ നാം സ്വാഗതം ചെയ്യുന്നു. മേഖലാതലത്തില്‍ ശേഷി വര്‍ധിപ്പിക്കാനും മറ്റു മേഖലകളിലും ആഗോളതലത്തിലും ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുമായി പങ്കാളിത്തം സ്ഥാപിക്കാനുള്ള സാധ്യതകള്‍ തേടാനും നാം ധാരണയിലെത്തി.

മേഖലാതലത്തിലുള്ള ഏകോപനം സുസാധ്യമാക്കുന്നതില്‍ പരസ്പരം ബന്ധപ്പെടാനുള്ള സംവിധാനം പരമപ്രധാനമാണെന്നതിനാല്‍ റോഡ്, റെയില്‍, വ്യോമ, നാവിക ഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍ ബിംസ്‌റ്റെക് മേഖലയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതിയില്‍ നാം സംതൃപ്തി രേഖപ്പെടുത്തുന്നു. ബിംസ്‌റ്റെക് ട്രാന്‍സ്‌പോര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സ്റ്റഡി നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിലുള്ള പുരോഗതിയിലും നാം സംതൃപ്തരാണ്. ബിംസ്റ്റെക് മോട്ടോര്‍ വാഹന കരാറിനുള്ള സാധ്യതകള്‍ പഠിക്കാന്‍ നാം തീരുമാനിക്കുകയാണ്.

സുസ്ഥിരമായ കൃഷിയും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കാനുള്ള പ്രതിജ്ഞാബദ്ധത ഊട്ടിയുറപ്പിക്കുന്നതിനൊപ്പം വിളകള്‍, മൃഗപരിപാലനം, പുഷ്പകൃഷി എന്നിവ ഉള്‍പ്പെടെ കാര്‍ഷികരംഗത്തുള്ള സഹകരണം വര്‍ധിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്യുന്നു. മേഖലയിലെ കാര്‍ഷികോല്‍പാദനവും ഉല്‍പാദനക്ഷമതയും വര്‍ധിപ്പിക്കാന്‍ സഹകരിച്ചു പ്രവര്‍ത്തിക്കാനും തീരുമാനിക്കുകയാണ്.

ബംഗാള്‍ ഉള്‍ക്കടല്‍ മേഖലയിലാണ് ലോകത്തിലെ മല്‍സ്യത്തൊഴിലാളികളില്‍ മൂപ്പതു ശതമാനം പേരുമെന്നതിനാല്‍ മല്‍സ്യബന്ധന രംഗത്തെ സഹകരണം നമ്മുടെ മേഖലയിലെ ജനങ്ങളുടെ ഉപജീവനം മെച്ചപ്പെടുത്താനും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനും സഹായകമാകുമെന്നു തിരിച്ചറിഞ്ഞ് അതിനായി നിലകൊള്ളുകയാണ്.

നമ്മുടെ മേഖലയ്ക്കു സമുദ്ര സമ്പദ്‌വ്യവസ്ഥ ഏറെ നേട്ടം ചെയ്യുമെന്നതിനാല്‍ ആ സാധ്യതകള്‍ തേടുന്നതിനും ഉള്‍നാടന്‍, തീരപ്രദേശ ജലക്കൃഷി, സമുദ്രമേഖലയുടെ പഠനം, കടല്‍ത്തട്ടില്‍നിന്നുള്ള ധാതുഖനനം, തീരദേശ കപ്പല്‍ ഗതാഗതം, പരിസ്ഥിതിസൗഹൃദപരമായ വിനോദസഞ്ചാരം, പുനരുപയോഗിക്കാവുന്ന സമുദ്രോര്‍ജം എന്നീ മേഖലകളില്‍, നമ്മുടെ പ്രദേശങ്ങളുടെ സമഗ്രവും സുസ്ഥിരവുമായ വികസനം ഉറപ്പാക്കാനായി കൂടുതല്‍ സഹകരിക്കാന്‍ ധാരണയായിരിക്കുന്നു.

