Mann Ki Baat: PM Modi speaks about the tradition of storytelling
The agriculture sector of the country, our farmers, our villages, is the foundation of self-reliant India: PM Modi during Mann Ki Baat
In today's date, the more modern methods we apply to agriculture, the more the sector will flourish: Prime Minister during Mann Ki Baat
I bow to Shaheed Veer Bhagat Singh, an icon of courage and valour among all the countrymen: PM Modi
Mann Ki Baat: PM Modi remembers greats like Mahatma Gandhi, Jayprakash Narayan, Nanaji Deshmukh
Rajmata Vijayaraje Scindia dedicated her entire life to the service of the people: PM Modi during Mann Ki Baat
Wear masks properly, maintain social distancing to combat Coronavirus: PM Modi

എന്റെ പ്രിയപ്പെട്ട ദേശവാസികളേ, നമസ്‌കാരം. കൊറോണയുടെ ഈ കാലത്ത് ലോകം മുഴുവന്‍ അനേകം മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇന്ന് രണ്ടുകൈ അകലം അനിവാര്യമായ ആവശ്യമായി മാറിയിരിക്കുമ്പോള്‍ ഈ ആപത്തുകാലം കുടുംബാംഗങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയും അടുപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇത്രയും നീണ്ട കാലം ഒരുമിച്ചു കഴിയുക, എങ്ങനെ കഴിയണം, സമയം എങ്ങനെ ചിലവാക്കണം, എല്ലാ നിമിഷവും സന്തോഷം നിറഞ്ഞതെങ്ങനെയാകണം എന്ന ചോദ്യങ്ങളുണ്ടായി. പല കുടുംങ്ങള്‍ക്കും കഷ്ടപ്പാടുകളുണ്ടായി.. അതിന്റെ കാരണം നമ്മുടെ കുടുംബത്തില്‍ സംസ്‌കാരത്തിന്റെ അരുവിപോലെ ഒഴുകിയിരുന്ന പാരമ്പര്യങ്ങള്‍ക്ക് കുറവ് അനുഭവപ്പെടുകയാണ് എന്നു തോന്നി. പല കുടുംബങ്ങളിലും ഇതെല്ലാം ഇല്ലാതെയായി.. അതുകാരണം ആ കുറവുകളുണ്ടായിരിക്കെ ഈ ആപത്തുകാലത്തു കഴിഞ്ഞുകൂടുകയെന്നതും കുടുംബങ്ങള്‍ക്ക് അല്പം ബുദ്ധിമുട്ടായി… അതില്‍ പ്രാധാനപ്പെട്ട ഒരു കാര്യമെന്തായിരുന്നു? എല്ലാ കുടുംബത്തിലും ഏതെങ്കിലുമൊരു മുതിര്‍ന്ന ആള്‍, പ്രായമായ വ്യക്തി കഥകള്‍ പറഞ്ഞു കേള്‍പ്പിച്ചു, വീട്ടില്‍ പുതിയ പ്രേരണയും ഊര്‍ജ്ജവും നിറച്ചു. നമ്മുടെ പൂര്‍വ്വികര്‍ സൃഷ്ടിച്ചുവെച്ചിരുന്ന വിഷയങ്ങള്‍/നിയമങ്ങള്‍ ഇന്നും എത്ര മഹത്തായവയാണെന്നും അവ ഇല്ലാതെയാകുമ്പോള്‍ എത്ര ഇല്ലായ്മയാണ് അനുഭവപ്പെടുന്നതെന്നും മനസ്സിലായി. ഞാന്‍ പറഞ്ഞതുപോലെയൊരു വിഷയമായിരുന്ന കഥപറച്ചില്‍. സുഹൃത്തുക്കളേ, മാനവസംസ്‌കാരത്തോളം പുരാതനമാണ് കഥകളുടെ ചരിത്രവും.

വേര്‍ ദേര്‍ ഈസ് എ സോള്‍ ദേര്‍ ഈസ് എ സ്റ്റോറി

 

ഒരു ആത്മാവുള്ളിടത്ത് ഒരു കഥയുമുണ്ടാകും.

 

കഥകള്‍ ആളുകളുടെ സര്‍ഗ്ഗാത്മകതയും സംവേദനശീലത്തെയും പ്രകടമാക്കുന്നു. കഥയുടെ ശക്തി മനസ്സിലാക്കണമെങ്കില്‍ അതു കാണേണ്ടത് ഏതെങ്കിലും അമ്മ ചെറിയ കുട്ടിയെ ഉറക്കാന്‍ വേണ്ടിയോ അതല്ലെങ്കില്‍ അതിന് ആഹാരം കൊടുക്കാന്‍ വേണ്ടിയോ കഥ പറഞ്ഞുകൊടുക്കുമ്പോഴാണ്. ഞാന്‍ എന്റെ ജീവിതത്തില്‍ വളരെ നീണ്ട കാലത്തോളം ഒരു സംന്യാസിയെപ്പോലെ (അലഞ്ഞു നടക്കുന്ന പരിവ്രാജകനായി) കഴിഞ്ഞു. കറങ്ങി നടക്കലായിരുന്നു എന്റെ ജീവിതം. എല്ലാ ദിനങ്ങളിലും പുതിയ ഗ്രാമം, പുതിയ ആളുകള്‍, പുതിയ കുടുംബങ്ങള്‍, എന്നാല്‍ ഞാന്‍ കുടുംബങ്ങളിലെത്തുമ്പോള്‍ കുട്ടികളുമായി തീര്‍ച്ചയായും സംസാരിക്കുമായിരുന്നു. ചിലപ്പോഴൊക്കെ കുട്ടികളോടു പറയുമായിരുന്നു, വാടാ കുട്ടാ, എനിക്കൊരു കഥ പറഞ്ഞുതരൂ… അപ്പോള്‍ അവരുടെ മറുപടി കേട്ട് എനിക്ക് ആശ്ചര്യം തോന്നിയിരുന്നു, ഇല്ല മാമാ, കഥയല്ല, തമാശ പറയാം… എന്നോടും അവര്‍ പറഞ്ഞിരുന്നത് മാമാ തമാശ പറയൂ… അതായത് അവര്‍ക്ക് കഥയുമായി വലിയ പരിചയമുണ്ടായിരുന്നില്ല. മിക്കവാറും അവരുടെ ജീവിതം തമാശകളില്‍ നിറഞ്ഞു നിന്നിരുന്നു. 

 

സുഹൃത്തുക്കളേ, ഭാരതത്തില്‍ കഥ പറച്ചിലിന്റെ ഒരു നീണ്ട സമ്പന്നമായ പാരമ്പര്യമുണ്ടായിരുന്നു. ഹിതോപദേശത്തിന്റെയും പഞ്ചതന്ത്രത്തിന്റെയും പാരമ്പര്യം നിലനിന്നിരുന്ന രാജ്യത്തെ നിവാസിയാണെന്നതില്‍ നമുക്ക് അഭിമാനമുണ്ട്… കഥകളില്‍ പക്ഷിമൃഗാദികളുടെയും അപ്‌സരസ്സുകളുടെയും സങ്കല്പലോകം ചമയ്ക്കപ്പെട്ടിരുന്നു.. അതിലൂടെ വിവേകത്തിന്റെയും ബുദ്ധിയുടെയും കാര്യങ്ങള്‍ നിഷ്പ്രയാസം പറഞ്ഞുകൊടുത്തിരുന്നു. അങ്ങനെ ഇവിടെ കഥയുടെ ഒരു പാരമ്പര്യമുണ്ടായിരുന്നു. അത് ധാര്‍മ്മിക കഥകള്‍ പറയുന്ന പ്രാചീന സമ്പ്രദായവുമായിരുന്നു. കഥാകാലക്ഷേപവും അതിന്റെ ഭാഗമായിരുന്നു. കൂടാതെ പല തരത്തിലുള്ള നാടോടി കഥകളും പ്രചരിച്ചിരുന്നു. തമിഴ്‌നാട്ടിലും കേരളത്തിലും കഥ പറയുന്ന വളരെ രസമുള്ള രീതിയുണ്ടായിരുന്നു. അതിലൊന്നാണ് വില്‍പാട്ട് എന്നത്. ഇതില്‍ കഥയും സംഗീതവും വളരെ ആകര്‍ഷകമായി സമന്ജസപ്പെട്ടിരുന്നു. പാവകളിയുടെ ഒരു സജീവ പാരമ്പര്യവും നിലനിന്നിരുന്നു. ഇക്കാലത്ത് ശാസ്ത്രവും ശാസ്ത്രനോവലുകളുമായി ബന്ധപ്പെട്ട കഥകള്‍ പറയുന്ന പരിപാടിക്ക് പ്രചാരം ലഭിച്ചുവരുന്നു. പലരും കഥപറച്ചിലിന്റെ കലയെ നിലനിര്‍ത്തുന്നതിനായി പ്രശംസാര്‍ഹമായ തുടക്കങ്ങള്‍ കുറിച്ചിരിക്കുന്നതായി കാണാം. എനിക്ക്   . gaathastory.in പോലുള്ള website നെക്കുറിച്ച് അറിയാനിടയായി. . അത് അമര്‍ വ്യാസും മറ്റു ചിലരും ചേര്‍ന്നാണു നടത്തുന്നത്. അമര്‍ വ്യാസ് ഐഐഎം അഹമദാബാദ് ല്‍ എംബിഎ പഠിച്ചശേഷം വിദേശത്ത് പോയി തിരിച്ചു വന്നയാളാണ്. ഇപ്പോള്‍ ബംഗളൂരുവില്‍ കഴിയുന്നു. സമയം കണ്ടെത്തി കഥകളുമായി ബന്ധപ്പെട്ട ഇതുപോലുള്ള ആകര്‍ഷകങ്ങളായ കാര്യങ്ങള്‍ ചെയ്യുന്നു. ഗ്രാമീണ ഭാരത്തിലെ കഥകള്‍ പ്രചരിപ്പിക്കുന്ന ഇതുപോലുള്ള പല ശ്രമങ്ങളും നടക്കുന്നുണ്ട്. വൈശാലി വ്യവഹാരെ ദേശപാണ്‌ഡേയെപ്പോലുള്ള പലരും ഇതിനെ മറാഠിയിലും ജനപ്രിയമാക്കുന്നുണ്ട്.

