2024 ഓഗസ്റ്റ് 22നു വാര്‍സോയില്‍ നടന്ന ചര്‍ച്ചയില്‍ ഇന്ത്യയുടെയും പോളണ്ടിന്റെയും പ്രധാനമന്ത്രിമാർ എത്തിച്ചേർന്ന ധാരണയുടെ അടിസ്ഥാനത്തില്‍ തന്ത്രപ്രധാന പങ്കാളിത്തം സ്ഥാപിച്ചതിലൂടെ സൃഷ്ടിക്കപ്പെട്ട ഉഭയകക്ഷി സഹകരണത്തിന്റെ വേഗത തിരിച്ചറിഞ്ഞ്, 2024-2028 വര്‍ഷങ്ങളില്‍ ഇനിപ്പറയുന്ന മേഖലകളിലുടനീളം ഉഭയകക്ഷി സഹകരണത്തിനു വഴികാട്ടുന്ന പഞ്ചവത്സര കര്‍മപദ്ധതി ആവിഷ്‌കരിക്കാനും നടപ്പാക്കാനും ഇരുപക്ഷവും ധാരണയായി.  

രാഷ്ട്രീയ സംഭാഷണവും സുരക്ഷാസഹകരണവും

ഇരുപക്ഷത്തെയും വിദേശകാര്യ മന്ത്രിമാര്‍ പതിവായി സമ്പര്‍ക്കം പുലര്‍ത്തും. ഈ ആശയവിനിമയങ്ങള്‍ക്കായി അവര്‍ ഉഭയകക്ഷി-ബഹുമുഖ ബന്ധങ്ങള്‍ ഉപയോഗിക്കും.

ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന് അനുസൃതമായി ബഹുമുഖ സഹകരണത്തിന് സംഭാവനയേകുന്നതിന് ഓരോ കാര്യത്തിന്റെയും അടിസ്ഥാനത്തില്‍ പരസ്പരം അഭിലാഷങ്ങളെ പിന്തുണയ്ക്കുന്നത് ഇരുപക്ഷവും പരിഗണിക്കും.

വിദേശകാര്യ ചുമതലയുള്ള ഉപമന്ത്രിതലത്തില്‍ വാര്‍ഷിക രാഷ്ട്രീയ സംഭാഷണം നടത്തുന്നത് ഇരുപക്ഷവും ഉറപ്പാക്കും.

പ്രതിരോധ വ്യവസായങ്ങള്‍ തമ്മിലുള്ള ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനും സൈനിക ഉപകരണങ്ങള്‍ നവീകരിക്കുന്നതിനും അവശേഷിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുമായി സുരക്ഷ, പ്രതിരോധ സഹകരണം എന്നിവയെക്കുറിച്ച് പതിവായി കൂടിയാലോചനകള്‍ നടത്താന്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളെ ഇരുപക്ഷവും പ്രോത്സാഹിപ്പിക്കും.

പ്രതിരോധ സഹകരണത്തിനായുള്ള സംയുക്ത കർമസമിതിയുടെ അടുത്ത ഘട്ടം 2024ല്‍ നടത്താൻ ഇരുപക്ഷവും തീരുമാനിച്ചു.

വ്യാപാരവും നിക്ഷേപവും

ഉന്നതസാങ്കേതികവിദ്യ, കൃഷി, കാർഷിക സാങ്കേതികവിദ്യ, ഭക്ഷ്യ സാങ്കേതികവിദ്യ, ഊര്‍ജം, കാലാവസ്ഥ, ഹരിത സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യങ്ങള്‍, അത്യാധുനിക നഗരങ്ങൾ, പ്രതിരോധം, ആരോഗ്യസംരക്ഷണം, ഔഷധനിർമാണം, ഖനനം തുടങ്ങിയ മേഖലകളിലെ അവസരങ്ങള്‍ തിരിച്ചറിഞ്ഞ്, 2024 അവസാനം നടക്കാനിരിക്കുന്ന സാമ്പത്തിക സഹകരണത്തിനായുള്ള സംയുക്ത കമ്മീഷന്റെ (ജെസിഇസി) അടുത്ത യോഗത്തില്‍ ഇരുപക്ഷവും ഈ മേഖലകളിലെ കൂടുതല്‍ സഹകരണം തേടും.

ഓരോ അഞ്ച് വര്‍ഷത്തിലും കുറഞ്ഞത് രണ്ട് തവണയെങ്കിലും ജെസിഇസിയുടെ യോഗങ്ങള്‍ സംഘടിപ്പിക്കാന്‍ ഇരുപക്ഷവും പരിശ്രമിക്കും; ആവശ്യമെങ്കില്‍ കൂടുതല്‍ തവണ കൂടിക്കാഴ്ചയ്ക്കുള്ള സാധ്യതയൊരുക്കും.

സന്തുലിത ഉഭയകക്ഷിവ്യാപാരം കൈവരിക്കുന്നതിനും സുഗമമായ വ്യാപാരവും നിക്ഷേപവും സുഗമമാക്കുന്നതിന് എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനും ഇരുപക്ഷവും പ്രവര്‍ത്തിക്കും.

വിതരണശൃംഖലയുടെ അത‌ിജീവനശേഷി വർധിപ്പിക്കുന്നതിലും വ്യാപാര ആശ്രിതത്വവുമായി ബന്ധപ്പെട്ട നഷ്ടസാധ്യതകള്‍ ലഘൂകരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച് ഇരുപക്ഷവും സാമ്പത്തിക സുരക്ഷയില്‍ സഹകരണം വര്‍ധിപ്പിക്കും

കാലാവസ്ഥയും ഊര്‍ജവും ഖനനവും ശാസ്ത്രവും സാങ്കേതികവിദ്യയും

ചാക്രിക സമ്പദ്‌വ്യവസ്ഥയ്ക്കും മലിനജല പരിപാലനത്തിനും സുസ്ഥിരവും പരിസ്ഥിതിസൗഹൃദവുമായ സാങ്കേതിക പ്രതിവിധിക്കുള്ള സഹകരണം ഇരുപക്ഷവും വിപുലീകരിക്കും.

ഊര്‍ജസുരക്ഷയ്ക്കായി ആഭ്യന്തരവിതരണത്തെ ചരിത്രപരമായി ആശ്രയിക്കുന്നത് ചൂണ്ടിക്കാട്ടി, പരിസ്ഥിതി ആഘാതം കുറയ്ക്കുന്നതിന് സംശുദ്ധ ഊര്‍ജ സമീപനങ്ങള്‍ വികസിപ്പിക്കുന്നതിനും കൽക്കരി ശുദ്ധീകരിക്കൽ സാങ്കേതികവിദ്യകളിലെ  സഹകരണം ആരായുന്നതിനും ഇരുപക്ഷവും ഒരുമിച്ച് പ്രവര്‍ത്തിക്കും.

നൂതനാശയങ്ങളുടെ നിര്‍ണായക പങ്കും നിര്‍ണായക ധാതുക്കളുടെ വർധിച്ചുവരുന്ന പ്രാധാന്യവും തിരിച്ചറിഞ്ഞ്, നൂതന ഖനന സംവിധാനങ്ങള്‍, ഉന്നത സാങ്കേതികവിദ്യയുള്ള യന്ത്രങ്ങള്‍, മുന്‍നിര സുരക്ഷാ മാനദണ്ഡങ്ങള്‍, ഖനനവുമായി ബന്ധപ്പെട്ട വ്യവസായങ്ങളില്‍ കൈമാറ്റവും സഹകരണവും വർധിപ്പിക്കല്‍ എന്നിവയില്‍ ഇരുപക്ഷവും സഹകരിക്കും.

ബഹിരാകാശ, വാണിജ്യ മേഖലാ ആവാസവ്യവസ്ഥയുടെ സുരക്ഷിതവും സുസ്ഥിരവുമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സഹകരണ ഉടമ്പടി പൂർത്തിയാക്കാൻ ഇരുപക്ഷവും ധാരണയായി. മനുഷ്യ-റോബോട്ടിക് പര്യവേക്ഷണം പ്രോത്സാഹിപ്പിക്കാനും അവര്‍ ധാരണയായി.

അന്താരാഷ്ട്ര ഊർജ ഏജന്‍സിയില്‍ ചേരാനുള്ള ഇന്ത്യയുടെ ആഗ്രഹം പോളണ്ട് അംഗീകരിച്ചു.

ഗതാഗതവും സമ്പര്‍ക്കസൗകര്യവും

ഗതാഗത അടിസ്ഥാനസൗകര്യ മേഖലയില്‍ സഹകരണം വികസിപ്പിക്കുന്നതിൽ ഇരുപക്ഷവും സൂക്ഷ്മപരിശോധന നടത്തും.

വിമാന യാത്രാസൗകര്യം കൂടുതല്‍ വിപുലീകരിക്കുന്നതിനെകുറിച്ച് ചര്‍ച്ച ചെയ്യുകയും പിന്തുടരുകയും ചെയ്ത്, ഇരുരാജ്യങ്ങളും അതത് പ്രദേശങ്ങളും തമ്മിലുള്ള സമ്പര്‍ക്കസൗകര്യം വർധിപ്പിക്കുന്നതിന് ഇരുപക്ഷവും പ്രവര്‍ത്തിക്കും.

ഭീകരവാദം

ഭീകരതയെ അതിന്റെ എല്ലാ രൂപങ്ങളിലും ആവിഷ്‌കാരങ്ങളിലും അസന്ദിഗ്ധമായി അപലപിക്കുന്നതായി ഇരുപക്ഷവും ആവര്‍ത്തിച്ചു. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നവര്‍ക്കും ആസൂത്രണം ചെയ്യുന്നവര്‍ക്കും പിന്തുണയ്ക്കുന്നവര്‍ക്കും ഒരു രാജ്യവും സുരക്ഷിത താവളമൊരുക്കരുതെന്ന് ഊന്നിപ്പറയുകയും ചെയ്തു. യുഎന്‍ സുരക്ഷാസമിതി 1267 ഉപരോധ സമിതി പട്ടികപ്പെടുത്തിയിട്ടുള്ള സംഘങ്ങളുമായി ബന്ധപ്പെട്ട വ്യക്തികളെ നിയമിക്കുന്നതുള്‍പ്പെടെ എല്ലാ ഭീകരര്‍ക്കെതിരെയും ഇരുപക്ഷവും യോജിച്ച ശ്രമങ്ങള്‍ നടത്തും.

സൈബര്‍ സുരക്ഷ

സാമ്പത്തികവും സാമൂഹ്യവുമായ വികസനത്തിന് സൈബർ സുരക്ഷയുടെ നിര്‍ണായക പ്രാധാന്യം തിരിച്ചറിഞ്ഞ്, അന്താരാഷ്ട്ര സഹകരണം, നിയമനിര്‍മാണ-നിയന്ത്രണ പരിഹാരങ്ങള്‍, ജുഡീഷ്യല്‍- പൊലീസ് പ്രവര്‍ത്തനങ്ങള്‍, പ്രതിരോധം, സൈബര്‍ ആക്രമണങ്ങളോടുള്ള പ്രതിരോധവും പ്രതികരണവും, ബോധവല്‍ക്കരണം, വിദ്യാഭ്യാസ പരിപാടികള്‍, ശാസ്ത്ര-സാങ്കേതിക ഗവേഷണ വികസനം, വ്യാപാരം, സാമ്പത്തിക വിനിമയം എന്നിവയ്ക്ക് പ്രത്യേക ശ്രദ്ധ നല്‍കി, ഐസിടിയുമായി ബന്ധപ്പെട്ട മേഖലകളില്‍ വിനിമയം വർധിപ്പിക്കും.

ആരോഗ്യം

പരസ്പരതാല്‍പ്പര്യമുള്ള മേഖലകളെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുന്നതിലൂടെയും പങ്കിടുന്നതിലൂടെയും ആരോഗ്യ വിദഗ്ധര്‍ തമ്മിലുള്ള ബന്ധം വർധിപ്പിക്കുന്നതിലൂടെയും ഇരുരാജ്യങ്ങളിലെയും ആരോഗ്യ സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണത്തെ പിന്തുണയ്ക്കുന്നതിലൂടെയും ആരോഗ്യ മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന പങ്ക് ഇരുപക്ഷവും അടിവരയിടുന്നു.

ജനങ്ങൾ തമ്മിലുള്ള ബന്ധവും സാംസ്കാരിക സഹകരണവും

സാമൂഹ്യസുരക്ഷ സംബന്ധിച്ച ഉടമ്പടി നടപ്പിലാക്കാൻ ഇരുപക്ഷവും ഒരുമിച്ചു പ്രവർത്തിക്കുകയും ഇക്കാര്യത്തിൽ ആഭ്യന്തര നിയമനടപടികൾ പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്യും.

ഇരുരാജ്യങ്ങളിലെയും സാംസ്കാരിക സ്ഥാപനങ്ങളും സംഘടനകളും തമ്മിലുള്ള സഹകരണം ഇരുപക്ഷവും ശക്തിപ്പെടുത്തും. ഇരുരാജ്യങ്ങളിലെയും കലാകാരർ, ഭാഷാവിദഗ്ധർ, പണ്ഡിതർ, സാംസ്കാരിക സ്ഥാപനങ്ങൾ എന്നിവ തമ്മിലുള്ള ആശയവിനിമയം ഇരുപക്ഷവും ശക്തിപ്പെടുത്തും. ചിന്തകരും വിദഗ്ധരും തമ്മിൽ സഹകരണവും സംഭാഷണവും സ്ഥാപിക്കുന്നതും അവർ പരിശോധിക്കും.

ഉന്നതവിദ്യാഭ്യാസ മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനും പ്രസക്തമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിന് ഇരുവശത്തുനിന്നും സർവകലാശാലകളെ പ്രോത്സാഹിപ്പിക്കുന്നതിനും ഇരുപക്ഷവും ഒരുമിച്ചു പ്രവർത്തിക്കും. ഇരുരാജ്യങ്ങളിലെയും അക്കാദമിക് സ്ഥാപനങ്ങൾക്കിടയിൽ പങ്കാളിത്തം സ്ഥാപിക്കാൻ ബന്ധപ്പെട്ട അധികൃതരെ അവർ പ്രോത്സാഹിപ്പിക്കും.

പരസ്പരധാരണ കെട്ടിപ്പടുക്കുന്നതിലും ഉഭയകക്ഷി സാംസ്കാരിക ബന്ധങ്ങൾ വളർത്തുന്നതിലും വിദ്യാഭ്യാസത്തിന്റെയും ഭാഷാ സാംസ്കാരിക വിനിമയത്തിന്റെയും പ്രാധാന്യത്തിന് ഇരുപക്ഷവും ഊന്നൽ നൽകി. പോളണ്ടിലെ ഹിന്ദി, ഇന്ത്യൻ പഠനങ്ങൾ, ഇന്ത്യയിലെ പോളിഷ് ഭാഷാ സാംസ്കാരിക പഠനങ്ങൾ എന്നിവ അവർ ചൂണ്ടിക്കാട്ടുകയും ഇന്ത്യയിലെ വിവിധ സർവകലാശാലകളിൽ പോളിഷ് ഭാഷ പഠിപ്പിക്കുന്നതിന് അക്കാദമിക വിനിമയത്തിനായുള്ള പോളിഷ് ദേശീയ ഏജൻസിയും അതത് ഇന്ത്യൻ ഏജൻസികളും തമ്മിലുള്ള കരാറിൽ പ്രവർത്തിക്കാൻ ധാരണയാകുകയും ചെയ്തു.