കുന്നിന്‍പ്രദേശങ്ങളില്‍നിന്നുള്ള ഗുണങ്ങള്‍ സുസ്ഥിരവികസനത്തില്‍ നിര്‍ണായകമാണെന്നും നാം തിരിച്ചറിയുന്നു. ജൈവവൈവിധ്യം ഉള്‍പ്പെടെയുള്ള കുന്നിന്‍പ്രദേശ പരിസ്ഥിതിയുടെ സംരക്ഷണത്തിനു സഹകരിച്ചു പ്രവര്‍ത്തനം ആവശ്യമാണെന്നു നാം ചൂണ്ടിക്കാട്ടുകയാണ്.

ബിംസ്റ്റെക് അംഗങ്ങള്‍ ഊര്‍ജമേഖലയില്‍ കൂടുതല്‍ സഹകരിച്ചു വരുന്നു എന്നതിനെ നാം പ്രോല്‍സാഹിപ്പിക്കുകയാണ്. ഗ്രിഡുകള്‍ പരസ്പരം ബന്ധപ്പെടുത്തുന്നതിനായുള്ള ബിംസ്റ്റെക് ധാരണാപത്രം വേഗത്തില്‍ ഒപ്പുവെക്കാന്‍ നാം തീരുമാനിക്കുകയാണ്. ഊര്‍ജ സ്രോതസ്സുകള്‍ക്ക്, വിശിഷ്യാ പുനരുപയോഗിക്കാവുന്നവയ്ക്കും മാലിന്യരഹിതമായവയ്ക്കും മേഖലയില്‍ ഉള്ള വര്‍ധിച്ച ലഭ്യത കണക്കിലെടുത്ത് പരസ്പരബന്ധവും മേഖലാതല ഊര്‍ജ വിനിമയം പ്രോല്‍സാഹിപ്പിക്കാനുമായി ഊര്ഡജസമഹകരണത്തിനായുള്ള സമഗ്രപദ്ധതി ആവിഷ്‌കരിക്കാനുള്ള ശ്രമങ്ങള്‍ക്കു വേഗം കൂട്ടും. ബിസ്‌റ്റെക് സ്വതന്ത്ര വ്യാപാര മേഖല സംബന്ധിച്ച ചര്‍ച്ചകള്‍, വ്യാപാരം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായുള്ള ട്രേഡ് നെഗോഷ്യേറ്റിങ് കമ്മിറ്റി(ടി.എന്‍.സി.)യുടെയും വര്‍ക്കിങ് ഗ്രൂപ്പുകളുടെയും കരാറുകള്‍ എന്നിവ കഴിവതും വേഗം പൂര്‍ത്തിയാക്കാനുള്ള പ്രതിജ്ഞാബദ്ധത നാം പുതുക്കുകയാണ്. സേവനം, നിക്ഷേപം എന്നീ മേഖലകളിലെ കരാറുകള്‍ സംബന്ധിച്ച ചര്‍ച്ച വേഗത്തിലാക്കാന്‍ ടി.എന്‍.സിക്കു നിര്‍ദേശം നല്‍കുകയാണ്. വ്യാപാര സൗകര്യം മെച്ചപ്പെടുത്താന്‍ വ്യക്തമായ നടപടികള്‍ കൈക്കൊള്ളാനുള്ള തീരുമാനം കൈക്കൊള്ളും. തീര്‍ത്തും അവികസിതമായ രാഷ്ട്രങ്ങളെ മേഖലാതല സമ്പദ്‌വ്യവസ്ഥയുടെ ഭാഗമാക്കുന്നതിനായി പ്രത്യേക പരിഗണന നല്‍കാനും നാം പരസ്പരം സമ്മതിക്കുന്നു.

