അദ്ദേഹത്തിന്റെ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങള്‍ താഴെ കൊടുക്കുന്നു
1. സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിന്റെ പുണ്യദിനമായ ഇന്ന്, രാജ്യത്തിന്റെ എല്ലാ സ്വാതന്ത്ര്യസമര സേനാനികള്‍ക്കും രാജ്യത്തിന്റെ പ്രതിരോധത്തിനായി രാവും പകലും തുടര്‍ച്ചയായി സ്വയം ത്യാഗം ചെയ്യുന്ന ധീരരായ വീരന്മാരെയും രാജ്യം നമിക്കുന്നു. സ്വാതന്ത്ര്യത്തെ ഒരു ബഹുജന പ്രസ്ഥാനമാക്കിയ ആദരണീയനായ ബാപ്പു, സ്വാതന്ത്ര്യത്തിനായി എല്ലാം ത്യജിച്ച നേതാജി സുഭാഷ് ചന്ദ്ര ബോസ്, അല്ലെങ്കില്‍ ഭഗത് സിംഗ്, ചന്ദ്രശേഖര്‍ ആസാദ്, ബിസ്മില്‍, അഷ്ഫാക്കുള്ള ഖാന്‍ തുടങ്ങിയ മഹാന്മാരായ വിപ്ലവകാരികള്‍ ഝാന്‍സിയുടെ റാണി ലക്ഷ്മിഭായി, കിറ്റൂരിലെ രാജ്ഞി ചേന്നമ്മ അല്ലെങ്കില്‍ റാണി ഗൈഡിന്‍ലിയു അല്ലെങ്കില്‍ മാതംഗിനി ഹസ്രയുടെ ധീരത; രാജ്യത്തെ ആദ്യത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്രു ജി, രാജ്യത്തെ ഒരു ഐക്യരാഷ്ട്രമായി സംയോജിപ്പിച്ച സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ഇന്ത്യയുടെ ഭാവി ദിശ നിര്‍ണ്ണയിക്കുകയും വഴി തുറക്കുകയും ചെയ്ത ബാബാ സാഹേബ് അംബേദ്കര്‍ ഉള്‍പ്പെടെ രാജ്യം എല്ലാ വ്യക്തിത്വങ്ങളെയും ഓര്‍ക്കുന്നു. ഈ മഹത് വ്യക്തിത്വങ്ങളോടെല്ലാം രാജ്യം കടപ്പെട്ടിരിക്കുന്നു.
2. ഇന്ന് നാം നമ്മുടെ സ്വാതന്ത്ര്യം ആഘോഷിക്കുമ്പോഴും, എല്ലാ ഇന്ത്യക്കാരുടെയും ഹൃദയത്തിലൂടെ ഇപ്പോഴും തുളച്ചുകയറുന്ന വിഭജനത്തിന്റെ വേദന നമുക്ക് മറക്കാനാവില്ല. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണിത്. സ്വാതന്ത്ര്യം നേടിയ ശേഷം, ഈ ആളുകളെ വളരെ വേഗം മറക്കുകയും ചെയ്തു. ഇനി മുതല്‍ ഓഗസ്റ്റ് 14 വിഭജനത്തിന്റെ ഇരകളുടെ ഓര്‍മ്മയ്ക്കായി ''വിഭജന ഭീകരത അനുസ്മരണ ദിനം ആയി ആചരിക്കും'' എന്ന് ഇന്ത്യ വികാരാധീനമായ ഒരു തീരുമാനം ഇന്നലെ മാത്രമാണ് എടുത്തത്. മനുഷ്യത്വരഹിതമായ സാഹചര്യങ്ങള്‍ക്ക് വിധേയരായവരും, പീഡനപരമായ പെരുമാറ്റങ്ങള്‍ അനുഭവിച്ചവരും, അവര്‍ക്ക് മാന്യമായ ശവസംസ്‌കാരം പോലും ലഭിച്ചില്ല. അവരെല്ലാം ഒരിക്കലും നമ്മുടെ ഓര്‍മ്മകളില്‍ നിന്ന് മാഞ്ഞുപോകാതെ ജീവനോടെയിരിക്കണം. 75 -ാമത് സ്വാതന്ത്ര്യദിനത്തില്‍ ''വിഭജന ഭീകരത അനുസ്മരണ ദിനം'' ആഘോഷിക്കാനുള്ള തീരുമാനം ഓരോ ഇന്ത്യക്കാരനില്‍ നിന്നും അവര്‍ക്കുള്ള അര്‍ഹിക്കുന്ന ആദരവാണ്.
3. ആധുനിക പശ്ചാത്തലസൗകര്യങ്ങള്‍ക്കൊപ്പം, അടിസ്ഥാനസൗകര്യ നിര്‍മ്മാണത്തില്‍ സമഗ്രവും സംയോജിതവുമായ ഒരു സമീപനം സ്വീകരിക്കേണ്ടത് വളരെ ആവശ്യമാണ്. സമീപഭാവിയില്‍, നമ്മള്‍ പ്രധാനമന്ത്രി 'ഗതി ശക്തി'യുടെ ദേശീയ മാസ്റ്റര്‍ പ്ലാനിന് സമാരംഭം കുറിയ്ക്കാന്‍ പോകുകയാണ്, അത് ഒരു ബൃഹദ് പദ്ധതിയും കോടിക്കണക്കിന് രാജ്യവാസികളുടെ സ്വപ്നങ്ങള്‍ നിറവേറ്റുന്നതുമാണ്. 100 ലക്ഷം കോടി രൂപയിലധികം വരുന്ന ഈ പദ്ധതി ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കും.
4. നമ്മുടെ ശാസ്ത്രജ്ഞര്‍ മൂലം, നമുക്ക് രണ്ട് മെയ്ക്ക് ഇന്‍ ഇന്ത്യ കോവിഡ് വാക്സിനുകള്‍ വികസിപ്പിക്കാനും ലോകത്തിലെ ഏറ്റവും വലിയ വാക്സിന്‍ ഡ്രൈവ് നടത്താനും കഴിഞ്ഞത് അഭിമാനത്തിന്റെ നിമിഷമാണ്.
5. ഈ മഹാമാരി ലോകത്തെ മുഴുവന്‍ ബാധിച്ചതുകൊണ്ടുള്ള ഇത്രയും വലിയ പ്രതിസന്ധി ഘട്ടത്തില്‍ വാക്സിനുകള്‍ കിട്ടുന്നത് അങ്ങേയറ്റം ബുദ്ധിമുട്ടായിരുന്നു, . ഇന്ത്യക്ക് അത് ലഭിക്കുകയോ അല്ലെങ്കില്‍ ലഭിക്കാതിരിക്കുകയോ ചെയ്യാമായിരുന്നു; വാക്സിന്‍ ലഭിച്ചിക്കുമായിരുന്നെങ്കില്‍പോലും അത് യഥാസമയം ലഭിക്കുമെന്ന് ഉറപ്പുമുണ്ടാകുമായിരുന്നില്ല. എന്നാല്‍ ഇന്ന് നമുക്ക് അഭിമാനത്തോടെ പറയാം, ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ കുത്തിവയ്പ്പ് പരിപാടി നമ്മുടെ രാജ്യത്താണ് നടക്കുന്നതെന്ന്. 54 കോടിയിലധികം ആളുകള്‍ക്ക് വാക്സിന്‍ ഡോസ് ലഭിച്ചു കഴിഞ്ഞു. കോവിന്‍, ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഇന്ന് ലോകത്തെ തന്നെ ആകര്‍ഷിക്കുന്നു.
6. നമ്മുടെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, ശുചിത്വ ജീവനക്കാര്‍, പ്രതിരോധ കുത്തിവയ്പ്പുകള്‍ വികസിപ്പിക്കുന്നതില്‍ ഏര്‍പ്പെട്ടിരുന്ന ശാസ്ത്രജ്ഞര്‍, ആഗോള മഹാമാരിയായ ഈ കൊറോണ സമയത്ത് സേവന മനോഭാവത്തോടെ പ്രവര്‍ത്തിച്ച ദശലക്ഷക്കണക്കിന് ദേശവാസികള്‍ എന്നിവരും നമ്മില്‍ നിന്ന് പ്രശംസ അര്‍ഹിക്കുന്നു.
7. ടോക്കിയോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ യുവതലമുറ നമ്മുടെ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിച്ചു. അത്തരം കായികതാരങ്ങളെല്ലാം ഇന്ന് നമുക്കിടയിലുണ്ട്. അവര്‍ നമ്മുടെ ഹൃദയം നേടുക മാത്രമല്ല, നമ്മുടെ യുവതലമുറയെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു.
8. മഹാമാരിയുടെ സമയത്ത് പാവപ്പെട്ടവരുടെ വീടുകളിലെ അടുപ്പുകള്‍ കത്തിക്കാനായി മാസങ്ങളോളം തുടര്‍ച്ചയായി 80 കോടി ദേശവാസികള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ ഇന്ത്യ നല്‍കിയത് ലോകത്തെ വിസ്മയിപ്പിക്കുക മാത്രമല്ല ചര്‍ച്ചാവിഷയവുമാണ്.
9. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ കുറച്ച് ആളുകള്‍ക്കേ രോഗം ബാധിച്ചിട്ടുള്ളുവെന്നത് ശരിയാണ്; ലോകത്തിലെ മറ്റ് രാജ്യങ്ങളിലെ ജനസംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഇന്ത്യയില്‍ കൂടുതല്‍ പൗരന്മാരെ രക്ഷിക്കാന്‍ നമ്മള്‍ക്ക് കഴിഞ്ഞുവെന്നതും സത്യമാണ്, എന്നാല്‍ അത് അഹങ്കരിക്കാവുന്ന ഒന്നല്ല! ഈ കീര്‍ത്തികളില്‍ നമുക്ക് വിശ്രമിക്കാന്‍ കഴിയില്ല. ഒരു വെല്ലുവിളിയും ഇല്ലെന്ന് പറയുന്നത് നമ്മുടെ സ്വന്തം വികസന പാതയില്‍ ഒരു നിയന്ത്രണ ചിന്തയായി മാറും.
10. ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമല്ല നമ്മുടെ ലക്ഷ്യം അതോടൊപ്പം മിനിമം ഗവണ്‍മെന്റ്, പരമാവധി ഭരണം എന്ന മന്ത്രവുമായി മുന്നോട്ടുപോകുന്ന ഒരു രാഷ്ട്രം വികസിപ്പിക്കുക എന്നതുകൂടിയാണ്.
11. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷത്തെ ആഘോഷം ഒരു ചടങ്ങില്‍ മാത്രമായി നമ്മള്‍ പരിമിതപ്പെടുത്തരുത്. നമ്മള്‍ പുതിയ തീരുമാനങ്ങള്‍ക്ക് നമ്മള്‍ അടിത്തറയിടുകയും പുതിയ പ്രതിജ്ഞകളുമായി മുന്നോട്ട് പോകുകയും വേണം. ഇവിടെ നിന്ന് ആരംഭിച്ച്, ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന അടുത്ത 25 വര്‍ഷത്തെ മുഴുവന്‍ യാത്രയും ഒരു നവ ഇന്ത്യയെ സൃഷ്ടിക്കുന്ന അമൃത് കാലഘട്ടത്തെ അടയാളപ്പെടുത്തുന്നതാകണം. ഈ അമൃത് കാലഘട്ടത്തിലെ നമ്മുടെ തീരുമാനങ്ങളുടെ പൂര്‍ത്തീകരണം അഭിമാനത്തോടെ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികത്തിലേക്ക് നമ്മെ കൊണ്ടുപോകും.
12. 'അമൃത് കാല'ത്തിന്റെ ലക്ഷ്യം ഇന്ത്യയും ഇന്ത്യന്‍ പൗരന്മാരും അഭിവൃദ്ധിയുടെ പുതിയ ഉയരങ്ങളിലേക്ക് ഉയരുക എന്നതാണ്. സൗകര്യങ്ങളുടെ തോത് ഗ്രാമത്തെയും നഗരത്തെയും വിഭജിക്കാത്ത ഒരു ഇന്ത്യ സൃഷ്ടിക്കുക എന്നതാണ് 'അമൃത് കാല'ത്തിന്റെ ലക്ഷ്യം. പൗരന്മാരുടെ ജീവിതത്തില്‍ അനാവശ്യമായി ഗവണ്‍മെന്റ് ഇടപെടാത്ത ഒരു ഇന്ത്യ കെട്ടിപ്പടുക്കുക എന്നതാണ് 'അമൃത് കാല'ത്തിന്റെ ലക്ഷ്യം. ലോകത്തിലെ എല്ലാ ആധുനിക പശ്ചാത്തലസൗകര്യങ്ങളും ഉള്ള ഒരു ഇന്ത്യ നിര്‍മ്മിക്കുക എന്നതാണ് 'അമൃത് കാലത്തി'ന്റെ ലക്ഷ്യം.
13. അമൃത് കാലം എന്നത് 25 വര്‍ഷമാണ്. എന്നാല്‍ നമ്മുടെ ലക്ഷ്യങ്ങള്‍ നേടാന്‍ നമുക്ക് അധികകാലം കാത്തിരിക്കേണ്ടതില്ല. നമ്മള്‍ ഇപ്പോള്‍ തുടങ്ങണം. നമുക്ക് നഷ്ടപ്പെടാന്‍ ഒരു നിമിഷം പോലുമില്ല. ഇതാണ് ശരിയായ സമയം. നമ്മുടെ രാജ്യവും മാറണം, പൗരന്മാര്‍ എന്ന നിലയില്‍ നമ്മളും സ്വയം മാറണം. മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടവുമായി നമ്മളും സ്വയം പൊരുത്തപ്പെടണം. ' സബ്കാസാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്-(എല്ലാവര്‍ക്കും ഒപ്പം, എല്ലാവരുടെയൂം വികാസം, എല്ലാവരുടെയൂം വിശ്വാസം)' എന്ന മനോഭാവത്തോടെയാണ് നമ്മള്‍ തുടക്കം കുറിച്ചത്. ഇന്ന് ഞാന്‍ ചുവപ്പുകോട്ടയുടെ കൊത്തളങ്ങളില്‍ നിന്ന് അഭ്യര്‍ത്ഥിക്കുന്നു, 'സബ്കാസാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്', ഇപ്പോള്‍ സബ്കാ പ്രയാസ് (എല്ലാവരുടെയും ശ്രമങ്ങളും എന്നതും നമ്മുടെ ലക്ഷ്യങ്ങള്‍ നേടുന്നതിന് വളരെ പ്രധാനമാണെന്ന്.
14. ഭാരതത്തിന്റെ ഈ വികാസ യാത്രയില്‍, ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 100 -ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ആത്മനിര്‍ഭര്‍ ഭാരതം നിര്‍മ്മിക്കുക എന്ന നമ്മുടെ ലക്ഷ്യം നാം നിറവേറ്റുന്നുവെന്ന് ഉറപ്പാക്കേണ്ടതുമുണ്ട്.
15. ഞങ്ങള്‍ 100% വീടുകളിലും വൈദ്യുതി ലഭ്യമാക്കിയതുപോലെ, 100% വീടുകളിലും ശൗചാലയങ്ങള്‍ നിര്‍മ്മിക്കാന്‍ ആധികാരികമായ ശ്രമങ്ങള്‍ നടത്തിയതുപോലെ, അതുപോലെ, പദ്ധതികള്‍ക്ക് പൂര്‍ണ്ണത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ നമുക്ക് ഇപ്പോള്‍ മുന്നോട്ട് പോകേണ്ടതുണ്ട്, ഇതിനായി, നമ്മള്‍ ഒരു വിദൂര സമയപരിധി പാലിക്കേണ്ടതുമില്ല. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍തന്നെ നമ്മുടെ തീരുമാനങ്ങള്‍ നമ്മള്‍ക്ക് യാഥാര്‍ത്ഥ്യമാക്കണം.
16. ഇനി, നമുക്ക് കൂടുതല്‍ മുന്നോട്ട് പോകേണ്ടതുണ്ട്. 100% ഗ്രാമങ്ങള്‍ക്കും റോഡും 100% കുടുംബങ്ങള്‍ക്കും ബാങ്ക് അക്കൗണ്ടും 100% ഗുണഭോക്താക്കള്‍ക്കൂം ആയുഷ്മാന്‍ ഭാരത് കാര്‍ഡും അര്‍ഹതയുള്ള 100% പേര്‍ക്കും ഉജ്ജ്വല പദ്ധതിയില്‍ പാചകവാതക കണക്ഷനും 100% ഗുണഭോക്താക്കള്‍ക്കും ആവാസവും ഉണ്ടായിരിക്കണം.
17. നൂറു ശതമാനം നേട്ടത്തിന്റെ മനസ്സോടെയാണ് നമ്മള്‍ മുന്നോട്ട് പോകേണ്ടത്. ട്രാക്കുകളിലും കാല്‍നടപാതകളിലും വണ്ടികളിലും തങ്ങളുടെ സാധനങ്ങള്‍ വില്‍ക്കുന്ന നമ്മുടെ തെരുവ് കച്ചവടക്കാരെക്കുറിച്ച് ഇതുവരെ ഒരു ചിന്തയുമുണ്ടായിരുന്നില്ല. ഈ സഹപ്രവര്‍ത്തകരെയെല്ലാം ഇപ്പോള്‍ സ്വാനിധി പദ്ധതി വഴി ബാങ്കിംഗ് സംവിധാനവുമായി ബന്ധിപ്പിച്ചിരിക്കുന്നു.
18. ഓരോ പൗരനും ഗവണ്‍മെന്റിന്റെ പരിവര്‍ത്തന പദ്ധതികളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ നാം മുന്നോട്ട് പോകണം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഞങ്ങളുടെ സര്‍ക്കാര്‍ ഗ്രാമങ്ങള്‍ക്ക് റോഡുകളും വൈദ്യുതിയും നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ഈ ഗ്രാമങ്ങള്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്വര്‍ക്ക് ഡാറ്റയും ഇന്റര്‍നെറ്റും ഉപയോഗിച്ച് ശക്തിപ്പെടുത്തിയിരിക്കുന്നു.
19. ജല്‍ ജീവന്‍ ദൗത്യത്തിന്റെ 2 വര്‍ഷത്തിനുള്ളില്‍ 4.5 കോടി കുടുംബങ്ങള്‍ക്ക് ശുദ്ധജലം ലഭിക്കാന്‍ തുടങ്ങിയതില്‍ ഞാന്‍ സന്തുഷ്ടനാണ്; ആനുകൂല്യം അവസാന നാഴികക്കല്ലിലെ പൗരനും എത്തുമ്പോഴാണ് ഇത് ഞങ്ങളുടെ പ്രധാന നേട്ടമായി മാറുക.
20. ഞങ്ങളുടെ ഗവണ്‍മെന്റിന്റെ പ്രധാന ഊന്നലുകളില്‍ ഒന്നാണ് പോഷന്‍ അഭിയാന്‍ പദ്ധതി. രോഗപ്രതിരോധ ആരോഗ്യ പരിരക്ഷ, ആരോഗ്യ, ക്ഷേമ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്നതിനായി ഇതിലൂടെ ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നു.
21. നാം പിന്നാക്ക വിഭാഗങ്ങള്‍ക്കും മേഖലകള്‍ക്കും കൈതാങ്ങ് നല്‍കേണ്ടതുണ്ട്. അടിസ്ഥാന ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനു്ള്ള ലക്ഷ്യത്തോടെ ദലിതര്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും ആദിവാസികള്‍ക്കും പൊതുവിഭാഗത്തിലെ പാവപ്പെട്ടവര്‍ക്കും സംവരണം ഉറപ്പാക്കുന്നു. അടുത്തിടെ, മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയിലെ അഖിലേന്ത്യാ ക്വാട്ടയില്‍ ഒബിസി വിഭാഗത്തിനും സംവരണം ഉറപ്പാക്കിയിട്ടുണ്ട്. പാര്‍ലമെന്റില്‍ നിയമം രൂപീകരിച്ചുകൊണ്ട്, സ്വന്തം ഒബിസി പട്ടിക ഉണ്ടാക്കാനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നു.
