ഇതിഹാസ താരമായ മിൽക്ക സിങ്ങിനെ പ്രധാനമന്ത്രി മോദി അനുസ്മരിച്ചു
ഇന്ത്യയുടെ വാക്സിനേഷൻ പരിപാടി ലോകത്തിന് ഒരു പഠന വിഷയം ആയിരിക്കും: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
ജൂൺ 21 ന് 86 ലക്ഷം പേർക്ക് കുത്തിവയ്പ് നൽകി ഇന്ത്യ റെക്കോർഡ് സൃഷ്ടിച്ചു: പ്രധാനമന്ത്രി മോദി
മഴവെള്ളം ശേഖരണം ഭൂമിയുടെ ജലവിതാനം മെച്ചപ്പെടുത്തുന്നു; അതുകൊണ്ട് ഞാന്‍ ജലസംരക്ഷണത്തെ ദേശസേവനത്തിന്‍റെ തന്നെ ഒരു ഭാഗമായി കാണുന്നു: പ്രധാനമന്ത്രി മോദി
"കൊറോണക്കാലത്ത് ഡോക്ടര്‍മാരുടെ സംഭാവനയോട് നാമെല്ലാം കടപ്പെട്ടിരിക്കുന്നു.അതുകൊണ്ട് ഇത്തവണ നാഷണല്‍ ഡോക്ടേഴ്സ് ഡേയുടെ പ്രാധാന്യം വളരെ അധികമാണ്. "
സമ്പദ്‌വ്യവസ്ഥയിൽ സുതാര്യത കൊണ്ടുവരുന്നതിൽ ചാർട്ടേഡ് അക്കൗണ്ടന്റുമാർക്ക് വലിയ പങ്കുണ്ട്: പ്രധാനമന്ത്രി മോദി
ഇന്ത്യ ആദ്യം - ഇതായിരിക്കണം നമ്മുടെ മന്ത്രം: പ്രധാനമന്ത്രി മോദി

എന്‍റെ പ്രിയപ്പെട്ട ദേശവാസികളെ, നമസ്കാരം.

മിക്കവാറും മന്‍ കി ബാത്തില്‍ നിങ്ങളുടെ ചോദ്യവര്‍ഷമാണ് ഉണ്ടാവുക. ഇപ്രാവശ്യം ഞാന്‍ വ്യത്യസ്തമായാണ് ചിന്തിക്കുന്നത്. ഞാന്‍ നിങ്ങളോട് ചോദ്യം ചോദിക്കാം. അപ്പോള്‍ എന്റെ ചോദ്യങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കുക.

ഒളിമ്പിക്സില്‍ വ്യക്തിഗത സ്വര്‍ണ്ണം നേടിയ ആദ്യത്തെ ഭാരതീയന്‍ ആരായിരുന്നു?
ഒളിമ്പിക്സില്‍ ഏത് കളിയിലാണ് ഭാരതം ഇന്നേവരെ ഏറ്റവും കൂടുതല്‍ മെഡല്‍ നേടിയിട്ടുള്ളത്?
ഒളിമ്പിക്സില്‍ ഏത് കായികതാരമാണ് ഏറ്റവും കൂടുതല്‍ മെഡലുകള്‍ നേടിയിട്ടുള്ളത്?

സൃഹൃത്തുക്കളേ, നിങ്ങള്‍ എനിക്ക് ഉത്തരം അയച്ചാലും ഇല്ലെങ്കിലും മൈ ഗവ്-ല്‍ ഒളിമ്പിക്സിനെ പറ്റിയുള്ള ക്വിസില്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം കൊടുത്താല്‍ പല സമ്മാനങ്ങള്‍ക്കും അര്‍ഹരാകും. അങ്ങനെയുള്ള ഒരുപാടു ചോദ്യങ്ങള്‍ മൈ ഗവ്-ന്റെ 'റോഡ് ടു ടോക്കിയോ ക്വിസി'ല്‍ ഉണ്ട്. നിങ്ങള്‍ റോഡ് ടു ടോക്കിയോ ക്വിസില്‍ പങ്കെടുക്കണം. ഭാരതം ആദ്യം എങ്ങനെയാണ് പ്രകടനം കാഴ്ചവെച്ചത്? നമ്മുടെ ടോക്കിയോ ഒളിമ്പിക്സിനായി ഇപ്പോള്‍ നമ്മുടെ തയ്യാറെടുപ്പ് എന്താണ്? ഇതൊക്കെ സ്വയം അറിയണം. മറ്റുള്ളവര്‍ക്കും പറഞ്ഞുകൊടുക്കണം. ഞാന്‍ നിങ്ങളോടെല്ലാവരോടും പറയാന്‍ ആഗ്രഹിക്കുന്നു, നിങ്ങള്‍ ഈ ക്വിസ് മത്സരത്തില്‍ തീര്‍ച്ചയായും പങ്കെടുക്കണം.
സുഹൃത്തുക്കളേ, ടോക്കിയോ ഒളിമ്പിക്സിനെ പറ്റി പറയുമ്പോള്‍ മില്‍ഖാ സിംഗിനെ പോലെയുള്ള ഇതിഹാസതാരത്തെ ആര്‍ക്ക് മറക്കാനാകും? കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് കൊറോണ അദ്ദേഹത്തെ നമ്മില്‍ നിന്ന് അകറ്റിയത്. അദ്ദേഹം ആശുപത്രിയില്‍ ആയിരുന്നപ്പോള്‍ എനിക്ക് അദ്ദേഹത്തോടു സംസാരിക്കാന്‍ അവസരം കിട്ടി. സംസാരിച്ചുവന്നപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു, അങ്ങ് 1964 ല്‍ ടോക്കിയോ ഒളിമ്പിക്സില്‍ ഭാരതത്തെ പ്രതിനിധീകരിച്ചു. അതുകൊണ്ട് ഇപ്രാവശ്യം നമ്മുടെ കളിക്കാര്‍ ഒളിമ്പിക്സിനായി ടോക്കിയോയിലേക്ക് പോകുമ്പോള്‍ അങ്ങ് നമ്മുടെ കായികതാരങ്ങളുടെ മനോബലം വര്‍ദ്ധിപ്പിക്കണം. അവരെ ആവശ്യമുള്ള സന്ദേശങ്ങള്‍ കൊടുത്ത് പ്രേരിപ്പിക്കണം. അദ്ദേഹം കളിയുടെ കാര്യത്തില്‍ വളരെ സമര്‍പ്പിതനും ഭാവുകനുമായിരുന്നതുകൊണ്ട് അസുഖമായിട്ടു കൂടി പെട്ടെന്ന് സമ്മതം മൂളി. പക്ഷേ, നിര്‍ഭാഗ്യമെന്നു പറയട്ടെ, വിധി മറ്റൊന്നായിരുന്നു. എനിക്ക് ഇന്നും ഓര്‍മ്മയുണ്ട്, 2014 ല്‍ അദ്ദേഹം സൂറത്തില്‍ വന്നിരുന്നു. ഞങ്ങള്‍ ഒരു രാത്രി മാരത്തോണിന്‍റെ ഉദ്ഘാടനം നടത്തി. ആ സമയത്ത് അദ്ദേഹത്തോട് നടത്തിയ കുശലപ്രശ്നങ്ങള്‍, കളികളെപ്പറ്റി നടത്തിയ പരാമര്‍ശങ്ങള്‍, അതുകൊണ്ടൊക്കെ എനിക്കും വലിയ പ്രേരണ കിട്ടി. നമുക്കെല്ലാവര്‍ക്കും അറിയാം, മില്‍ഖാ സിംഗിന്‍റെ കുടുംബം സ്‌പോര്‍ട്സില്‍ സമര്‍പ്പിതരാണ്. ഭാരതത്തിന്‍റെ അന്തസ്സ് ഉയര്‍ത്തിയവരാണ്.

സുഹൃത്തുക്കളേ, കഴിവ്, സമര്‍പ്പണ മനോഭാവം, നിശ്ചയദാര്‍ഢ്യം, സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് ഇതെല്ലാം കൂടിച്ചേരുമ്പോഴാണ് ഒരാള്‍ ചാമ്പ്യനായിത്തീരുന്നത്. നമ്മുടെ നാട്ടില്‍ ഏറെയും കളിക്കാര്‍ കൊച്ചുകൊച്ചു പട്ടണങ്ങള്‍, ചെറിയ നഗരങ്ങള്‍, ഗ്രാമങ്ങള്‍ എന്നിവയില്‍ നിന്നാണ് വരുന്നത്. ടോക്കിയോയിലേക്ക് പോകുന്ന നമ്മുടെ ഒളിമ്പിക് സംഘത്തിലും നമുക്ക് പ്രേരണയേകുന്ന പല കളിക്കാരുമുണ്ട്. നമ്മുടെ ശ്രീ പ്രവീണ്‍ ജാധവിനെ പറ്റി കേട്ടാല്‍ നിങ്ങള്‍ക്കും തോന്നും എത്ര കഠിനമായ സംഘര്‍ഷങ്ങളിലൂടെ കടന്നാണ് അദ്ദേഹം ഇവിടെ എത്തിയതെന്ന്. പ്രവീണ്‍ ജാധവ് മഹാരാഷ്ട്രയിലെ സതാരാ ജില്ലയിലുള്ള ഒരു ഗ്രാമവാസിയാണ്. അദ്ദേഹം അമ്പെയ്ത്തില്‍ പ്രാവീണ്യമുള്ളയാളാണ്. അദ്ദേഹത്തിന്‍റെ മാതാപിതാക്കള്‍ കൂലിപ്പണി ചെയ്താണ് കുടുംബം പുലര്‍ത്തുന്നത്. ഇന്നിപ്പോള്‍ അവരുടെ പുത്രന്‍ അദ്ദേഹത്തിന്‍റെ ആദ്യത്തെ ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ ടോക്കിയോയിലേക്ക് പോകുന്നു. ഇത് അദ്ദേഹത്തിന്‍റെ മാതാപിതാക്കള്‍ക്കു മാത്രമല്ല, നമുക്കെല്ലാവര്‍ക്കും എത്ര അഭിമാനമുണ്ടാക്കുന്ന കാര്യമാണ്. അതേപോലെ മറ്റൊരു താരം ശ്രീമതി നേഹാ ഗോയല്‍ ആണ്. ടോക്കിയോയിലേക്ക് പോകുന്ന മഹിളാ ഹോക്കി ടീമിലെ അംഗമാണ് നേഹ. അവരുടെ അമ്മയും സഹോദരിമാരും സൈക്കിള്‍ ഫാക്ടറിയില്‍ ജോലി ചെയ്താണ് വീട്ടുചെലവ് നടത്തുന്നത്. നേഹയെപ്പോലെ തന്നെ ശ്രീമതി ദീപികാ കുമാരിയുടെ ജീവിതയാത്രയും കയറ്റവും ഇറക്കവും നിറഞ്ഞതാണ്. ദീപികയുടെ പിതാവ് ഓട്ടോറിക്ഷ ഓടിക്കുകയാണ്. അവരുടെ അമ്മ നഴ്സും. ഇപ്പോള്‍ നോക്കൂ, ദീപിക ടോക്കിയോ ഒളിമ്പിക്സില്‍ ഭാരതത്തില്‍ നിന്നുള്ള ഒരേയൊരു അമ്പെയ്ത്തുകാരിയാണ്. ലോകത്തിലെ ഒന്നാംനമ്പര്‍ അമ്പെയ്ത്തു താരമായിട്ടുള്ള ദീപികയ്ക്ക് നമ്മുടെ എല്ലാവരുടേയും ശുഭാശംസകള്‍.
സുഹൃത്തുക്കളേ, ജീവിതത്തില്‍ നാം എവിടെ എത്തിയാലും എത്ര ഉന്നതങ്ങള്‍ കീഴടക്കിയാലും മണ്ണിനോടുള്ള ഈ അടുപ്പം നമ്മേ നമ്മുടെ വേരുകളോട് ബന്ധിച്ചു നിര്‍ത്തുന്നു. സംഘര്‍ഷമയമായ ദിവസങ്ങള്‍ക്കുശേഷം കരഗതമാകുന്ന വിജയത്തിന്‍റെ ആനന്ദം ഒന്നു വേറെതന്നെയാണ്. ടോക്കിയോയിലേക്കു പോകുന്ന നമ്മുടെ കളിക്കാര്‍ കുട്ടിക്കാലത്ത് ഉപകരണങ്ങളുടേയും വിഭവങ്ങളുടേയുമൊക്കെ കാര്യത്തില്‍ അഭാവം നേരിട്ടിട്ടുണ്ട്. എന്നാല്‍ അവര്‍ ഉറച്ചുനിന്നു, ഒരുമിച്ചു നിന്നു. ഉത്തര്‍പ്രദേശിലുള്ള മുസഫര്‍ നഗറിലെ പ്രിയങ്കാ ഗോസ്വാമിയുടെ ജീവിതവും നമ്മെ പലതും പഠിപ്പിക്കുന്നു. പ്രയങ്കയുടെ അച്ഛന്‍ ബസ് കണ്ടക്ടറാണ്. കുട്ടിക്കാലത്ത് പ്രിയങ്കയ്ക്ക് മെഡല്‍ നേടുന്ന കളിക്കാര്‍ക്ക് കിട്ടുന്ന ബാഗ് വളരെ ഇഷ്ടമായിരുന്നു. ഈ ആകര്‍ഷണം കാരണമാണ് അവര്‍ 'റേസ് വാക്കിംഗ്' മത്സരത്തില്‍ ആദ്യമായി പങ്കെടുത്തത്. ഇന്നിപ്പോള്‍ അവര്‍ ഇതിലെ മികച്ച താരമാണ്.

