ബി.ജെ.പി. എന്ന സംഘടനയുടെ ഒഴിച്ചുകൂടാനാവാത്ത നേതാവ് എന്ന തലത്തില്‍ നിന്ന് ഭരണനിര്‍വ്വഹണം എന്ന കല മനോഹരമായി കാഴ്ചവയ്ക്കുന്ന ഒരാളെന്ന നിലയിലേയ്ക്കുള്ള നരേന്ദ്ര മോദിയുടെ പരിണാമം പറയുന്നത് സ്ഥൈര്യത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും കഥയാണ്.
2001 ഒക്ടോബര്‍ 7 ന് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഒരു ഭരണാധികാരിയും സര്‍ക്കാരിനെ നയിക്കുന്നയാളും എന്ന പദവിയിലേക്ക് എത്താന്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനും സംഘാടകനും എന്ന നിലയില്‍ പ്രവര്‍ത്തിച്ച കാലത്തെ അനുഭവങ്ങള്‍ അദ്ദേഹത്തിന് വേണ്ടത്ര പരീശീലനം നല്‍കി. മോദിക്ക് ഭരണപരമായ കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകണമായിരുന്നു, ബിജെപിയെ സംബന്ധിച്ചിടത്തോളം അനുകൂലമല്ലാത്ത അന്തരീക്ഷത്തില്‍ ചുമതല നിര്‍വഹിക്കുകയും ഓരോ ദിവസവും എതിര്‍പ്പുനിറഞ്ഞ രാഷ്ട്രീയ പരിതസ്ഥിതി കൈകാര്യം ചെയ്യേണ്ടിയുമിരുന്നു. പാര്‍ട്ടിയിലെ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ പോലും പുറത്തുനിന്നുള്ള ഒരാളായും ഭരണപരമായ അറിവില്ലാത്ത ഒരാളായുമാണ് അദ്ദേഹത്തെ കണക്കാക്കിയത്. പക്ഷേ, തുടക്കം മുതല്‍ തന്നെ അദ്ദേഹം വെല്ലുവിളികളെ നേരിട്ടു.
ആദ്യത്തെ 100 ദിനങ്ങള്‍
ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയില്‍ നരേന്ദ്ര മോദിയുടെ ആദ്യ 100 ദിനങ്ങള്‍ തന്നെ അദ്ദേഹത്തിന്റെ ഉത്തരവാദിത്തങ്ങള്‍ എങ്ങനെ പരിചിതമാക്കി എന്നതിലേയ്ക്ക് വെളിച്ചം വീശുന്നു. ഭരണം പരിഷ്‌കരിക്കാന്‍ പാരമ്പര്യേതരമായ സമീപനം കൈക്കൊള്ളുകയും ബിജെപിയുടെ നിലവിലെ സ്ഥിതിയെ പിടിച്ചുകുലുക്കുന്ന വിധത്തില്‍ നവീന ആശയങ്ങള്‍ കൊണ്ടുവരികയും ചെയ്തു. ചുവപ്പുനാട മുറിച്ചു മാറ്റുന്ന രീതിയില്‍ നരേന്ദ്ര മോദി ഉദ്യോഗസ്ഥമേധാവികള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നതും കുച്ചിലെ വേദനാജനകമായ ഭൂമികുലുക്കത്തിനു ശേഷമുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതും ഈ 100 ദിവസങ്ങളില്‍ നാം കണ്ടു.
നരേന്ദ്ര മോദിയുടെ ആദര്‍ശങ്ങള്‍ മനസിലാക്കാനുള്ള ഒരു ജാലകം ആദ്യ 100 ദിവസങ്ങള്‍ തുറക്കുകയും ചെയ്തു- അനാവശ്യമായ ചിലവുകളില്‍ നിന്ന് വിട്ടു നില്‍ക്കുക, സ്വയം ഉദാഹരണമായിരിക്കുക, ഒരു നല്ല ശ്രോതാവും വേഗം പഠിക്കുന്നയാളുമാവുക. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന മൂല്യ സംവിധാനത്തിലുള്ള അദ്ദേഹത്തിന്റെ വിശ്വാസവും ആദ്യ 100 ദിനങ്ങളില്‍ വെളിപ്പെട്ടു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും പരസ്പരം മത്സരത്തിന് പകരം ഗ്രാമങ്ങള്‍ ഒന്നിച്ചുനിര്‍ത്തി വികസന ഫണ്ടിലൂടെ അവയെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്തതിലെ മുന്‍ഗണന അതിനു തെളിവായി മാറുകയും ചെയ്തു.
