ഗയാനയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

November 22nd, 03:02 am

ഇന്ന് നിങ്ങളോടൊപ്പമുണ്ടായിരിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്. ഞങ്ങളോടൊപ്പം ചേർന്നതിന് ആദ്യം തന്നെ, പ്രസിഡൻ്റ് ഇർഫാൻ അലിയോട് നന്ദി പറയാൻ ആഗ്രഹിക്കുന്നു. ഞാൻ വന്നതിന് ശേഷം എനിക്ക് നൽകിയ സ്നേഹവും വാത്സല്യവും എന്നെ ആഴത്തിൽ സ്പർശിച്ചു. തന്റെ വീടിന്റെ വാതിലുകൾ എനിക്കായി തുറന്നു തന്നതിന് ഞാൻ പ്രസിഡൻ്റ് അലിയോട് നന്ദി പറയുന്നു. അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെ ഊഷ്മളതയ്ക്കും ദയയ്ക്കും ഞാൻ നന്ദി പറയുന്നു. ആതിഥ്യമര്യാദ നമ്മുടെ സംസ്കാരത്തിൻ്റെ അന്തസ്സത്തയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ എനിക്ക് അത് അനുഭവിക്കാൻ കഴിഞ്ഞു. പ്രസിഡൻ്റ് അലിക്കും അദ്ദേഹത്തിന്റെ മുത്തശ്ശിക്കും ഒപ്പം ഞങ്ങളും ഒരു മരം നട്ടു. ഏക് പേഡ് മാ കേ നാം, അതായത്, അമ്മയ്‌ക്കായി ഒരു മരം എന്ന ഞങ്ങളുടെ സംരംഭത്തിൻ്റെ ഭാഗമാണിത്. ആ വൈകാരിക നിമിഷം ഞാൻ എല്ലായ്പ്പോഴും ഓർക്കും.

​​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗയാനയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു

November 22nd, 03:00 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗയാനയിലെ ജോർജ്ടൗണിൽ സംഘടിപ്പിച്ച പരിപാടിയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു. ഗയാന പ്രസിഡന്റ് ഡോ. ഇർഫാൻ അലി, പ്രധാനമന്ത്രി മാർക്ക് ഫിലിപ്‌സ്, വൈസ് പ്രസിഡന്റ് ഭരത് ജഗ്ദിയോ, മുൻ പ്രസിഡന്റ് ഡൊണാൾഡ് റാമോട്ടർ തുടങ്ങിയവർ പങ്കെടുത്തു. സമ്മേളനത്തെ അഭിസംബോധന ചെയ്ത ശ്രീ മോദി, പ്രസിഡന്റിനു നന്ദി അറിയിക്കുകയും, പ്രത്യേക ഊഷ്മളതയോടെ നൽകിയ സ്വീകരണത്തിൽ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. പ്രസിഡന്റിന്റെയും കുടുംബത്തിന്റെയും ഊഷ്മളതയ്ക്കും ദയയ്ക്കും അദ്ദേഹം നന്ദി പറഞ്ഞു. “ആതിഥ്യ മര്യാദയുടെ ചൈതന്യമാണു നമ്മുടെ സംസ്കാരത്തിന്റെ കാതൽ” - ശ്രീ മോദി പറഞ്ഞു. ഇന്ത്യാ ഗവണ്മെന്റിന്റെ ‘ഏക് പേഡ് മാ കേ നാം’ പദ്ധതിയുടെ ഭാഗമായി പ്രസിഡന്റിനും മുത്തശ്ശിക്കുമൊപ്പം താൻ മരം നട്ടുവെന്നു പ്രധാനമന്ത്രി പറഞ്ഞു. വികാരനിർഭരമായ നിമിഷമായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.