ജാവലിന്‍ ത്രോയില്‍ പങ്കെടുക്കുന്ന ശ്രീ ശിവപാല്‍ സിംഗ് ബനാറസുകാരനാണ്. ശ്രീ ശിവപാലിന്‍റെ കുടുംബം മൊത്തം ഈ കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇദ്ദേഹത്തിന്‍റെ അച്ഛന്‍, ചിറ്റപ്പന്‍, സഹോദരന്‍, തുടങ്ങിയവരൊക്കെ ജാവലിന്‍ ത്രോയില്‍ മികവുറ്റവരാണ്. കുടുംബത്തിന്‍റെ ഈ പാരമ്പര്യം ടോക്കിയോ ഒളിമ്പിക്സില്‍ അദ്ദേഹത്തിന് പ്രയോജനപ്പെടും. ടോക്കിയോ ഒളിമ്പിക്സിനു പോകുന്ന ചിരാഗ് ഷെട്ടിയുടേയും അദ്ദേഹത്തിന്‍റെ പങ്കാളി സാത്വിക് സായി രാജിന്‍റെയും ധൈര്യവും നമുക്ക് പ്രേരണയാകുന്നു. ഈ അടുത്തകാലത്ത് ചിരാഗിന്‍റെ അപ്പൂപ്പന്‍ കൊറോണ ബാധിച്ച് മരിച്ചു. സാത്വികും കഴിഞ്ഞവര്‍ഷം കൊറോണ പോസിറ്റീവായി. എന്നാല്‍ ഈ ബുദ്ധിമുട്ടുകള്‍ക്കൊക്കെ ശേഷവും ഇവര്‍ രണ്ടുപേരും പുരുഷ വിഭാഗം ഷട്ടില്‍ ഡബിള്‍സില്‍ അവരുടെ ഏറ്റവും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെയ്ക്കാനുള്ള തയ്യാറെടുപ്പില്‍ വ്യാപൃതരാണ്.

മറ്റൊരു കളിക്കാരനെ പരിചയപ്പെടുത്തിത്തരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹമാണ് ഹരിയാനയിലെ ഭിവാനി നിവാസി ശ്രീ മനീഷ് കൗശിക്. ശ്രീ മനീഷ് കര്‍ഷക കുടുംബത്തില്‍പ്പെട്ട ആളാണ്. കുട്ടിക്കാലത്ത് വയലില്‍ പണിയെടുത്ത്, പണിയെടുത്ത് മനീഷിന് ബോക്സിംഗില്‍ താല്പര്യമായി. ഇന്ന് ആ താല്പര്യം അദ്ദേഹത്തെ ടോക്കിയോയിലേക്ക് കൊണ്ടുപോവുകയാണ്. വേറൊരു കളിക്കാരി ശ്രീമതി സി എ ഭവാനി ദേവിയാണ്. പേര് ഭവാനി എന്നാണ്. ആള്‍ വാള്‍പ്പയറ്റില്‍ താരവും. ചെന്നൈയില്‍ താമിസിക്കുന്ന ഭവാനി ഒളിമ്പിക്സ് യോഗ്യത നേടിയ ആദ്യത്തെ ഭാരതീയ വനിതാ ഫെന്‍സിംഗ് താരമാണ്. ഞാന്‍ എവിടെയോ വായിക്കുകയുണ്ടായി, ഭവാനിയുടെ പരിശീലനം തുടരുന്നതിലേക്കായി അവരുടെ അമ്മ സ്വന്തം ആഭരണങ്ങള്‍ പോലും പണയം വെച്ചെന്ന്.
സുഹൃത്തുക്കളേ, ഇങ്ങനെ അസംഖ്യം പേരുണ്ട്. എന്നാല്‍ മന്‍ കി ബാത്തില്‍ ഇന്നെനിക്ക് കുറച്ചുപേരുടെ കാര്യം പറയാനേ കഴിഞ്ഞുള്ളൂ. ടോക്കിയോയിലേക്കു പോകുന്ന ഓരോ കളിക്കാരനും തന്‍റേതായ ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ട്, വര്‍ഷങ്ങളോളം പ്രയത്നിച്ചിട്ടുണ്ട്. അവര്‍, അവര്‍ക്കുവേണ്ടി മാത്രമല്ല പോകുന്നത്. ദേശത്തിനു വേണ്ടിയാണ്. ഈ കളിക്കാര്‍ക്ക് ദേശത്തിന്റ യശസ്സ് ഉയര്‍ത്തണം. ഒപ്പം ആളുകളുടെ മനവും കവരണം. അതുകൊണ്ട് എന്‍റെ ദേശവാസികളേ, ഞാന്‍ നിങ്ങളോടും പറയുന്നു, നാം അറിഞ്ഞോ അറിയാതെയോ നമ്മുടെ ഈ കളിക്കാരെ സമ്മര്‍ദ്ദത്തിലാക്കരുത്. എന്നാല്‍, തുറന്ന മനസ്സോടെ ഇവര്‍ക്കൊപ്പം നില്‍ക്കണം. ഓരോ കളിക്കാരന്‍റേയും ഉത്സാഹം വര്‍ദ്ധിപ്പിക്കണം.

സോഷ്യല്‍ മീഡിയയില്‍ #Cheer4Indiaയില്‍ നിങ്ങള്‍ക്ക് ഈ കളിക്കാര്‍ക്ക് ശുഭാശംസകള്‍ അര്‍പ്പിക്കാനാവും. നിങ്ങള്‍ വേറെ ചിലതു കൂടി പുതുമയുള്ളതായി ചെയ്യണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതും തീര്‍ച്ചയായും ആവാം. നമ്മുടെ കളിക്കാര്‍ക്കുവേണ്ടി രാഷ്ട്രം ഒത്തൊരുമിച്ച് എന്തെങ്കിലും ചെയ്യേണ്ടതായിട്ടുണ്ട് എന്നതില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും ആശയം തോന്നുകയാണെങ്കില്‍ അതെനിക്ക് തീര്‍ച്ചയായും അയച്ചു തരിക. നമുക്ക് എല്ലാവര്‍ക്കും ഒരുമിച്ച് ടോക്കിയോയിലേക്കു പോകുന്ന നമ്മുടെ കളിക്കാരെ പിന്തുണയ്ക്കാം.

എന്‍റെ പ്രിയപ്പെട്ട ദേശവാസികളേ, കൊറോണയ്ക്ക് എതിരായി നമ്മള്‍ ദേശവാസികളുടെ യുദ്ധം തുടരുകയാണ്. പക്ഷേ, ഈ യുദ്ധത്തില്‍ നാം എല്ലാവരും ഒന്നായി ചേര്‍ന്ന് പല അസാധാരണമായ നേട്ടങ്ങളും കൈവരിച്ചുകൊണ്ടിരിക്കുകയാണ്. കുറച്ചുദിവസം മുന്‍പ് നമ്മുടെ രാജ്യം ഒരു അഭൂതപൂര്‍വ്വമായ തുടക്കം കുറിച്ചു. ജൂണ്‍ 21-ാം തീയതി വാക്സിന്‍ ദൗത്യത്തിന്‍റെ അടുത്ത ഘട്ടം ആരംഭിച്ചു. അന്നേദിവസം 86 ലക്ഷത്തിലേറെ ആളുകള്‍ക്ക് സൗജന്യമായി വാക്സിന്‍ നല്‍കി എന്ന റെക്കോര്‍ഡും ഉണ്ടാക്കിയെടുത്തു. അതും ഒരു ദിവസത്തിനുള്ളില്‍. ഇത്രവലിയ സംഖ്യയില്‍ ഭാരതസര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് സൗജന്യമായി വാക്സിനേഷന്‍, അതും ഒറ്റദിവസം കൊണ്ട്! സ്വാഭാവികമാണ്, ഇതിനെപ്പറ്റി ധാരാളം ചര്‍ച്ചയും ഉണ്ടായി.