ഒടുവിലായി, അധികാരത്തിലെ ആദ്യ മൂന്നു മാസങ്ങളില്‍ അദ്ദേഹം സ്വന്തം സംസ്ഥാനത്തെ ജനങ്ങളെ ശാക്തീകരിക്കുകയും അവരെ ഭരണത്തില്‍ പങ്കാളികളാക്കി മാറ്റുകയും ചെയ്തു. ദീപാവലിക്ക് തലേന്ന് അദ്ദേഹം കുച്ച് ഭൂകമ്പ ദുരിതബാധിതര്‍ക്കൊപ്പം ചെലവഴിക്കുകയും പുനരധിവാസ യത്‌നങ്ങള്‍ ദൗത്യമായി ഏറ്റെടുക്കുകയും ചെയ്തു. ഗുജറാത്തിന് എങ്ങനെ വിഷമസ്ഥിതിയില്‍ നിന്ന് കരകയറുകയും ഉറച്ച വികസന രാഷ്ട്രീയത്തിലും സദ്ഭരണത്തിലും ഊന്നി അതിവേഗം എങ്ങനെ തിരിച്ചുവരാമെന്നും മോദി തെളിയിച്ചു.
ഊര്‍ജ്ജസ്വലമായ ഒരു ഗുജറാത്ത് സൃഷ്ടിക്കാനുള്ള നരേന്ദ്ര മോദിയുടെ പാത വികസനവും ഭരണവും അനായാസമല്ല എന്നതിന് ഉദാഹരണമായി. പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ കഷ്ടകാലവും വെല്ലുവിളികളും നിറഞ്ഞതായിരുന്നു വഴി. അതില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ നിന്നുള്ളതും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ശക്തമായ നേതൃഗുണങ്ങള്‍ അക്കാലത്തുടനീളം അദ്ദേഹത്തെ ഉറപ്പിച്ചു നിര്‍ത്തി. ഭരണപരിഷ്‌കരണ ദൗത്യത്തില്‍ നരേന്ദ്ര മോദി ഏര്‍പ്പെടുന്നതിനു മുമ്പേതന്നെ, 2002 ലെ സ്ഥിതിഗതികള്‍ അദ്ദേഹത്തിന്റെ തിരിച്ചുവരവുശേഷി മാറ്റുരച്ചു.
ദൗര്‍ഭാഗ്യകരമായ ആള്‍ നാശവും തിരിച്ച് വരാനുള്ള ഗുജറാത്തിന്‍റെ കഴിവ് സംബന്ധിച്ച ആത്മവിശ്വാസവും കൂടിച്ചേര്‍ന്നപ്പോള്‍ നിസ്സാരനായ ഒരു മനുഷ്യനെ പദവികളില്‍ നിന്ന് ഒഴിഞ്ഞുകൊടുക്കാനും സ്ഥാനത്യാഗത്തിലേയ്ക്കും നിര്‍ബന്ധിച്ചേനെ. എന്നാല്‍ തികച്ചും വ്യത്യസ്ഥമായ ഒരു ധാര്‍മിക ഗുണത്തിലാണ് നരേന്ദ്ര മോദി സൃഷ്ടിക്കപ്പെട്ടത്. ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങളില്‍ നിന്ന് അദ്ദേഹത്തിനു രൂക്ഷ വിമര്‍ശനം നേരിടേണ്ടി വന്നുവെന്നു മാത്രമല്ല സദ്ഭരണമെന്ന അദ്ദേഹത്തിന്റെ ലക്ഷ്യം തകര്‍ക്കാന്‍ രാഷ്ട്രീയ എതിരാളികളില്‍ നിന്ന് കനത്ത സമ്മര്‍ദവും സഹിക്കേണ്ടിയും വന്നു.
