ബേട്ടാ ബേട്ടി, ഏക് സമാന്‍( പുത്രനും പുത്രിയും തുല്യര്‍) എന്നതായിരിക്കട്ടെ നമ്മുടെ മുദ്രാവാക്യം.
പെണ്‍കുട്ടിയുടെ ജനനം നമുക്ക് ആഘോഷിക്കാം. നമ്മുടെ പെണ്‍കുട്ടികളെക്കുറിച്ച് നാം അഭിമാനിക്കണം. വീട്ടില്‍ ഒരു പെണ്‍കുട്ടി ജനിക്കുമ്പോള്‍ അഞ്ച് ഫലവൃഷത്തൈകള്‍ നട്ട് നാം അത് ആഘോഷിക്കണമെന്ന് ഞാന്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, എംപി എന്ന നിലയില്‍ ദത്തെടുത്ത ജയ്പ്പൂര്‍ ഗ്രാമത്തിലെ പൗരന്മാര്‍ക്ക് നല്കിയ സന്ദേശമാണ് ഇത്.
ഹരിയാനയിലെ പാനിപ്പട്ടില്‍ 2015 ജനുവരി 22 നാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി ബേട്ടി ബചാവോ, ബേട്ടി പഠാവോ (ബിബിബിപി) പദ്ധതി ഉദ്ഘാടനം ചെയ്തത്.സമൂഹത്തില്‍ കുറഞ്ഞുവരുന്ന പെണ്‍ശിശു ജനന നിരക്കും അതുമായി ബന്ധപ്പെട്ട സ്ത്രീശാക്തീകരണ വിഷയങ്ങളുമാണ് ബേട്ടി ബചാവോ, ബേട്ടി പഠാവോ പദ്ധതി കൈകാര്യം ചെയ്യുന്നത്. വനിതാ ശിശു വികസന മന്ത്രാലയം, ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം, മനുഷ്യവിഭവ വികസന മന്ത്രാലയം എന്നീ മൂന്നു മന്ത്രാലയങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്.
രാജ്യവ്യാപകമായി ഭ്രൂണലിംഗ നിര്‍ണയ നിരോധന നിയമം നടപ്പാക്കുക, ആദ്യഘട്ടത്തില്‍ പെണ്‍ശിശു ജനന നിരക്ക് ഏറ്റവും കുറഞ്ഞ 100 ജില്ലകളില്‍ അതു സംബന്ധിച്ച ബോധവത്ക്കരണവും പ്രചാരണവും നടത്തുക എന്നിവയാണ് ഈ പദ്ധതിയിലെ പ്രധാന ഘടകങ്ങള്‍. പരിശീലനം, ബോധവത്ക്കരണം, സംവേദനം തുടങ്ങിയവ വഴി പൊതു സമൂഹത്തിന്റെ കാഴ്ച്ചപ്പാട് മാറ്റുന്നതിനാണ് കൂടുതല്‍ ഊന്നല്‍ നല്കുക.
പെണ്‍കുട്ടികളോടുള്ള സമൂഹത്തിന്റെ കാഴ്ച്ചപ്പാട് മാറ്റുന്നതിനാണ് എന്‍ഡിഎ ഗവണ്‍മെന്റ് പരിശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി മോദി തന്റെ മന്‍ കി ബാത്തില്‍ ഹരിയാനയിലെ ബിബിപ്പൂര്‍ ഗ്രാമത്തലവന്‍ ആരംഭിച്ച പുത്രിക്കൊപ്പം ഒരു സെല്‍ഫി പദ്ധതിയെ പുകഴ്ത്തുകയുണ്ടായി. ഇതേ തുടര്‍ന്ന് പെണ്‍മക്കള്‍ക്കൊപ്പം സെല്‍ഫി എടുത്ത് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാന്‍ പ്രധാന മന്ത്രി എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയും ഈ പരിപാടി ലോകമെമ്പാടും വലിയ പൊതുജന ശ്രദ്ധ നേടുകയും ചെയ്തു. ഇന്ത്യയിലെയും വിവിധ രാജ്യങ്ങളിലെയും ആളുകള്‍ പെണ്‍മക്കള്‍ക്കൊപ്പം സെല്‍ഫി എടുക്കുകയും അത് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും സ്വന്തം പെണ്‍മക്കളെ കുറിച്ച് അഭിമാനിക്കുകയും ചെയ്തു.
ബേട്ടി ബചാവോ, ബേട്ടി പഠാവോ പദ്ധതിയുടെ തുടക്കത്തിനു ശേഷം ബഹുമുഖ ജില്ലാതല പ്രവര്‍ത്തന പരിപാടികളാണ് എല്ലാ സംസ്ഥാനങ്ങളിലും നടക്കുന്നത്. ശേഷി വികസന പരിപാടികളും പരിശീലനങ്ങളും ജില്ലാ തലത്തില്‍ സംഘടിപ്പിക്കപ്പെട്ടു വരുന്നു. ഇത്തരത്തിലുള്ള ഒന്‍പത് ഇന പരിശീലന പരിപാടികളാണ് വനിതാ ശിശുവികസന മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ 2015 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും സംഘടിപ്പിക്കപ്പെട്ടത്.
ഏതാനും പ്രാദേശിക സംരംഭങ്ങള്‍
ബേട്ടി ബചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി പിതോരാഗഢ് ജില്ലയില്‍ പെണ്‍കുട്ടികളുടെ പരിരക്ഷക്കും വിദ്യാഭ്യാസത്തിനുമായി വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തു നടപ്പാക്കുന്നത്. ജില്ലാ ദൗത്യ സേനയും ബ്ലോക്ക് ദൗത്യ സേനയുമായും ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നു. പെണ്‍ ശിശു ജനന നിരക്ക് ഉയര്‍ത്തുന്നതിനായി വിവിധ മീറ്റിംങ്ങുകള്‍ നടക്കുകയും വ്യക്തമായ മാര്‍ഗ്ഗരേഖ ക്രോഡീകരിക്കുകയും ചെയ്തു. സമൂഹത്തില്‍ മൊത്തം പദ്ധതിയെ സംബന്ധിച്ച ബോധവത്ക്കരണം നടത്തി ഇതിന്റെ സന്ദേശം എല്ലാവരിലും എത്തിച്ചു. വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍, സൈനിക സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കടുത്ത വന്‍ റാലികളും നടന്നു.
ബേട്ടി ബചാവോ ബേട്ടി പഠാവോ പദ്ധതിയെക്കുറിച്ച് ബോധവത്ക്കരിക്കുന്നതിന് പിതോരാഗഢിലെമ്പാടും തെരുവ നാടകങ്ങള്‍ അരങ്ങേറി. ഗ്രാമങ്ങളില്‍ മാത്രമല്ല, ചന്തസ്ഥലങ്ങളിലും അരങ്ങേറിയ ഈ തെരുവു നാടകങ്ങള്‍ കാണാന്‍ വന്‍ ജനക്കൂട്ടം എത്തി. ശക്തമായ ആശയാവിഷ്‌കാരത്തിലൂടെ ആളുകളില്‍ പദ്ധതിയുടെ സന്ദേശം എത്തിക്കാന്‍ ഈ തെരുവു നാടകങ്ങള്‍ക്ക് സാധിച്ചു. പെണ്‍ഭ്രൂണഹത്യയുടെ പ്രശ്‌നങ്ങള്‍ കൃത്യമായി അവര്‍ക്ക് മനസിലാക്കി കൊടുക്കാന്‍ ഈ തെരുവു നാടക കലാകാരന്മാര്‍ക്കായി. പെണ്‍കുട്ടികള്‍ സമൂഹത്തില്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍, ജീവിതത്തിലൂടനീളം അവര്‍ നേരിടുന്ന വെല്ലുവിളികള്‍ ഇവയെല്ലാം തെരുവു നാടകത്തില്‍ അതിശക്തമായി അവതരിപ്പിക്കപ്പെട്ടു. ഒപ്പുശേഖരണ യജ്ഞം, പ്രതിജ്ഞ, സത്യവാചകം ഏറ്റുചൊല്ലല്‍ തുടങ്ങിയവയിലൂടെ 700 ബിരുദാനന്തര വിദ്യാര്‍ത്ഥികളും സൈനികരുമാണ് പ്രചാരണ പരിപാടികളില്‍ പങ്കെടുത്തത്.
പഞ്ചാബിലെ മന്‍സ ജില്ലയില്‍ പെണ്‍കുട്ടികളുടെ ബോധവത്ക്കരണത്തിനുള്ള പരിപാടികളാണ് നടത്തിയത്. ഉടാന്‍ അഥവാ ഒരു ദിവസമെങ്കിലും നിങ്ങളുടെ സ്വപ്ന ജീവിതം നയിക്കൂ എന്ന പരിപാടിയിലേയ്ക്ക് മന്‍സ ഭരണകൂടം ആറു മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളെ ക്ഷണിച്ചു. ഈ പെണ്‍കുട്ടികള്‍ക്ക് അവര്‍ സ്വപനം കാണുന്ന തൊഴില്‍ മേഖലകളിലെ - ഡോക്ടര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, എന്‍ജിനിയര്‍മാര്‍, ഐഎഎസ് ഉദ്യോഗസ്ഥര്‍ - തുടങ്ങിയ ഉന്നത വ്യക്തികള്‍ക്കൊപ്പം ഒരു ദിവസം ചെലവഴിക്കാനുള്ള അവസരം ലഭ്യമാക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം.
വലിയ പ്രതികരണമാണ് പരിപാടിക്ക് ലഭിച്ചത്. 70 കുട്ടികള്‍ക്ക് ഇത്തരത്തില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കൊപ്പം ഒരു ദിവസം ചെലവഴിക്കാനും എങ്ങിനെയാണ് അവര്‍ സ്വ്പനം കാണുന്ന തൊഴില്‍ മേഖലയിലെ വെല്ലുവിളികള്‍ എന്ന് മനസിലാക്കാനും അവസരം ലഭിച്ചു. ഇത് ഭാവി സ്വ്പനങ്ങളെക്കുറിച്ചും, ഏത് തൊഴില്‍ മേഖല തെരഞ്ഞെടുക്കണം എന്നതിനെക്കുറിച്ചും അവര്‍ക്ക് വ്യക്തമായ കാഴ്ച്ചപ്പാടുകള്‍ രൂപീകരിക്കാന്‍ സഹായകമായി.