സുഹൃത്തുക്കളേ, ഒരുവര്‍ഷം മുന്‍പ് എല്ലാവരുടേയും മുന്‍പില്‍ ചോദ്യം ഇതായിരുന്നു, വാക്സിനേഷന്‍ എപ്പോള്‍ എത്തും? ഇന്ന് നാം ഒറ്റദിവസം കൊണ്ട് ലക്ഷക്കണക്കിന് ആളുകള്‍ക്ക് മെയ്ഡ് ഇന്‍ ഇന്ത്യ വാക്സിന്‍ സൗജന്യമായി കുത്തിവെയ്ക്കുകയാണ്. ഇതാണ് പുതിയ ഭാരതത്തിന്റെ ശക്തി.

സുഹൃത്തുക്കളേ, വാക്സിന്‍റെ സുരക്ഷ രാജ്യത്തെ ഓരോ പൗരനും ലഭിക്കുന്നതിലേക്കായി നമുക്ക് നിരന്തരം പ്രവര്‍ത്തിക്കേണ്ടതായിട്ടുണ്ട്. പലയിടങ്ങളിലും വാക്സിന്‍ ഹെസിറ്റന്‍സിക്ക് അറുതി വരുത്തുന്നതിനു വേണ്ടി പല സംഘടനകളും സാമൂഹ്യ പ്രവര്‍ത്തകരും മുന്നോട്ടു വന്നിട്ടുണ്ട്. എല്ലാവരും ഒത്തൊരുമിച്ച് വളരെ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. പോകാം, നമുക്കിന്ന് ഒരു ഗ്രാമത്തിലേക്കു പോകാം. അവരുമായി സംവദിക്കാം. വാക്സിനെ കുറിച്ച് അറിയുന്നതിലേക്കായി മദ്ധ്യപ്രദേശിലെ ബൈത്തൂല്‍ ജില്ലയില്‍പ്പെട്ട ഡുലാരിയാ ഗ്രാമത്തിലേക്കു പോകാം.