പ്രകാശവുമുണ്ടായിരുന്നു: ജ്യോതിഗ്രാം യോജന
ഗൗരവതരമായ രാഷ്ട്രീയ പതനം അഭിമുഖീകരിക്കാന്‍ നരേന്ദ്ര മോദി എങ്ങനെ കരുത്ത് കാട്ടി എന്നതിന്‍റെ തിളങ്ങുന്ന ഉദാഹരണമാണ് ഗുജറാത്തിലെ ഊര്‍ജ്ജ മേഖലയെ നവീകരിക്കാനുള്ള ജ്യോതിഗ്രാം സംരംഭം. വന്‍ നഗരങ്ങള്‍ക്ക് മുതല്‍ വിദൂരസ്ഥ ആദിവാസി ഗ്രാമങ്ങള്‍ക്ക് വരെ ഗുജറാത്തില്‍ ഉടനീളം എല്ലാദിവസവും ഇരുപത്തിനാല് മണിക്കൂറും (24x7) വൈദ്യുതി ലഭ്യമാക്കുന്ന വിപ്ലവകരമായ ആശയമായിരുന്നു ജ്യോതിഗ്രാം.
പെട്ടെന്ന് പദ്ധതിക്കെതിരേ കര്‍ഷകര്‍ പ്രതിഷേധമുയര്‍ത്തി. വന്‍കിട കര്‍ഷക ലോബികളുടെ വലിയതോതിലുള്ള എതിര്‍പ്പ് വകവയ്ക്കാതെ 24x7 വൈദ്യുതി ഉറപ്പാക്കുന്ന പദ്ധതിയുമായി നരേന്ദ്ര മോദി മുന്നോട്ടു പോവുകയും അതുവഴി ജ്യോതിഗ്രാം സംസ്ഥാനവ്യാപകമായി വിജയകരമാവുകയും ചെയ്തു. ശക്തമായ നേതൃത്വവും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന തരത്തിലുള്ള ഭരണ നിര്‍വ്വഹണവും ചേര്‍ന്നാല്‍ സമൂഹത്തിന്റെ എല്ലാ തട്ടുകളുടെയും ഭാവി ഭാഗധേയത്തില്‍ മാറ്റം സാധ്യമാണെന്ന് ജ്യോതിഗ്രാം മുഖേന നരേന്ദ്ര മോദി കാണിച്ചുതന്നു. ഇന്നേവരെ അദ്ദേഹത്തിന്റെ അടിസ്ഥാന മുദ്രാവാക്യം ''സബ്കാ സാത് സബ്കാ വികാസ്'' (എല്ലാവരുടെയും വികസനം ഏവര്‍ക്കുമൊപ്പം) എന്നതായിത്തന്നെ തുടരുന്നു.
സര്‍ക്കാര്‍ രാഷ്ട്രീയത്തിന് മുകളില്‍
ഭരണം രാഷ്ട്രീയത്തേക്കാള്‍ ഏറെ പ്രധാനപ്പെട്ടതാണ് എന്നാണ് നരേന്ദ്ര മോദി എക്കാലവും വിശ്വസിച്ചത്. വികസനപരമായ വെല്ലുവിളികള്‍ക്ക് പരിഹാരം കാണുന്നതില്‍ രാഷ്ട്രീയ വ്യത്യാസങ്ങള്‍ ഒരിക്കലും അദ്ദേഹത്തിന് തടസമായിരുന്നില്ല. സര്‍ദാര്‍ സരോവര്‍ പദ്ധതി പൂര്‍ത്തീകരിക്കുകയും നര്‍മദയിലെ ജലം ഗുജറാത്തില്‍ ഒഴുകുന്നുവെന്ന് നരേന്ദ്ര മോദി ഉറപ്പാക്കുകയും ചെയ്ത രീതി സദ്ഭരണം എങ്ങനെയാണ് സമവായവും മികവും സമതുലിതമാക്കുന്നതില്‍ ഉള്‍പ്പെടുന്നത് എന്ന് കാണിച്ചുതന്നു.