 

ചെന്നൈയിലെ ശ്രീവിദ്യയും വീരരാഘവനും നമ്മുടെ സംസ്‌കാരവുമായി ബന്ധപ്പെട്ട കഥകള്‍ പ്രചരിപ്പിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്നു. അതുപോലെ കഥാലയ് The Indian story telling network എന്നുപേരുള്ള  വെബ്‌സൈറ്റ് ഈ മേഖലയില്‍ വളരെയധികം കാര്യങ്ങള്‍ ചെയ്യുന്നു. ഗീതാ രാമാനുജന്‍ kathalaya.org  ല്‍ കഥകളെയാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ നെറ്റ്‌വര്‍ക്കിലൂടെ പല പല നഗരങ്ങളില്‍ കഥ പറച്ചില്‍ കാരുടെ നെറ്റ്‌വര്‍ക്ക് തയ്യാറാക്കിയിരിക്കുന്നു. ബംഗളൂരുവില്‍ ഒരു വിക്രം ശ്രീധറുണ്ട്. അദ്ദേഹം ബാപ്പുവുമായി ബന്ധപ്പെട്ട കഥകളുടെ കാര്യത്തിലാണ് ഉത്സാഹം കാട്ടുന്നത്. മറ്റു പലരും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടാകാം. നിങ്ങള്‍ തീര്‍ച്ചയായും അവരെക്കുറിച്ചൊക്കെ സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യൂ.

 

ബംഗളൂരു സ്റ്റോറി ടെല്ലിംഗ് സൊസൈറ്റിയിലെ സഹോദരി അപര്‍ണ ആത്രേയയും മറ്റുചിലരും ഇപ്പോള്‍ നമ്മോടൊപ്പമുണ്ട്. വരൂ.. അവരുമായി സംസാരിച്ച് അനുഭവങ്ങള്‍ പങ്കുവയ്ക്കാം.

പ്രധാനമന്ത്രി – ഹലോ

അപര്‍ണ – നമസ്‌കാരം ബഹുമാന്യ പ്രധാനമന്ത്രിജീ, അങ്ങയ്ക്കു സഖമാണോ?

പ്രധാമന്ത്രി – എനിക്കു സുഖമാണ്.അപര്‍ണ്ണയ്ക്കു സുഖമാണോ?

അപര്‍ണ – എനിക്കു നല്ല സുഖംതന്നെ സര്‍ജി. ആദ്യമായി ഞങ്ങളെപ്പോലുള്ള കലാകാരന്മാരെ ഈ വേദിയിലേക്കു വിളിച്ചതിനും സംസാരിക്കുന്നതിനും ഞാന്‍ ബംഗളൂരു സ്റ്റോറി ടെല്ലിംഗ് സൊസൈറ്റിക്കുവേണ്ടി നന്ദി പറയുന്നു. 

പ്രധാമന്ത്രി – ഇന്ന് അപര്‍ണ്ണയുടെ ടീമിലെ എല്ലാവരും കൂടെയുണ്ടെന്നാണ് കേട്ടത്…

അപര്‍ണ – ഉവ്വ്… തീര്‍ച്ചയായും എല്ലാവരുമുണ്ട്.

പ്രധാനമന്ത്രി- എങ്കില്‍ ആദ്യം ടീമിലുള്ളവരെയൊക്കെ പരിചയപ്പെടുത്തിയാല്‍ നന്നായിരിക്കും. നിങ്ങളെത്ര വലിയ മുന്നേറ്റമാണ് നടത്തുന്നതെന്ന് അതിലൂടെ നമ്മുടെ മന്‍ കീ ബാത് ന്റെ ശ്രോതാക്കള്‍ക്ക് മനസ്സിലാക്കാനാകും.

 

അപര്‍ണ – സര്‍. ഞാന്‍ അപര്‍ണ ആത്രേയ.. ഞാന്‍ രണ്ടു മക്കളുടെ അമ്മയാണ്. ഭാരതീയ വ്യോമസേനയിലെ ഒരു ഓഫീസറുടെ പത്‌നിയാണ്… ഞാന്‍ വളരെ ഇഷ്ടത്തോടെ കഥപറയുന്ന ആള്‍കൂടിയാണ്. കഥപറച്ചില്‍ തുടങ്ങിയത് 15 വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ സോഫ്റ്റ്‌വെയര്‍ ഇന്‍ഡസ്ട്രിയില്‍ ജോലി ചെയ്യുന്ന സമയത്താണ്. അക്കാലത്ത് ഞാന്‍ സിഎസ്ആര്‍ പ്രോജക്ടുകളില്‍ വളണ്ടിയറായി പ്രവര്‍ത്തിക്കാന്‍ പോയപ്പോള്‍ ആയിരക്കണക്കിന് കുട്ടികള്‍ക്ക് കഥകളിലൂടെ വിദ്യഭ്യാസം നല്കാന്‍ അവസരം കിട്ടി… ഞാന്‍ പറയുന്ന കഥകള്‍ അമ്മൂമ്മയില്‍ നിന്നു കേട്ടിട്ടുള്ളവയാണ്. എന്നാല്‍ ആ കഥ കേള്‍ക്കുമ്പോള്‍ ആ കുട്ടികളുടെ മുഖത്തു കണ്ടിരുന്ന സന്തോഷം… എന്താണ് ഞാന്‍ പറയുക.. എത്ര മനോഹരമായ പുഞ്ചിരിയായിരുന്നു… എത്ര സന്തോഷമായിരുന്നു അവര്‍ക്ക്… അപ്പോഴേ ഞാന്‍ തീരുമാനിച്ചു കഥപറച്ചില്‍ ജീവിതത്തിലെ ഒരു ലക്ഷ്യമായിരിക്കുമെന്ന്…

പ്രധാനമന്ത്രി- ടീമില്‍ മറ്റാരൊക്കെയാണുള്ളതവിടെ?

അപര്‍ണ – എന്റെ കൂടെയുള്ളത് ശൈലജ സമ്പത്ത് .

ശൈലജ – നമസ്‌കാരം സര്‍.

പ്രധാനമന്ത്രി-  നമസ്‌തേ ജീ

ശൈലജ – ഞാന്‍ ശൈലജ സമ്പത്താണ് സംസാരിക്കുന്നത്. ഞാന്‍ മുമ്പ് ടീച്ചറായിരുന്നു.  അതിനുശേഷം എന്റെ കുട്ടികള്‍ വളര്‍ന്നപ്പോള്‍ ഞാന്‍ തീയേറ്ററുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങി.  അവസാനം കഥകള്‍ കേള്‍പ്പിക്കുന്നതില്‍ ഏറ്റവുമധികം സംതൃപ്തി കിട്ടി.

പ്രധാനമന്ത്രി- നന്ദി

ശൈലജ – എന്നോടൊപ്പം സൗമ്യയുണ്ട്.

സൗമ്യ – നമസ്‌കാരം സര്‍…

പ്രധാനമന്ത്രി- നമസ്‌കാര്‍ജീ

സൗമ്യ – ഞാന്‍ സൗമ്യ ശ്രീനിവാസന്‍.. ഞാനൊരു സൈക്കോളജിസ്റ്റാണ്. ഞാന്‍ ജോലിക്കിടയില്‍ കഥകളിലൂടെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും നവരസങ്ങളെയും ഉണര്‍ത്താനുള്ള ശ്രമം നടത്തുന്നു. അവരുമായി ചര്‍ച്ചകള്‍ നടത്തുന്നു. എന്റെ ലക്ഷ്യം അവരുടെ രോഗമുക്തിയും മനംമാറ്റുന്ന കഥ പറച്ചിലുമാണ്. 'Healing and transformative storytelling' | 

അപര്‍ണ നമസ്‌തേ സര്‍

പ്രധാനമന്ത്രി – നമസ്‌തേ ജീ.

അപര്‍ണ – എന്റെ പേര് അപര്‍ണ ജയശങ്കര്‍ എന്നാണ്. ഞാന്‍ എന്റെ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും അമ്മൂമ്മയുടെയും കൂടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലാണ് വളര്‍ന്നത് എന്നത് എന്റെ സൗഭാഗ്യം. അതുകൊണ്ട് രാമായണം, പുരാണങ്ങള്‍, ഗീത എന്നിവയിലൊക്കെയുള്ള കഥകള്‍ എനിക്ക് പാരമ്പര്യമായി എല്ലാ രാത്രികളിലും കിട്ടിയിരുന്നു. ബാംഗ്ലൂര്‍ സ്റ്റോറി ടെല്ലിംഗ് സൊസൈറ്റി പോലുള്ള സ്ഥാപനങ്ങളുണ്ടായപ്പോള്‍ എനിക്ക് കഥ പറച്ചിലുകാരിയുമാകാന്‍ സാധിച്ചു. എന്റെ കൂടെ കൂട്ടുകാരി ലാവണ്യാ പ്രസാദുണ്ട്.

പ്രധാനമന്ത്രി – ലാവണ്യാജി, നമസ്‌തേ.