22. റേഷന്‍ കടയില്‍ ലഭ്യമാകുന്ന അരി, ഉച്ചഭക്ഷണ പദ്ധതിക്കുള്ള അരി, എല്ലാ പദ്ധതികളിലൂടെയും ലഭ്യമാകുന്ന അരി എന്നിവ 2024-ഓടെ പോഷകഗുണം വര്‍ദ്ധിപ്പിക്കും.
23. ജമ്മു കശ്മീരില്‍ തന്നെ മണ്ഡല പുനര്‍നിര്‍ണയ കമ്മീഷന്‍ രൂപീകരിക്കുകയും നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും ചെയ്യുന്നു.
24. ലോകോത്തര അടിസ്ഥാനസൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ ഗവണ്‍മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പുതിയ പരിവര്‍ത്തന ഘട്ടത്തിന് ലഡാക്ക് സാക്ഷ്യം വഹിക്കുകയാണ്. ഒരു വശത്ത്, ലഡാക്ക് ആധുനിക അടിസ്ഥാനസൗകര്യങ്ങളുടെ സൃഷ്ടിക്ക് സാക്ഷ്യം വഹിക്കുന്നു, മറുവശത്ത്, 'സിന്ധു കേന്ദ്ര സര്‍വകലാശാല' യൂണിവേഴ്സിറ്റി'ഉന്നത വിദ്യാഭ്യാസ കേന്ദ്രം എന്ന നിലയില്‍ ലഡാക്കിനെ മാറ്റാന്‍ പോകുന്നു .
25. വടക്കു കിഴക്കന്‍ മേഖലയിലെ ടൂറിസം, സാഹസിക കായിക വിനോദങ്ങള്‍, ജൈവകൃഷി, ഔഷധ സസ്യങ്ങള്‍, ഓയില്‍ പമ്പ് എന്നീ മേഖലകളില്‍ വലിയ സാധ്യതകളുണ്ട്. ഈ സാധ്യതകളെ നമ്മള്‍ പൂര്‍ണമായി ഉപയോഗപ്പെടുത്തുകയും രാജ്യത്തിന്റെ വികസന യാത്രയുടെ ഭാഗമാക്കുകയും വേണം. 'അമൃത് കാല'ത്തിന്റെ ഏതാനും പതിറ്റാണ്ടുകള്‍ക്കുള്ളില്‍ നാം ഈ ജോലി പൂര്‍ത്തിയാക്കേണ്ടതുണ്ട്. എല്ലാവരുടെയും കഴിവുകള്‍ക്ക് ന്യായമായ അവസരം നല്‍കുന്നത് ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ ആത്മാവാണ്. ജമ്മുവോ കശ്മീരോ ആകട്ടെ, വികസനത്തിന്റെ സന്തുലിതാവസ്ഥ ഇപ്പോള്‍ നാട്ടില്‍ ദൃശ്യമാണ്.
26. കിഴക്ക്, വടക്ക് കിഴക്ക്, ജമ്മു കശ്മീര്‍, ലഡാക്ക്, മുഴുവന്‍ ഹിമാലയന്‍ പ്രദേശം, നമ്മുടെ തീരപ്രദേശം, ആദിവാസി മേഖല ഇവ ഭാവിയില്‍ ഇന്ത്യയുടെ വികസനത്തിന് ഒരു വലിയ അടിത്തറയായി മാറും.
27. ഇന്ന് വടക്കു കിഴക്കന്‍ മേഖലയില്‍ ഇന്റര്‍നെറ്റ് ലഭ്യതയുടെ ഒരു പുതിയ ചരിത്രം എഴുതപ്പെടുന്നു. ഇത് ഹൃദയങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും ഒരു കണക്റ്റിവിറ്റിയാണ്. വടക്കുകിഴക്കന്‍ മേഖലയിലെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളെയും റെയില്‍ സര്‍വീസുമായി ബന്ധിപ്പിക്കുന്ന ജോലികള്‍ ഉടന്‍ പൂര്‍ത്തിയാകും.
28. കിഴക്കിനു വേണ്ടി പ്രവര്‍ത്തിക്കുക എന്ന നയത്തിന്‍െ അടിസ്ഥാനത്തില്‍ ഇന്ന് വടക്കു കിഴക്കന്‍ മേഖല, ബംഗ്ലാദേശ്, മ്യാന്‍മര്‍, തെക്ക്-കിഴക്കന്‍ ഏഷ്യ എന്നിവയും ബന്ധിപ്പിച്ചിരിക്കുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയ ശ്രമങ്ങള്‍ കാരണം, ഇപ്പോള്‍ ശ്രേഷ്ഠ ഭാരതം സൃഷ്ടിക്കുന്നതിനുള്ള ഉത്സാഹവും വടക്കുകിഴക്കന്‍ മേഖലയില്‍ ദീര്‍ഘകാല സമാധാനവും വര്‍ദ്ധിച്ചു.
29. നമ്മുടെ ഗ്രാമങ്ങളുടെ വികസന യാത്രയില്‍ ഒരു പുതിയ ഘട്ടത്തിന് നാം സാക്ഷ്യം വഹിക്കുകയാണ്. വൈദ്യുതിയും വെള്ളവും മാത്രമല്ല ഡിജിറ്റല്‍ സംരംഭകരെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു. രാജ്യത്തെ 110 -ല്‍ അധികം വികസനം ആഗ്രഹിക്കുന്ന ജില്ലകളില്‍ വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം, റോഡുകള്‍, തൊഴില്‍ എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കുന്നു. ഈ ജില്ലകളില്‍ പലതും ആദിവാസി മേഖലയിലാണ്.
30. നമ്മുടെ ചെറുകിട കര്‍ഷകരെ സഹായിക്കുന്നതില്‍ നമ്മള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഗവണ്‍മെന്റിന്റെ പദ്ധതികളുടെ പരമാവധി ആനുകൂല്യങ്ങള്‍ അവര്‍ക്ക് നല്‍കണം; അത് നേരിട്ടു ബാങ്ക് അക്കൗണ്ടു വഴിയോ കൃഷി റെയില്‍ വഴിയോ ആകാം.