പ്രധാനമന്ത്രി: ഹലോ
രാജേഷ്: നമസ്കാര്‍
പ്രധാനമന്ത്രി: നമസ്തേജി
രാജേഷ്: എന്‍റെ പേര് രാജേഷ് ഹിരാവേ. ഗ്രാമപഞ്ചായത്ത് - ഡുലാരിയാ, ഭീംപുര്‍ ബ്ലോക്ക്.
പ്രധാനമന്ത്രി: ശ്രീ രാജേഷ് ഇപ്പോള്‍ നിങ്ങളുടെ ഗ്രാമത്തില്‍ കൊറോണയുടെ സ്ഥിതി എന്താണെന്നറിയാന്‍ വേണ്ടിയാണ് ഞാന്‍ ഫോണ്‍ ചെയ്തത്.
രാജേഷ്: സര്‍, ഇവിടെ വലിയ ബുദ്ധിമുട്ടുകളൊന്നുമില്ല.
പ്രധാനമന്ത്രി: ഇപ്പോള്‍ ആളുകള്‍ക്ക് അസുഖമൊന്നുമില്ലേ?
രാജേഷ്: ഇല്ല
പ്രധാനമന്ത്രി: ഗ്രാമത്തിന്‍റെ ജനസംഖ്യ എത്രവരും? എത്ര ആളുകളുണ്ട് ഗ്രാമത്തില്‍?
രാജേഷ്: ഗ്രാമത്തില്‍ 462 പുരുഷന്മാരുണ്ട്.332 സ്ത്രീകളും സര്‍.
പ്രധാനമന്ത്രി: ഓഹോ, ശ്രീ രാജേഷ്, താങ്കള്‍ വാക്സിന്‍ എടുത്തുവോ?
രാജേഷ്: ഇല്ല സര്‍. ഇതുവരെ എടുത്തിട്ടില്ല.
പ്രധാനമന്ത്രി: ങേ! എന്തുകൊണ്ട് എടുത്തില്ല?
രാജേഷ്: സര്‍ ഇവിടെ ചില ആളുകള്‍ വാട്സാപ്പില്‍ കുറെ സംശയങ്ങള്‍ പ്രചരിപ്പിച്ചതുകൊണ്ട് ആളുകള്‍ തെറ്റിദ്ധരിച്ചു പോയി സര്‍.
പ്രധാനമന്ത്രി: അപ്പോള്‍ നിങ്ങളുടെ മനസ്സിലും ഭയമുണ്ടോ?
രാജേഷ്: അതേ സര്‍. ഗ്രാമം മൊത്തം സംശയം പ്രചരിപ്പിച്ചിരിക്കുകയാണ് സര്‍.
പ്രധാനമന്ത്രി: അയ്യോ... താങ്കള്‍ എന്താണീ പറയുന്നത്? നോക്കൂ ശ്രീ രാജേഷ്, എനിക്ക് താങ്കളോടും എല്ലാ ഗ്രാമങ്ങളിലുമുള്ള എന്‍റെ സഹോദരീ സഹോദരന്മാരോടും പറയാനുള്ളത്, ഭയമുണ്ടെങ്കില്‍ അത് കളയണമെന്നാണ്.
രാജേഷ്: സര്‍
പ്രധാനമന്ത്രി: നമ്മുടെ രാജ്യം മൊത്തം 31 കോടിയിലധികം ആളുകള്‍ വാക്സിന്‍റെ കുത്തിവെയ്പ് എടുത്തുകഴിഞ്ഞു. താങ്കള്‍ക്കറിയില്ലേ, ഞാന്‍ തന്നെ രണ്ടു ഡോസ് എടുത്തുകഴിഞ്ഞു.
രാജേഷ്: അതേ സര്‍
പ്രധാനമന്ത്രി: എന്‍റെ അമ്മയുടെ പ്രായം ഏതാണ്ട് നൂറുവര്‍ഷത്തിന് അടുത്തെത്തി. അവരും രണ്ടു ഡോസ് എടുത്തുകഴിഞ്ഞു. ചിലപ്പോള്‍ ചിലര്‍ക്ക് ഇതുകൊണ്ട് പനിയും മറ്റും വരാറുണ്ട്. പക്ഷേ, അത് വെറും സാധാരണമാണ്. കുറച്ചു മണിക്കൂറുകളിലേക്കു മാത്രം. നോക്കൂ, വാക്സിന്‍ എടുക്കാതിരിക്കുന്നത് അപകടകരമായേക്കാം.
രാജേഷ്: സര്‍
പ്രധാനമന്ത്രി: ഇതുകൊണ്ട് താങ്കള്‍ സ്വയം അപകടത്തില്‍പ്പെടുന്നു. ഒപ്പം കുടുംബത്തേയും ഗ്രാമത്തേയും അപകടത്തില്‍പ്പെടുത്തുന്നു.
രാജേഷ്: സര്‍
പ്രധാനമന്ത്രി: അതുകൊണ്ട് ശ്രീ രാജേഷ്, എത്രയും പെട്ടെന്ന് വാക്സിന്‍ എടുക്കുക. എന്നിട്ട് ഗ്രാമത്തില്‍ എല്ലാവരോടും പറയുക, ഭാരതസര്‍ക്കാര്‍ സൗജന്യമായിട്ട് വാക്സിന്‍ കൊടുക്കുന്നുണ്ടെന്ന്. 18 വയസ്സിന് മുകളിലുള്ള എല്ലാ ആളുകള്‍ക്കും ഇത് സൗജന്യ വാക്സിനേഷനാണ്.
രാജേഷ്: സര്‍...‍
പ്രധാനമന്ത്രി: അപ്പോള്‍ താങ്കളും ഗ്രാമത്തിലെ ആളുകളോടു പറയുക, ഗ്രാമത്തില്‍ ഈ ഭയത്തിന്റെ അന്തരീക്ഷത്തിന് യാതൊരു കാരണവുമില്ലെന്ന്.
രാജേഷ്: കാരണം ഇതാണ് സര്‍. കുറെ ആളുകള്‍ തെറ്റിദ്ധാരണ പരത്തി. അതുകേട്ട് ആളുകള്‍ ഒരുപാട് പേടിച്ചു. ഉദാഹരണത്തിന് വാക്സിന്‍ എടുക്കുമ്പോള്‍ പനി വരുന്നു, പനിയില്‍ നിന്ന് മറ്റ് അസുഖങ്ങള്‍ പരക്കും. അതായത്, ആളുകള്‍ മരിക്കുമെന്നു വരെയുള്ള ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ചു.
പ്രധാനമന്ത്രി: നോക്കൂ, ഇന്ന് റേഡിയോ, ടി വി, ഇത്രയധികം വാര്‍ത്തകള്‍ ലഭിക്കുന്നു. അതുകൊണ്ട് ആളുകളെ പറഞ്ഞു മനസ്സിലാക്കാന്‍ വളരെ എളുപ്പമാണ്. നോക്കൂ, ഞാന്‍ നിങ്ങളോടു പറയുന്നു, ഭാരതത്തിലെ അനേകം ഗ്രാമങ്ങളില്‍ എല്ലാ ആളുകളും വാക്സിന്‍ എടുത്തു കഴിഞ്ഞിരിക്കുന്നു. അതായത്, ഗ്രാമത്തിലെ നൂറു ശതമാനം ആളുകളും. ഞാന്‍ താങ്കള്‍ക്കൊരു ഉദാഹരണം തരാം.
രാജേഷ്: സര്‍
പ്രധാനമന്ത്രി: കാശ്മീരില്‍ ബാന്ദീപുര എന്ന ഒരു ജില്ലയുണ്ട്. ഈ ബാന്ദീപുര ജില്ലയില്‍ വെയന്‍ ഗ്രാമത്തിലെ ആളുകള്‍ ചേര്‍ന്ന് 100 ശതമാനം വാക്സിന്‍ എന്ന ലക്ഷ്യം ഉറപ്പിച്ചു. അത് പൂര്ണ്ണമാക്കുകയും ചെയ്തു. ഇന്ന് കശ്മീരിലുള്ള ഈ ഗ്രാമത്തിലെ 18 വയസ്സിനു മുകളിലുള്ള എല്ലാ ആളുകളും കുത്തിവെച്ചു കഴിഞ്ഞു. നാഗാലാന്‍ഡിലെയും മൂന്ന് ഗ്രാമങ്ങളെ കുറിച്ച് എനിക്ക് വിവരം കിട്ടുകയുണ്ടായി. അവിടെയും എല്ലാ ആളുകളും 100 ശതമാനം കുത്തിവെയ്പ് നടത്തിയെന്ന്.
രാജേഷ്: സര്‍... ‍
പ്രധാനമന്ത്രി: ശ്രീ രാജേഷ് താങ്കളും സ്വന്തം ഗ്രാമത്തിലും അടുത്തുള്ള ഗ്രാമത്തിലും ഇക്കാര്യമെത്തിക്കണം. ഇത് വെറും ഭയം മാത്രമാണ്.
രാജേഷ്: സര്‍... ‍
പ്രധാനമന്ത്രി: അപ്പോള്‍ ഭയത്തിന് ഉത്തരം ഇതാണ്, താങ്കളും സ്വയം കുത്തിവെയ്പ് എടുത്ത് എല്ലാവരേയും ബോദ്ധ്യപ്പെടുത്തിക്കൊടുക്കണം. ചെയ്യില്ലേ താങ്കള്‍?
രാജേഷ്: ശരി സര്‍
പ്രധാനമന്ത്രി: ഉറപ്പായിട്ടും ചെയ്യുമോ?
രാജേഷ്: അതെ സര്‍. അങ്ങയോടു സംസാരിച്ചതുകൊണ്ട് എനിക്കു തോന്നുന്നു, എനിക്കും കുത്തിവെയ്പ് എടുക്കണമെന്ന്. ആളുകളേയും ഇതിനുവേണ്ടി പ്രേരിപ്പിക്കണമെന്ന്.
പ്രധാനമന്ത്രി: ശരി, ഗ്രാമത്തില്‍ മറ്റാരെങ്കിലുമുണ്ടോ എനിക്ക് സംസാരിക്കാന്‍?
രാജേഷ്: ഉണ്ട് സര്‍
പ്രധാനമന്ത്രി: ആര് സംസാരിക്കും?
കിശോരിലാല്‍: ഹലോ സര്‍, നമസ്കാരം.
പ്രധാനമന്ത്രി: നമസ്തേ ജി, ആരാണ് സംസാരിക്കുന്നത്?
കിശോരിലാല്‍: സര്‍, എന്‍റെ പേര് കിശോരിലാല്‍ ദൂര്‍വെ എന്നാണ്.
പ്രധാനമന്ത്രി: എങ്കില്‍ ശ്രീ കിശോരി ലാല്‍ ഇപ്പോള്‍ ശ്രീ രജേഷുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു.
കിശോരിലാല്‍: അതെ സര്‍
പ്രധാനമന്ത്രി: അദ്ദേഹം വളരെ ദുഃഖിതനായി പറയുന്നുണ്ടായിരുന്നു, വാക്സിനെ ചൊല്ലി ആളുകള്‍ വ്യത്യസ്തമായ കാര്യങ്ങളാണ് പറയുന്നതെന്ന്. താങ്കളും അങ്ങനെ വല്ലതും കേട്ടുവോ?
കിശോരിലാല്‍: അതെ. അങ്ങനെ കേട്ടു സര്‍
പ്രധാനമന്ത്രി: എന്തു കേട്ടു?
കിശോരി ലാല്‍: അടുത്ത് മഹാരാഷ്ട്രക്കാരാണ് സര്‍. അതുകൊണ്ട് അവിടെ നിന്ന് ചില ബന്ധങ്ങളുള്ള ആളുകള്‍, അതായത് ചില ഊഹാപോഹങ്ങള്‍ പറഞ്ഞു പരത്തുന്നുണ്ട്. വാക്സിന്‍ എടുത്തതുകൊണ്ട് ആളുകളൊക്കെ മരിക്കുകയാണെന്ന്. ചിലര്‍ രോഗികളാവുന്നു. സര്‍, ആളുകള്‍ക്ക് ഒരുപാട് ആശങ്കയുണ്ട് സര്‍. അതുകൊണ്ട് എടുക്കുന്നില്ല സര്‍.
പ്രധാനമന്ത്രി: ഇല്ലേ.... പറയുന്നതെന്താണ്? ഇപ്പോള്‍ കൊറോണ പോയി. അങ്ങനെയാണോ പറയുന്നത്?
കിശോരി ലാല്‍: സര്‍
പ്രധാനമന്ത്രി: കൊറോണ കൊണ്ട് ഒന്നും സംഭവിക്കില്ല, അങ്ങനെയാണോ പറയുന്നത്?
കിശോരി ലാല്‍: അല്ല. കൊറോണ പോയെന്നു പറയുന്നില്ല സര്‍. കൊറോണ ഉണ്ടെന്നാണ് പറയുന്നത്. പക്ഷേ, വാക്സിന്‍ എടുത്താല്‍ അതിനര്‍ത്ഥം അസുഖം പിടിപെടുന്നു, എല്ലാവരും മരിക്കുന്നു. ഈ സ്ഥിതിയാണ് അവര്‍ പറയുന്നത് സര്‍.
പ്രധാനമന്ത്രി: കൊള്ളാം. വാക്സിന്‍ കാരണം മരിക്കുന്നെന്ന്?
കിശോരിലാല്‍: ഞങ്ങളുടെ പ്രദേശം ആദിവാസി പ്രദേശമാണ് സര്‍. അങ്ങനെയുള്ളവര്‍ പെട്ടെന്ന് പേടിച്ചു പോകും. സംശയം പരത്തുന്നതുകൊണ്ട് ആളുകള്‍ വാക്സിന്‍ എടുക്കുന്നില്ല സര്‍.
പ്രധാനമന്ത്രി: നോക്കൂ, ശ്രീ കിശോരി ലാല്‍, ഈ ഊഹാപോഹങ്ങള്‍ പരത്തുന്ന ആളുകള്‍ ഊഹാപോഹങ്ങള്‍ പരത്തിക്കൊണ്ടേയിരിക്കും.
കിശോരി ലാല്‍: സര്‍
പ്രധാനമന്ത്രി: നമുക്ക് ജീവന്‍ രക്ഷിക്കണം. നമ്മുടെ ഗ്രാമീണരെ രക്ഷിക്കണം. നമ്മുടെ ദേശവാസികളെ രക്ഷിക്കണം. ആരെങ്കിലും കൊറോണ പോയി എന്നുപറഞ്ഞാല്‍ അങ്ങനെയുള്ള വിശ്വാസത്തില്‍ പെട്ടുപോകരുത്.
കിശോരി ലാല്‍: സര്‍
പ്രധാനമന്ത്രി: ഈ അസുഖങ്ങള്‍ അങ്ങനെയുള്ളതാണ്. ഇതിന് ബഹുരൂപങ്ങളാണുള്ളത്. അത് രൂപം മാറും. പുതിയ പുതിയ നിറവും തരവുമൊക്കെ ധരിച്ച് വരും.
കിശോരി ലാല്‍: സര്‍
പ്രധാനമന്ത്രി: അതില്‍നിന്ന് രക്ഷപ്പെടാനായി നമ്മുടെ പക്കല്‍ രണ്ടു വഴിയുണ്ട്. ഒന്ന്, കൊറോണ പ്രോട്ടോക്കോള്‍ പാലിക്കുക - മാസ്ക് ധരിക്കുക, സോപ്പുകൊണ്ട് വീണ്ടും വീണ്ടും കൈ കഴുകുക, അകലം പാലിക്കുക. രണ്ടാമത്തേ മാര്‍ഗ്ഗമാണ് ഇതിനോടൊപ്പം വാക്സിന്‍ സ്വീകരിക്കുക, അതും ഒരു നല്ല സരക്ഷാ കവചമാണ്.
കിശോരിലാല്‍: സര്‍
പ്രധാനമന്ത്രി: ശരി കിശോരി ലാല്‍, ഇതു പറയൂ, ജനങ്ങളോട് സംസാരിക്കുമ്പോള്‍ താങ്കള്‍ അവരെ എങ്ങനെയാണ് പറഞ്ഞു മനസ്സിലാക്കുന്നത്? താങ്കള്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുമോ അതോ താങ്കളും കിംവദന്തികളില്‍ വിശ്വസിച്ചു പോകുമോ?
കിശോരി ലാല്‍: എന്ത് മനസ്സിലാക്കാനാണ് സര്‍. അവ കൂടുതലാകുമ്പോള്‍ ഞങ്ങളും ഭയഭീതരായിപ്പോകില്ലേ സര്‍.
പ്രധാനമന്ത്രി: നോക്കൂ, ശ്രീ കിശോരി ലാല്‍. ഇന്ന് ഞാനും താങ്കളും തമ്മില്‍ സംസാരിച്ചു. താങ്കള്‍ എന്‍റെ സുഹൃത്താണ്.
കിശോരി ലാല്‍: അതെ സര്‍.
പ്രധാനമന്ത്രി: താങ്കള്‍ ഭയപ്പെടാന്‍ പാടില്ല. ജനങ്ങളുടെ ഭയത്തെ ദൂരീകരിക്കേണ്ടതുണ്ട്. ദൂരീകരിക്കുമോ?
കിശോരി ലാല്‍: അതെ, ദൂരീകരിക്കും സര്‍. ജനങ്ങളുടെ ഭയത്തേയും ദൂരീകരിക്കും. ഞാനും ഈ ദൗത്യത്തില്‍ പങ്കാളിയാകുകയും ചെയ്യും.
പ്രധാനമന്ത്രി: നോക്കൂ, കിംവദന്തികളെ ഒരു കാരണവശാലും ശ്രദ്ധിക്കരുത്. കിംവദന്തികളെ തീര്‍ച്ചയായും അവഗണിക്കണം.
കിശോരി ലാല്‍: സര്‍, അങ്ങനെ ചെയ്യാം.
പ്രധാനമന്ത്രി: താങ്കള്‍ക്കറിയാമല്ലോ, നമ്മുടെ ശാസ്ത്രജ്ഞന്മാര്‍ എത്രയോ കഠിനപ്രയത്നം ചെയ്താണ് ഈ വാക്സിനുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. വര്‍ഷം മുഴുവനും അവര്‍ കഠിനപ്രയത്നം ചെയ്തിരിക്കുന്നു. അതുകൊണ്ട് നമുക്ക് ശാസ്ത്രത്തെ വിശ്വസിക്കേണ്ടതുണ്ട്, ശാസ്ത്രജ്ഞന്മാരെയും. പിന്നെ അസത്യം പ്രചരിപ്പിക്കുന്നവരെ തുടരെ തുടരെ പറഞ്ഞു മനസ്സിലാക്കാനും നോക്കൂ സഹോദരന്മാരെ. അങ്ങനെ സംഭവിക്കില്ല. ഇത്രയും ജനങ്ങള്‍ വാക്സിന്‍ എടുത്തുകഴിഞ്ഞു. ഒന്നും സംഭവിക്കില്ല.
കിശോരി ലാല്‍: സര്‍.
പ്രധാനമന്ത്രി: പിന്നെ എല്ലാവരും കിംവദന്തികളില്‍ വിശ്വസിക്കാതെ സൂക്ഷിക്കണം. ഗ്രാമത്തെ രക്ഷപ്പെടുത്തണം.
കിശോരി ലാല്‍: സര്‍.
പ്രധാനമന്ത്രി: പിന്നെ ശ്രീ രാജേഷ്, ശ്രീ കിശോരി ലാല്‍, നിങ്ങളെപ്പോലെയുള്ള സുഹൃത്തുക്കളോട് ഞാന്‍ പറയും നിങ്ങള്‍ നിങ്ങളുടെ ഗ്രാമങ്ങളില്‍ മാത്രമല്ല, മറ്റു ഗ്രാമങ്ങളിലും ഇതുപോലെയുള്ള കിംവദന്തികളെ തടയുന്നതിനുള്ള ശ്രമങ്ങളും നടത്തുക. ജനങ്ങളോട് പറയുകയും ചെയ്യുക, ഞാനുമായി ഇതെപ്പറ്റി സംസാരിച്ചിട്ടും ഉണ്ട് എന്ന്.
കിശോരി ലാല്‍: ഞങ്ങള്‍ക്ക് ബോദ്ധ്യമായി. ഇത് പറഞ്ഞുകൊടുക്കാം. ജനങ്ങളെ പറഞ്ഞു ബോദ്ധ്യപ്പെടുത്താം സര്‍.
പ്രധാനമന്ത്രി: നോക്കൂ, നിങ്ങളുടെ മുഴുവന്‍ ഗ്രാമത്തെയും എന്‍റെ എല്ലാവിധ ഭാവുകങ്ങളും അറിയിക്കുക.
കിശോരി ലാല്‍: അങ്ങനെ ചെയ്യാം സര്‍.
പ്രധാനമന്ത്രി: എന്നിട്ട് എല്ലാവരോടും പറയുക, എപ്പോഴായാലും തങ്ങളുടെ ഊഴം വരുമ്പോള്‍ വാക്സിന്‍ തീര്‍ച്ചയായും എടുക്കണം.
കിശോരി ലാല്‍: ശരി സര്‍
പ്രധാനമന്ത്രി: ഗ്രാമത്തിലെ നമ്മുടെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും എല്ലാവര്‍ക്കും വാക്സിന്‍ നല്‍കണം.
കിശോരി ലാല്‍: സര്‍
പ്രധാനമന്ത്രി: ഈ പ്രചരണത്തില്‍ കൂടുതല്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കുകയും സജീവമായി അവരെ കൂടെ നിര്‍ത്തുകയും ചെയ്യുക.
കിശോരി ലാല്‍: സര്‍
പ്രധാനമന്ത്രി: ചിലപ്പോഴെല്ലാം അമ്മമാരും സഹോദരിമാരും മറ്റും പറഞ്ഞാല്‍ ജനങ്ങള്‍ പെട്ടെന്ന് അനുസരിക്കും.
കിശോരി ലാല്‍: ശരി സര്‍
പ്രധാനമന്ത്രി: നിങ്ങളുടെ ഗ്രാമത്തിലെ വാക്സിനേഷന്‍ പൂര്‍ത്തിയായാല്‍ നിങ്ങള്‍ എന്നെ അറിയിക്കുമോ?
കിശോരി ലാല്‍: തീര്‍ച്ചയായും സര്‍. അറിയിക്കും.
പ്രധാനമന്ത്രി: തീര്‍ച്ചയായും അറിയിക്കുക. നോക്കൂ, ഞാന്‍ നിങ്ങളുടെ കത്ത് പ്രതീക്ഷിക്കും.
കിശോരിലാല്‍: സര്‍
പ്രധാനമന്ത്രി: ശരി നടക്കട്ടെ. ശ്രീ രാജേഷ്, ശ്രീ കിശോരി ലാല്‍ വളരെ വളരെ നന്ദി. നിങ്ങളോട് സംസാരിക്കാന്‍ അവസരം കിട്ടിയതില്‍.
കിശോരിലാല്‍: നന്ദി സര്‍, അങ്ങ് ഞങ്ങളോട് സംസാരിച്ചുവല്ലോ. അങ്ങേക്ക് വളരെ വളരെയധികം നന്ദി.

