പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ബില്‍ & മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ സഹ ചെയര്‍മാന്‍, ബില്‍ ഗേറ്റ്‌സുമായി അദ്ദേഹത്തിന്റെ മൂന്നുദിവസത്തെ ഇന്ത്യാ സന്ദര്‍ശത്തിനിടെ കൂടിക്കാഴ്ച നടത്തി. സെപ്റ്റംബര്‍ മാസത്തില്‍ യു.എന്‍ പൊതുസഭയ്ക്കിടെയാണ് നേരത്തെ ഇരുവരും അവസാനമായി കൂടിക്കാഴ്ച നടത്തിയിരുന്നത്.
ആരോഗ്യം, പോഷണം, ശുചിത്വം, കൃഷി എന്നിവയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കി സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ ശ്രമങ്ങള്‍ക്ക് തന്റെ ഫൗണ്ടേഷന്റെ പിന്തുണ ബില്‍ ഗേറ്റ്‌സ് ആവര്‍ത്തിച്ചു വ്യക്തമാക്കി.
പോഷണത്തിന് പ്രത്യേക ശ്രദ്ധ നല്‍കിയതിനും, ദേശീയ പോഷക ദൗത്യത്തിനു കീഴില്‍ നടപ്പിലാക്കുന്ന പരിശ്രമങ്ങള്‍ക്കും ബില്‍ ഗേറ്റ്‌സ് പ്രധാനമന്ത്രിയെ പ്രശംസിച്ചു.
പാവപ്പെട്ടവരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും ഉന്നമനം സാധ്യമാക്കുമാറ്, അവര്‍ക്ക് മെച്ചപ്പെട്ട ലഭ്യത ഉറപ്പു വരുത്തി കാര്‍ഷിക ഉല്‍പ്പാദനവും പ്രകടനവും മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പുതിയ ആശയങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചു.
ഫൗണ്ടേഷന്റെ പരിശ്രമങ്ങളെ അഭിനന്ദിച്ച പ്രധാനമന്ത്രി, ഫൗണ്ടേഷന്റെ വൈദഗ്ധ്യത്തെയും പ്രതികരണാത്മകതയെയും ഗവണ്‍മെന്റ് എത്രമാത്രം വിലമതിക്കുന്നുവെന്നും വ്യക്തമാക്കി. ഡാറ്റയും തെളിവുകളില്‍ അധിഷ്ഠിതമായ ഇടപെടലുകളും വികസന പങ്കാളികളുടെ പിന്തുണയും ആരോഗ്യം, പോഷണം, കൃഷി, ഹരിതോര്‍ജ്ജം എന്നീ മേഖലകളിലെ പ്രവര്‍ത്തികള്‍ വേഗത്തിലാക്കുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ബില്‍ഗേറ്റ്‌സിനൊപ്പം അദ്ദേഹത്തിന്റെ ഇന്ത്യ ലീഡര്‍ഷിപ്പ് സംഘത്തിലെ പ്രധാന അംഗങ്ങളുമുണ്ടായിരുന്നു.