ചെറുകിട, ഇടത്തര വ്യവസായങ്ങളില്‍ ഉള്‍പ്പെടെ എല്ലാ മേഖലകളിലും സുസ്ഥിര വികസനം പ്രോല്‍സാഹിപ്പിക്കുന്നതില്‍ സാങ്കേതികവിദ്യയുടെ വികസനവും ലഭ്യതയും പ്രധാനമാണെന്നതിനാല്‍ ബിംസ്റ്റെക് സാങ്കേതികവിദ്യ കൈമാറ്റത്തിനുള്ള സൗകര്യം ശ്രീലങ്കയില്‍ ആരംഭിക്കാനുള്ള ധാരണാപത്രത്തിന് എത്രയും നേരത്തേ അന്തിമരൂപം നല്‍കുന്നതിനു നിര്‍ദേശം നല്‍കുകയാണ്.

പൊതുജനാരോഗ്യ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സംഘടിത ശ്രമങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ നാം തീരുമാനിക്കുന്നു. പരമ്പരാഗത ഔഷധ രംഗത്തെ ഏകോപനത്തിനായുള്ള ബിംസ്റ്റെക് ദേശീയ കേന്ദ്രങ്ങളുടെ ശൃംഖലയ്ക്കും അതിന്റെ ദൗത്യസംഘത്തിനും ഈ മേഖലയിലെ സഹകരണം ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തിക്കണമെന്ന നിര്‍ദേശവും നല്‍കുകയാണ്.

മേഖലയില്‍ കൂടുതല്‍ ആഴത്തിലുള്ള വിശ്വാസവും പരസ്പര ധാരണയും സൃഷ്ടിക്കുമെന്നും അംഗരാജ്യങ്ങളിലെ ജനങ്ങള്‍ തമ്മില്‍ വിവിധ തലങ്ങളില്‍ വര്‍ദ്ധിച്ച ബന്ധം പ്രോത്സാഹിപ്പിക്കുമെന്നും നാം ഉറച്ച തീരുമാനം എടുക്കുന്നു. ബിംസ്റ്റെക്ക് നെറ്റ്‌വര്‍ക്ക് ഓഫ് പോളിസി തിങ്ക് ടാങ്ക് (ബി.എന്‍.പി.റ്റി.റ്റി) യുടെ രണ്ട് സമ്മേളനങ്ങള്‍ നടന്നതില്‍ നമുക്ക് സംതൃപ്തിയുണ്ട്. ജനങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അംഗരാജ്യങ്ങളിലെ ബന്ധപ്പെട്ടവരുമായി സ്ഥിരമായ കൂടിയാലോചനകള്‍ നടത്താന്‍ ബിംസ്റ്റെക്കിനെ പ്രോത്സാഹിപ്പിക്കും. നമ്മുടെ വിദ്യഭ്യാസ, ഗവേഷണ സ്ഥാപനങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ വിപുലപ്പെടുത്തുന്നതിലും നാം യോജിപ്പിലെത്തി.

നമ്മുടെ മേഖലയുടെ സാംസ്‌ക്കാരികവും ചിത്രപരവുമായ ബന്ധങ്ങള്‍ അംഗീകരിച്ചുകൊണ്ട് വിനോദ സഞ്ചാരത്തിനുള്ള വമ്പിച്ച സാദ്ധ്യതകള്‍ നാം തിരിച്ചറിയുകയും, പരിസ്ഥിതി ടൂറിസവും പ്രത്യേക ടൂറിസം സര്‍ക്ക്യൂട്ടുകളും ഉള്‍പ്പെടെ ബിംസ്റ്റെക്ക് രാജ്യങ്ങള്‍ക്കിടയിലെ വിനോദ സഞ്ചാരം പരിപോഷിപ്പിക്കാന്‍ മൂര്‍ത്തമായ നടപടികള്‍ കൈക്കൊള്ളുമെന്ന് നാം ആവര്‍ത്തിച്ച് വ്യക്തമാക്കി. പ്രത്യേകിച്ച് മേഖലയ്ക്കുള്ളില്‍ ബുദ്ധിസ്റ്റ് ടൂറിസ്റ്റ് സര്‍ക്ക്യൂട്ടും, ടെമ്പിള്‍ ട്യൂറിസ്റ്റ് സര്‍ട്ട്യൂട്ടും വികസിപ്പിക്കുന്നതിനെ നാം പ്രോത്സാഹിപ്പിക്കും.

