സന്‍സദ് ആദര്‍ശ് ഗ്രാമ യോജനയുടെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദര്‍ശ് ഗ്രാമങ്ങളെ കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാട് പങ്കുവയ്ക്കുകയുണ്ടായി.
നാം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്ന് നമ്മുടെ വികസന മാതൃകകള്‍ വിതരണ നിയന്ത്രിതമാണ് എന്നതത്രെ. ലക്‌നോവിലോ, ഗാന്ധിനഗറിലോ, ഡല്‍ഹിയിലോ ഒരു പദ്ധതി തയാറാക്കി അത് എല്ലായിടത്തും അടിച്ചല്‍പ്പിക്കാനുള്ള ശ്രമമാണ്. വിതരണ നിയന്ത്രിതമായ ഈ മാതൃകയെ ആദര്‍ശ ഗ്രാമത്തിലൂടെ ആവശ്യ നിയന്ത്രിതമാക്കി മാറ്റാനാണ് നമ്മള്‍ ആഗ്രഹിക്കുന്നത്. വികസനത്തിനായുള്ള ഒരു ആഗ്രഹം ഗ്രാമത്തില്‍ തന്നെ ഉണ്ടാകണം. ഇതിന് നാം ചെയ്യേണ്ടത് നമ്മുടെ കാഴ്ച്ചപ്പാട് മാറ്റുക എന്നതാണ്. ജനഹൃദയങ്ങളെ ഒന്നിപ്പിക്കണം. സാധാരണ എംപിമാര്‍ രാഷ്ട്രിയ പ്രവര്‍ത്തനങ്ങളുടെ തിരക്കിലായിരിക്കും. എന്നാല്‍ അതിനു ശേഷം അവര്‍ ഗ്രാമങ്ങളില്‍ എത്തുമ്പോള്‍ അവിടെ രാഷ്ട്രിയ പ്രവര്‍ത്തനം ഉണ്ടായിരിക്കില്ല. അത് ഒരു കുടുംബം പോലെയാണ്. ഗ്രാമത്തിലെ ജനങ്ങള്‍ക്കൊപ്പം ഇരുന്ന് തീരുമാനങ്ങള്‍ എടുക്കുന്നു. അത് ഗ്രാമത്തെ ഒന്നിപ്പിക്കുകയും ശാക്തീകരിക്കുകയും ചെയ്യും.
മാതൃകാ ഇന്ത്യന്‍ ഗ്രാമത്തെ കുറിച്ചുള്ള മഹാത്മ ഗാന്ധിയുടെ സങ്കല്പത്തെ വര്‍ത്തമാന പശ്ചാത്തലത്തില്‍ യാഥാര്‍ത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2014 ഒക്ടോബര്‍ 11 നാണ് സന്‍സദ് ആദര്‍ശ് ഗ്രാമ യോജന ആരംഭിച്ചത്. ഈ പദ്ധതി പ്രകാരം എല്ലാ പാര്‍ലമെന്റ് അംഗങ്ങളും ഓരോ ഗ്രാമപഞ്ചായത്തുകള്‍ ദത്തെടുത്ത് അതിന്റെ സമഗ്രവികസനത്തിന് എല്ലാ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നല്കണം. പ്രത്യേകിച്ച് സാമൂഹ്യ- അടിസ്ഥാന സൗകര്യ പരമായ വികസനത്തിന്. ഇതര ഗ്രാമ പഞ്ചായത്തുകളെ പ്രചോദിപ്പിക്കുന്ന പ്രാദേശിക വികസനത്തിന്റെയും ഭരണത്തിന്റെയും പാഠശാലകളായി ആദര്‍ശ ഗ്രാമങ്ങള്‍ മാറണം. എം പി യുടെ നേതൃത്വത്തില്‍ ഗ്രാമീണരെ മുന്നില്‍ നിര്‍ത്തി ശാസ്ത്രീയമായ ഗ്രാമവികസന പദ്ധതി രൂപരേഖ തയാറാക്കണം. വകുപ്പുകള്‍ ഈ പദ്ധതി രൂപരേഖ സംസ്ഥാന ഗവണ്‍മെന്റിനു സമര്‍പ്പിക്കും. സംസ്ഥാന തല ഉന്നതാധികാര കമ്മിറ്റി ഇത് പഠിച്ച് ആവശ്യമായ ഭേദഗതികള്‍ നിര്‍ദ്ദേശിച്ച് വിഭവ മുന്‍ഗണന നിശ്ചയിക്കും. ഇപ്പോള്‍ വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും ഗ്രാമ പഞ്ചായത്തുകളുടെ ആദര്‍ശ് ഗ്രമാ പദ്ധതികളുടെ 21 പദ്ധതികള്‍ ഭേദഗതി ചെയത് മുന്‍ഗണന നിശ്ചയിച്ചിട്ടുണ്ട്.
