രാജ്യത്തെ യുവാക്കൾ ഗുണനിലവാരമുള്ള ഉന്നതവിദ്യാഭ്യാസം നേടുന്നതിന് സാമ്പത്തിക പരിമിതികൾ തടസം സൃഷ്ടിക്കാതിരിക്കാൻ, യോഗ്യതയുള്ള വിദ്യാർഥികൾക്കു സാമ്പത്തികസഹായം നൽകുന്നതിനുള്ള പിഎം-വിദ്യാലക്ഷ്മി പദ്ധതിക്കു കേന്ദ്രമന്ത്രിസഭാംഗീകാരം
November 06th, 03:14 pm
രാജ്യത്തെ യുവാക്കൾ ഗുണനിലവാരമുള്ള ഉന്നതവിദ്യാഭ്യാസം നേടുന്നതിന് സാമ്പത്തിക പരിമിതികൾ തടസം സൃഷ്ടിക്കാതിരിക്കാൻ, യോഗ്യതയുള്ള വിദ്യാർഥികൾക്കു സാമ്പത്തികസഹായം നൽകുന്നതിനുള്ള പിഎം-വിദ്യാലക്ഷ്മി പദ്ധതിക്കു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകി. 2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിൽനിന്ന് ഉരുത്തിരിഞ്ഞ പ്രധാന സംരംഭമാണ് പിഎം വിദ്യാലക്ഷ്മി. പൊതു-സ്വകാര്യ എച്ച്ഇഐകളിൽ വിവിധ നടപടികളിലൂടെ മികച്ച വിദ്യാർഥികൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കണമെന്ന് നയത്തിൽ ശുപാർശ ചെയ്തിരുന്നു. പിഎം വിദ്യാലക്ഷ്മി പദ്ധതിക്കു കീഴിൽ, ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ (ക്യുഎച്ച്ഇഐ) പ്രവേശനം നേടുന്ന ഏതൊരു വിദ്യാർഥിക്കും കോഴ്‌സുമായി ബന്ധപ്പെട്ട മുഴുവൻ ട്യൂഷൻ ഫീസും മറ്റ് ചെലവുകളും വഹിക്കുന്നതിന് ബാങ്കുകളിൽനിന്നും ധനകാര്യ സ്ഥാപനങ്ങളിൽനിന്നും ഈടുരഹിത-ജാമ്യരഹിത വായ്പ ലഭിക്കാൻ അർഹതയുണ്ട്. ലളിതവും സുതാര്യവും വിദ്യാർഥിസൗഹൃദവുമായ സംവിധാനത്തിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പരസ്പര പ്രവർത്തനക്ഷമമായ പദ്ധതി പൂർണമായും ഡിജിറ്റലായിരിക്കും.