സാംസ്‌കാരിക വ്യവസായങ്ങളുടെ വിവര സഞ്ചിക എന്ന നിലയില്‍ ഭൂട്ടാനില്‍ ബിംസ്റ്റെക്ക് സാംസ്‌ക്കാരിക വ്യവസായ കമ്മിഷനും ബിംസ്റ്റെക്ക് സാംസ്‌കാരിക വ്യവസായ നിരീഷണ കേന്ദ്രവും സ്ഥാപിക്കുന്നത് വേഗത്തിലാക്കാനും നാം തീരുമാനിച്ചു.

2012 ജനുവരി നേപ്പാളില്‍ നടന്ന രണ്ടാം ബിംസ്റ്റെക്ക് മന്ത്രിതല യോഗം അംഗീകരിച്ച ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള ബിംസ്റ്റെക്ക് കര്‍മ്മ പദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പിനുള്ള പ്രതിബദ്ധത നാം ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. 2014 സെപ്റ്റംബര്‍ മുതല്‍ ധാക്കയില്‍ ബിംസ്റ്റെക്ക് സ്ഥിരം സെക്രട്ടറിയേറ്റ് പ്രവര്‍ത്തനം ആരംഭിച്ചതില്‍ നമുക്ക് തൃപ്തിയുണ്ട്. ഇത് സാദ്ധ്യമാക്കുന്നതിന് ബംഗ്ലാദേശ് നല്‍കിയ സംഭാവനകളെ അനുമോദിക്കുകയും ചെയ്യുന്നു.

ബിംസ്റ്റെക്ക് രൂപീകൃതമായിട്ട് 2017 ല്‍ 20 വര്‍ഷം തികയുന്നു. ഇതിന്റെ ആഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികളുടെ ഒരു ശ്രേണിക്ക് രൂപം നല്‍കാന്‍ ബിംസ്റ്റെക്ക് സെക്രട്ടറിയേറ്റിന് നാം നിര്‍ദ്ദേശം നല്‍കുന്നു. ഒപ്പം അവ നടപ്പിലാക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്കും.

ബിംസ്റ്റെക്കിന് കീഴില്‍ മേഖലാ സഹകരണം സാദ്ധ്യമാക്കുന്നതിന് ബിംസ്റ്റെക്കിന്റെ എല്ലാ സമ്മേളനങ്ങളും നിശ്ചിത സമയങ്ങളില്‍ കൃത്യമായി വിളിച്ച് ചേര്‍ക്കുമെന്ന് ആവര്‍ത്തിച്ച് ഉറപ്പുനല്‍കുന്നു.

ബ്രിക്‌സ് – ബിംസ്റ്റെക്ക് ഔട്ട് റീച്ച് ഉച്ചകോടിയിലേയ്ക്ക് ബിംസ്റ്റെക്ക് നേതാക്കളെ ക്ഷണിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തില്‍ ബംഗ്ലാദേശ്, ഭൂട്ടാന്‍, മ്യാന്‍മാര്‍, നേപ്പാള്‍, ശ്രീലങ്ക, തായ്‌ലന്റ് എന്നിവയുടെ നേതാക്കളായ നാം, അഗാധമായ അഭിനന്ദനം അറിയിക്കുന്നു.

2017 ല്‍ നാലാമത് ബിംസ്റ്റെക്ക് ഉച്ചകോടിയുടെ നേപ്പാളിലെ സമ്മേളനത്തിനായി നാം ഉറ്റുനോക്കുന്നു.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PM Modi hails diaspora in Kuwait, says India has potential to become skill capital of world

Media Coverage

PM Modi hails diaspora in Kuwait, says India has potential to become skill capital of world
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi