രാജ്യത്തെ സഹകരണ പ്രസ്ഥാനത്തിനു കരുത്തേകുന്നതിനും താഴേത്തട്ടുവരെ വ്യാപ്തി വർധിപ്പിക്കുന്നതിനും കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

February 15th, 03:49 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം, രാജ്യത്ത് സഹകരണ പ്രസ്ഥാനത്തിനു കരുത്തേകുന്നതിനും താഴേത്തട്ടിൽ വരെ വ്യാപ്തി വർധിപ്പിക്കുന്നതിനും അംഗീകാരം നൽകി. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിലും ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷായുടെ കാര്യക്ഷമമായ മാർഗനിർദേശത്തിനും കീഴിൽ സഹകരണ മന്ത്രാലയം, ഓരോ പഞ്ചായത്തിലും പ്രായോഗികമായ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളും ഓരോ പഞ്ചായത്തിലും/ഗ്രാമത്തിലും ക്ഷീര സഹകരണ സംഘങ്ങളും സ്ഥാപിക്കുന്നതിനുള്ള പദ്ധതി ആവിഷ്കരിച്ചു. ഓരോ തീരദേശ പഞ്ചായത്തിലും/ഗ്രാമങ്ങളിലും വലിയ ജലാശയങ്ങളുള്ള പഞ്ചായത്തിലും/ഗ്രാമങ്ങളിലും പ്രായോഗികമായ മത്സ്യബന്ധന സഹകരണ സംഘങ്ങൾ സ്ഥാപിക്കും. മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രാലയത്തിന്റെ വിവിധ പദ്ധതികളുടെ സംയോജനത്തിലൂടെ നിലവിലുള്ള പിഎസിഎസ്/ക്ഷീര/മത്സ്യബന്ധന സഹകരണസംഘങ്ങളെയും 'ഗവണ്മെന്റിന്റെ സർവതോമുഖ' സമീപനം പ്രയോജനപ്പെടുത്തി ശക്തിപ്പെടുത്തും. തുടക്കത്തിൽ, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 2 ലക്ഷം പിഎസിഎസ്/ ക്ഷീര/ മത്സ്യബന്ധന സഹകരണ സംഘങ്ങൾ സ്ഥാപിക്കും. നബാർഡ്, ദേശീയ ക്ഷീര വികസന ബോർഡ് (എൻഡിഡിബി), ദേശീയ മത്സ്യബന്ധന വികസന ബോർഡ് (എൻഎഫ്ഡിബി) എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നതിനുള്ള കർമപദ്ധതി തയ്യാറാക്കുന്നത്.