കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉള്‍പ്പെടുന്ന, സജീവമായ ഭരണനിര്‍വഹണത്തിനും സമയോചിതമായ നടപ്പാക്കലിനുമുള്ള ഐ.സി.ടി (വിവരസാങ്കേതികവിദ്യ) അധിഷ്ഠിത ബഹുമാതൃകാ വേദിയായ (മള്‍ട്ടി മോഡല്‍ പ്ലാറ്റ്‌ഫോ) പ്രഗതിയുടെ 40-ാം പതിപ്പിന്റെ യോഗത്തില്‍ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ധ്യക്ഷത വഹിച്ചു.
യോഗത്തില്‍ എട്ട് പദ്ധതികളും ഒരു പരിപാടിയും ഉള്‍പ്പെടെ ഒമ്പത് അജണ്ട ഇനങ്ങളാണ് അവലോകനം ചെയ്തത്. എട്ട് പദ്ധതികളില്‍, റെയില്‍വേ മന്ത്രാലയം, റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം, പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം എന്നിവയില്‍ നിന്നുള്ള രണ്ട് പദ്ധതികള്‍ വീതവും ഊര്‍ജ്ജ മന്ത്രാലയം, ജലവിഭവ നദി വികസനം, ഗംഗാ പുനരുജ്ജീവന മന്ത്രാലയം എന്നിവയില്‍ നിന്നുള്ള ഓരോ പദ്ധതികളും ഉള്‍പ്പെടുന്നു. ഈ എട്ട് പ്രോജക്റ്റുകള്‍ക്ക് 59,900 കോടിയിലധികം രൂപയുടെ ചെലവ് വരും. മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, ഛത്തീസ്ഗഡ്, ഒഡീഷ, അസം, അരുണാചല്‍ പ്രദേശ്, മേഘാലയ, ത്രിപുര, മിസോറാം, നാഗാലാന്‍ഡ്, സിക്കിം, ജാര്‍ഖണ്ഡ് എന്നിങ്ങനെ 14 സംസ്ഥാനങ്ങളാണ് പദ്ധതിയില്‍ ബന്ധപ്പെട്ടിരിക്കുന്നത്.
റോഡുകള്‍, റെയില്‍വേ തുടങ്ങിയ അടിസ്ഥാന സൗകര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ അവരുടെ പദ്ധതികള്‍ക്കൊപ്പം അമൃത് സരോവറിന് കീഴില്‍ വികസിപ്പിച്ചെടുക്കുന്ന ജലാശയങ്ങളുടെ ഭൂരേഖാ ചിത്രങ്ങള്‍ കൂടി ചേര്‍ക്കണമെന്ന് ( മാപ്പ് ചെയ്യണം) പ്രധാനമന്ത്രി പറഞ്ഞു. അമൃത് സരോവരങ്ങള്‍ക്കായി കുഴിച്ചെടുത്ത വസ്തുക്കള്‍ ഏജന്‍സികള്‍ക്ക് സിവില്‍ ജോലികള്‍ക്കായി ഉപയോഗിക്കാമെന്നതിനാല്‍ ഇത് ഒരു തരത്തില്‍ ഇരുകൂട്ടര്‍ക്കും ഗുണകരമാകുന്ന സാഹചര്യമായിരിക്കും.
ആശയവിനിമയത്തില്‍, ദേശീയ ബ്രോഡ്ബാന്‍ഡ് മിഷന്‍ പരിപാടിയും പ്രധാനമന്ത്രി അവലോകനം ചെയ്തു. വഴിയവകാശത്തിന് വേണ്ടിയുള്ള (ആര്‍.ഒ.ഡബ്ല്യു) അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നത് ഉറപ്പാക്കാന്‍ കേന്ദ്രീകൃത ഗതി ശക്തി സഞ്ചാര പോര്‍ട്ടല്‍ പ്രയോജനപ്പെടുത്താന്‍ സംസ്ഥാനങ്ങളോടും ഏജന്‍സികളോടും ആവശ്യപ്പെട്ടു. ഇത് ദൗത്യത്തിന്റെ വേഗത്ത വര്‍ദ്ധിപ്പിക്കും. സമാന്തരമായി, സാധാരണക്കാരന്റെ ജീവിതം സുഗമമാക്കുന്നതിന് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനും അവര്‍ പ്രവര്‍ത്തിക്കണം.
പ്രധാനമന്ത്രി ഗതിശക്തി ദേശീയ മാസ്റ്റര്‍ പ്ലാനിന്റെ മാതൃകയില്‍ സംസ്ഥാനങ്ങള്‍ക്ക് സംസ്ഥാനതല ഗതിശക്തി മാസ്റ്റര്‍ പ്ലാന്‍ രൂപീകരിക്കാമെന്നും ഇതിനായി സംസ്ഥാനതല യൂണിറ്റുകള്‍ രൂപീകരിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു. മികച്ച ആസൂത്രണത്തിനും പ്രധാന പ്രശ്‌നങ്ങള്‍ തിരിച്ചറിയുന്നതിനും അഭിസംബോധന ചെയ്യുന്നതിനും പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നതിനുള്ള മികച്ച ഏകോപനം ഉറപ്പാക്കുന്നതിനും ഇത് വളരെ പ്രധാനമായിരിക്കും.
പ്രഗതി യോഗങ്ങളുടെ 39 പതിപ്പുകള്‍ വരെ, 14.82 ലക്ഷം കോടി രൂപ ചെലവ് വരുന്ന 311 പദ്ധതികള്‍ അവലോകനം ചെയ്തിട്ടുണ്ട്.