നമസ്‌തേ.
മൗറീഷ്യസ് റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രി, ബഹുമാനപ്പെട്ട പ്രവിന്ദ് കുമാര്‍ ജുഗ്‌നാഥ് ജി,
ആദരണീയരെ,
ഇന്ത്യയിലെ 130 കോടി ജനങ്ങൾക്ക് വേണ്ടി മൗറീഷ്യസിലെ എല്ലാ സഹോദരീസഹോദരന്മാർക്കും ആശംസകൾ, ബോൺജോർ, തൈപ്പൂസം കാവടി ആശംസകൾ !
ആദ്യമായി തന്നെ ഇന്ത്യ-മൗറീഷ്യസ് ബന്ധം ശക്തിപ്പെടുത്തുന്നതിന് അന്തരിച്ച സര്‍ അനെറൂദ് ജുഗ്‌നാഥ് നല്‍കിയ മഹത്തായ സംഭാവനകളെ സ്മരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യയില്‍ പരക്കെ ആദരിക്കപ്പെട്ട, ദീര്‍ഘവീക്ഷണമുള്ള ഒരു നേതാവായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വേര്‍പാടില്‍, ഞങ്ങള്‍ ഇന്ത്യയില്‍ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു, നമ്മുടെ പാര്‍ലമെന്റും അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു. 2020-ല്‍ അദ്ദേഹത്തെ പത്മവിഭൂഷണ്‍ പുരസ്‌കാരം നല്‍കി ആദരിക്കാനായത് ഞങ്ങളുടെ വിശേഷഭാഗ്യമാണ്. നിര്‍ഭാഗ്യവശാല്‍, അദ്ദേഹത്തിന്റെ ജീവിതകാലത്ത് അവാര്‍ഡ്ദാന ചടങ്ങ് നടത്താന്‍ മഹാമാരി ഞങ്ങളെ അനുവദിച്ചില്ല. എന്നാല്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ അവാര്‍ഡ് സ്വീകരിക്കാനായി ലേഡി സരോജിനി ജുഗ്‌നാഥിന്റെ സാന്നിദ്ധ്യമുണ്ടായതില്‍ ഞങ്ങള്‍ ബഹുമാനിതരായി. അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷം നമ്മുടെ രാജ്യങ്ങള്‍ തമ്മിലുള്ള ആദ്യത്തെ ഉഭയകക്ഷി പരിപാടിയാണിത്. അതുകൊണ്ട്, നമ്മുടെ വികസന യാത്രയില്‍ മറ്റൊരു നാഴികക്കല്ല് കൂടി ആഘോഷിക്കുമ്പോള്‍, അദ്ദേഹത്തിന്റെ കുടുംബത്തോടും മൗറീഷ്യസിലെ എല്ലാ ജനങ്ങളോടും എന്റെ അഗാധമായ അനുശോചനം അറിയിക്കാനും ഞാന്‍ ആഗ്രഹിക്കുകയാണ്.
ആദരണീയരെ,
ചരിത്രവും വംശപരമ്പരയും സംസ്‌കാരവും ഭാഷയും ഇന്ത്യന്‍ മഹാസമുദ്രത്തിലെ പങ്കിട്ടുന്ന ജലവും കൊണ്ട് ഒന്നിച്ചിരിക്കുന്നതാണ് ഇന്ത്യയും മൗറീഷ്യസും. ഇന്ന്, നമ്മുടെ ശക്തമായ വികസന പങ്കാളിത്തം നമ്മുടെ അടുത്ത ബന്ധത്തിന്റെ പ്രധാന സ്തംഭമായി ഉയര്‍ന്നുവന്നിരിക്കുകയുമാണ്. നമ്മുടെ പങ്കാളികളുടെ ആവശ്യങ്ങളുടെയും മുന്‍ഗണനകളുടേയും അടിസ്ഥാനത്തലും അവരുടെ പരമാധികാരത്തെ മാനിച്ചുകൊണ്ടുമുള്ള വികസന പങ്കാളിത്തത്തോടുള്ള ഇന്ത്യയുടെ സമീപനത്തിന്റെ പ്രധാന ഉദാഹരണമാണ് മൗറീഷ്യസ്.