ലാവണ്യ – നമസ്‌തേ സര്‍.  ഞാന്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറായിരുന്നു, ഇപ്പോള്‍ കഥ പറച്ചിലുകാരിയായിരിക്കുന്നു. എന്റെ അപ്പൂപ്പനില്‍ നിന്നു കഥകള്‍ കേട്ടാണ് ഞാന്‍ വളര്‍ന്നത്. ഞാന്‍ മുതിര്‍ന്ന പൗരന്മാര്‍ക്കൊപ്പമാണ് ജോലി ചെയ്യുന്നത്. റൂട്‌സ് എന്ന എന്റെ സ്‌പെഷ്യല്‍ പ്രോജക്ടില്‍ ഞാന്‍ അവരുടെ കുടുംബങ്ങള്‍ക്കുവേണ്ടി അവരുടെ ജീവിത കഥകള്‍ രേഖപ്പെടുത്തുന്നതില്‍ അവരെ സഹായിക്കുന്നു.

 

പ്രധാനമന്ത്രി – ലാവണ്യാജിക്ക് വളരെ ആശംസകള്‍. ലാവണ്യ പറഞ്ഞതുപോലെ ഞാനും മന്‍ കീ ബാതില്‍ ഒരിക്കല്‍ പറയുകയുണ്ടായി, കുടുംബത്തില്‍ മുത്തശ്ശനും മുത്തശ്ശിയും അപ്പൂപ്പനും അമ്മൂമ്മയുമൊക്കെയുണ്ടെങ്കില്‍ അവരോട് അവരുടെ കുട്ടിക്കാലത്തെ കഥകള്‍ ചോദിക്കൂ, അത് ടേപ് ചെയ്‌തെടുക്കൂ, റെക്കാഡു ചെയ്താല്‍ വളരെ പ്രയോജനപ്പെടും എന്ന്. എനിക്ക് വളരെ സന്തോഷം തോന്നുന്നു. നിങ്ങള്‍ ചുരുങ്ങിയ വാക്കുകളിലൂടെ നിങ്ങളുടെ കലയെക്കുറിച്ചും നിങ്ങളെക്കുറിച്ചും മറ്റും പറഞ്ഞു. നിങ്ങളുടെ ആശയവിനിമയ ക്ഷമത വളരെ അഭിനന്ദനാര്‍ഹം തന്നെയാണ്.

ലാവണ്യ – നന്ദി സര്‍ ..നന്ദി

ഇപ്പോള്‍ നമ്മുടെ മന്‍ കീ ബാത് കേള്‍ക്കുന്നവര്‍ക്കും കഥ കേള്‍ക്കാന്‍ തോന്നുന്നുണ്ടാകും.  നിങ്ങള്‍ ഒന്നുരണ്ടു കഥ പറഞ്ഞു കേള്‍പ്പിക്കൂ എന്നു ഞാനഭ്യര്‍ഥിക്കട്ടേ…

 

 ജീ.. തീര്‍ച്ചയായും.. ഇത് ഞങ്ങളുടെ സൗഭാഗ്യം സര്‍..

 

വരൂ.. ഒരു രാജാവിന്റെ കഥ കേള്‍ക്കാം. രാജാവിന്റെ പേരായിരുന്നു കൃഷ്ണദേവരായര്‍… രാജ്യത്തിന്റെ പേരാണ് വിജയനഗരം. നമ്മുടെ രാജാവ് വളരെ സദ്ഗുണസമ്പന്നനായിരുന്നു. അദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും കുറ്റം പറയാനായിരുന്നെങ്കില്‍ അത് അദ്ദേഹത്തിന് മന്ത്രിയായിരുന്ന തെന്നാലി രാമന്റെ നേര്‍ക്കും ഭക്ഷണത്തോടുമുണ്ടായിരുന്ന അധിക സ്‌നേഹം എന്നതുമാത്രമായിരുന്നു. രാജാവ് ദിവസവും ഉച്ചയ്ക്ക് ഭക്ഷണത്തിനായി വളരെ പ്രതീക്ഷയോടെ ഇരിക്കുമായിരുന്നു – ഇന്ന് എന്തെങ്കിലും പുതിയതായി ഉണ്ടാക്കിയിട്ടുണ്ടാകും…. എന്നു വിചാരിക്കുമെങ്കിലും കുശിനിക്കാരന്‍ സ്ഥിരം ഒരേ പച്ചക്കറികളാണ് ഉണ്ടാക്കി കൊടുത്തിരുന്നത്. പീച്ചിങ്ങ, ചുരയ്ക്ക, മത്തങ്ങ, കുഞ്ഞുമത്തങ്ങ ഒക്കെ…അങ്ങനെ ഒരു ദിവസം രാജാവ് കഴിക്കുന്നതിനിടയില്‍ രോഷത്തോടെ പാത്രമെടുത്തെറിഞ്ഞു… നാളെ എന്തെങ്കിലും സ്വാദുള്ള കറിയുണ്ടാക്കണം അല്ലെങ്കില്‍ നാളെ ഞാന്‍ തന്നെ തൂക്കിലേറ്റുമെന്ന് വെപ്പുകാരന് ആജ്ഞ നല്കി. കുശിനിക്കാരന്‍ പാവം ഭയന്നുപോയി. പുതിയ കറിക്ക് താനെവിടെപ്പോകാന്‍…! അയാള്‍ നേരെ ഓടി തെനാലി രാമന്റെ അടുത്തെത്തി സംഭവിച്ചതു മുഴുവന്‍ പറഞ്ഞു. അതുകേട്ട് തെന്നാലി രാമന്‍ ഉപായം പറഞ്ഞുകൊടുത്തു. അടുത്ത ദിവസം രാജാവ് ഉച്ചഭക്ഷണത്തിനെത്തി കുശിനിക്കാരനെ വിളിച്ചു.  ഇന്ന് രുചിയുള്ളതു വല്ലതുമുണ്ടോ അതോ ഞാന്‍ തൂക്കുമരം തയ്യാറാക്കിക്കട്ടേ… ഭയന്ന കുശിനിക്കാരന്‍ പെട്ടെന്ന് പാത്രങ്ങളെല്ലാം നിരത്തി, രാജാവിന് ചൂടുള്ള ആഹാരസാധനങ്ങള്‍ വിളമ്പി. പാത്രത്തില്‍ പുതിയ കറിയായിരുന്നു. രാജാവിന് ഉത്സാഹമായി… അല്പമെടുത്തു രുചിച്ചുനോക്കി. ആഹാ.. എന്താ ഒരു കറി! പീച്ചങ്ങപോലെ രുചിയില്ലാത്തതുമല്ല, മത്തങ്ങപോലെ മധുരവുമല്ല. വെപ്പുകാരന്‍ വറത്തും പൊടിച്ചും ഇട്ട മസാലയെല്ലാം നന്നായി പിടിച്ചിരുന്നു. സന്തുഷ്ടനായ രാജാവ് വിരലുകള്‍ നക്കിക്കൊണ്ട് പാചകക്കാരനെ വിളിച്ചു, ചോദിച്ചു, ഇതെന്തു പച്ചക്കറിയാണ്? ഇതിന്റെ പേരെന്താണ്? പഠിപ്പിച്ചുവച്ചിരുന്നതുപോലെ അയാള്‍ മറുപടി പറഞ്ഞു. മഹാരാജ്, ഇത് കിരീടവഴുതനയാണ്. അങ്ങയെപ്പോലെ ഇതും പച്ചക്കറികളില്‍ രാജാവാണ്. അതുകൊണ്ട് ബാക്കി പച്ചക്കറികളെല്ലാം കൂടി ഇതിനെ കിരീടം ചൂടിച്ചു. രാജാവിന് സന്തോഷമായി.. ഇന്നുമുതല്‍ താന്‍ ഈ മുകുട്‌ബൈംഗന്‍, കിരീടവഴുതനയാണ് കഴിക്കുക എന്നു പ്രഖ്യാപിക്കുകയും ചെയ്തു. നാം മാത്രമല്ല, നമ്മുടെ രാജ്യത്തും വഴുതനങ്ങ മാത്രം മതി, മറ്റൊരു പച്ചക്കറിയും വേണ്ട. രാജാവിനും പ്രജകള്‍ക്കും സന്തോഷമായി. അതായത് തങ്ങള്‍ക്ക് പുതിയ പച്ചക്കറിയെന്തോ കിട്ടിയെന്ന സന്തോഷമായിരുന്നു. എന്നാല്‍ ദിവസങ്ങള്‍ കടന്നുപോതനുസരിച്ച് സ്വരം മന്ദമാകാന്‍ തുടങ്ങി. ഒരു വീട്ടില്‍ ബൈംഗന്‍ ഭര്‍ത്താ ആണെങ്കില്‍ മറ്റൊരിടത്ത് ബൈംഗന്‍ ഭാജാ. ഒരോ വീട്ടിലും വഴുതനങ്ങ കൊണ്ടുള്ള ഓരോരോ കറികള്‍ ഉണ്ടായി. സാവധാനം രാജാവിനും മടുത്തു. എന്നും അതേ വഴുതനങ്ങ. അവസാനം ഒരു ദിവസം രാജാവ് വയ്പ്പുകാരനെ വളിച്ച് വളരെ വഴക്കു പറഞ്ഞു. തന്നോടാരാണ് പറഞ്ഞത് വഴുതനയ്ക്ക് കിരീടമുണ്ടെന്ന്? ഈ രാജ്യത്ത് ഇനി ആരും വഴുതനങ്ങ കഴിക്കേണ്ട.  നാളെ മുതല്‍ ബാക്കി ഏതു കറിയും വയ്ക്കാം, പക്ഷേ വഴുതനങ്ങ വേണ്ട. അങ്ങയുടെ ആജ്ഞപോലെ എന്നു പറഞ്ഞ് കുശിനിക്കാരന്‍ തെന്നാലി രാമന്റെ അടുത്തെത്തി. തെന്നാലി രാമന്റെ കാലുപിടിച്ചുകൊണ്ടു പറഞ്ഞു, മന്ത്രിജീ, നന്ദി അങ്ങ് എന്റെ പ്രാണന്‍ കാത്തു. അങ്ങയുടെ നിര്‍ദ്ദേശം പാലിച്ചതുകൊണ്ട് ഇനിമുതല്‍ ഏതു പച്ചക്കറിയും രാജാവിനു വിളമ്പാം. തെന്നാലി രാമന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു, രാജാവിനെ സന്തോഷിപ്പിക്കാനാകാത്ത മന്ത്രിയെങ്ങനെ മന്ത്രിയാകും? അങ്ങനെ രാജാവ് കൃഷ്ണദേവരായരുടെയും മന്ത്രി തെന്നാലിരാമന്റെയും കഥകള്‍ ഉണ്ടായിക്കൊണ്ടിരുന്നു, ആളുകള്‍ കേട്ടുകൊണ്ടുമിരുന്നു. നന്ദി. 