വിനോദസഞ്ചാരമേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിലൂടെ ഇരുവശങ്ങളിലേക്കും വിനോദസഞ്ചാരികളുടെ ഒഴുക്ക് വികസിപ്പിക്കുന്നത് തുടരും. വിനോദസഞ്ചാര ദൗത്യങ്ങൾ സംഘടിപ്പിക്കുക, മറ്റുള്ളവരിൽ സ്വാധീനം ചെലുത്തുന്നവർക്കും ട്രാവൽ ഏജൻസികൾക്കുമായി കുടുംബ യാത്രകൾ ക്രമീകരിക്കുക, ഇരുരാജ്യങ്ങളിലെയും വിനോദസഞ്ചാരമേളകളിലും റോഡ്‌ഷോകളിലും പങ്കെടുക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.

നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച്, നയതന്ത്ര ദൗത്യങ്ങൾ സംഘടിപ്പിക്കുന്ന ഇരുരാജ്യങ്ങളും പരസ്പരം സാംസ്കാരിക ഉത്സവങ്ങൾ നടത്തും. ഇത്തരം പ്രത്യേക പരിപാടികളുടെ തീയതികൾ പരസ്പര കൂടിയാലോചനകളിലൂടെ തീരുമാനിക്കും.

വിദ്യാർഥി വിനിമയ പരിപാടി പ്രോത്സാഹിപ്പിക്കുന്നതിനും യുവതലമുറയുമായി പരസ്പര ധാരണ കെട്ടിപ്പടുക്കുന്നതിനും ഇരുപക്ഷവും സഹായിക്കും.

ഇന്ത്യ-യൂറോപ്യൻ യൂണിയൻ

സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന പ്രധാന അന്താരാഷ്ട്ര പങ്കാളികളാണ് യൂറോപ്യൻ യൂണിയനും ഇന്ത്യയും എന്നത് കണക്കിലെടുത്ത്, ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര നിക്ഷേപ ചർച്ചകൾ വേഗത്തിലാക്കൽ; ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര-സാങ്കേതികവിദ്യ സമിതിയുടെ (ടിടിസി) പ്രവർത്തനം; വ്യാപാരം, പുതിയ സാങ്കേതികവിദ്യകൾ, സുരക്ഷ എന്നിവയിൽ ഇന്ത്യ-യൂറോപ്യൻ യൂണിയൻ തന്ത്രപ്രധാന പങ്കാളിത്തം മുന്നോട്ടു കൊണ്ടുപോകുന്നതിന് ഇന്ത്യ- യൂറോപ്യൻ യൂണിയൻ സമ്പർക്കസൗകര്യ പങ്കാളിത്തം നടപ്പാക്കൽ എന്നിവയെ ഇരുപക്ഷവും പിന്തുണയ്ക്കും.

മുന്നോട്ടുള്ള വഴി

പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനും പരിഷ്കരിക്കുന്നതിനുമുള്ള പ്രാഥമിക സംവിധാനമെന്ന നിലയിൽ വാർഷിക രാഷ്ട്രീയ കൂടിയാലോചനകൾക്കൊപ്പം കർമപദ്ധതിയുടെ നടത്തിപ്പിന്റെ നിരന്തര നിരീക്ഷണം ഇരുപക്ഷവും ഉറപ്പാക്കും. കർമപദ്ധതി അഞ്ചുവർഷത്തേക്കു കൂടി നീട്ടുന്നത് വിദേശകാര്യ ചുമതലയുള്ള മന്ത്രിമാർ തീരുമാനിക്കും.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PLI, Make in India schemes attracting foreign investors to India: CII

Media Coverage

PLI, Make in India schemes attracting foreign investors to India: CII
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 നവംബർ 21
November 21, 2024

PM Modi's International Accolades: A Reflection of India's Growing Influence on the World Stage