ജില്ലാ തലത്തില്‍ എംപി യുടെ അധ്യക്ഷതയില്‍ എല്ലാ മാസവും ഓരോ ഗ്രാമപഞ്ചായത്തിന്റെയും അവലോകന യോഗങ്ങള്‍ ചേരും. വിവിധ വകുപ്പുദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഓരോ പദ്ധതിയും അവലോകനം ചെയ്ത് പുരോഗതി സംസ്ഥാന ഗവണ്‍മെന്റിനു സമര്‍പ്പിക്കും. 2016 അവസാനിക്കുന്നതോടെ ഓരോ എംപിയും ഇത്തരത്തില്‍ ഒരു ഗ്രാമ പഞ്ചായത്തിലെയും, 2019 ല്‍ രണ്ടും 2024 ല്‍ അഞ്ചും ഗ്രാമ പഞ്ചായത്തുകളിലെയും വികസനം പൂര്‍ത്തിയാക്കുകയും വേണം. ഇതുവരെ നമ്മുടെ എംപിമാര്‍ 696 ഗ്രാമ പഞ്ചായത്തുകളെ ദത്തെടുത്തിട്ടുണ്ട്.
പ്രാദേശിക തലത്തില്‍ പദ്ധതിയുടെ നടത്തിപ്പിനായി ഓരോ ജില്ലാ കളക്ടറും വേണ്ടത്ര മുന്‍പരിചയമുള്ള ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ ചാര്‍ജ് ഓഫീസറായി നിയോഗിക്കണം. പദ്ധതിയുടെ മുഴുവന്‍ മേല്‍നോട്ടവും ഉത്തരവാദിത്വവും അദ്ദേഹത്തിനായിരിക്കും. ഗ്രാമ വികസന മന്ത്രാലയം രാജ്യത്ത് ഒമ്പത് കേന്ദ്രങ്ങളില്‍ വച്ച് 653 ചാര്‍ജ് ഓഫീസര്‍മാര്‍ക്കുമായി പ്രത്യേക പരിശീല പരിപാടികള്‍ നടത്തുകയുണ്ടായി. ഭോപ്പാലില്‍ 2015 സെപ്റ്റംബര്‍ 23,24 തിയതികളില്‍ ഒരു ദേശീയ തല ശില്പശാല സംഘടിപ്പിക്കുകയും എല്ലാ എംപി മാരെയും സംസ്ഥാന ഗവണ്‍മെന്റ് പ്രതിനിധികളെയും ജില്ലാ കളക്ടര്‍മാരെയും, ഗ്രാമ പഞ്ചായത്തുകളെയും ഇതില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുകയും ചെയ്തിരുന്നു. സന്‍സദ് ആദര്‍ശ ഗ്രാമ പദ്ധതിയില്‍ അനുകരിക്കാവുന്ന ചില പുത്തന്‍ മാതൃകകള്‍ ഗ്രാമവികസന മന്ത്രാലയത്തിന്റെ ദേശീയ തല കമ്മിറ്റി, ഈ ശില്പ ശാലയില്‍ അവതരിപ്പിക്കുകയുണ്ടായി. പദ്ധതിയുടെ പുരോഗതി നിരീക്ഷിക്കുന്നതിനായി പഞ്ചായത്ത് ദര്‍പ്പണ്‍ 35 സൂചകങ്ങള്‍ എന്ന പേരില്‍ മന്ത്രാലയം വികസിപ്പിക്കുകയും ചെയ്തു.
