ഇന്ത്യയുടെ ജി 20 അധ്യക്ഷപദവിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ഡിസംബർ 5നു സർവകക്ഷിയോഗം ചേർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, രാജ്യത്താകമാനമുള്ള പ്രധാന രാഷ്ട്രീയ നേതാക്കൾ പങ്കെടുത്തു.
ഇന്ത്യയുടെ ജി20 അധ്യക്ഷപദം രാജ്യത്തിനാകെ അവകാശപ്പെട്ടതാണെന്നും ഇന്ത്യയുടെ കരുത്ത് ലോകമാകെ പ്രകടിപ്പിക്കാനുള്ള അതുല്യമായ അവസരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് ആഗോളതലത്തിൽ ആകാംക്ഷയും ആകർഷണവും ഇന്ത്യക്കുമേലുണ്ട്. ഇത് ഇന്ത്യയുടെ ജി20 അധ്യക്ഷപദത്തിന്റെ സാധ്യതകൾ വർധിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
കൂട്ടായ പ്രവർത്തനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. ജി20യുമായി ബന്ധപ്പെട്ട വിവിധ പരിപാടികളുടെ സംഘാടനത്തിൽ എല്ലാ നേതാക്കളുടെയും സഹകരണം അദ്ദേഹം അഭ്യർഥിച്ചു. വലിയ മെട്രോകൾ ഉയർത്തിക്കാട്ടുന്ന കീഴ്വഴക്കങ്ങൾപ്പുറം ഇന്ത്യയുടെ മറ്റു ഭാഗങ്ങളും പ്രദർശിപ്പിക്കാൻ ജി 20 അധ്യക്ഷപദവി സഹായിക്കുമെന്നും, അതിലൂടെ നമ്മുടെ രാജ്യത്തിന്റെ ഓരോ ഭാഗത്തിന്റെയും സവിശേഷതകൾ പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ ജി 20 അധ്യക്ഷപദവിക്കാലത്ത് ഇന്ത്യയിലേക്കു ധാരാളം സന്ദർശകരെത്തുമെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനും ജി20 യോഗങ്ങൾ സംഘടിപ്പിക്കുന്ന വേദികളുടെ പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനുമുള്ള സാധ്യതകളുണ്ടെന്നും വ്യക്തമാക്കി.
ജെ പി നഡ്ഡ, മല്ലികാർജുൻ ഖാർഗെ, മമത ബാനർജി, നവീൻ പട്‌നായിക്, അരവിന്ദ് കെജ്രിവാൾ, വൈ എസ് ജഗൻ മോഹൻ റെഡ്ഡി, സീതാറാം യെച്ചൂരി, ചന്ദ്രബാബു നായിഡു, എം കെ സ്റ്റാലിൻ, എടപ്പാടി കെ പളനിസ്വാമി, പശുപതിനാഥ് പാരസ്, ഏകനാഥ് ഷിൻഡെ, കെ എം കാദർ മൊഹിദീൻ എന്നിവരുൾപ്പെടെയുള്ള വിവിധ രാഷ്ട്രീയ നേതാക്കൾ ഇന്ത്യയുടെ ജി 20 അധ്യക്ഷപദവിയെക്കുറിച്ചുള്ള വിലപ്പെട്ട ഉൾക്കാഴ്ചകൾ പങ്കിട്ടു.
ആഭ്യന്തര മന്ത്രിയും ധനമന്ത്രിയും യോഗത്തിൽ സംസാരിച്ചു. ഇന്ത്യയുടെ ജി20 മുൻഗണനകളെക്കുറിച്ചുള്ള വിശദമായ അവതരണവും നടത്തി.
മന്ത്രിമാരായ രാജ്‌നാഥ് സിങ്, അമിത് ഷാ, നിർമല സീതാരാമൻ, എസ് ജയശങ്കർ, പിയൂഷ് ഗോയൽ, പ്രഹ്ലാദ് ജോഷി, ഭൂപേന്ദർ യാദവ്, മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ എന്നിവരും യോഗത്തിൽ പങ്കെടുത്തു.