പ്രധാനമന്ത്രി – താങ്കള്‍ കാര്യങ്ങള്‍ വളരെ കൃത്യമായി പറഞ്ഞു. എല്ലാ വശങ്ങളും പറഞ്ഞു.. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം കേട്ടുകഴിഞ്ഞാല്‍ പല കാര്യങ്ങളും ഓര്‍മ്മയില്‍ നില്‍ക്കും. വളരെ ഗംഭീരമായി പറഞ്ഞു… രാജ്യത്ത് പോഷകാഹാരമാസം ആചരിക്കുന്ന സമയത്താണ് താങ്കള്‍ ഭക്ഷണവുമായി ബന്ധപ്പെട്ട കഥ പറയുന്നത്.

 

പ്രധാനമന്ത്രി – നിങ്ങള്‍ കഥ പറയുന്നു.. ഇതുപോലെ പലരുമുണ്ട്. രാജ്യത്തെ പുതിയ തലമുറയെ നമ്മുടെ മഹാപുരുഷന്മാരെക്കുറിച്ചും അമ്മമാരെക്കുറിച്ചും സഹോദരിമാരെക്കുറിച്ചുമൊക്കെ പറഞ്ഞു കേള്‍പ്പിക്കാം. കഥകളിലൂടെ അവരുമായി എങ്ങനെ അടുക്കാം…. കഥാശാസ്ത്രത്തെ കൂടുതലായി എങ്ങനെ പ്രചരിപ്പിക്കാം.. ജനപ്രിയമാക്കാം… എല്ലാ വീടുകളിലും നല്ല കഥകള്‍ പറയുക, നല്ല കഥകള്‍ കുട്ടികളെ കേള്‍പ്പിക്കുക…. ഇത് ജീവിതത്തിലെ വലിയ കാര്യമാണ്. ഇങ്ങനെയൊരു അന്തരീക്ഷം എങ്ങനെ രൂപപ്പെടുത്താം എന്ന കാര്യത്തില്‍ നമുക്കേവര്‍ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കണം… നിങ്ങളോടു സംസാരിച്ചതില്‍ എനിക്ക് വളരെ സന്തോഷം തോന്നുന്നു…. നിങ്ങള്‍ക്കേവര്‍ക്കും ശുഭാശംസകള്‍… നന്ദി

 

നന്ദി സര്‍…

 

കഥകളിലൂടെ, സംസ്‌കാര നദിയെ മുന്നോട്ടു നയിക്കുന്ന ഈ സഹോദരിമാര്‍ പറഞ്ഞതു നാം കേട്ടു. ഞാന്‍ അവരുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍, അത് നീണ്ടു പോയപ്പോള്‍ മന്‍ കീ ബാത്തിന്റെ സമയപരിമിതിയെക്കുറിച്ച് ഓര്‍മ്മ വന്നു. എല്ലാ കാര്യങ്ങളും നരേന്ദ്രമോദി ആപ് – ല്‍ അപ്‌ലോഡ് ചെയ്യും.. മുഴുവന്‍ കഥകളും.. തീര്‍ച്ചയായും അതില്‍ നിന്നു കേള്‍ക്കൂ. ഇപ്പോള്‍ മന്‍ കീ ബാതില്‍ അതിന്റെ  ഒരു ചെറിയ അംശമേ നിങ്ങളുടെ മുന്നില്‍ വച്ചൂള്ളൂ. എനിക്കു നിങ്ങളോട് അഭ്യര്‍ഥിക്കാനുള്ളത്, കുടുംബത്തില്‍ എല്ലാ ആഴ്ചയും നിങ്ങള്‍ കഥകള്‍ക്കായി കുറച്ചു സമയം മാറ്റി വയ്ക്കൂ… കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും എല്ലാ ആഴ്ചയിലേക്കും ഓരോ വിഷയം നിശ്ചയിക്കുകയുമാകാം. കാരുണ്യം, സഹാനുഭൂതി, പരാക്രമം, ത്യാഗം, ശൗര്യം… തുടങ്ങി ഏതെങ്കിലുമൊരു മനോവികാരം എടുത്ത് കുടുംബത്തിലെ എല്ലാ അംഗങ്ങളും ഓരോ കഥ കണ്ടുപിടിക്കുക.. അങ്ങനെ കുടുംബത്തിലെ എല്ലാവരും ചേര്‍ന്ന് ഓരോരോ കഥ പറയുക.

 

നോക്കൂ.. കുടുംബം എത്ര വലിയ ഒരു ഭണ്ഡാരമാകും… എത്ര വലിയ ഗവേഷണമാകും നടക്കുക. എല്ലാവര്‍ക്കും എത്ര ആനന്ദമാകും ഉണ്ടാവുക… കുടുബത്തില്‍ ഒരു പുതിയ ജീവന്‍, പുതിയ ഊര്‍ജ്ജം രൂപപ്പെടും. ഇതുപോലെ  നമുക്ക് ഒരു കാര്യംകൂടി ചെയ്യാം. ഞാന്‍ കഥ കേള്‍പ്പിക്കുന്ന എല്ലാവരോടും പറയട്ടെ.. നാം സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷം ആഘോഷിക്കാന്‍ പോവുകയാണ്… നമുക്ക് നമ്മുടെ കഥകളില്‍ അടിമത്തത്തിന്റെ മുഴുവന്‍ കാലഘട്ടത്തിലെയും എത്ര പ്രേരകങ്ങളായ സംഭവങ്ങളുണ്ടോ അവയെല്ലാം കഥകളിലൂടെ പ്രചരിപ്പിച്ചുകൂടേ? വിശേഷിച്ചും 1857 മുതല്‍ 1947 വരെ, ഓരോ ചെറിയ ചെറിയ സംഭവങ്ങളും കഥകളിലൂടെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കാം. നിങ്ങള്‍ ഇക്കാര്യം ചെയ്യുമെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്. കഥ പറയുന്ന ഈ കല ശക്തമാകട്ടെ, രാജ്യത്ത് കൂടുതല്‍ പ്രചരിക്കട്ടെ, സ്വാഭാവികത ആര്‍ജ്ജിക്കട്ടെ… വരൂ..നമുക്കൊരുമിച്ചു ശ്രമിക്കാം.

 

പ്രിയപ്പെട്ട ദേശവാസികളേ… വരൂ.. കഥകളുടെ ലോകത്തുനിന്ന് നമുക്ക് ഏഴു സമുദ്രം കടന്നുപോകാം.. ഈ ശബ്ദം കേള്‍ക്കൂ..

നമസ്‌തേ, സഹോദരീ സഹോദരന്മാരേ… എന്റെ പേര് സേദൂ ദേംബലേ എന്നാണ്. ഞാന്‍ പശ്ചിമആഫ്രിക്കയിലെ ഒരു രാജ്യമായ മാലിയില്‍ നിന്നാണ്. എനിക്ക് ഭാരതത്തിലെത്തിയപ്പോള്‍ മതാഘോഷമായ കുംഭമേളയില്‍ പങ്കെടുക്കാന്‍ അവസരം കിട്ടി. എനിക്ക് ഇത് വളരെ അഭിമാനത്തിന്റെ കാര്യമാണ്. എനിക്ക് കുംഭമേളയില്‍ പങ്കെടുത്തത് വളരെ ഇഷ്ടമായി, ഭാരതത്തിന്റെ സംസ്‌കാരം കണ്ട് വളരെയധികം പഠിക്കാന്‍ സാധിച്ചു. ഞങ്ങള്‍ക്ക് ഒരിക്കല്‍ കൂടി ഭാരതം സന്ദര്‍ശിക്കാന്‍ അവസരം കിട്ടണമെന്നും ഭാരതത്തെക്കുറിച്ച് പഠിക്കാനാകണമെന്നും അഭ്യര്‍ഥിക്കാനാഗ്രഹിക്കുന്നു. നമസ്‌തേ.

