ബഹിരാകാശ മേഖലയിലെ പരിഷ്‌കാരങ്ങൾ രാജ്യത്തെ യുവാക്കൾക്ക് പ്രയോജനം ചെയ്തു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

August 25th, 11:30 am

എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, നമസ്കാരം. ഒരിക്കൽ കൂടി 'മൻ കി ബാത്തിൽ' എന്റെ എല്ലാ കുടുംബാംഗങ്ങൾക്കും സ്വാഗതം. ഇന്ന് ഒരിക്കൽകൂടി നാം രാജ്യത്തിന്റെ നേട്ടങ്ങളെക്കുറിച്ചും രാജ്യത്തെ ജനങ്ങളുടെ കൂട്ടായ പരിശ്രമങ്ങളെക്കുറിച്ചും സംസാരിക്കും. വികസിത ഭാരതത്തിന്റെ അടിത്തറ ശക്തിപ്പെടുത്തുന്ന 21-ാം നൂറ്റാണ്ടിലെ ഭാരതത്തിൽ പലതും സംഭവിക്കുന്നു. ഉദാഹരണത്തിന്, ഈ ആഗസ്ത് 23-ന്,നാം എല്ലാ നാട്ടുകാരും ആദ്യത്തെ ദേശീയ ബഹിരാകാശ ദിനം ആഘോഷിച്ചു. നിങ്ങളെല്ലാവരും ഈ ദിവസം ആഘോഷിക്കുകയും ചന്ദ്രയാൻ-3ന്റെ വിജയം ഒരിക്കൽ കൂടി ആഘോഷിക്കുകയും ചെയ്തിട്ടുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. കഴിഞ്ഞ വർഷം, ഈ ദിവസം, ചന്ദ്രയാൻ-3 ചന്ദ്രന്റെ തെക്ക് ഭാഗത്തുള്ള ശിവ്-ശക്തി പോയിന്റിൽ വിജയകരമായി ലാൻഡ് ചെയ്തിരുന്നു. ഈ അഭിമാനകരമായ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി ഭാരതം മാറി.