31. ആധുനിക സൗകര്യമുള്ള ചെറുകിട കര്‍ഷകര്‍ക്ക് കുറഞ്ഞ ഗതാഗത ചിലവില്‍ ഉല്‍പന്നങ്ങള്‍ ദൂരസ്ഥലങ്ങളില്‍ എത്തിക്കുന്നതിനു സഹായിക്കാന്‍ കിസാന്‍ റെയിലിനു കഴിയും. കമലം, ഷാഹി ലിച്ചി, ഭൂത് ജോലോകിയ ചില്ലിസ്, കറുത്ത അരി അല്ലെങ്കില്‍ മഞ്ഞള്‍ തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങള്‍ ലോകത്തിന്റെ വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു.
32. ചെറുകിട കര്‍ഷകരുടെ ക്ഷേമത്തിലാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 10 കോടി കര്‍ഷക കുടുംബങ്ങള്‍ക്ക് 1.5 ലക്ഷം കോടി രൂപയിലധികം നേരിട്ട് ബാങ്ക് അക്കൗണ്ടുകളില്‍ ലഭിച്ചിട്ടുണ്ട്.
33. ഗ്രാമീണ ഇന്ത്യയിലെ ജീവിതങ്ങളെ മാറ്റിമറിക്കുകയാണ് സ്വാമിത്വ യോജന. ഡ്രോണ്‍ നമ്മുടെ ഗ്രാമീണ പൗരന്മാര്‍ക്ക് അവരുടെ ഭൂമി മാപ്പ് ചെയ്യാനും വിവിധ പദ്ധതികള്‍/വായ്പകള്‍ക്കായി ഓണ്‍ലൈനില്‍ അപേക്ഷിക്കാനും സഹായിക്കുന്നു.
34. സഹകരണ നിയമങ്ങള്‍ എന്നത് നിയമങ്ങളുടെയും ചട്ടങ്ങളുടെയും ഒരു ശൃംഖല മാത്രമല്ല, സഹകരണമെന്നത് ഒരു ആത്മാവും സംസ്‌കാരവും കൂട്ടായ വളര്‍ച്ചയുടെ മനോഭാവവുമാണ്. ഒരു പ്രത്യേക മന്ത്രാലയം രൂപീകരിച്ച് അവരെ ശാക്തീകരിക്കാനുള്ള നടപടികള്‍ ഞങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളിലെ സഹകരണ മേഖലയെ ശാക്തീകരിക്കാനാണ് ഞങ്ങള്‍ ഈ നടപടി സ്വീകരിച്ചത്.
35. വരും വര്‍ഷങ്ങളില്‍, രാജ്യത്തെ ചെറുകിട കര്‍ഷകരുടെ കൂട്ടായ ശക്തി വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. അവര്‍ക്ക് പുതിയ സൗകര്യങ്ങള്‍ നല്‍കണം. ഞങ്ങള്‍ ഈ കര്‍ഷകരെ സ്വാമിത്വ യോജനയിലൂടെ ശാക്തീകരിക്കാനാണ് ശ്രമിക്കുന്നത്.
36. സ്വാതന്ത്ര്യത്തിന്റെ ഈ അമൃത് മഹോത്സവം 75 ആഴ്ച ആഘോഷിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്. മാര്‍ച്ച് 12 നു തുടങ്ങി 2023 ഓഗസ്റ്റ് 15 വരെ തുടരും. നമുക്ക് പുതിയ ആവേശത്തോടെ മുന്നോട്ട് പോകേണ്ടതുണ്ട്, അതിനാലാണ് രാജ്യം വളരെ പ്രധാനപ്പെട്ട ഒരു തീരുമാനമെടുത്തിരിക്കുന്നത്.
37. സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിന്റെ ഈ 75 ആഴ്ചകളില്‍, 75 വന്ദേ ഭാരത് ട്രെയിനുകള്‍ രാജ്യത്തിന്റെ എല്ലാ മുക്കുമൂലകളെയും ബന്ധിപ്പിക്കും. രാജ്യത്ത് പുതിയ വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കുന്നതിലെ വേഗതയും വിദൂര പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഉഡാന്‍ പദ്ധതിയും മുമ്പില്ലാത്തതാണ്.
38. അത്യാധുനിക കണ്ടുപിടിത്തങ്ങളും നവയുഗ സാങ്കേതികവിദ്യയും ഉപയോഗിച്ച് ലോകോത്തര ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തിനായി നാം ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടി വരും.
39. ജന്‍ ഔഷധി യോജനയ്ക്ക് കീഴില്‍, പാവപ്പെട്ടവര്‍ക്കും ആവശ്യക്കാര്‍ക്കും ഇപ്പോള്‍ കുറഞ്ഞ വിലയ്ക്കു മരുന്നുകള്‍ ലഭിക്കുന്നു. 75,000ല്‍ അധികം ആരോഗ്യ ക്ഷേമ കേന്ദ്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ബ്ലോക്ക് തലത്തിലുള്ള ആശുപത്രികളുടെ ഒരു ശൃംഖലയിലാണു നാം പ്രവര്‍ത്തിക്കുന്നത്.
40. നമ്മുടെ വികസന പുരോഗതി കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നതിന്, നാം നമ്മുടെ നിര്‍മ്മാണത്തിലും കയറ്റുമതിയിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.
41. കൊറോണ കാരണം ഉയര്‍ന്നുവന്ന പുതിയ സാമ്പത്തിക സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ നമ്മുടെ, ഇന്ത്യയില്‍ നിര്‍മിക്കൂ പ്രചാരണ പരിപാടി ഏകീകരിക്കാന്‍ രാജ്യം ഉല്‍പാദനാധിഷ്ഠിത ആനുകൂല്യവും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പദ്ധതിയിലൂടെ നടപ്പാക്കുന്ന മാറ്റത്തിന്റെ ഉദാഹരണമായി ഇലക്ട്രോണിക് നിര്‍മ്മാണ മേഖല നിലകൊള്ളുന്നു. ഏഴ് വര്‍ഷം മുമ്പ്, നമ്മള്‍ ഏകദേശം എണ്ണൂറു കോടി ഡോളര്‍ വിലമതിക്കുന്ന മൊബൈല്‍ ഫോണുകള്‍ ഇറക്കുമതി ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇറക്കുമതി ഗണ്യമായി കുറഞ്ഞു, ഇന്ന് ഞങ്ങള്‍ മുന്നൂറു കോടി ഡോളര്‍ വിലമതിക്കുന്ന മൊബൈല്‍ ഫോണുകളുമാണ് കയറ്റുമതി ചെയ്യുന്നത്.
42. വികസനത്തിന്റെ പാതയിലൂടെ മുന്നോട്ടു നീങ്ങുമ്പോള്‍, ഇന്ത്യ സ്വന്തം നിലയിലുള്ള നിര്‍മാണവും കയറ്റുമതിയും വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, രാജ്യം ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് കടലില്‍ പരീക്ഷണത്തിനായി വിക്ഷേപിച്ചതിന് നിങ്ങള്‍ സാക്ഷിയാണ്. ഇന്ന് ഇന്ത്യ സ്വന്തമായി തദ്ദേശീയ യുദ്ധവിമാനം നിര്‍മ്മിക്കുന്നു. സ്വന്തം അന്തര്‍വാഹിനിയുമുണ്ട്. ബഹിരാകാശത്ത് ഇന്ത്യയുടെ പതാക ഉയര്‍ത്താന്‍ ഗഗന്‍യാന് പദ്ധതിയുണ്ട്. തദ്ദേശീയ തലത്തിലെ നിര്‍മ്മാണത്തിലെ നമ്മുടെ അപാരമായ കഴിവുകള്‍ക്ക് ഇത് തന്നെ തെളിവാണ്.
43. ഉല്‍പ്പാദകരോടു് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു - നിങ്ങള്‍ നിര്‍മ്മിക്കുന്ന എല്ലാ ഉല്‍പ്പന്നങ്ങളും ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറാണ്. ആ ഉത്പന്നം ഉപയോഗത്തിലുള്ളിടത്തോളം കാലം, വാങ്ങുന്നയാള്‍ പറയും - അതെ, ഇത് ഇന്ത്യയില്‍ നിര്‍മിച്ചതാണ്.
44. സങ്കീര്‍ണ്ണമായ നയങ്ങളുടെ രൂപത്തിലുള്ള ഗവണ്‍മെന്റിന്റെ അമിത ഇടപെടല്‍ നാം അവസാനിപ്പിക്കേണ്ടതുണ്ട്. ഇന്ന്, ഞങ്ങള്‍ 15,000ല്‍പ്പരം അനാവശ്യ നിയമങ്ങള്‍ നിര്‍ത്തലാക്കി.
45. ജീവിതം സുഗമമാക്കുക, വ്യവസായം വേഗത്തിലാക്കുക എന്നിവയ്ക്ക് ഊര്‍ജ്ജം നല്‍കുന്ന നികുതി പരിഷ്‌കാരങ്ങള്‍ ഞങ്ങള്‍ അവതരിപ്പിച്ചു. പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതിന് മികച്ച, കാര്യക്ഷമതയുള്ള ഭരണവും ആവശ്യമാണ്. ഇന്ന്, ഇന്ത്യ എങ്ങനെയാണ് ഭരണത്തിന്റെ ഒരു പുതിയ അധ്യായം എഴുതുന്നത് എന്നതിന് ലോകം സാക്ഷ്യം വഹിക്കുകയാണ്.
46. ബ്യൂറോക്രസിയില്‍ ജനകേന്ദ്രീകൃത സമീപനം അവതരിപ്പിക്കാന്‍, ഞങ്ങള്‍ മിഷന്‍ കര്‍മ്മയോഗിയും ശേഷി നിര്‍മ്മാണ പരിപാടിയും ആരംഭിച്ചു.
47. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഇന്ന് രാജ്യത്ത് ഒരു പുതിയ ദേശീയ വിദ്യാഭ്യാസ നയവും ഉണ്ട്. ഇപ്പോള്‍ നമ്മുടെ കുട്ടികള്‍ വൈദഗ്ധ്യത്തിന്റെ കുറവുമൂലം പഠിത്തം നിര്‍ത്തുകയോ ഭാഷാ തടസ്സങ്ങളാല്‍ ബന്ധിതരാകുകയോ ചെയ്യില്ല. ഈ പുതിയ ദേശീയ വിദ്യാഭ്യാസ നയം ഒരു വിധത്തില്‍ ദാരിദ്ര്യത്തിനെതിരെ പോരാടാനുള്ള ഒരു മികച്ച ഉപകരണമാണ്. ദാരിദ്ര്യത്തിനെതിരായ യുദ്ധത്തില്‍ വിജയിക്കുന്നതിന്റെ അടിസ്ഥാനം പ്രാദേശിക ഭാഷയിലെ വിദ്യാഭ്യാസവും അതിന്റെ അന്തസ്സും പ്രാധാന്യവുമാണ്.
48. ബേട്ടിബച്ചാവോ, ബേട്ടി പഠാവോ ഉദ്യമം ശക്തിപ്പെടുത്തുന്നതിനുള്ള നീക്കത്തില്‍, നമ്മുടെ പെണ്‍മക്കള്‍ക്ക് ഇപ്പോള്‍ സൈനിക് സ്‌കൂളുകളിലും പഠിക്കാന്‍ കഴിയും. അവര്‍ക്ക് തുല്യ അവസരങ്ങള്‍ ലഭിക്കുന്നുണ്ടെന്നും അവര്‍ക്ക് സുരക്ഷിതത്വവും ബഹുമാനവുമുണ്ടെന്നും നാം ഉറപ്പാക്കണം.
49 .ഗ്രാമങ്ങളിലെ എട്ട് കോടിയിലധികം സഹോദരിമാര്‍ സ്വയംസഹായ സംഘങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു, അവര്‍ മികച്ച ഉല്‍പ്പന്നങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നു. ഇപ്പോള്‍ അവരുടെ ഉല്‍പന്നങ്ങള്‍ക്ക് രാജ്യത്തും വിദേശത്തും ഒരു വലിയ വിപണി ഉറപ്പുവരുത്താന്‍ ഗവണ്മെന്റ് ഒരു ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം തയ്യാറാക്കും. തദ്ദേശീയമായി ശബ്ദമുയര്‍ത്തുക എന്ന മന്ത്രവുമായി രാജ്യം മുന്നോട്ട് പോകുമ്പോള്‍, ഈ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വനിതാ സ്വയംസഹായ സംഘങ്ങളുടെ ഉല്‍പന്നങ്ങളെ രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളിലും വിദേശത്തുമുള്ള ആളുകളുമായി ബന്ധിപ്പിക്കുകയും അത് ദൂരവ്യാപകമായ ഗുണഫലങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.
50. ഇന്ത്യ ഊര്‍ജ്ജ സ്വതന്ത്രമല്ല. 12 ലക്ഷം കോടിയിലധികം രൂപയ്ക്ക് മുകളില്‍ ഊര്‍ജ്ജ ഇറക്കുമതിക്ക് ചെലവഴിക്കുന്നു . സ്വാതന്ത്ര്യത്തിന്റെ 75 -ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍, ഇന്ത്യ ഊ ര്‍ജ്ജ ഉല്‍പാദനത്തിന്റെ കാര്യത്തിലും സ്വയം പര്യാപ്തത കൈവരിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്.
51. ദേശീയ സുരക്ഷയെപ്പോലെ പരിസ്ഥിതി സുരക്ഷയ്ക്കും നാം തുല്യ പ്രാധാന്യം നല്‍കുന്നു. ജൈവവൈവിധ്യം അല്ലെങ്കില്‍ ഭൂ സന്തുലനം, കാലാവസ്ഥാ വ്യതിയാനം അല്ലെങ്കില്‍ മാലിന്യ സംസ്‌കരണം, ജൈവകൃഷി, ഈ മേഖലകളിലെല്ലാം ഇന്ത്യ പുരോഗമിക്കുകയാണ്.
52. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഈ ദശകത്തില്‍, ഇന്ത്യ ബ്ലൂ എക്കോണമിയിലേക്കുള്ള ശ്രമങ്ങള്‍ കൂടുതല്‍ ത്വരിതപ്പെടുത്തും. സമുദ്രത്തിന്റെ പരിധിയില്ലാത്ത സാധ്യതകള്‍ പര്യവേക്ഷണം ചെയ്യാനുള്ള നമ്മുടെ അഭിലാഷത്തിന്റെ ഫലമാണ് ആഴക്കടല്‍ ദൗത്യം. കടലില്‍ മറഞ്ഞിരിക്കുന്ന ധാതു സമ്പത്ത്, സമുദ്രജലത്തിലുള്ള താപോര്‍ജ്ജം, രാജ്യത്തിന്റെ വികസനത്തിന് പുതിയ ഉയരങ്ങള്‍ നല്‍കാന്‍ കഴിയും.
53. ഗ്രീന്‍ ഹൈഡ്രജന്‍ ലോകത്തിന്റെ ഭാവി ആണ്. ഇന്ന്, ഞാന്‍ ദേശീയ ഹൈഡ്രജന്‍ മിഷന്‍ പ്രഖ്യാപിക്കുന്നു.
54. ഇന്ത്യയെ 'അമൃത് കാലത്തെ ' ഗ്രീന്‍ ഹൈഡ്രജന്‍ ഉല്‍പാദനത്തിനും കയറ്റുമതിക്കുമുള്ള ഒരു ആഗോള കേന്ദ്രമാക്കി മാറ്റണം. ഇത് ഊര്‍ജ്ജ സ്വാശ്രയ രംഗത്ത് ഒരു പുതിയ മുന്നേറ്റം നടത്താന്‍ ഇന്ത്യയെ സഹായിക്കുക മാത്രമല്ല, ലോകമെമ്പാടുമുള്ള ശുദ്ധ ഊര്‍ജ്ജ പരിവര്‍ത്തനത്തിന് ഒരു പുതിയ പ്രചോദനമായി മാറുകയും ചെയ്യും. ഹരിത വളര്‍ച്ച മുതല്‍ ഹരിത തൊഴില്‍ വരെയുള്ള പുതിയ അവസരങ്ങള്‍ നമ്മുടെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും യുവാക്കള്‍ക്കും ഇന്ന് തുറക്കപ്പെടുന്നു.
55. ഇന്ത്യയും ഇലക്ട്രിക് മൊബിലിറ്റിയിലേക്ക് ഒരു നീക്കം നടത്തി, റെയില്‍വേയുടെ 100% വൈദ്യുതീകരണത്തിന്റെ ജോലികളും അതിവേഗം പുരോഗമിക്കുകയാണ്. 2030 ഓടെ പൂജ്യം കാര്‍ബണ്‍ പുറന്തള്ളുന്ന സ്ഥാപനമായി മാറുകയാണ് ഇന്ത്യന്‍ റെയില്‍വേയുടെ ലക്ഷ്യം.
56. സര്‍ക്കുലര്‍ ഇക്കോണമി ദൗത്യത്തിലും രാജ്യം ശഊന്നല്‍ നല്‍കുന്നു. നമ്മുടെ വാഹനം പൊളിക്കല്‍ നയം അതിന്റെ ഒരു മികച്ച ഉദാഹരണമാണ്. ഇന്ന്, കാലാവസ്ഥാ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലേക്ക് അതിവേഗം നീങ്ങുന്ന ജി -20 രാജ്യങ്ങളുടെ ഗ്രൂപ്പിലെ ഏക രാജ്യം ഇന്ത്യയാണ്.
57. ഈ ദശകം അവസാനിക്കുമ്പോള്‍ 450 ജിഗാവാട്ട് പുനരുപയോഗ ഊര്‍ജ്ജമാണ് ഇന്ത്യ ലക്ഷ്യമിടുന്നത് - 2030 ഓടെ 450 ജിഗാവാട്ട്. ഇതില്‍ 100 ??ജിഗാവാട്ട് എന്ന ലക്ഷ്യം ഇന്ത്യ നിശ്ചിത സമയത്തിന് മുമ്പേ കൈവരിച്ചിട്ടുണ്ട്.
58. പതിറ്റാണ്ടുകളായും നൂറ്റാണ്ടുകളായും തീരുമാനമാകാതിരുന്ന വിഷയമേഖലകളും ഇന്ന് ഇന്ത്യ പരിഹരിക്കുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള ചരിത്രപരമായ തീരുമാനം, ജിഎസ്ടി അവതരിപ്പിക്കല്‍, നികുതികളുടെ വലയില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കുന്ന ഒരു സംവിധാനം, നമ്മുടെ സൈനിക സുഹൃത്തുക്കള്‍ക്ക് 'ഒരു റാങ്ക്-ഒരു പെന്‍ഷന്‍' സംബന്ധിച്ച തീരുമാനം, രാമജന്മഭൂമി പ്രശ്‌നത്തിന് സമാധാനപരമായ പരിഹാരം, ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അത് യാഥാര്‍ത്ഥ്യമാകുന്നത് നാം കണ്ടു
59. പതിറ്റാണ്ടുകള്‍ക്ക് ശേഷം ത്രിപുരയിലെ ബ്രൂ-റിയാങ് കരാര്‍, ഒബിസി കമ്മീഷന് ഭരണഘടനാ പദവി അല്ലെങ്കില്‍ സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി ജമ്മു കശ്മീരില്‍ ബിഡിസി, ഡിഡിസി തിരഞ്ഞെടുപ്പ് എന്നിങ്ങനെ എല്ലാ തീരുമാനങ്ങളും ഇന്ത്യയുടെ ഇച്ഛാശക്തിയെ സാക്ഷാത്കരിക്കുന്നു.
60. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ആഗോള ബന്ധങ്ങളുടെ സ്വഭാവം മാറി. കൊറോണയ്ക്ക് ശേഷം ഒരു പുതിയ ലോകക്രമത്തിന് സാധ്യതയുണ്ട്. കൊറോണക്കാലത്ത് ഇന്ത്യയുടെ ശ്രമങ്ങളെ ലോകം കാണുകയും അഭിനന്ദിക്കുകയും ചെയ്തു. ഇന്ന് ലോകം ഇന്ത്യയെ ഒരു പുതിയ കാഴ്ചപ്പാടില്‍ നോക്കുന്നു. ഈ ധാരണയില്‍ രണ്ട് പ്രധാന വശങ്ങളുണ്ട് - ഒന്ന് ഭീകരവാദവും മറ്റൊന്ന് വിപുലീകരണവാദവുമാണ്. ഇന്ത്യ ഈ രണ്ട് വെല്ലുവിളികളോടും പോരാടുകയാണ്, കൂടാതെ സംയമനത്തോടെ ശക്തമായി പ്രതികരിക്കുകയും ചെയ്യുന്നു. ഇന്ത്യ അതിന്റെ ബാധ്യതകള്‍ കൃത്യമായി നിറവേറ്റണമെങ്കില്‍ നമ്മുടെ പ്രതിരോധ തയ്യാറെടുപ്പും ഒരുപോലെ ശക്തമായിരിക്കണം.
61. നമ്മുടെ യുവാക്കള്‍ 'ചെയ്യാന്‍ കഴിയും' തലമുറയാണ്, അവര്‍ക്ക് മനസ്സില്‍ തോന്നുന്നതെല്ലാം നേടാന്‍ കഴിയും. ഇന്നത്തെ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ നമ്മുടെ ഭാവി നിര്‍ണ്ണയിക്കും. നമ്മുടെ സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷങ്ങളുടെ പ്രമേയം നമ്മുടെ ഇന്നത്തെ ദിവസം നിശ്ചയിക്കും.
62. ഞാന്‍ ഒരുഫലപ്രവാചകന്‍ അല്ല , പ്രവര്‍ത്തനത്തിന്റെ ഫലങ്ങളില്‍ ഞാന്‍ വിശ്വസിക്കുന്നു. എന്റെ രാജ്യത്തെ യുവാക്കളില്‍ എനിക്ക് വിശ്വാസമുണ്ട്, രാജ്യത്തെ സഹോദരിമാരെ, രാജ്യത്തെ പെണ്‍മക്കളെ, രാജ്യത്തെ കര്‍ഷകരെ, അല്ലെങ്കില്‍ രാജ്യത്തെ പ്രൊഫഷണലുകളെ ഞാന്‍ വിശ്വസിക്കുന്നു. സങ്കല്‍പ്പിക്കാനാവാത്ത എല്ലാ ലക്ഷ്യങ്ങളും ഈ 'ചെയ്യാനാകും ' തലമുറയ്ക്ക് നേടാന്‍ കഴിയും.
63. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍, ഇന്ത്യയുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും നിറവേറ്റുന്നതില്‍ നിന്ന് ഒരു തടസ്സത്തിനും നമ്മെ തടയാനാവില്ല. നമ്മുടെ ശക്തി നമ്മുടെ ജീവശക്തിയാണ്, നമ്മുടെ ശക്തിയാണ് നമ്മുടെ ഐക്യദാര്‍ ശ്യെം, നമ്മുടെ ചൈതന്യം ആദ്യം രാഷ്ട്രത്തിന്റെ ആത്മാവാണ് - എപ്പോഴും ആദ്യം. ഇത് പങ്കിട്ട സ്വപ്നങ്ങളുടെ സമയമാണ്, പങ്കുവെച്ച തീരുമാനത്തിനുള്ള സമയമാണിത്, പങ്കിട്ട ശ്രമങ്ങളുടെ സമയമാണിത് ... വിജയത്തിലേക്ക് നീങ്ങേണ്ട സമയമാണിത്.
64. രാജ്യത്തെ മഹാനായ ചിന്തകനായ ശ്രീ അരബിന്ദോയുടെ ജന്മദിനം കൂടിയാണ് ഇന്ന്. അദ്ദേഹത്തിന്റെ 150 -ാം ജന്മവാര്‍ഷികം 2022 -ല്‍ ആഘോഷിക്കും. ശ്രീ അരബിന്ദോ ഇന്ത്യയുടെ ശോഭനമായ ഭാവിയുടെ ദാര്ശനികനായിരുന്നു .നാം മുമ്പെങ്ങുമില്ലാത്തവിധം ശക്തരായിരിക്കണമെന്ന് അദ്ദേഹം പറയുമായിരുന്നു. നാം നമ്മുടെ ശീലങ്ങള്‍ മാറ്റണം. നാം സ്വയം വീണ്ടും ഉണരണം.
65. സ്വാമി വിവേകാനന്ദന്‍ ഇന്ത്യയുടെ ഭാവിയെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഭാരതാംബയുടെ മഹത്വം അദ്ദേഹത്തിന്റെ കണ്ണുകള്‍ക്ക് മുന്നില്‍ കാണുമ്പോള്‍, അദ്ദേഹം പറയുമായിരുന്നു - കഴിയുന്നത്ര ഭൂതകാലത്തിലേക്ക് നോക്കാന്‍ ശ്രമിക്കുക. അവിടേക്ക് ഒഴുകുന്ന എക്കാലത്തെയും പുതിയ നീരുറവയുടെ വെള്ളം കുടിക്കുക, അതിനുശേഷം മുന്നോട്ട് നോക്കുക. മുന്നോട്ട് പോയി ഇന്ത്യയെ മുമ്പത്തേക്കാളും തിളക്കമാര്‍ന്നതും, മഹത്തായതും , മികച്ചതുമാക്കി മാറ്റുക. സ്വാതന്ത്ര്യത്തിന്റെ ഈ 75 -ാം വര്‍ഷത്തില്‍, രാജ്യത്തിന്റെ അപാരമായ സാധ്യതകളില്‍ വിശ്വസിച്ചുകൊണ്ട് മുന്നോട്ട് പോകേണ്ടത് നമ്മുടെ കടമയാണ്. പുതു തലമുറ അടിസ്ഥാനസൗകര്യങ്ങള്‍ക്കായി നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കണം; ലോകോത്തര നിര്‍മ്മാണത്തിനായി നാം ഒരുമിച്ച് പ്രവര്‍ത്തിക്കണം; നൂതന കണ്ടുപിടിത്തങ്ങള്‍ക്കായി നാം ഒരുമിച്ച് പ്രവര്‍ത്തിക്കണം; പുതിയ കാലത്തെ സാങ്കേതികവിദ്യയ്ക്കായി നാം ഒരുമിച്ച് പ്രവര്‍ത്തിക്കണം.