സുഹൃത്തുക്കളേ, ഭാരതത്തിലെ ഗ്രാമീണ ജനങ്ങള്‍, നമ്മുടെ വനവാസികളും ആദിവാസികളുമായ സഹോദരീ സഹോദരന്മാര്‍. ഈ കൊറോണക്കാലത്തും എങ്ങനെയാണോ അവരുടെ കഴിവും വിവേകവും തെളിയിച്ചു കാണിച്ചു കൊടുത്തതെന്ന് എന്നെങ്കിലും ഒരുനാള്‍ ലോകത്തിനു മുന്നില്‍ ഒരു കേസ് സ്റ്റഡിക്കുള്ള വിഷയമാകുക തന്നെ ചെയ്യും. ഗ്രാമീണ ജനങ്ങള്‍ ക്വാറന്‍റൈന്‍ സെന്‍ററുകള്‍ നിര്‍മ്മിച്ചു. തദ്ദേശീയമായ ആവശ്യങ്ങള്‍ പരിഹരിച്ച് കോവിഡ് പ്രോട്ടോകോള്‍ ഉണ്ടാക്കി. ഗ്രാമീണ ജനങ്ങള്‍ ആരെയും വിശന്നിരിക്കുവാന്‍ അനുവദിച്ചില്ല. സമീപ നഗരങ്ങളില്‍ പാലും പച്ചക്കറിയും എല്ലാം നിത്യേന എത്തിച്ചുകൊടുത്തു കൊണ്ടിരുന്നു. ഇവയെല്ലാം ഗ്രാമങ്ങള്‍ ഉറപ്പുവരുത്തി. അതായത്, സ്വയം നിറവേറ്റുകയും മറ്റുള്ളവരെ പരിപാലിക്കുകയും ചെയ്തു. ഇതെല്ലാം തന്നെ നമുക്ക് വാക്സിനേഷന്‍റെ മുന്നേറ്റത്തിലും അനുവര്‍ത്തിക്കേണ്ടതുണ്ട്. നാം സ്വയം ജാഗ്രത പുലര്‍ത്തുന്നതും മറ്റുള്ളവരെ ജാഗരൂകരാക്കേണ്ടതുമുണ്ട്. ഗ്രാമത്തില്‍ ഓരോ വ്യക്തിയും വാക്സിന്‍ എടുക്കേണ്ടതുണ്ട്. ഇത് ഓരോ ഗ്രാമത്തിന്‍റെയും ലക്ഷ്യമായിരിക്കണം. ഇത് ഓര്‍ത്തുവെയ്ക്കണം. ഇത് ഞാന്‍ നിങ്ങളോട് പ്രത്യേകമായി പറയാന്‍ ഉദ്ദേശിക്കുന്നു. നിങ്ങളുടെ ചോദ്യം നിങ്ങളുടെ മനസ്സില്‍ നിന്നുതന്നെ ചോദിക്കുക. എല്ലാവരും ജയിക്കുവാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ നിര്‍ണ്ണായകമായ വിജയത്തിന്‍റെ മന്ത്രം എന്താണ്? ആ മന്ത്രം ഇതാണ്, നൈരന്തര്യം. അതുകൊണ്ട് നാം ഒരിക്കലും നിഷ്ക്രിയരാകാന്‍ പാടില്ല. നാം നിരന്തരം പ്രവര്‍ത്തന നിരതരായിരിക്കണം. നമുക്ക് കൊറോണയെ വിജയിച്ചേ മതിയാകൂ. അതിജീവിച്ചേ മതിയാകൂ.
എന്‍റെ പ്രിയപ്പെട്ട ദേശവാസികളേ, നമ്മുടെ രാജ്യത്ത് ഇപ്പോള്‍ മഴക്കാലം തുടങ്ങിക്കഴിഞ്ഞു. മേഘങ്ങള്‍ പെയ്തിറങ്ങുന്നത് നമുക്ക് വേണ്ടി മാത്രമല്ല. മേഘങ്ങള്‍ വരും തലമുറയ്ക്കു വേണ്ടി കൂടിയാണ് പെയ്യുന്നത്. മഴവെള്ളം ഭൂമിയില്‍ ശേഖരിക്കപ്പെടുകയും ഭൂമിയുടെ ജലവിതാനം സംരക്ഷിച്ചു നിര്‍ത്തുകയും ചെയ്യുന്നു. അതുകൊണ്ട് ഞാന്‍ ജലസംരക്ഷണത്തെ ദേശസേവനത്തിന്‍റെ തന്നെ ഒരു ഭാഗമായി കാണുന്നു. നിങ്ങളും കണ്ടിട്ടുണ്ടാകും, നമ്മളില്‍ പലരും ഈ പുണ്യത്തെ നമ്മുടെ ഉത്തരവാദിത്തമായി കരുതിപ്പോരുന്നു. ഇങ്ങനെയുള്ള ഒരു വ്യക്തിയാണ് ഉത്തരാഖണ്ഡിലെ പൗഡിഗഡ്വാളിലെ ശ്രീ സച്ചിദാനന്ദ ഭാരതി. ശ്രീ ഭാരതി ഒരു അദ്ധ്യാപകനാണ്. അദ്ദേഹം തന്‍റെ പ്രവര്‍ത്തനത്തില്‍ക്കൂടിയും ജനങ്ങള്‍ക്ക് നല്ല അറിവ് പകര്‍ന്നു നല്‍കിയിട്ടുണ്ട്. ഇന്ന് അദ്ദേഹത്തിന്‍റെ അദ്ധ്വാനത്തിന്‍റെ ഫലമായി പൗഡിഗഡവാളിലെ ഉഫരൈംഖാല്‍ പ്രദേശത്ത് ജലദൗര്‍ലഭ്യമെന്ന വലിയ പ്രശ്നം അവസാനിച്ചിരിക്കുന്നു. ഇവിടെ ജനങ്ങള്‍ ജലത്തിനുവേണ്ടി ദാഹിക്കുകയായിരുന്നു, കേഴുകയായിരുന്നു. ഇന്നിവിടെ ജലക്ഷാമം പരിഹരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.
സുഹൃത്തുക്കളേ, പര്‍വ്വതപ്രദേശങ്ങളില്‍ ജലസംരക്ഷണത്തിനുള്ള പരമ്പരാഗതമായ രീതി നിലവിലുണ്ട്. ഇത് 'ചാല്‍ഖാല്‍' എന്നാണ് അറിയപ്പെടുന്നത്. അത്യാവശ്യം വെള്ളം സംഭരിക്കാനായി വലിയ കുഴികള്‍ കുഴിക്കുക. ഈ സമ്പ്രദായത്തില്‍ ശ്രീ ഭാരതി ചില നൂതന മാര്‍ഗ്ഗങ്ങള്‍ കൂടി സംയോജിപ്പിച്ചു. പ്രദേശത്ത് നിരന്തരമായി ചെറുതും വലുതുമായ കുളങ്ങള്‍ നിര്‍മ്മിച്ചു. ഇതുകൊണ്ട് ഉഫരൈംഖാലിലെ കുന്നുകള്‍ ഹരിതാഭമായി എന്നുമാത്രമല്ല, ജനങ്ങള്‍ കുടിവെള്ളം ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ടും ഒഴിവായി. ഇതറിയുമ്പോള്‍ നിങ്ങള്‍ അത്ഭുതപ്പെട്ടേക്കാം. ഇപ്പോള്‍ തന്നെ ഭാരതി മുപ്പതിനായിരത്തില്‍പ്പരം തടാകങ്ങള്‍ നിര്‍മ്മിച്ചുകഴിഞ്ഞിരിക്കുന്നു. മുപ്പതിനായിരം! അദ്ദേഹത്തിന്‍റെ ഈ ഭഗീരഥപ്രയത്നം ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു. മാത്രമല്ല, അദ്ദേഹം അനേകം പേര്‍ക്ക് പ്രചോദനം നല്‍കിക്കൊണ്ടിരിക്കുകയാണ്.
സുഹൃത്തുക്കളേ, ഇതുപോലെ തന്നെ ഉത്തര്‍പ്രദേശിലെ ബാന്ദാ ജില്ലയിലെ അന്ധാവ് ഗ്രാമത്തിലെ ജനങ്ങളും തികച്ചും വ്യത്യസ്തമായ രീതിയിലുള്ള ഒരു ശ്രമം നടത്തിയിട്ടുണ്ട്. അവര്‍ തങ്ങളുടെ പ്രസ്ഥാനത്തിന് വളരെ രസകരമായ ഒരു പേരാണ് നല്‍കിയിരിക്കുന്നത്. 'വയലിലെ ജലം വയലില്‍, ഗ്രാമത്തിലെ ജലം ഗ്രാമത്തില്‍'. ഈ പ്രസ്ഥാനത്തില്‍ ഉള്‍പ്പെടുത്തി ഗ്രാമത്തിലെ അനേകം ഏക്കര്‍ വയലുകളില്‍ വലിയ ഉയര്‍ന്ന ചിറകള്‍ നിര്‍മ്മിച്ചിരിക്കുകയാണ്. ഇതുകൊണ്ട് മഴവെള്ളം വയലുകളില്‍ ശേഖരിക്കപ്പെടാനും ഭൂമിയിലേക്ക് താഴ്ന്ന് ഇറങ്ങാനും തുടങ്ങി. ഇപ്പോള്‍ ഈ ജനങ്ങള്‍ വയലുകളിലെ ചിറകളില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്ക്കരിച്ചു വരികയാണ്. എന്നുവെച്ചാല്‍, ഇനി കര്‍ഷകര്‍ക്ക് ജലം, വൃക്ഷങ്ങള്‍ പിന്നെ വനവും, ഇവ മൂന്നും ലഭിച്ചുതുടങ്ങും. വിദൂരമായ പ്രദേശങ്ങളില്‍ പോലും ഇതിന്‍റെ ഗുണഫലം ഉണ്ടാകും.