 

 

പ്രധാനമന്ത്രി – രസമുള്ള കാര്യമല്ലേ… ഈ സംസാരിച്ചതാണ് സേദൂ ദേംബലേ, മാലിയിലുള്ള ആള്‍. ഭാരതത്തില്‍നിന്നകലെ, പശ്ചിമ ആഫ്രിക്കയിലെ ഒരു രാജ്യമായ മാലി വലുതും  സമുദ്ര തീരമില്ലാത്തതുമായ രാജ്യമാണ്. സേദു ദേംബലേ, മാലിയിലെ ഒരു നഗരമായ കിതായിലെ ഒരു പബ്ലിക് സ്‌കൂളില്‍ അധ്യാപകനാണ്.  അദ്ദേഹം കുട്ടികളെ ഇംഗ്ലീഷ്, സംഗീതം, ചിത്രരചന, പെയിന്റിംഗ് തുടങ്ങിയവ പഠിപ്പിക്കുന്നു. എന്നാല്‍ അദ്ദേഹത്തിന് ഒരു വൈശിഷ്ട്യം കൂടിയുണ്ട് – ആളുകള്‍ അദ്ദേഹത്തെ മാലിയിലെ ഹിന്ദുസ്ഥാന്‍ കാ ബാബൂ എന്നാണ് പറയുന്നത്. അങ്ങനെ വിളിക്കുന്നതില്‍ അവര്‍ക്ക് വലിയ അഭിമാനമാണ്. ഓരോ ഞായറാഴ്ചയും ഉച്ചയ്ക്കുശേഷം മാലിയില്‍ ഒരു മണിക്കൂര്‍ റേഡിയോ പരിപാടിയുണ്ട്- ആ പരിപാടിയുടെ പേരാണ് Indian frequency on Bollywood songs. ഇത് കഴിഞ്ഞ 23 വര്‍ഷമായി നടന്നുപോരുന്ന പരിപാടിയാണ്. ഈ പരിപാടിക്കിടയില്‍ ഫ്രഞ്ചിനൊപ്പം മാലിയിലെ ജനഭാഷയായ ബംബാരായിലും കമന്ററിയുണ്ട്… വളരെ നാടകീയമായ രീതിയിലാണ് അവതരിപ്പിക്കപ്പെടുന്നത്. ഭാരതത്തോട് അദ്ദേഹത്തിന് അപാരമായ സ്‌നേഹമാണ്. ഭാരതത്തോടുള്ള അദ്ദേഹത്തിന്റെ ഈ താത്പര്യത്തിന് മറ്റൊരു കാരണം കൂടിയുണ്ട്, അദ്ദേഹം ജനിച്ചതും 15 ആഗസ്റ്റിനാണ്. സേദുജീ എല്ലാ ഞായറാഴ്ചയും രാത്രി 9 മണിക്ക് രണ്ടുമണിക്കൂറുള്ള മറ്റൊരു പരിപാടി കൂടി ആരംഭിച്ചിട്ടുണ്ട്. അതില്‍ അവര്‍ ബോളിവുഡ് സിനിമയുടെ കഥ ഫ്രഞ്ചിലും ബംബാരയിലും പറഞ്ഞു കേള്‍പ്പിക്കുന്നു. ചിലപ്പോഴൊക്കെ ചില വികാരോജ്വലമായ രംഗങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ അദ്ദേഹവും ശ്രോതാക്കളും ഒരുമിച്ച് കരഞ്ഞുപോകുന്നു. സേദിജിയുടെ പിതാവാണ് ഭാരതസംസ്‌കാരവുമായി അദ്ദേഹത്തെ പരിചയപ്പെടുത്തിയത്. അദ്ദേഹത്തിന്റെ പിതാവ് സിനിമാ തിയേറ്ററിലാണ് ജോലി ചെയ്തിരുന്നത്, അവിടെ ഭാരതീയ സിനിമകള്‍ കാണിച്ചിരുന്നു. ഈ ആഗസ്റ്റ് 15 ന് അദ്ദേഹം ഹിന്ദിയില്‍ ഒരു വീഡിയോയിലൂടെ ഭാരതത്തിലെ ജനങ്ങള്‍ക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു. ഇന്ന് അദ്ദേഹത്തിന്റെ കുട്ടികള്‍ നമ്മുടെ ദേശീയഗാനം നിഷ്പ്രയാസം പാടുന്നു. നിങ്ങള്‍ ഈ വീഡിയോ തീര്‍ച്ചയായും കാണണം, അദ്ദേഹത്തിന്റെ ഭാരതസ്‌നേഹം തിരിച്ചറിയണം. സേദുജി കുംഭമേള കാണാനെത്തിയപ്പോള്‍ അദ്ദേഹം ഭാഗമായ പ്രതിനിധിസംഘത്തെ ഞാന്‍ കണ്ടിരുന്നു. ഭാരതത്തോടുള്ള അവരുടെ ഭ്രാന്തമായ സ്‌നേഹവും താത്പര്യവും നമുക്കെല്ലാം അഭിമാനകരമായ കാര്യമാണ്.

എന്റെ പ്രിയപ്പെട്ട ജനങ്ങളേ, നമ്മുടെ നാട്ടിലൊരു പറച്ചിലുണ്ട്. ഒരുവന്‍ മണ്ണുമായി എത്രത്തോളം ചേര്‍ന്നുനില്‍ക്കുന്നുവോ അവന്‍ അതനുസരിച്ച് കൊടുങ്കാറ്റിലും കുലുങ്ങാതെ നില്‍ക്കും എന്ന്. കൊറോണയുടെ ഈ ആപത്തു കാലത്തെ നമ്മുടെ കാര്‍ഷിക മേഖല, നമ്മുടെ കര്‍ഷകര്‍ ഇതിനൊരു ഉത്തമോദാഹരണമാണ്. ഈ ആപത്തുകാലത്തും നമ്മുടെ രാജ്യത്തെ കാര്‍ഷികമേഖല ശക്തിയും ദൃഢതയും പ്രകടമാക്കി. സുഹൃത്തുക്കളേ, രാജ്യത്തെ കാര്‍ഷികമേഖല, നമ്മുടെ കര്‍ഷകര്‍, നമ്മുടെ ഗ്രാമങ്ങള്‍, ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ അടിസ്ഥാനമാണ്. കാര്‍ഷികമേഖല ബലവത്തെങ്കില്‍ ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ അടിത്തറയും ഉറച്ചതായിരിക്കും. കഴിഞ്ഞ കുറച്ചുകാലംകൊണ്ട് ഈ മേഖല പല ബന്ധനങ്ങളില്‍ നിന്നും മോചനം നേടിക്കഴിഞ്ഞു.. പല പരമ്പരാഗത ധാരണകളെയും ഭേദിക്കുവാന്‍ ശ്രമം നടത്തി.  എനിക്ക് അങ്ങനെയുള്ള കര്‍ഷകരില്‍ നിന്നും കത്തുകള്‍ കിട്ടുന്നുണ്ട്. കര്‍ഷകസംഘടനകളുമായി ചര്‍ച്ചകള്‍ ചെയ്യുന്നുണ്ട്. അവര്‍ പറയുന്നതില്‍ നിന്നും അറിയാനാകുന്നത് കൃഷിയ്ക്ക് പുതിയ പുതിയ മേഖലകള്‍ തുറന്നുകിട്ടിയതെങ്ങനെയെന്നും, കൃഷിയില്‍ മാറ്റങ്ങള്‍ എങ്ങനെയുണ്ടാകുന്നു എന്നുമാണ്. അവരില്‍ നിന്ന് കേട്ടതില്‍ നിന്നും, മറ്റുള്ളവരില്‍ നിന്ന് കേട്ടതില്‍ നിന്നും, എന്റെ മനസ്സു പറയുന്നത് അടിസ്ഥാനമാക്കി ഇന്ന് മന്‍ കീ ബാത് ല്‍ ആ കര്‍ഷകരെക്കുറിച്ച് ചില കാര്യങ്ങള്‍ തീര്‍ച്ചയായും നിങ്ങളോടു പറയട്ടെ. ഹരിയാനയിലെ സോനിപത് ജില്ലയില്‍ നമ്മുടെ ഒരു കര്‍ഷകസഹോദരനുണ്ട്.. അദ്ദേഹത്തിന്റെ പേരാണ് ശ്രീ. കംവര്‍ ചൗഹാന്‍. ഒരുകാലത്ത് ചന്തയ്ക്കു പുറത്ത് പഴങ്ങളും പച്ചക്കറികളും വില്ക്കാന്‍ വളരെ പ്രയാസമുണ്ടായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം ചന്തയ്ക്കു പുറത്ത് പഴങ്ങളോ, പച്ചക്കറികളോ വിറ്റാല്‍ പലപ്പോഴും ആ പഴം പച്ചക്കറി വണ്ടിപോലും പിടിച്ചെടുക്കപ്പെട്ടിരുന്നു. എന്നാല്‍ 2014 ല്‍ പഴങ്ങളെയും പച്ചക്കറികളെയും എ.പി.എം.സി നിയമത്തില്‍നിന്ന് പുറത്തുകൊണ്ടുവന്നപ്പോള്‍ അദ്ദേഹത്തിനും ചുറ്റുപാടുമുള്ള സുഹൃദ് കര്‍ഷകര്‍ക്കും വളരെ പ്രയോജനമുണ്ടായി. നാലു വര്‍ഷം മുമ്പ് അദ്ദേഹം ഗ്രാമത്തിലെ സുഹൃദ് കര്‍ഷകരുമായി ചേര്‍ന്ന് ഒരു കര്‍ഷക ഉത്പാദകസംഘമുണ്ടാക്കി. ഇന്ന് ഗ്രാമത്തിലെ കര്‍ഷകര്‍  Sweet Corn ഉം baby Corn ഉം കൃഷി ചെയ്യുന്നു. അവരുടെ ഉത്പന്നങ്ങള്‍ ദില്ലിയിലെ ആസാദ്പുര്‍ മണ്ഡി, വലിയ റീടെയില്‍ ചെയിന്‍, ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ എന്നിവിടങ്ങളിലേക്ക് നേരിട്ട് വിതരണം ചെയ്യുന്നു. ഇന്ന് ഗ്രാമത്തിലെ കര്‍ഷകര്‍ സ്വീറ്റ് കോണും ബേബികോണും കൃഷി ചെയ്ത് പ്രതിവര്‍ഷം ഏക്കറൊന്നിന് രണ്ടരലക്ഷം മുതല്‍ മൂന്നു ലക്ഷം രൂപവരെ ആദായമുണ്ടാക്കുന്നു. ഇത്രമാത്രമല്ല, ഇതേ ഗ്രാമത്തിലെ 60 ലധികം കര്‍ഷകര്‍, നെറ്റ് ഹൗസ് ഉണ്ടാക്കിയും പോളി ഹൗസ് ഉണ്ടാക്കിയും തക്കാളി, വെള്ളരിക്ക, സിംല മിര്‍ച്ച് തുടങ്ങിയവയുടെ പല പല ഇനങ്ങള്‍ ഉത്പാദിപ്പിച്ച് എല്ലാ വര്‍ഷവും ഏക്കറൊന്നിന് 10 ലക്ഷം മുതല്‍ 12 ലക്ഷം രൂപവരെ ആദായമുണ്ടാക്കുന്നു. ഈ കര്‍ഷകരുടെ കൈവശം വേറിട്ട് എന്താണുള്ളത്? സ്വന്തം പഴങ്ങളും പച്ചക്കറികളും, എവിടെയും ആര്‍ക്കും വില്ക്കാനുള്ള ശക്തി… ഈ ശക്തിയാണ് ഇവരുടെ പുരോഗതിക്ക് അടിസ്ഥാനം. ഇപ്പോള്‍ ഈ ശക്തി രാജ്യത്തെ മറ്റു കര്‍ഷകര്‍ക്കും കിട്ടിയിരിക്കുന്നു. പഴത്തിനും പച്ചക്കറികള്‍ക്കും മാത്രമല്ല, സ്വന്തം കൃഷിയിടത്തില്‍ എന്തുത്പാദിപ്പിച്ചാലും – നെല്ലോ, ഗോതമ്പോ, കടുകോ, കരിമ്പോ.. എന്തുത്പാദിപ്പിച്ചാലും അത് സ്വന്തം ആഗ്രഹപ്രകാരം എവിടെയാണോ അധികം വില കിട്ടുന്നത്, അവിടെ വില്ക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് കിട്ടിയിരിക്കയാണ്. 