പ്രവിന്ദ് ജി, നിങ്ങള്‍ക്കൊപ്പം മെട്രോ എക്‌സ്പ്രസ് പദ്ധതിയും പുതിയ ഇ.എന്‍.ടി ആശുപത്രിയും പുതിയ സുപ്രീം കോടതി കെട്ടിടവും ഉദ്ഘാടനം ചെയ്തത് ഞാന്‍ സ്‌നേഹപൂര്‍വം ഓര്‍ക്കുകയാണ്. 5.6 ദശലക്ഷം യാത്രക്കാരെ മറികടന്ന മെട്രോയുടെ ജനപ്രീതിയെക്കുറിച്ച് അറിയുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഇന്ന് കൈമാറിയ 190 ദശലക്ഷം ഡോളറിന്റെ ലൈന്‍ ഓഫ് ക്രെഡിറ്റ് (വായ്പാ) കരാറിന് കീഴില്‍, മെട്രോയുടെ കൂടുതല്‍ വിപുലീകരണത്തെ പിന്തുണയ്ക്കാനാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. പുതിയ ഇ.എന്‍.ടി ആശുപത്രി കോവിഡ്-19 നെ ചെറുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു എന്നതും ഞങ്ങള്‍ക്ക് സംതൃപ്തിയ്ക്കും അഭിമാനത്തിനുമുള്ള കാരണവുമാണ്.
വാസ്തവത്തില്‍, കോവിഡ് മഹാമാരി സമയത്ത് നമ്മുടെ സഹകരണം മാതൃകാപരമാണ്. ഞങ്ങളുടെ വാക്‌സിന്‍ മൈത്രി പരിപാടിക്ക് കീഴില്‍, കോവിഡ് പ്രതിരോധ കുത്തിവയ്പ്പുകള്‍ അയയ്ക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞ ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് മൗറീഷ്യസാണ്. ഇന്ന് ജനസംഖ്യയുടെ നാലില്‍ മൂന്ന് ഭാഗവും പൂര്‍ണ്ണമായി പ്രതിരോധകുത്തിവയ്പ്പ് എടുത്തിട്ടുള്ള ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് മൗറീഷ്യസാണ് എന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തോടുള്ള നമ്മുടെ സമീപനത്തിലും മൗറീഷ്യസ് അവിഭാജ്യമാണ്. 2015ലെ എന്റെ സന്ദര്‍ശന വേളയില്‍ മൗറീഷ്യസിലാണ് ഇന്ത്യയുടെ സമുദ്ര സഹകരണ കാഴ്ചപ്പാട് സാഗര്‍- എല്ലാവര്‍ക്കും സുരക്ഷയും വളര്‍ച്ചയും ഞാന്‍ വിശദീകരിച്ചത്.
സമുദ്ര സുരക്ഷ ഉള്‍പ്പെടെയുള്ള നമ്മുടെ ഉഭയകക്ഷി സഹകരണം ഈ വീക്ഷണത്തെ പ്രവര്‍ത്തനക്ഷമമാക്കിയതില്‍ എനിക്ക് സന്തോഷമുണ്ട്. കോവിഡിന്റെ നിയന്ത്രണങ്ങള്‍ക്കിടയിലും, ഒരു ഡോര്‍ണിയര്‍ വിമാനം പാട്ടത്തിന് കൈമാറാനും മൗറീഷ്യന്‍ കോസ്റ്റ് ഗാര്‍ഡ് കപ്പലായ ബരാക്കുഡയുടെ ഷോര്‍ട്ട് റീഫിറ്റ് (അറ്റകുറ്റപണികള്‍) പൂര്‍ത്തിയാക്കാനും ഞങ്ങള്‍ക്ക് കഴിഞ്ഞു. വകാഷിയോ എണ്ണ ചോര്‍ച്ച തടയാന്‍ ഉപകരണങ്ങളെയും വിദഗ്ധരേയും വിന്യസിച്ചത് നമ്മുടെ പങ്കാളിത്ത സമുദ്ര പൈതൃകം സംരക്ഷിക്കുന്നതിനുള്ള ഞങ്ങളുടെ സഹകരണത്തിന്റെ മറ്റൊരു ഉദാഹരണമാണ്.
ആദരണീയരെ,
നമ്മുടെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള ഞങ്ങളുടെ പങ്കാളിത്ത പ്രതിബദ്ധത തെളിയിക്കുന്നതാണ് ഇന്നത്തെ പരിപാടി. പ്രവിന്ദ്ജി, സാമൂഹിക പാര്‍പ്പിട പദ്ധതിയുടെ പൂര്‍ത്തീകരണത്തില്‍ നിങ്ങളോടൊപ്പം ചേരുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. മൗറീഷ്യസിലെ സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന വീടുകള്‍ നല്‍കാനുള്ള ഈ സുപ്രധാന ശ്രമവുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് പ്രത്യേകിച്ച് സന്തോഷമുണ്ട്. മൗറീഷ്യസിന്റെ തുടര്‍ പുരോഗതിക്കായി ഗവണ്‍മെന്റ് ഉദ്യോഗസ്ഥരുടെ വൈഗദ്ധ്യവല്‍ക്കരണത്തിന് സഹായിക്കുന്ന അത്യാധുനിക സിവില്‍ സര്‍വീസ് കോളേജ്; ഒരു ദ്വീപ് രാജ്യമെന്ന നിലയില്‍ മൗറീഷ്യസ് നേരിടുന്ന കാലാവസ്ഥാ വെല്ലുവിളികള്‍ ലഘൂകരിക്കാന്‍ സഹായിക്കുന്ന 8 മെഗാ വാട്ട് സോളാര്‍ പിവി ഫാം പദ്ധതി എന്നിങ്ങനെ രാഷ്ട്രനിര്‍മ്മാണത്തില്‍ നിര്‍ണ്ണായകമായ മറ്റ് രണ്ട് പദ്ധതികളും ഞങ്ങള്‍ ഇന്ന് ആരംഭിക്കുകയാണ്.