സുഹൃത്തുക്കളേ, ഇതില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് നാം നമ്മുടെ സമീപപ്രദേശങ്ങളില്‍ ഏതു പ്രകാരത്തിലാണെങ്കിലും ജലം സംരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അതു ചെയ്യണം. വളരെ പ്രാധാന്യമേറിയ ഈ മഴക്കാലത്തെ നാം നഷ്ടപ്പെടുത്താന്‍ പാടില്ല.

എന്‍റെ പ്രിയപ്പെട്ട ദേശവാസികളേ, നമ്മുടെ ശാസ്ത്രങ്ങളില്‍ പറഞ്ഞിട്ടുണ്ട്, '” ഭൂമിയില്‍ എന്തെങ്കിലും ഔഷധഗുണമില്ലാത്ത സസ്യവര്‍ഗ്ഗം ഇല്ല". നമ്മുടെ ചുറ്റുപാടുകളില്‍ അത്ഭുത ഗുണങ്ങളുള്ള എത്രയോ സസ്യജാലങ്ങളുണ്ട്. എന്നാല്‍ പലപ്പോഴും നമുക്ക് അവയെ കുറിച്ച് ഒരറിവും ഉണ്ടായിരിക്കില്ല. നൈനിറ്റാളില്‍ നിന്ന് പരിതോഷ് എന്നൊരു സുഹൃത്ത് ഇതേ വിഷയത്തില്‍ എനിക്കൊരു കത്തയച്ചിട്ടുണ്ട്. ചിറ്റമൃത് ഉള്‍പ്പെടെ അനേകം സസ്യവര്‍ഗ്ഗങ്ങളുടെ അത്ഭുതകരമായ ഔഷധഗുണങ്ങളെ കുറിച്ച് കൊറോണ വന്നതിനുശേഷം മാത്രമാണ് അറിവ് ലഭിച്ചത് എന്നാണ്. മന്‍ കി ബാത്തിലെ എല്ലാ ശ്രോതാക്കളോടും ഞാന്‍ ഈ വിവരം പങ്കുവെയ്ക്കുകയും അവരോട് തങ്ങളുടെ സമീപത്തുള്ള സസ്യവര്‍ഗ്ഗങ്ങളെ കുറിച്ച് അറിയണമെന്നും മറ്റുള്ളവരോട് അറിവ് പങ്കുവെയ്ക്കണമെന്നും പരിതോഷ് എന്നോട് ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. വാസ്തവത്തില്‍ ഇത് നമ്മുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പൈതൃകമാണ്. ഇതിനെ നമുക്കു തന്നെ സംരക്ഷിക്കേണ്ടതുണ്ട്. ഈ വിഷയത്തില്‍ മദ്ധ്യപ്രദേശിലെ സത്നയിലെ ഒരു സുഹൃത്ത് ശ്രീ രാംലോധന്‍ ശ്രമം നടത്തിയിട്ടുണ്ട്. രാംലോധന്‍ തന്‍റെ കൃഷിയിടത്തില്‍ പ്രാദേശിക മ്യൂസിയം നിര്‍മ്മിച്ചിട്ടുണ്ട്. ഈ മ്യൂസിയത്തില്‍ അദ്ദേഹം നൂറുകണക്കിന് ഔഷധസസ്യങ്ങളും വിത്തുകളും ശേഖരിച്ചിട്ടുണ്ട്. അദ്ദേഹം ഇവ വളരെ വിദൂര പ്രദേശങ്ങളില്‍ നിന്നും ഇവിടെ കൊണ്ടുവന്നിരിക്കുകയാണ്. ഇതു കൂടാതെ അദ്ദേഹം എല്ലാ വര്‍ഷവും പല ഇനങ്ങളിലുള്ള ഭാരതീയ ഇലക്കറികളും പച്ചക്കറികളും ഉല്പാദിപ്പിക്കുന്നു. ശ്രീ രാംലോധന്‍റെ ചെറിയ ഉദ്യാനം, ഈ പ്രദേശത്തെ മ്യൂസിയം സന്ദര്‍ശിക്കുവാന്‍ ധാരാളം ആളുകള്‍ വരികയും അദ്ദേഹത്തില്‍ നിന്നും ധാരാളം കാര്യങ്ങള്‍ ഗ്രഹിക്കുകയും ചെയ്യുന്നു. വാസ്തവത്തില്‍ നാടിന്‍റെ വിവിധ ഭാഗങ്ങളില്‍ അനുവര്‍ത്തിക്കപ്പെടാന്‍ ഉതകുന്ന ഒരു നല്ല പരീക്ഷമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നിങ്ങളില്‍ ആര്‍ക്കെങ്കിലും ഇതുപോലെയുള്ള ശ്രമം നടത്താന്‍ കഴിയുമെങ്കില്‍ തീര്‍ച്ചയായും അത് ചെയ്യണമെന്നാണ്. ഇതുകൊണ്ട് നിങ്ങളുടെ വരുമാനത്തിന് ഒരു മാര്‍ഗ്ഗം തുറക്കപ്പെട്ടേക്കാം. തദ്ദേശീയമായ സസ്യവര്‍ഗ്ഗങ്ങളില്‍ക്കൂടി നിങ്ങളുടെ പ്രദേശം കൂടുതല്‍ അറിയപ്പെടാന്‍ തുടങ്ങിയേക്കാം എന്നൊരു പ്രയോജനം കൂടി ഇതിനുണ്ടായേക്കാം.

എന്‍റെ പ്രിയപ്പെട്ട ദേശവാസികളേ, ഇന്നേക്ക് ഏതാനും ദിവസങ്ങള്‍ക്കു ശേഷം ജൂലൈ ഒന്നിന് നാം നാഷണല്‍ ഡോക്ടേഴ്സ് ഡേ ആചരിക്കും. ഈ ദിവസം രാജ്യത്തെ മഹാനായ ചികിത്സകനും ഭരണകര്‍ത്താവുമായിരുന്ന ഡോക്ടര്‍ ബി സി റായിയുടെ ജയന്തിക്കായി സമര്‍പ്പിക്കപ്പെട്ട ദിനം കൂടിയാണ്. കൊറോണക്കാലത്ത് ഡോക്ടര്‍മാരുടെ സംഭാവനയോട് നാമെല്ലാം കടപ്പെട്ടിരിക്കുന്നു. നമ്മുടെ ഡോക്ടര്‍മാര്‍ തങ്ങളുടെ ജീവനെ പോലും പരിഗണിക്കാതെ നമുക്ക് സേവനങ്ങള്‍ നല്‍കി. അതുകൊണ്ട് ഇത്തവണ നാഷണല്‍ ഡോക്ടേഴ്സ് ഡേ ഒരു പ്രത്യേകതയാണ്.

സുഹൃത്തുക്കളേ, മെഡിസിന്‍റെ ലോകത്ത് ഏറ്റവും ആദരിക്കപ്പെടുന്ന ഹിപ്പോക്രാറ്റസ് പറഞ്ഞിരുന്നു, "എവിടെ വൈദ്യശാസ്ത്രത്തോട് സ്നേഹമുണ്ടോ അവിടെ മനുഷ്യരാശിയോടും സ്നേഹമുണ്ട്." ഡോക്ടര്‍മാര്‍ ഇതേ സ്നേഹത്തിന്‍റെ ശക്തികൊണ്ടു തന്നെയാണ് നമുക്ക് സേവനം നല്‍കുന്നത്. അതുകൊണ്ട് അത്രതന്നെ സ്നേഹത്തോടെ അവര്‍ക്ക് നന്ദിയര്‍പ്പിക്കുക അവര്‍ക്ക് ധൈര്യം പകരുക, ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുക നമ്മുടെ കടമയാണ്. അതുപോലെ നമ്മുടെ നാട്ടില്‍ ഡോക്ടര്‍മാരെ സഹായിക്കാനായി മുന്നോട്ടു വന്ന് പ്രവര്‍ത്തിക്കുവാനും ധാരാളം പേരുണ്ട്. ശ്രീനഗറില്‍ നിന്നും ഇങ്ങനെയുള്ള ശ്രമത്തെ കുറിച്ചും എനിക്ക് അറിവ് കിട്ടിയിട്ടുണ്ട്. ഇവിടെ ഡല്‍ തടാകത്തില്‍ ഒരു ബോട്ട് ആംബുലന്‍സ് സര്‍വ്വീസ് ആരംഭിച്ചിട്ടുണ്ട്. ഈ സേവനം ശ്രീനഗറിലെ ശ്രീ താരിഖ് അഹമ്മദ് പാട്ലോ ആണ് തുടങ്ങിയത്. ഇദ്ദേഹം ഒരു ഹൗസ്ബോട്ട് ഉടമയാണ്. അദ്ദേഹം കോവിഡ് 19 മായി പടവെട്ടാനെത്തിയ ആളാണ്. ഇതില്‍ നിന്നാണ് അദ്ദേഹത്തിന് ആംബുലന്‍സ് സര്‍വ്വീസ് തുടങ്ങുന്നതിനുള്ള പ്രചോദനം കിട്ടിയത്. അദ്ദേഹത്തിന്‍റെ ഈ ആംബുലന്‍സില്‍ കൂടി ജനങ്ങളെ ജാഗരൂകരാക്കുന്നതിനുള്ള ഒരു കാര്യം ചെയ്യുന്നു. അദ്ദേഹം തുടര്‍ച്ചയായി ആംബുലന്‍സില്‍ നിന്നും അനൗണ്‍സ്മെന്‍റും നടത്തിവരുന്നു. ജനങ്ങള്‍ മാസ്ക് ധരിക്കുന്നതു മുതലുള്ള മറ്റെല്ലാ മുന്‍കരുതലുകളും എടുക്കുന്നതിന് അവരെ പ്രേരിപ്പിക്കുകയാണ്, ഉപദേശിക്കുകയാണ്.