 

സുഹൃത്തുക്കളേ, മൂന്നുനാലു വര്‍ഷം മുമ്പുതന്നെ മഹാരാഷ്ട്രയില്‍ പഴം-പച്ചക്കറികളെ എ.പി.എം.സിയുടെ പരിധിയില്‍ നിന്ന് പുറത്തുകൊണ്ടിരുന്നു. ഈ മാറ്റം മഹാരാഷ്ട്രയിലെ പഴം-പച്ചക്കറി കര്‍ഷകരുടെ സ്ഥിതിയില്‍ മാറ്റം വരുത്തി. ഇതിന്റെ ഉദാഹരണമാണ് ശ്രീ സ്വാമി സമര്‍ഥ് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ്.. ഇത് കര്‍ഷകരുടെ സംഘമാണ്. പൂനയിലും മുംബൈയിലും കര്‍ഷകര്‍ ആഴ്ചച്ചന്തകള്‍ സ്വയമാണ് നടത്തുന്നത്. ഈ വിപണികളില്‍ ഏകദേശം 70 ഗ്രാമങ്ങളില്‍ നിന്നും 7500 കര്‍ഷകരുടെ ഉത്പന്നങ്ങള്‍ നേരിട്ട് വില്ക്കപ്പെടുന്നു. ഒരു ഇടനിലക്കാരനുമില്ലാതെ. ഗ്രാമീണ യുവാക്കള്‍, നേരിട്ട് വിപണിയിലും കൃഷിയിലും വില്പനയിലും പങ്കെടുക്കുന്നു. ഇതിന്റെ നേരിട്ടുള്ള നേട്ടം കര്‍ഷകര്‍ക്കാണ്, ഗ്രാമത്തിലെ യുവാക്കള്‍ക്ക് തൊഴിലും ലഭിക്കുന്നു.

മറ്റൊരുദാഹരണം ഉദാഹരണം കൂടി പറയാം. തമിഴ്‌നാട്ടിലെ തേനി ജില്ലയില്‍ നിന്നുള്ളതാണ്. തമിഴ്‌നാട് കേല ഫാര്‍മര്‍ പ്രൊഡ്യൂസ് കമ്പനി. ഈ ഫാര്‍മര്‍ പ്രൊഡ്യൂസ് കമ്പനി പേരിന് കമ്പനിയാണെന്നേയുള്ളൂ. സത്യത്തില്‍ ഇത് കര്‍ഷകര്‍ ചേര്‍ന്നുണ്ടാക്കിയ സംഘമാണ്. വളരെ ഇളവുള്ള വ്യവസ്ഥകളോടെ… അതും നാലഞ്ചു വര്‍ഷം മുമ്പുണ്ടാക്കിയത്. ഈ കര്‍ഷകസമൂഹം ലോക്ഡൗണ്‍ സമയത്ത് അടുത്തുള്ള ഗ്രാമങ്ങളില്‍ നിന്ന് നൂറുകണക്കിന് മെട്രിക് ടണ്‍ പച്ചക്കറികളും, പഴങ്ങളും വാഴക്കുലകളും വാങ്ങി ചെന്നൈ നഗരത്തില്‍ പച്ചക്കറി കിറ്റ് എത്തിച്ചു കൊടുത്തു. നിങ്ങള്‍ ചിന്തിക്കൂ.. എത്ര യുവാക്കള്‍ക്കാണ് അവര്‍ തൊഴില്‍ നല്‍കിയത്. ഇടനിലക്കാരില്ലാത്തതുകൊണ്ട് കര്‍ഷകര്‍ക്കും നേട്ടമുണ്ടായി, ഉപഭോക്താക്കള്‍ക്കും നേട്ടമുണ്ടായി എന്നതാണ് ഇതിലെ രസമുള്ള കാര്യം. ഇതേപോലെ ലഖ്‌നൗവിലും കര്‍ഷകക്കൂട്ടായ്മയുണ്ട്. അതിന്റെ പേര് ഇരാദാ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ എന്നാണ്. ഇവരും ലോക്ഡൗണ്‍ സമയത്ത് കര്‍ഷകരുടെ വയലില്‍ നിന്ന് നേരിട്ട് പഴങ്ങളും പച്ചക്കറികളും വാങ്ങി നേരിട്ട് ലഖ്‌നൗവിലെ വിപണികളില്‍ വിറ്റു. ഇടനിലക്കാരില്‍ നിന്ന് മോചനവുമായി, ഇഷ്ടപ്പെട്ട വില ലഭിക്കുകയും ചെയ്തു. 

 

സുഹൃത്തുക്കളേ, ഗുജറാത്തില്‍ ബനാസ്‌കന്ധയിലെ രാംപുരാ ഗ്രാമത്തില്‍ ഇസ്മാഇല്‍ ഭായി എന്നൊരു കര്‍ഷകനുണ്ട്. അദ്ദേഹത്തിന്റെ കഥയും വളരെ രസമുള്ളതാണ്. ഇസ്മാഇല്‍ ഭായി കൃഷി ചെയ്യാനാഗ്രഹിച്ചുവെങ്കിലും, ഇപ്പോള്‍ എല്ലാവരുടെയും ചിന്ത പോയതുപോലെ, അദ്ദേഹത്തിന്റെ കുടുംബത്തിനും തോന്നി ഈ ഇസ്മാഇല്‍ ഭായി എന്താണീ പറയുന്നതെന്ന്. ഇസ്മാഇല്‍ ഭായിയുടെ പിതാവ് കൃഷി ചെയ്തിരുന്നുവെങ്കിലും അതില്‍ സാധാരണയായി നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. അതുകൊണ്ട് പിതാവ് തടസ്സം പറഞ്ഞുവെങ്കിലും, കുടുംബം തടസ്സം പറഞ്ഞെങ്കിലും ഇസ്മാഇല്‍ ഭായി കൃഷിതന്നെ ചെയ്യുമെന്ന് നിശ്ചയിച്ചു. കൃഷി നഷ്ടക്കച്ചവടമാണ് എന്ന ചിന്തയും ആ അവസ്ഥയും മാറ്റി കാട്ടിക്കൊടുക്കുമെന്ന് ഇസ്മാഇല്‍ ഭായി ചിന്തിച്ചു. അദ്ദേഹം കൃഷി ആരംഭിച്ചു പുതിയരീതികളില്‍, നവീനമായ രീതികളില്‍… ഡ്രിപ് ജലസേചനത്തിലൂടെ ഉരുളക്കിഴങ്ങിന്റെ കൃഷി ആരംഭിച്ചു.. ഇന്ന് അദ്ദേഹത്തിന്റെ ഉരുളക്കിഴങ്ങ് വിശേഷാല്‍ തിരിച്ചറിയപ്പെടുന്നു. അദ്ദേഹം നല്ല ഗുണമേന്മയുള്ള ഉരുളക്കിഴങ്ങാണ് വിളയിക്കുന്നത്. ഇസ്മാഇല്‍ ഭായി ഈ ഉരുളക്കിഴങ്ങ് നേരിട്ട് വലിയ വലിയ കമ്പനികള്‍ക്ക് വില്ക്കുന്നു, ഇടനിലക്കാരെ കാണാനേയില്ല, പരിണതഫലമായി നല്ല ലാഭമുണ്ടാക്കുന്നു. ഇപ്പോള്‍ അദ്ദേഹം പിതാവിന്റെ വായ്പകള്‍ മുഴുവന്‍ വീട്ടിയിരിക്കുന്നു.. ഏറ്റവും വലിയ കാര്യമെന്തെന്നറിയുമോ… ഇസ്മാഇല്‍ ഭായി ഇന്ന് തന്റെ പ്രദേശത്തെ നൂറുകണക്കിന് കര്‍ഷകരെ സഹായിക്കുന്നു. അവരുടെ ജീവിതത്തിലും മാറ്റമുണ്ടാക്കുകയാണ്.