വിജയ കഥകള്‍
ജമ്മു കാഷ്മീരിലെ കുപ്‌വാര ജില്ലയിലുള്ള ഗ്രാമമാണ് ലാഡര്‍വാന്‍. കൃഷിയാണ് ഗ്രമീണരുടെ മുഖ്യ തൊഴില്‍. ശാസ്ത്രീയമായ കൃഷി രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഗ്രാമത്തിലെ 379 കൃഷിക്കാരുടെ മൊബൈല്‍ നമ്പരുകള്‍ കൃഷി വിജ്ഞാന്‍ കേന്ദ്രവുമായി ബന്ധിപ്പിച്ചു. കാലാവസ്ഥാ മുന്നറിയിപ്പുകള്‍, പ്രത്യേക വിളകള്‍ക്ക് വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ നല്‌കേണ്ട വളങ്ങള്‍ മറ്റ് പരിപാലനമുറകള്‍ എന്നിവ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ കൃഷിവിജ്ഞാന്‍ കേന്ദ്രയിലെ വിദഗ്ധര്‍ എസ്എംഎസ് സന്ദേശങ്ങളായി കൃഷിക്കാരില്‍ എത്തിച്ചു. ആ മണ്ഡലത്തിലെ എംപി ശ്രീ. മുസാഫിര്‍ ഹുസൈന്‍ ബെയ്ഗിന്റെ മേല്‍നോട്ടത്തിലായിരുന്നു ഈ നടപടികള്‍. ഇപ്പോള്‍ കൃഷിക്കാര്‍ക്കെല്ലാം ആവശ്യമായ വിദഗ്ധ നിര്‍ദ്ദേശങ്ങള്‍ മൊബൈല്‍ ഫോണുകളിലൂടെ ലഭിക്കുന്നു. ശാസ്ത്രീയമായ നടീല്‍, മണ്ണുപരിശോധന, വിള സംരക്ഷണം, കീടനിയന്ത്രണം, വിളവെടുപ്പ്, സംഭരണം, വിപണി വിവരങ്ങള്‍ തുടങ്ങി എല്ലാറ്റിനും അവര്‍ ഇന്ന് കൃഷിവിജ്ഞാന്‍ കേന്ദ്രയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് കാത്തിരിക്കുന്നു. നടീല്‍, വിളപരിപാലനം, വിപണനം തുടങ്ങി എല്ലാ കാര്യങ്ങളിലും കൃത്യമായ വിവരങ്ങള്‍ അനുസരിച്ച് മാത്രം തീരുമാനങ്ങള്‍ സ്വീകരിക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും ഗ്രാമീണര്‍ ഇന്ന് പ്രാപ്തി നേടിയിരിക്കുന്നു.
തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലുള്ള മരവമംഗളം രാജ്യസഭാംഗമായ ഡോ.ഇഎം സുദര്‍ശന്‍ നാച്ചിയപ്പന്‍ ആദര്‍ശഗ്രമ പദ്ധതി പ്രകാരം ദത്തെടുത്തതാണ്. ഇവിടുത്തെ ഗ്രാമീണരുടെ ജീവിത നിലവാരം ഉയര്‍ത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അതിനായി കയര്‍, തുകല്‍, നാളികേര ഉത്പന്ന നിര്‍മ്മാണത്തില്‍ ഗ്രാമീണര്‍ക്ക് പരിശീലനം നല്കി. ജില്ലാ ഭരണകൂടം, അളഗപ്പ സര്‍വകലാശാല എന്നിവയുടെ ആഭിമുഖ്യത്തില്‍ നിരവധി ബോധവത്ക്കരണ പരിപാടികള്‍ എംപി ഗ്രാമീണര്‍ക്കായി സംഘടിപ്പിച്ചു. കയര്‍ ബോര്‍ഡ്, നാളികേര വിസന ബോര്‍ഡ് , കേന്ദ്ര തുകല്‍ ഗവേഷണ സ്ഥാപനം എന്നിവയില്‍ നിന്നുള്ള വിദഗ്ധരും ഗ്രാമീണര്‍ക്ക് പരിശീലനം നല്കി. ഈ സ്ഥാപനങ്ങളുടെ സഹകരണത്തോടെ രണ്ടു മാസം നീണ്ടു നിന്ന പരിശീലനത്തിലേയ്ക്ക് ഗ്രാമീണ സംരംഭകരെ ആകര്‍ഷിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. 120 സ്ത്രീകള്‍ കയര്‍ നിര്‍മ്മാണ പരിശീലനത്തിനും, 112 പേര്‍ തുകല്‍ ഉത്പ്പന്നങ്ങള്‍ നിര്‍മ്മാണ പരിശീലനത്തിനും, 27 പുരുഷന്മാര്‍ നാളികേരത്തില്‍ നിന്ന് മൂല്യ വര്‍ധിത ഉത്പ്പന്നങ്ങളുടെ നിര്‍മ്മാണപരിശീലനത്തിനും പേര് രജിസ്റ്റര്‍ ചെയ്ത് പഠനം തുടങ്ങി.
പരിശീലനം വിജയകരമായി പൂര്‍ത്തിയായി. തുടര്‍ന്ന് ഇവര്‍ക്ക് സ്വന്തമായി വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് ജില്ലാ ഭരണകൂടം ഇടപെട്ട് സാമ്പത്തിക സഹായവും ലഭ്യമാക്കി. അങ്ങനെ ഒരു ഗ്രാമം സ്വയം പര്യാപ്തതയിലേയ്ക്ക് ഉയര്‍ന്നു.
പാര്‍ലമെന്റ് അംഗമായ ശ്രീ.ബിദ്യുത് ബരണ്‍ മഹാതോ ദത്തെടുത്തത് ബന്‍ഗുര്‍ദ എന്ന ഗ്രാമമാണ്. ജാര്‍ഖണ്ഡിലെ കിഴക്കന്‍ സിംഹഭൂമി ജില്ലാ അതിര്‍ത്തിയിലെ ഒരു ദുര്‍ഗമ പ്രദേശമായിരുന്നു ഈ ഗ്രാമം. യാത്രാസൗകര്യങ്ങളോ, വികസനമോ, ആരോഗ്യ പ്രവര്‍ത്തനങ്ങളോ എത്താത്ത കുഗ്രാമം. കൗമാരക്കാരായ പെണ്‍കുട്ടികളുടെ ആരോഗ്യത്തിലോ പോഷകാഹാരത്തിലോ ആര്‍ക്കും ഒരു ശ്രദ്ധയും ഇല്ല. അതിനാല്‍ തന്നെ ഗ്രാമത്തിലെ മിക്ക സ്ത്രീകളും യുവതികളും അനീമിയയും അനുബന്ധ രോഗങ്ങളും ബാധിച്ചവര്‍. ഗ്രാമത്തെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരാന്‍ എംപി ആദ്യം കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കായി മെഡിക്കല്‍ ക്യാമ്പാണ് സംഘടിപ്പിച്ചത്. ഗ്രാമത്തിലെ കസ്തൂര്‍ബ ഗാന്ധി ബാലിക വിദ്യാലയത്തിലായിരുന്നു മെഡിക്കല്‍ ക്യാമ്പ്. ഡോക്ടര്‍മാര്‍ 188 പെണ്‍കുട്ടികളെ പരിശോധിച്ചു. മിക്ക കുട്ടികള്‍ക്കും ശുചിത്വക്കുറവു മൂലമുള്ള ലൈംഗിക രോഗങ്ങള്‍, മൂത്രാശയ രോഗങ്ങള്‍, ചര്‍മ്മരോഗങ്ങള്‍ തുടങ്ങിയവയുടെ തീവ്രമായ അവസ്ഥ സ്ഥിരീകരിക്കപ്പെട്ടു. സാമൂഹ്യമായ അന്ധവിശ്വാസങ്ങള്‍ മൂലം ഇതെല്ലാം പെണ്‍കുട്ടികള്‍ രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു.
അനാരേഗ്യകരമായ ചുറ്റുപാടുകളും ശുചിത്വക്കുറവുമായി ബന്ധപ്പെട്ട രോഗങ്ങളായിരുന്നു ഇതെല്ലാം. കൗമാരക്കാരികള്‍ക്കും യുവതികള്‍ക്കും വ്യക്തിശുചിത്വം സംബന്ധിച്ച് തുടര്‍ച്ചയായി ബോധവത്ക്കരണവും പരിശീലനവും നല്കിയ ആരോഗ്യ പ്രവര്‍ത്തകര്‍ വൃത്തിയുടെയും പോഷകാഹാരത്തിന്റെയും കുറവുമൂലം ഗ്രാമത്തിന് സംഭവിച്ച പിന്നോക്കാവസ്ഥ പരിഹരിച്ചതോടെ ബന്‍ഗുര്‍ദ പുതിയ യുഗത്തിലേയ്ക്ക് ചുവടുവച്ചു.