36-ാമത് പ്രഗതി സമ്മേളനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷത വഹിച്ചു. എട്ട് പദ്ധതികള്‍, ഒരു പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍, ഒരു പ്രോഗ്രാം എന്നിവ ഉള്‍പ്പെടെ പത്ത് ഇനങ്ങള്‍ യോഗത്തില്‍ അവലോകനത്തിനായി എടുത്തു. എട്ട് പദ്ധതികളില്‍ മൂന്നെണ്ണം റോഡ് ഗതാഗതം- ദേശീയപാത മന്ത്രാലയം, രണ്ടെണ്ണം റെയില്‍വേ മന്ത്രാലയം, ഒന്ന് വീതം വൈദ്യുതി മന്ത്രാലയം, പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവയില്‍ നിന്നുള്ളവയാണ്. പശ്ചിമ ബംഗാള്‍, അസം, തമിഴ്നാട്, ഒഡീഷ, ഝാര്‍ഖണ്ഡ്, സിക്കിം, ഉത്തര്‍പ്രദേശ്, മിസോറം, ഗുജറാത്ത്, മധ്യപ്രദേശ്, ബീഹാര്‍, മേഘാലയ എന്നീ 12 സംസ്ഥാനങ്ങളെ സംബന്ധിച്ച ഏകദേശം 44,545 കോടി രൂപയുടെ പദ്ധതികളാണ് ഇവ.
ചില പദ്ധതികള്‍ നടപ്പാക്കുന്നതിലെ കാലതാമസത്തെക്കുറിച്ച് പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. തീര്‍പ്പുകല്‍പ്പിക്കാത്ത എല്ലാ പ്രശ്‌നങ്ങളും സമയബന്ധിതമായി പരിഹരിക്കണമെന്നും സാധ്യമാകുന്നിടത്തെല്ലാം ദൗത്യ മാതൃകയില്‍ പരിഹരിക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഇല്ലാതാക്കുന്നതിനുള്ള പരിപാടി പ്രധാനമന്ത്രി അവലോകനം ചെയ്തു. പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയുമായി ബന്ധപ്പെട്ട പരാതികളുടെ അവലോകനവും നടന്നു. ശരിയായ അവബോധ പ്രചാരണത്തിലൂടെ ആളുകളെയും പ്രത്യേകിച്ചും യുവാക്കളെയും ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയില്‍ നിര്‍മ്മിക്കുന്ന റോഡുകളുടെ ഗുണനിലവാരത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കണമെന്നും അദ്ദേഹം എല്ലാ ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടു.
മുമ്പത്തെ 35 പ്രഗതി യോഗങ്ങളില്‍ 13.60 ലക്ഷം കോടി രൂപയുടെ 290 പദ്ധതികള്‍ക്കൊപ്പം 51 പരിപാടികളും സ്‌കീമുകളും 17 വിവിധ മേഖലകളുമായി ബന്ധപ്പെട്ട പരാതികളും അവലോകനം ചെയ്തു.