 

സുഹൃത്തുക്കളേ, ഇന്നത്തെ കാലത്ത് കൃഷിക്ക് നാം പുതിയ മാര്‍ഗ്ഗങ്ങള്‍ എത്രത്തോളം നല്കുമോ അത്രയ്ക്ക് അത് മുന്നേറും, പുതിയ പുതിയ രീതികള്‍ വരും, പുതിയ നൂതനാശയങ്ങള്‍ ഉണ്ടാകും. മണിപ്പൂരിലുള്ള വിജയശാന്തി ഒരു പുതിയ നൂതനാശയത്തിന്റെ പേരില്‍ വളരെ ചര്‍ച്ച ചെയ്യപ്പെടുന്ന ആളാണ്. അവര്‍ താമരനാളംകൊണ്ട് നൂലുണ്ടാക്കുന്ന ഒരു പുതിയ സ്റ്റാര്‍ട്ടപ് ആരംഭിച്ചിരിക്കുന്നു. ഇന്ന് അവരുടെ നൂതനാശയം കാരണം താമരകൃഷിയുടെ കാര്യത്തിലും ടെക്‌സ്റ്റൈലിന്റെ കാര്യത്തിലും ഒരു പുതിയ വഴി ഉണ്ടായിരിക്കയാണ്.

 

എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഞാന്‍ നിങ്ങളെ ഭൂതകാലത്തിലെ ഓരേടിലേക്ക് കൂട്ടിക്കൊണ്ടുപോകാനാഗ്രഹിക്കുന്നു. നൂറ്റി ഒന്നു വര്‍ഷം പഴക്കമുള്ള കാര്യമാണ്. വര്‍ഷം 1919. ഇംഗ്ലീഷ് ഭരണം ജാലിയന്‍വാലാ ബാഗില്‍ നിര്‍ദ്ദോഷികളായ ജനങ്ങളെ കൂട്ടക്കൊല നടത്തിയിരുന്നു. ഈ നരസംഹാരത്തിനുശേഷം പന്ത്രണ്ടുവയസ്സുകാരനായ ഒരു കുട്ടി ആ സംഭവസ്ഥലത്തെത്തി. ഉല്ലാസലോലുപനും ചഞ്ചലചിത്തനുമായ ആ കുട്ടിയെ  സംബന്ധിച്ചിടത്തോളം ജാലിയന്‍വാലാബാഗില്‍ കണ്ടത് അവന്റെ ചിന്തകള്‍ക്കപ്പുറമായിരുന്നു. അവന്‍ സ്തബ്ധനായി നിന്നു… ആര്‍ക്കെങ്കിലും ഇത്രത്തോളം ക്രൂരനാകാന്‍ പറ്റുന്നതെങ്ങനെ എന്നു ചിന്തിച്ചുപോയി. ആ നിഷ്‌കളങ്കനായ കുട്ടി രോഷാഗ്നിയില്‍ എരിയാന്‍ തുടങ്ങി. ഇംഗ്ലീഷ് ഭരണത്തിനെതിരെ പോരാടുമെന്ന് അതേ ജാലിയന്‍വാലാബാഗില്‍വച്ച് അവന്‍ ശപഥം ചെയ്തു. ഞാന്‍ ആരെക്കുറിച്ചാണു പറയുന്നതെന്നു നിങ്ങള്‍ക്കു മനസ്സിലായോ? ഉവ്വ്.. ഞാന്‍.. ബലിദാനി വീര ഭഗത് സിംഗിനെക്കുറിച്ചാണ് പറയുന്നത്. നാളെ 28 സെപ്റ്റംബറിന് നാം ബലിദാനി വീര ഭഗത് സിംഗിന്റെ ജയന്തി ആഘോഷിക്കും. ഞാന്‍ എല്ലാ ദേശവാസികള്‍ക്കുമൊപ്പം സാഹസത്തിന്റെയും വീരതയുടെയും പ്രതിരൂപമായ വീരബലിദാനി ഭഗത് സിംഗിനെ നമിക്കുന്നു. ഒരു ഭരണകൂടം… ലോകത്തിന്റെ വലിയ ഒരു ഭൂഭാഗത്ത് ഭരണം നടത്തിയിരുന്ന, അവരുടെ ഭരണത്തില്‍ ഒരിക്കലും സൂര്യനസ്തമിക്കില്ല എന്നു പറയപ്പെട്ടിരുന്ന ഒരു ഭരണകൂടത്തെക്കുറിച്ച് നിങ്ങള്‍ക്ക് സങ്കല്പിക്കാനാകുമോ… ഇത്രയും ശക്തമായ ഭരണകൂടം, 23 വയസ്സുകാരനായ യുവാവിനെ ഭയന്നുപോയി.  ബലിദാനി ഭഗത് സിംഗ് പരാക്രമിയും പണ്ഡിതനും ചിന്തകനുമായിരുന്നു. സ്വന്തം ജീവനെക്കുറിച്ചു ചിന്തിക്കാതെ ഭഗത് സിഗും അദ്ദേഹത്തിന്റെ വിപ്ലവീരന്മാരായ സുഹൃത്തുക്കളും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വലിയ സംഭാവന ചെയ്ത പല സാഹസകൃത്യങ്ങളും ചെയ്തു. 

 

ബലിദാനി വീര ഭഗത് സിംഗിന്റെ ജീവിത്തിലെ മറ്റൊരു സുന്ദരമായ തലം അദ്ദേഹം ടീംവര്‍ക്കിന്റെ മഹത്വം നന്നായി മനസ്സിലാക്കിയിരുന്നു എന്നുള്ളതാണ്. ലാലാ ലജ്പത്‌റായിയോട് അദ്ദേഹത്തിന് സമര്‍പ്പണമനോഭാവമുണ്ടായിരുന്നു. പിന്നെ ചന്ദ്രശേഖര്‍ ആസാദ്, സുഖ്‌ദേവ്, രാജ്ഗുരു അടക്കമുള്ള വിപ്ലവകാരികളോടും അദ്ദേഹത്തിന് ബന്ധം ഉണ്ടായിരുന്നു അദ്ദേഹത്തിന് വ്യക്തിപരമായ അഭിമാനം പ്രധാനമായിരുന്നില്ല. അദ്ദേഹം ജീവിച്ചിടത്തോളം കാലം ഒരു ലക്ഷ്യത്തിനുവേണ്ടി ജീവിച്ചു, അതിനുവേണ്ടി അദ്ദേഹം ജീവന്‍ ബലിദാനമായി നല്കി. ആ ലക്ഷ്യമായിരുന്നു, ഭാരതത്തെ അന്യായത്തില്‍ നിന്നും ഇംഗ്‌ളീഷ് ഭരണത്തില്‍ നിന്നും മോചിപ്പിക്കുക എന്നത്. ഞാന്‍ നമോ ആപ് ല്‍ ഹൈദരബാദിലെ അജയ് എസ്.ജി യുടെ ഒരു കമന്റ് വായിച്ചു. അജയ്ജി എഴുതുന്നു – ഇന്നത്തെ യുവാക്കള്‍ക്ക് എങ്ങനെ ഭഗത് സിംഗിനെപ്പോലെയാകാനാകും? നോക്കൂ.. നാം ഭഗത്സിംഹ് ആയാലും ഇല്ലെങ്കിലും ഭഗത് സിംഗിനുണ്ടായിരുന്നതുപോലെ ദേശസ്‌നേഹം, രാജ്യത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാനുള്ള ആവേശം തീര്‍ച്ചയായും നമ്മുടെ ഏവരുടെയും മനസ്സിലുണ്ടായിരിക്കുക. ബലിദാനി ഭഗത് സിംഗിന് അതായിരിക്കും ഏറ്റവും വലിയ ആദരാഞ്ജലി. 

 

നാലു വര്‍ഷം മുമ്പ് ഏകദേശം ഇതേ സമയത്ത് സര്‍ജിക്കല്‍ സ്‌ട്രൈക്കുമായി ബന്ധപ്പെട്ട് ലോകം നമ്മുടെ ജവാന്മാരുടെ സാഹസവും ശൗര്യവും നിര്‍ഭയത്വവും  കണ്ടു. നമ്മുടെ ധീരന്മാരായ സൈനികര്‍ക്ക് ഒരേ ഒരു ഉദ്ദേശ്യവും ലക്ഷ്യവുമേ ഉണ്ടായിരുന്നുള്ളൂ, എന്തു വിലകൊടുത്തും ഭാരതാംബയുടെ അന്തസ്സും അഭിമാനവും കാക്കുക. അവര്‍ സ്വന്തം ജീവിതത്തെ തൃണവത്ഗണിച്ചു. അവര്‍ തങ്ങളുടെ കര്‍ത്തവ്യപഥത്തില്‍ മുന്നേറി, അവരെങ്ങനെ വിജയികളായി തിരിച്ചെത്തിയെന്ന് നാമെല്ലാം കണ്ടു. ഭാരതാംബയുടെ അഭിമാനം വര്‍ധിപ്പിച്ചു.

 

പ്രിയപ്പെട്ട ദേശവാസികളേ, വരും ദിനങ്ങളില്‍ നാം എല്ലാ ദേശവാസികളും ഭാരതത്തിന്റെ നിര്‍മ്മാണത്തില്‍ മായാത്ത സംഭാവനകള്‍ നിര്‍വ്വഹിച്ച പല മഹാന്മാരെയും ഓര്‍മ്മിക്കും. 02 ഒക്‌ടോബര്‍ നമുക്കെല്ലാവര്‍ക്കും പവിത്രവും പ്രേരകവുമായ ദിനമാണ്. ഈ ദിവസം ഭാരതാംബയുടെ രണ്ടു സത്പുത്രന്മാര്‍- മഹാത്മാ ഗാന്ധിയെയും ലാല്‍ ബഹാദുര്‍ ശാസ്ത്രിയെയും ഓര്‍മ്മിക്കേണ്ട ദിനമാണ്.