പദ്ധതി വേഗത്തിലാക്കാനും തന്‍റെ സംരംഭത്തിന് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ പിന്തുണ ഉറപ്പാക്കാനും , ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയില്‍ വളരെക്കുറച്ചുമാത്രം കാണുന്ന സഹ പങ്കാളിത്ത രീതിയില്‍ അയല്‍ സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവയുമായി ശ്രീ. നരേന്ദ്ര മോദി നയത്തില്‍ ചര്‍ച്ചകള്‍ നടത്തി
കുടിയ്ക്കാനും ജലസേചനത്തിനുള്ള വെള്ളത്തിന്‍റെ കൈകാര്യം ചെയ്യല്‍ വികേന്ദ്രീകരിച്ചതിലൂടെ, സര്‍ക്കാരിന്റെ ജോലി വന്‍കിട പദ്ധതികള്‍ സജ്ജീകരിക്കുക മാത്രമല്ലെന്നും സേവനം നല്‍കുന്നതിലെ അവസാന നാഴികവരെ അഭിമുഖീകരിക്കുക എന്നതാണെന്നുമുള്ള തിരിച്ചറിവ് ശ്രീ. മോദി കാണിച്ചുകൊടുത്തു.
പുരോഗതിയിലേയ്ക്ക് ഒരു ക്ലിക്ക് അകലെ
പദ്ധതികള്‍ നടപ്പാക്കുന്നതിലെ നരേന്ദ്ര മോദിയുടെ ഊന്നലും വിശദീകരണത്തിലെ വ്യക്തതയും കഴിഞ്ഞ പതിറ്റാണ്ടിലെ അദ്ദേഹത്തിന്റെ പ്രയത്‌നത്തില്‍ വളരെയധികം പ്രതിഫലിക്കുകയും സേവന വിതരണത്തില്‍ അവസാന നാഴിക വരെ സാധ്യമാക്കുകയും ചെയ്തു.
പൗരനും സര്‍ക്കാരും തമ്മിലുള്ള പരസ്പര ബന്ധത്തില്‍ ജൈവ സ്ഥല മാപ്പിംഗ് മുതല്‍ ഇ - കോടതികള്‍ വരെ വൈവിധ്യമാര്‍ന്ന മേഖലകളിലും സ്വാഗത്, ഏകദിന ഭരണം പോലുള്ള ഭാവനാത്മകമായ സംരംഭങ്ങളിലും സാങ്കേതികവിദ്യയുടെ നവീന വിനിയോഗം ഇതിനു തെളിവാണ്.
വികസന ആസൂത്രണവും ഭരണവും താലൂക്ക് തലത്തിലേക്ക് വ്യാപിപ്പിക്കുകയും അത് ഗ്രാമങ്ങളുമായി വളരെയധികം അടുപ്പിക്കുകയും ചെയ്യുന്ന എ.റ്റി.വി.റ്റി പോലുള്ള വികേന്ദ്രീകരണ സംരംഭങ്ങള്‍ക്കും ശ്രീ. മോദി ഏറെ പ്രശസ്തനാണ്. കൂടുതല്‍ നിയമങ്ങള്‍ നിര്‍മ്മിക്കുന്നതിനെക്കാള്‍ ഭരണപരമായ നടപടികള്‍ കൈക്കൊള്ളുകയാണ് വേണ്ടതെന്ന ശ്രീ. മോദിയുടെ ഉറച്ച വിശ്വാസമാണ് സാങ്കേതിക വിദ്യഉപയോഗിച്ച് പാരിസ്ഥിതിക അനുമതി നല്‍കുന്നതില്‍ സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കുന്ന ഏകജാലക സംവിധാനം കൊണ്ടുവന്നതിലൂടെ വ്യവസായ മേഖലയ്ക്ക് ലഭിച്ച സഹായത്തില്‍ പ്രതിഫലിക്കുന്നത്.
വിജയത്തിന്റെ മൂന്ന് സ്തംഭങ്ങള്‍
കൃഷി, വ്യവസായം, സേവനം എന്നീ മൂന്ന് സ്തംഭങ്ങളിലാണ് നരേന്ദ്ര മോദി ഗുജറാത്തിന്റെ വിജയഗാഥ കെട്ടിപ്പടുത്തിരിക്കുന്നത്. അദ്ദേഹത്തിന്റെ കാലത്ത് ഗുജറാത്ത് 10% കാര്‍ഷിക വളര്‍ച്ചയ്ക്ക് സാക്ഷിയായി, വരള്‍ച്ച ബാധിത സംസ്ഥാനമായി അറിയപ്പെട്ടിരുന്ന ഗുജറാത്തില്‍ അത് അസാധാരണ മാറ്റമാണ് ഉണ്ടാക്കിയത്. കൃഷി മഹോല്‍സവം പോലുള്ള സംരംഭങ്ങളിലൂടെ സംസ്ഥാനത്തെ കര്‍ഷകരുടെ ജീവിതങ്ങളെ അദ്ദേഹം പരിവര്‍ത്തിപ്പിച്ചു. രണ്ടു വര്‍ഷത്തിലൊരിക്കല്‍ അദ്ദേഹം നടത്തിയിരുന്ന വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി ഗുജറാത്തിന് റെക്കോഡ് നിക്ഷേപം കൊണ്ടുവന്നു. സംസ്ഥാനത്ത് ഉടനീളം തൊഴില്‍ സൃഷ്ടിക്കുന്നതില്‍ കുതിപ്പുണ്ടാക്കി. ഇടത്തരം-ചെറുകിട വ്യവസായങ്ങളുടെ അഭയകേന്ദ്രമായി അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഗുജറാത്ത് മാറുകയും ചെയ്തു.
സ്ഥാപനങ്ങളുടെ പ്രാധാന്യം
ഒരു ഭരണാധികാരി എന്ന നിലയില്‍ നരേന്ദ്ര മോദിയുടെ ധൈര്യം രണ്ടുവട്ടം പരീക്ഷിക്കപ്പെട്ടു. 2006 ല്‍ സൂറത്തില്‍ വന്‍ വെള്ളപ്പൊക്കമുണ്ടായ 2006 ലും പിന്നീട് ഗുജറാത്തിലെ വിവിധ നഗരങ്ങളില്‍ ഭീകരാക്രമണം ഉണ്ടായ 2008 ലും. രണ്ടു ഘട്ടങ്ങളിലും മികച്ച സമ്പ്രദായങ്ങളെ സ്ഥാപനവല്‍ക്കരിക്കുന്നതില്‍ ശ്രീ.മോദിയുടെ ശ്രമങ്ങള്‍ വേറിട്ടുനിന്നു.
2001-2002ലെ കച്ച് പുനരധിവാസ ശ്രമങ്ങളുടെ കാലത്ത് രൂപം നല്‍കിയ, ദുരന്ത നിവാരണത്തിലെ സ്ഥാപനവല്‍കൃത സമീപനം ഇന്ത്യന്‍ മഹാസമുദ്രത്തിലെ സുനാമിയും ഉത്തരാഖണ്ഡിലെ പ്രളയവും വിഷമഘട്ടമുണ്ടാക്കിയപ്പോഴും സഹായകമായി.