സുഹൃത്തുക്കളേ, ഡോക്ടേഴ്സ് ഡേയോടൊപ്പം തന്നെ ജൂലൈ ഒന്നിന് ചാര്‍ട്ടേഡ് അക്കൗണ്ട്സ് ഡേയും ആചരിക്കപ്പെടുന്നുണ്ട്. ഞാന്‍ കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ്മാരോട് ആഗോളതലത്തിലുള്ള ഭാരതീയ ഓഡിറ്റ് ഫാര്‍മ്സ് എന്ന ഉപഹാരം ആവശ്യപ്പെട്ടിരുന്നു. ഇന്ന് ഞാന്‍ അക്കാര്യം ഓര്‍മ്മപ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ സുതാര്യത കൊണ്ടുവരുന്നതിനായി ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ്സിന് വളരെ മെച്ചപ്പെട്ടതും സകാരാത്മകവുമായ പങ്ക് നിര്‍വ്വഹിക്കാനാകും. ഞാന്‍ എല്ലാ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ്സിനും അവരുടെ കുടുംബാംഗങ്ങള്‍ക്കും എല്ലാവിധ നന്മകളും നേരുന്നു.
എന്‍റെ പ്രിയപ്പെട്ട ദേശവാസികളേ, കൊറോണയ്ക്കെതിരായ ഭാരതത്തിന്‍റെ പോരാട്ടത്തിന് ഒരു വലിയ പ്രത്യേകതയുണ്ട്. ഈ പോരാട്ടത്തില്‍ ഭാരതത്തിലെ ഓരോ വ്യക്തിയും പൗരനും അവന്‍റെ പങ്ക് നിര്‍വ്വഹിച്ചിട്ടുണ്ട്. ഞാന്‍ മന്‍ കി ബാത്തില്‍ പലരോടും ഇത് പരാമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ ചിലരെ കുറിച്ച് വേണ്ടത്ര പരാമര്‍ശിക്കപ്പെടുന്നില്ല എന്ന് ചിലര്‍ക്ക് പരാതിയുമുണ്ട്. അവര്‍ ബാങ്ക് ഉദ്യോഗസ്ഥരാകട്ടെ, അദ്ധ്യാപകരാകട്ടെ, കച്ചവടക്കാരാകട്ടെ, കടകളില്‍ ജോലി എടുക്കുന്നവരാകട്ടെ, വാച്ച്മാനാകട്ടെ, പോസ്റ്റ്മാനാകട്ടെ അല്ലെങ്കില്‍ പോസ്റ്റ് ഓഫീസ് ജീവനക്കാരാകട്ടെ, സത്യത്തില്‍ ഈ പട്ടിക വളരെ നീണ്ടതാണ്. ഇവരെല്ലാം തന്നെ അവരവരുടെ പങ്ക് നിര്‍വ്വഹിച്ചിരുന്നവരാണ്. സര്‍ക്കാരിലും ഭരണതലത്തിലും എത്രയോ പേര്‍ വിവിധ തലങ്ങളില്‍ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു.

സുഹൃത്തുക്കളേ, നിങ്ങള്‍ ഒരുപക്ഷേ, ഭാരതസര്‍ക്കാരിന്‍റെ സെക്രട്ടറി ആയിരുന്നിട്ടുള്ള ഗുരുപ്രസാദ് മഹാപാത്രയുടെ പേര് കേട്ടിട്ടുണ്ടാകും. ഞാന്‍ ഇന്ന് മന്‍ കി ബാത്തില്‍ അദ്ദേഹത്തെ കുറിച്ച് പരാമര്‍ശിക്കാന്‍ ആഗ്രഹിക്കുന്നു. ഗുരുപ്രസാദിന് കൊറോണ പിടിപെട്ടിരുന്നു. അദ്ദേഹത്തെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ ആയെങ്കിലും അദ്ദേഹം തന്‍റെ ജോലികള്‍ കൃത്യമായി ചെയ്തുപോന്നു.

ഈ സമയത്ത് ഓക്സിജന്‍റെ ആവശ്യം വര്‍ദ്ധിച്ചു. തുടര്‍ന്ന് ഉല്പാദനം കൂട്ടേണ്ടി വന്നു, ഇതിനുവേണ്ടി അദ്ദേഹം രാവും പകലും പ്രവര്‍ത്തിച്ചു. ഒരുവശത്ത് കോടതിയുടെ പ്രശ്നം, മാധ്യമങ്ങളുടെ സമ്മര്‍ദ്ദം, ഒരേസമയത്ത് പല യുദ്ധമുഖങ്ങളില്‍ അദ്ദേഹം പൊരുതിക്കൊണ്ടിരിക്കുകയായിരുന്നു. രോഗസമയത്ത് അദ്ദേഹം തന്‍റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചില്ല. അദ്ദേഹത്തെ വിലക്കിയെങ്കിലും അദ്ദേഹം ശാഠ്യം പിടിച്ച് ഓക്സിജനെ സംബന്ധിച്ച വീഡിയോ കോണ്‍ഫറന്‍സുകളില്‍ പങ്കെടുത്തിരുന്നു. നാട്ടിലെ ജനങ്ങളെ കുറിച്ച് അദ്ദേഹം അത്രമാത്രം ആകുലപ്പെട്ടിരുന്നു. അദ്ദേഹം ആശുപത്രിയിലെ ബെഡില്‍ തന്നെ തന്നെ അവഗണിച്ചുകൊണ്ട് രാജ്യത്തെ ജനങ്ങളിലേക്ക് ഓക്സിജന്‍ എത്തിച്ചു കൊടുക്കുന്നതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുന്നതില്‍ മുഴുകുകയായിരുന്നു. അതിനെക്കാളും ദുഃഖകരമായ സംഭവം ഈ പോരാളിയെ രാജ്യത്തിന് നഷ്ടമായി എന്നതാണ്. കൊറോണ അദ്ദേഹത്തെ നമ്മില്‍ നിന്നും അപഹരിച്ചു. ഇങ്ങനെ എണ്ണമറ്റ ആളുകള്‍ ഉണ്ട്. അവരെ കുറിച്ചൊന്നും ഒരിക്കലും പരാമര്‍ശിക്കപ്പെട്ടിട്ടില്ല. ഇങ്ങനെയുള്ള ഓരോ വ്യക്തികള്‍ക്കും നാം സമര്‍പ്പിക്കുന്ന ആദരാഞ്ജലി. നാം കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായും പാലിക്കുകയും തീര്‍ച്ചയായും വാക്സിന്‍ എടുക്കുകയും ചെയ്യുക എന്നുള്ളതിയിരിക്കും.

എന്‍റെ പ്രിയപ്പെട്ട ദേശവാസികളേ, മന്‍ കി ബാത്തിലെ ഏറ്റവും നല്ല കാര്യം ഇതില്‍ എന്നേക്കാളധികം നിങ്ങളുടെയെല്ലാം പങ്കാളിത്തം ഉണ്ടെന്നുള്ളതാണ്. ഞാനിപ്പോള്‍ മൈ ഗവ് ഇൽ‍ ഒരു പോസ്റ്റ് കണ്ടു. ഇത് ചെന്നൈയിലെ ശ്രീ ആര്‍ ഗുരുപ്രസാദിന്‍റേതാണ്. അദ്ദേഹം എന്താണ് എഴുതിയത് എന്നറിഞ്ഞാല്‍ നിങ്ങള്‍ക്കും ഇഷ്ടമാകും. അദ്ദേഹം എഴുതിയിരിക്കുന്നത് അദ്ദേഹം മന്‍ കി ബാത്ത് പരിപാടിയുടെ സ്ഥിരം ശ്രോതാവാണ് എന്നാണ്. ഗുരുപ്രസാദിന്‍റെ പോസ്റ്റില്‍ നിന്ന് ഞാനിപ്പോള്‍ ചില വരികള്‍ ഇവിടെ പറയുന്നു. അദ്ദേഹം എഴുതിയിരിക്കുന്നു, എപ്പോഴെല്ലാം താങ്കള്‍ തമിഴ്നാടിനെ കുറിച്ച് സംസാരിക്കുന്നുവോ അപ്പോള്‍ എന്‍റെ താല്പര്യം കുറച്ചുകൂടി വര്‍ദ്ധിക്കുന്നു. അങ്ങ് തമിഴ് ഭാഷയുടെയും സംസ്കാരത്തിന്‍റെയും മാഹാത്മ്യത്തെ കുറിച്ചും തമിഴ് ഉത്സവങ്ങളെ കുറിച്ചും തമിഴ്നാട്ടിലെ പ്രധാന സ്ഥലങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്തിട്ടുണ്ട്. ശ്രീ ഗുരുപ്രസാദ് തുടരുന്നു, മന്‍ കി ബാത്തില്‍ ഞാന്‍ തമിഴ്നാട്ടിലെ ജനങ്ങളുടെ നേട്ടങ്ങളെ കുറിച്ചും പലതവണ പറഞ്ഞിട്ടുണ്ട്. തിരുക്കുറളിനോട് അദ്ദേഹത്തിനുള്ള സ്നേഹവും തിരുവള്ളുവരെ കുറിച്ച് അദ്ദേഹത്തിനുള്ള ആദരവിനെ കുറിച്ചും എന്തുപറയാന്‍! അതുകൊണ്ട് ഞാന്‍ മന്‍ കി ബാത്തില്‍ അങ്ങ് തമിഴ്നാടിനെ കുറിച്ച് എന്തെല്ലാം പറഞ്ഞുവോ അതെല്ലാം കൂടി ഉള്‍പ്പെടുത്തി ഒരു ഇ-ബുക്ക് തയ്യാറാക്കിയിട്ടുണ്ട്. അങ്ങ് ഈ ഇ-ബുക്കിനെ കുറിച്ച് എന്തെങ്കിലും കുറച്ച് സംസാരിക്കുകയും അത് നമോ ആപ്പില്‍ റിലീസ് ചെയ്യുകയും ചെയ്യുമോ? നന്ദി.