 

പൂജനീയ ബാപ്പുവിന്റെ ചിന്താഗതികളും ആദര്‍ശങ്ങളും ഇന്ന് മുമ്പത്തേക്കാളധികം സന്ദര്‍ഭോചിതമാണ്. മഹാത്മാഗാന്ധിയുടെ സാമ്പത്തിക ചിന്താഗതിയുടെ സ്പിരിറ്റിനെ ഉള്‍ക്കൊണ്ടിരുന്നെങ്കില്‍, മനസ്സിലാക്കിയിരുന്നെങ്കില്‍ ആ പാതയില്‍ സഞ്ചരിച്ചിരുന്നെങ്കില്‍ ഇന്ന് ആത്മനിര്‍ഭര്‍ ഭാരതമെന്ന മുന്നേറ്റത്തിന്റെ ആവശ്യമുണ്ടാകുമായിരുന്നില്ല. ഗാന്ധിജിയുടെ സാമ്പത്തിക ചിന്താഗതിയില്‍ ഭാരതത്തിന്റെ ഓരോ കണത്തെയും കുറിച്ചുള്ള അറിവുണ്ടായിരുന്നു, ഭാരതത്തിന്റെ സുഗന്ധമുണ്ടായിരുന്നു. പൂജ്യബാപ്പുവിന്റെ ജീവിതം നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങളും ദരിദ്രരില്‍ ദരിദ്രരായവര്‍ക്ക് നന്മയുണ്ടാക്കുന്നതായിരിക്കണമെന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. 

അതേ സമയം ശാസ്ത്രിജിയുടെ ജീവിതം നമ്മെ വിനയവും ലാളിത്യവും പഠിപ്പിക്കുന്നു. 

11 ഒക്‌ടോബറും നമുക്ക് വളരെ വിശേഷപ്പെട്ടതാണ്. ഈ ദിവസം ഭാരതരത്‌ന ലോക്‌നായക് ജയപ്രകാശ് നാരായണന്റെ ജയന്തിയെന്ന നിലയില്‍ നാം ഓര്‍ക്കുന്നു. ജെ.പി.നമ്മുടെ ജനാധിപത്യ മൂല്യങ്ങളുടെ രക്ഷയ്ക്കായി മുന്‍നിര പങ്കു വഹിച്ചു. നാം ഭാരത രത്‌ന നാനാജി ദേശ്മുഖിനെയും ഓര്‍മ്മിക്കുന്നു, അദ്ദേഹത്തിന്റെ ജയന്തിയും ഒക്‌ടോബര്‍ 11 ന് ആണ്. നാനാജി ദേശ്മുഖ്, ജയപ്രകാശ് നാരായണന്റെ വളരെ അടുത്ത സുഹൃത്തായിരുന്നു. ജെ.പി. അഴിമതിക്കെതിരെ പോരാടുകയായിരുന്നപ്പോള്‍ പട്‌നയില്‍ അദ്ദേഹത്തെ ശക്തമായ രീതിയില്‍ ആരോ ആക്രമിച്ചു. അപ്പോള്‍ നാനാജി ദേശ്മുഖ് ആ ആക്രമണം സ്വയം തടുത്തു. ഈ ആക്രമണത്തില്‍ നാനാജിക്ക് വളരെ വലിയ മുറിവു പറ്റിയെങ്കിലും ജെ.പിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചു. 

ഈ 12 ഒക്‌ടോബറിന് രാജമാതാ വിജയരാജേ സിന്ധ്യയുടെയും ജയന്തിയാണ്. അവര്‍ മുഴുവന്‍ ജീവിതവും ജനസേവനത്തിനായി സമര്‍പ്പിച്ചു. അവര്‍ രാജകുടുംബത്തില്‍ നിന്നായിരുന്നു, സമ്പത്തും ശക്തിയും മറ്റു വിഭവങ്ങളും ഒട്ടും കുറവില്ലാതെ ഉണ്ടായിരുന്നു. എങ്കിലും അവര്‍ തന്റെ ജീവിതം ഒരു അമ്മയെപ്പോലെ, വാത്സല്യഭാവത്തോടെ ജനസേവനത്താനായി സമര്‍പ്പിച്ചു. അവരുടെ ഹൃദയം വളരെ ഉദാരമായിരുന്നു. ഈ ഒക്‌ടോബര്‍ 12 ന് അവരുടെ ജന്മശതാബ്ദി വര്‍ഷാഘോഷത്തിന്റെ സമാപനദിവസമാണ്. ഇന്ന് ഞാന്‍ രാജമാതായെക്കുറിച്ചു പറയുമ്പോള്‍ എനിക്ക് വികാരനിര്‍ഭരമായ ഒരു സംഭവം ഓര്‍മ്മ വരുന്നു. അവര്‍ക്കൊപ്പം വളരെ വര്‍ഷങ്ങളോളം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചു, പല സംഭവങ്ങളുമുണ്ട്. എങ്കിലും ഒരു സംഭവത്തെക്കുറിച്ച് പറയാന്‍ മനസ്സാഗ്രഹിക്കുന്നു. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ ഏകതാ യാത്രയുമായി പുറപ്പെട്ടതായിരുന്നു. ഡോ.മുരളീ മനോഹര്‍ ജോഷിയുടെ നേതൃത്വത്തിലായിരുന്നു യാത്ര ചെയ്തിരുന്നത്. ഡിസംബറിലെ കടുത്ത തണുപ്പിന്റെ ദിനങ്ങളായിരുന്നു. രാത്രി ഏകദേശം പന്ത്രണ്ട് ഒരു മണിയോടെ മധ്യപ്രദേശില്‍ ഗ്വാളിയറിനടുത്ത് ശിവപുരിയിലെത്തി. താമസസ്ഥലത്തെത്തി പകല്‍ മുഴുവനുള്ള ക്ഷീണം കാരണം നനച്ച് കുളിച്ച് ഉറങ്ങുകയും പിന്നീട് അടുത്ത ദിവസത്തെ യാത്രയ്ക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും ചെയ്യുമായിരുന്നു. ഏകദേശം രണ്ടുമണിയായിക്കാണും ഞാന്‍ ഉറങ്ങാന്‍ തയ്യാറെടുക്കുകവേ ആരോ വാതില്‍ക്കല്‍ മുട്ടി. ഞാന്‍ വാതില്‍ തുറന്നു, രാജമാതാവ് മുന്നില്‍ നില്‍ക്കുന്നുണ്ടായിരുന്നു. കടുത്ത തണുപ്പില്‍ രാജമാതാജിയെ  മുന്നില്‍ കണ്ട് ഞാന്‍ ആശ്ചര്യപ്പെട്ടു. ഞാന്‍ മാതാജിയെ പ്രണമിച്ചു, ഞാന്‍ പറഞ്ഞു, മാതാജി ഈ അര്‍ധരാത്രിയില്‍! അപ്പോള്‍ പറഞ്ഞു, അല്ല മകനേ… പാല്‍ കുടിക്കൂ.. ചൂടുപാല്‍ കുടിച്ചിട്ട് ഉറങ്ങൂ. മഞ്ഞളിട്ട പാലുമായി മാതാജി തന്നെ വന്നതായിരുന്നു. എന്നാല്‍ അടുത്ത ദിവസം ഞാന്‍ കണ്ടപ്പോള്‍, എനിക്കു മാത്രമല്ല, 30-40 പേരുണ്ടായിരുന്ന ഞങ്ങളുടെ യാത്രയുടെ, ഡ്രൈവര്‍മാരും മറ്റു കാര്യകര്‍ത്താക്കളും ഉണ്ടായിരുന്ന ആ വ്യവസ്ഥയില്‍ ഓരോരുത്തരുടെയും മുറിയില്‍ ചെന്ന് സ്വയം രാത്രി രണ്ടു മണിക്ക് എല്ലാവര്‍ക്കും പാല്‍ കൊടുത്തു. അമ്മയുടെ സ്‌നേഹം എന്താണെന്നും വാത്സല്യമെന്താണെന്നും കാട്ടുന്ന ആ സംഭവം ഞാന്‍ ഒരിക്കലും മറക്കില്ല. അതുപോലുള്ള മഹാന്മാരായ വിഭൂതികള്‍ നമ്മുടെ മണ്ണിന് ത്യാഗവും തപസ്യയും കൊണ്ട് ജലസേചനമേകി എന്നത് നമ്മുടെ സൗഭാഗ്യമാണ്. വരൂ. നമുക്കേവര്‍ക്കും ഒരുമിച്ച്, ഈ മഹാപുരുഷന്മാര്‍ക്ക് അഭിമാനം തോന്നുന്ന ഒരു ഭാരതം നിര്‍മ്മിക്കാം. അവരുടെ സ്വപ്നങ്ങളെ നമ്മുടെ ദൃഢനിശ്ചയങ്ങളാക്കാം.

എന്റെ പ്രിയപ്പെട്ട ദേശവാസികളേ, കൊറോണയുടെ ഈ കാലത്ത് ഒരിക്കല്‍ കൂടി നിങ്ങളെ ഓര്‍മ്മിപ്പിക്കുന്നു. മാസ്‌ക് ഉറപ്പായും വയ്ക്കുക, മുഖാവരണമില്ലാതെ പുറത്തുപോകരുത്. രണ്ടു കൈ അകലംപാലിക്കുക, അതു നിങ്ങളെയും കാക്കും നിങ്ങളുടെ കുടുംബത്തെയും കാക്കും. കൊറോണയ്‌ക്കെതിരെ, പോരാടാനുള്ള ആയുധങ്ങളാണ് ഈ നിയമങ്ങള്‍…. എല്ലാ പൗരന്മാരുടെയും ജീവന്‍ കാക്കുന്ന ശക്തമായ ഉപായങ്ങളാണ്. മരുന്നെത്താത്തിടത്തോളം യാതൊരു അയവും വേണ്ടെന്നു മറക്കരുത്. നിങ്ങള്‍ ആരോഗ്യത്തോടെയിരിക്കട്ടെ, നിങ്ങളുടെ കുടുംബം ആരോഗ്യത്തോടെയിരിക്കട്ടെ, ഈ ശുഭാശംസകളോടെ … വളരെ നന്ദി.. നമസ്‌കാരം. 

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
25% of India under forest & tree cover: Government report

Media Coverage

25% of India under forest & tree cover: Government report
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi