വലുത് ചിന്തിക്കുക, വലിയ സ്വപ്നം കാണുക, അവ യാഥാർത്ഥ്യമാക്കാൻ കഠിനാധ്വാനം ചെയ്യുക: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

December 26th, 11:30 am

ഇപ്പോള്‍ 2021 നോട് വിടപറയാനും 2022 നെ സ്വാഗതം ചെയ്യാനുമുള്ള തയ്യാറെടുപ്പിലാണല്ലോ എല്ലാവരും. പുതുവര്‍ഷത്തില്‍ ഓരോ വ്യക്തിയും, ഓരോ സ്ഥാപനവും വരുന്ന വര്‍ഷത്തില്‍ കുറച്ചുകൂടി നന്നായി പ്രവര്‍ത്തിക്കാനും നല്ല വ്യക്തി ആകാനും ഉള്ള പ്രതിജ്ഞയെടുക്കുന്നു. കഴിഞ്ഞ ഏഴു വര്‍ഷങ്ങളായി ഈ 'മന്‍ കി ബാത്ത്' പരിപാടിയും നമ്മുടെ രാജ്യത്തെ നന്മകളെ ഉയര്‍ത്തിക്കാട്ടി നല്ലതു ചെയ്യുവാനും, നന്നാക്കുവാനും ഉള്ള പ്രേരണ നല്കിക്കൊണ്ടിരിക്കുകയാണല്ലോ. ഇക്കഴിഞ്ഞ ഏഴു വര്‍ഷങ്ങളിലും 'മന്‍ കി ബാത്തി'ല്‍ സര്‍ക്കാരിന്‍റെ നേട്ടങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും നടത്താമായിരുന്നു. നിങ്ങള്‍ക്കും അത് ഇഷ്ടപ്പെടും, നിങ്ങളും പ്രശംസിക്കുമായിരിക്കും. എന്നാല്‍ മീഡിയയുടെ തിളക്കങ്ങളില്‍നിന്നും ആഡംബരങ്ങളില്‍ നിന്നും അകന്ന്, വര്‍ത്തമാനപത്രങ്ങളുടെ വാര്‍ത്തകളില്‍പ്പെടാതെ, നന്മ ചെയ്തുകൊണ്ടിരിക്കുന്ന കോടിക്കണക്കിനാളുകള്‍ ഉണ്ടെന്നതാണ് ദശകങ്ങളായുള്ള എന്‍റെ അനുഭവം. രാജ്യത്തിന്‍റെ നല്ല നാളേക്കുവേണ്ടി അവര്‍ സ്വയം ഇന്ന് ഹോമിക്കുകയാണ്. അവര്‍ നാടിന്‍റെ വരുംതലമുറക്കുവേണ്ടി, ആത്മാര്‍ത്ഥമായി പരിശ്രമിങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഇങ്ങനെയുള്ളവരെക്കുറിച്ചുള്ള കാര്യങ്ങള്‍ സന്തോഷംതരുന്നു. വളരെയധികം പ്രചോദനവും നല്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം 'മന്‍ കി ബാത്ത്' അങ്ങനെയുള്ള ആള്‍ക്കാരുടെ പ്രയത്നങ്ങള്‍കൊണ്ടു നിറഞ്ഞ, വിടര്‍ന്ന, സുന്ദരമായ, ഭംഗിയാര്‍ന്ന ഒരു ഉദ്യാനം തന്നെയാണ്. മാത്രമല്ല, ഓരോ മാസത്തിലെ 'മന്‍ കി ബാത്തി'ലും ഈ ഉപവനത്തില്‍നിന്ന് ഏത് ദളമാണ് നിങ്ങളുടെ മുമ്പിലേക്ക് കൊണ്ടുവരേണ്ടത് എന്നതിലേക്കാണ് എന്‍റെ പരിശ്രമം. നമ്മുടെ ബഹുരത്നയായ ഭൂമിയുടെ (വസുന്ധരയുടെ) പുണ്യ കര്‍മ്മങ്ങളുടെ നിലക്കാത്ത പ്രവാഹം നിരന്തരമായി ഒഴുകിക്കൊണ്ടിരിക്കുന്നു എന്നത് എനിക്ക് സന്തോഷം തരുന്ന കാര്യമാണ്. ഇന്ന് നമ്മുടെ രാജ്യം 'അമൃത മഹോത്സവം' ആഘോഷി ക്കുന്ന ഈ വേളയില്‍ നമ്മുടെ ജനങ്ങളുടെ ശക്തിയെക്കുറിച്ചും ഓരോ പൗരന്‍റേയും ശക്തിയെക്കുറിച്ചും, അവരുടെ പ്രയത്നങ്ങളെക്കുറിച്ചും പരിശ്രമങ്ങളെക്കുറിച്ചും ഉള്ള സൂചന നല്കുക എന്നത് ഭാരതത്തിന്‍റേയും മാനവീയതയുടേയും ഉജ്ജ്വലമായ ഭാവിക്ക് ഒരു പ്രകാരത്തില്‍ ഉറപ്പ് തരുന്നു.