നരേന്ദ്ര മോദിയുടെ മേല്‍നോട്ടത്തിനു കീഴില്‍ ഗുജറാത്ത് പൊലീസ് നിയമ പരിപാലനത്തില്‍ സ്വീകരിച്ച സ്ഥാപനവല്‍കൃത സമീപനം 2008ലെ സ്ഫോടന പരമ്പര കേസ് റെക്കോര്‍ഡ് സമയത്തിനുള്ളില്‍ തീര്‍പ്പാക്കി. നിര്‍വഹണ - ഭരണ മേഖലകളില്‍ ഒരു യഥാര്‍ത്ഥ നേതാവിന്റെ അടയാളം താന്‍ ജീവിച്ചിരുന്നിടത്തെ സ്ഥാപനവല്‍കൃത പൈതൃകമാണ്. ആ അടിസ്ഥാനത്തില്‍ ശ്രീ. മോദിയുടെ പുരോഗമനപരമായ ചിന്ത നമ്മുടെ ഊര്‍ജ്ജ സുരക്ഷയ്ക്കായുള്ള ഒരു പെട്രോളിയം സര്‍വകലാശാല മുതല്‍ നമ്മുടെ ആഭ്യന്തര സുരക്ഷയ്ക്കായുള്ള ഊര്‍ജ്ജ സുരക്ഷ വരെയും ഒരു ഫോറന്‍സിക്സ്, സുരക്ഷാ സര്‍വകലാശാല വരെയും നമ്മുടെ ആഭ്യന്തര സുരക്ഷയെ അഭിമുഖീകരിക്കുന്നതു വരെയുമുള്ള വിവിധ തരം സ്ഥാപനങ്ങളുടെ രൂപീകരണത്തില്‍ ദൃശ്യമാണ്.
സദ്ഭരണം എന്നാല്‍ ഇന്നത്തെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കല്‍ മാത്രമല്ല നാളത്തെ വെല്ലുവിളികള്‍ മുന്‍കൂട്ടിക്കണ്ട് തയ്യാറെടുക്കലും കൂടിയാണെന്ന ഉറച്ച വിശ്വാസം ശ്രീ. മോദിയുടെ സ്ഥാപനവല്‍കൃത പൈതൃകം പ്രതിഫലിപ്പിക്കുന്നു.
ഒന്നിച്ചു ചേരലില്‍ വിശ്വാസം
ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കാന്‍ ശ്രീ. നരേന്ദ്ര മോദി തയ്യാറെടുക്കുമ്പോള്‍ നിര്‍വഹണത്തിലെയും ഭരണത്തിലെയും അദ്ദേഹത്തിന്റെ നിലപാടുകള്‍ അന്യോന്യം അടുത്തുവരുന്ന ചിന്തയില്‍ നിന്നുള്ളവയായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ രഹസ്യ അറകളില്‍ നിന്നു മാറ്റുകയും മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും ഇടയിലെ മതിലുകള്‍ തകര്‍ക്കുകയും ചെയ്ത മോദിയുടെ പഞ്ചാമൃത ഘടന, 'ഏറ്റവും ചെറിയ സര്‍ക്കാര്‍, പരമാവധി ഭരണ നിര്‍വ്വഹണം' എന്ന അദ്ദേഹത്തിന്റെ തത്വത്തിനു തെളിവായി. കേന്ദ്രീകൃതമായ ചിന്തയും നടപ്പാക്കലിലെ സംയോജിത സമീപനവുമാണ് ഇന്ത്യയില്‍ സര്‍ക്കാരിന്റെ മൗലിക വെല്ലുവിളി എന്നാണ് മോദിയുടെ അഭിപ്രായം. ശ്രീ.മോദിയുടെ വിവിധ പ്രയത്‌നങ്ങളില്‍ - പാരമ്പര്യേത ഊര്‍ജ്ജ സ്രോതസുകള്‍ വികസിപ്പിക്കുന്നതു മുതല്‍ പുത്തന്‍ തലമുറയുടെ നഗര അടിസ്ഥാന സൗകര്യത്തിന് നിക്ഷേപം നടത്തുന്നതു വരെ-നിര്‍വഹണവും ഭരണവും ഒന്നിച്ചു കൊണ്ടുപോകാനുള്ള ഒരു ശ്രമം കാണാം. ഈ ഒന്നിപ്പിച്ചു കൊണ്ടുപോകല്‍ ഇന്ത്യക്ക് വരും വര്‍ഷങ്ങളില്‍ വളരെയധികം ഗുണകരമാകും..