ഇന്ത്യയിലും, ഞങ്ങളുടെ മിഷന്‍ കര്‍മ്മയോഗിയുടെ കീഴില്‍ സിവില്‍-സര്‍വീസ് കാര്യശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള നൂതനമായ സമീപനങ്ങളില്‍ ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. പുതിയ സിവില്‍ സര്‍വീസസ് കോളേജുമായി ഞങ്ങളുടെ അനുഭവങ്ങള്‍ പങ്കിടുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. 8 മെഗാ വാട്ട് സൗരോര്‍ജ്ജ പി.വി ഫാം നമ്മള്‍ ആരംഭിക്കുമ്പോള്‍, കഴിഞ്ഞ വര്‍ഷം ാസ്‌ഗോയില്‍ നടന്ന സി.ഒ.പി 26 യോഗത്തിനിടയില്‍ തുടക്കം കുറിച്ച ഒരു സൂര്യന്‍, ഒരുലോകം ഒരു ഗ്രിഡ് (വണ്‍ സണ്‍ വണ്‍ വേള്‍ഡ് വണ്‍ ഗ്രിഡ്) സംരംഭത്തെക്കുറിച്ച ഞാന്‍ ഓര്‍ക്കുകയാണ്. 2018 ഒകേ്ടാബറില്‍ നടന്ന അന്താരാഷ്ട്ര സൗരേജ്ജ കൂട്ടായ്മ (ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സിന്റെ)യുടെ ആദ്യ അസംബ്ലിയില്‍ ഞാന്‍ അവതരിപ്പിച്ച ഒരു ആശയമാണിത്. ഈ സംരംഭം കാര്‍ബണ്‍ ഫൂട്ട്പ്രിന്റുകളും (പുറത്തുവിടുന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവ്) ഊര്‍ജ്ജ ചെലവുകളും കുറയ്ക്കുക മാത്രമല്ല, വിവിധ രാജ്യങ്ങളും പ്രദേശങ്ങളും തമ്മിലുള്ള സഹകരണത്തിന് ഒരു പുതിയ വഴി തുറക്കുകയും ചെയ്യും. സൗരോര്‍ജ്ജത്തില്‍ അത്തരം സഹകരണത്തിന്റെ ഉജ്ജ്വലമായ മാതൃക സൃഷ്ടിക്കാന്‍ ഇന്ത്യയ്ക്കും മൗറീഷ്യസിനും കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
ഇന്ന് ഞങ്ങള്‍ കൈമാറ്റം ചെയ്യുന്ന ചെറുകിട വികസന പദ്ധതികള്‍ക്കുള്ള കരാര്‍ മൗറീഷ്യസിലുടനീളം സാമൂഹിക തലത്തില്‍ വലിയ നേട്ടങ്ങള്‍ നല്‍കുന്ന പദ്ധതികള്‍ എത്തിക്കും. വൃക്ക മാറ്റിവയ്ക്കല്‍ യൂണിറ്റ്, ഫോറന്‍സിക് സയന്‍സ് ലബോറട്ടറി, നാഷണല്‍ ലൈബ്രറിയും ആര്‍ക്കൈവ്‌സും, മൗറീഷ്യസ് പോലീസ് അക്കാദമി തുടങ്ങി നിരവധി സുപ്രധാന പദ്ധതികളുടെ പ്രവര്‍ത്തനം വരും ദിവസങ്ങളില്‍, ഞങ്ങള്‍ ആരംഭിക്കും. വികസന യാത്രയില്‍ മൗറീഷ്യസിനൊപ്പം തുടര്‍ന്നും ഇന്ത്യ എല്ലായ്‌പ്പോഴും നിലകൊള്ളുമെന്ന് ആവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്.
ഞങ്ങളുടെ എല്ലാ മൗറീഷ്യന്‍ സഹോദരീസഹോദരന്മാര്‍ക്കും സന്തോഷകരവും ആരോഗ്യകരവും സമൃദ്ധവുമായ 2022 ആശംസിക്കുന്നു.
ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള സൗഹൃദം അനശ്വരമാകട്ടെ.
വിവേ ഐ അമിറ്റി എന്‍ട്രേ ഐ ഇന്ത്യേ എറ്റ് മൗറീസ് !
വിവേ മൗറീസ്!
ജയ് ഹിന്ദ്!