2001 മുതല്‍ 2013 വരെ ഭരണകലയില്‍ ഇന്ത്യയുടെ മികച്ച അഭ്യാസി എന്ന നിലയിലുള്ള ശ്രീ. നരേന്ദ്ര മോദിയുടെ പരിണാമം അദ്ദേഹത്തിന്റെ സര്‍ക്കാരിന് ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങളില്‍ നിന്ന് ലഭിച്ച വിവിധ പുരസ്‌കാരങ്ങളില്‍ പ്രതിഫലിക്കുന്നുണ്ട്.
യോഗ്യതാ പത്രങ്ങള്‍
''മോദി ഒരു കരുത്തനായ നേതാവും മികച്ച ഭരണാധികാരിയുമാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്റെ ആശംസകളും പ്രാര്‍ത്ഥനയും എപ്പോഴും അദ്ദേഹത്തിനൊപ്പമുണ്ട്. അദ്ദേഹത്തിന്റെ ഭാവിക്ക് ഞാന്‍ എല്ലാവിധ ആശംസകളും നേരുകയും ഇന്ത്യക്കു വേണ്ടിയുള്ള അദ്ദേഹത്തിന്റെ എല്ലാ സ്വപ്‌നങ്ങളും പദ്ധതികളും യഥാര്‍ത്ഥ്യമായിത്തീരും എന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു.''- സൂപ്പര്‍താരം രജനീകാന്ത്.
''ഞാന്‍ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. അദ്ദേഹം ഒരു നല്ല മനുഷ്യനായാണ് കാണപ്പെട്ടത്. ഗുജറാത്തില്‍ അദ്ദേഹം നല്ല പ്രവര്‍ത്തനം നടത്തി.''- ശ്രീ ശ്രീ രവിശങ്കര്‍ജി, ആത്മീയ ആചാര്യനും, ജീവനകല ഫൗണ്ടേഷന്‍ സ്ഥാപകനും.
'' നരേന്ദ്രഭായി എന്റെ സഹോദരനെപ്പോലെയാണ്. അദ്ദേഹം പ്രധാനമന്ത്രിയായി കാണാന്‍ ഞങ്ങളെല്ലാവരും ആഗ്രഹിക്കുന്നു. നമ്മുടെ ആശംസ സത്യമായി ഭവിക്കുമെന്ന് ദീപാവലിയുടെ ശുഭവേളയില്‍ ഞാന്‍ പ്രതീക്ഷിക്കുന്നു.'' - ശ്രീമതി. ലതാ മങ്കേഷ്‌കര്‍, വിഖ്യാത ഗായിക.
'' പ്രധാന പദവികളില്‍ ഇപ്പോള്‍ രാജ്യത്തിന് ആവശ്യം സത്യസന്ധരായ ആളുകളെയാണ്. ഒറ്റ വാക്കില്‍, നമുക്ക് നരേന്ദ്രയെ മോദിയെയാണ് വേണ്ടത്.''- ശ്രീ. അരുണ്‍ഷൂറി, മുന്‍ കേന്ദ്ര മന്ത്രി, മാധ്യമപ്രവര്‍ത്തകനും ഗ്രന്ഥകര്‍ത്താവും.
'' ഈ നിര്‍ണായക സന്ധിയില്‍ നമുക്കുവേണ്ടി ദൈവം അയച്ചതാണ് നരേന്ദ്ര മോദിയെ. അദ്ദേഹം അടുത്ത പ്രധാനമന്ത്രിയാകും. അദ്ദേഹം രാജ്യത്തിന് ബഹുമതികള്‍ നേടിത്തരും.'' - ശ്രീ. ചോ രാമസ്വാമി, പത്രാധിര്‍ 'തുഗ്ലക്'
ഇന്ത്യയിലെ ഏറ്റവും വിജയിച്ച മുഖ്യമന്ത്രിമാരില്‍ ഒരാളെന്ന നിലയിലും ഏറ്റവും മികവുറ്റ ഭരണാധികാരികളിലൊരാള്‍ എന്ന നിലയിലും കരഗതമായ അനുഭവ സമ്പത്ത് ഇന്ത്യയുടെ പതിനാലാമത്തെ പ്രധാനമന്ത്രി എന്ന നിലയിലും ശ്രീ. നരേന്ദ്ര മോദിക്കൊപ്പമുണ്ട്.