ഞാന്‍ ശ്രീ ഗുരുപ്രസാദിന്‍റെ കത്ത് നിങ്ങളുടെ മുന്നില്‍ വായിക്കുകയായിരുന്നു. ശ്രീ ഗുരുപ്രസാദ് നന്ദി. അങ്ങയുടെ ഈ പോസ്റ്റ് വായിച്ച് വളരെ സന്തോഷം ഉണ്ടായി.
"ഞാന്‍ തമിഴിനെ കുറിച്ച് അത്യധികം അഭിമാനം കൊള്ളുന്നു"
ഞാന്‍ തമിഴ് സംസ്കാരത്തിന്‍റെ വലിയ ആരാധകനാണ്. ഞാന്‍ ലോകത്തിലെ ഏറ്റവും പ്രാചീനമായ തമിഴിന്‍റെയും ആരാധകനാണ്.

സുഹൃത്തുക്കളേ, ലോകത്തിലെ ഏറ്റവും പ്രാചീനമായ ഭാഷ നമ്മുടെ രാജ്യത്തിന്‍റേതാണ്. ഓരോ ഭാരതീയനും ഇതിന്‍റെ ഗുണഗണങ്ങളെ പ്രകീര്‍ത്തിക്കണം. അതില്‍ അഭിമാനം കൊള്ളുകയും വേണം. ഞാനും തമിഴിന്‍റെ പേരില്‍ വളരെ അഭിമാനം കൊള്ളുന്നു. ശ്രീ ഗുരുപ്രസാദ്, താങ്കളുടെ പരിശ്രമം എനിക്ക് ഒരു പുതിയ കാഴ്ച തരുന്നതാണ്. കാരണം, ഞാന്‍ മന്‍ കി ബാത്ത് പറയുമ്പോള്‍ സ്വാഭാവികമായും സരളമായ ശൈലിയില്‍ എനിക്ക് പറയാനുള്ള കാര്യങ്ങള്‍ നിങ്ങളുടെ മുന്നില്‍ വെയ്ക്കുന്നു. ഇതിന് ഗുണപരമായ ഒരു ഘടകം ഉണ്ടായിരുന്നു എന്നും എനിക്കറിയില്ലായിരുന്നു. താങ്കള്‍ പഴയ കാര്യങ്ങളെല്ലാം ശേഖരിച്ചപ്പോള്‍ ഞാനും അത് രണ്ടുതവണ വായിച്ചു. ശ്രീ ഗുരുപ്രസാദ് താങ്കളുടെ ഇ-ബുക്ക് ഞാന്‍ നമോ ആപ്പില്‍ തീര്‍ച്ചയായും അപ്ലോഡ് ചെയ്യിക്കാം. ഭാവിയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി താങ്കള്‍ക്ക് വളരെ വളരെ ശുഭാശംസകള്‍.

എന്‍റെ പ്രിയപ്പെട്ട ദേശവാസികളേ, ഇന്നു നാം കൊറോണയുടെ കഷ്ടപ്പാടുകളേയും മുന്‍കരുതലുകളേയും കുറിച്ച് സംസാരിച്ചു. നാടിനെ കുറിച്ചും ദേശവാസികളുടെ പല നേട്ടങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്തു. ഇനിയും ഇതിലും വലിയ അവസരം കൂടി നമ്മുടെ മുന്നിലുണ്ട്. ആഗസ്റ്റ് 15 വരാനിരിക്കുന്നു. സ്വാതന്ത്ര്യത്തിന്‍റെ 75 വര്‍ഷം പൂര്‍ത്തിയാകുന്നു. അമൃതമഹോത്സവം നമുക്ക് വളരെ പ്രേരണാദായകമാണ്. നാം നാടിനുവേണ്ടി ജീവിക്കാന്‍ പഠിക്കണം. സ്വാതന്ത്ര്യസമരം നാടിനുവേണ്ടി ജീവത്യാഗം ചെയ്തവരുടെയാണ്. സ്വാതന്ത്ര്യാനന്തരമുള്ള ഈ കാലത്തെ നമുക്ക് നാടിന് വേണ്ടി ജീവിക്കുന്നവരുടെ കഥയാക്കിത്തീര്‍ക്കണം. നമ്മുടെ മന്ത്രം ഇതായിരിക്കണം, ഇന്ത്യയാണ് ഒന്നാമത് . നമ്മുടെ ഓരോ തീരുമാനവും ഇതായിരിക്കണം - ഇന്ത്യയാണ് ഒന്നാമത് .

സുഹൃത്തുക്കളെ, അമൃതമഹോത്സവത്തില്‍ രാജ്യം പല സാമൂഹിക ലക്ഷ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്. നമുക്ക് നമ്മുടെ സ്വാതന്ത്ര്യസമര സേനാനികളെ സ്മരിക്കാം. അവരുമായി ബന്ധപ്പെട്ട ചരിത്രത്തെ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്. നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടാകും, മന്‍ കി ബാത്തില്‍ ഞാന്‍ യുവാക്കളോട് സ്വാതന്ത്ര്യസമരത്തെ കുറിച്ച് ചരിത്രപരമായി ലേഖനം തയ്യാറാക്കാണം, അതില് ഗവേഷണം നടത്തുകയും ചെയ്യുന്നതിനെ കുറിച്ച് അഭ്യര്‍ത്ഥിച്ചിരുന്നു. യുവ പ്രതിഭകള്‍ മുന്നോട്ടു വരികയും യുവ ചിന്തകള്‍ക്ക് പുതിയ ഊര്‍ജ്ജം സംഭരിച്ച് എഴുതുകയും വേണമെന്നതാണ് അതിന്‍റെ ഉദ്ദേശ്യം. വളരെ കുറച്ചു സമയം കൊണ്ട് 2500 ലധികം യുവാക്കള്‍ ഈ ജോലി ഏറ്റെടുക്കുന്നതില്‍ മുന്നോട്ട് വന്നിട്ടുണ്ടെന്ന് കാണുന്നതില്‍ എനിക്ക് സന്തോഷം തോന്നുന്നു. സുഹൃത്തുക്കളേ, താല്പര്യകരമായ കാര്യം ഇതാണ്, 19, 20 നൂറ്റാണ്ടുകളിലെ പോരാട്ടത്തെ കുറിച്ച് സാധാരണ പറയാറുണ്ട്. എന്നാല്‍ സന്തോഷകരമായ കാര്യം 21-ാം നൂറ്റാണ്ടില്‍ ജനിച്ച യുവാക്കള്‍, 19, 20 നൂറ്റാണ്ടുകളില്‍ സ്വാതന്ത്ര്യസമര പോരാട്ടം ജനങ്ങളുടെ മുന്‍പില്‍ അവതരിപ്പിക്കാനുള്ള വെല്ലുവിളി ഏറ്റെടുത്തിരിക്കുകയാണ്. ഈ ആളുകള്‍ എല്ലാവരും മൈ ഗവ് ഇൽ ‍ ഇതിനെക്കുറിച്ചുള്ള എല്ലാ വിവരണങ്ങളും അയച്ചിട്ടുണ്ട്. ഇവര്‍ ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, കന്നഡ, ബംഗ്ല, തെലുങ്ക്, മറാഠി, മലയാളം, ഗുജറാത്തി തുടങ്ങി രാജ്യത്തെ വിവിധ ഭാഷകളില്‍ സ്വാതന്ത്ര്യസമരത്തെ കുറിച്ച് എഴുതി. ചിലതൊക്കെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടിരുന്ന നമ്മുടെ സമീപപ്രദേശങ്ങളെ കുറിച്ചുള്ള വിവരണം ശേഖരിച്ചുകൊണ്ടിരിക്കുന്നു മറ്റു ചിലര്‍. ആദിവാസികളായ സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ചുള്ള പുസ്തകം രചിച്ചുകൊണ്ടിരിക്കുന്നു. ഇതൊരു നല്ല തുടക്കമാണ്. എനിക്ക് നിങ്ങളോടുള്ള ഒരു അഭ്യര്‍ത്ഥന നിങ്ങള്‍ക്ക് അമൃതമഹോത്സവവുമായി എങ്ങനെയൊക്കെയോ ബന്ധപ്പെടാമോ തീര്‍ച്ചായും അങ്ങനെയെല്ലാം ബന്ധപ്പെടുക. നാം സ്വാതന്ത്ര്യസമരത്തിന്‍റെ 75 -ാം വാര്‍ഷികദിനത്തിന് സാക്ഷികളായി എന്നത് നമ്മുടെ വലിയ ഭാഗ്യമായി കരുതാം. അതുകൊണ്ട് അടുത്ത തവണ നാം മന്‍ കി ബാത്തില്‍ കണ്ടുമുട്ടുമ്പോള്‍ അമൃതമഹോത്സവത്തെ കുറിച്ചും അതിന്‍റെ തയ്യാറെടുപ്പുകളെ കുറിച്ചും സംസാരിക്കാം. നിങ്ങളെല്ലാവരും സ്വസ്ഥമായിരിക്കുക. ആരോഗ്യത്തോടെയിരിക്കുക. കൊറോണയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പാലിച്ചുകൊണ്ട് മുന്നോട്ട് പോവുക. നിങ്ങളുടെ പുതിയ പുതിയ പരിശ്രമങ്ങള്‍ കൊണ്ട് ഇതുപോലെ തന്നെ നാടിന് ശക്തി നല്‍കുക. ഈ ശുഭാശംസകളോടെ വളരെ വളരെ നന്ദി.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Snacks, Laughter And More, PM Modi's Candid Moments With Indian Workers In Kuwait

Media Coverage

Snacks, Laughter And More, PM Modi's Candid Moments With Indian Workers In Kuwait
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
List of Outcomes: Visit of Prime Minister to Kuwait (December 21-22, 2024)
December 22, 2024
Sr. No.MoU/AgreementObjective

1

MoU between India and Kuwait on Cooperation in the field of Defence.

This MoU will institutionalize bilateral cooperation in the area of defence. Key areas of cooperation include training, exchange of personnel and experts, joint exercises, cooperation in defence industry, supply of defence equipment, and collaboration in research and development, among others.

2.

Cultural Exchange Programme (CEP) between India and Kuwait for the years 2025-2029.

The CEP will facilitate greater cultural exchanges in art, music, dance, literature and theatre, cooperation in preservation of cultural heritage, research and development in the area of culture and organizing of festivals.

3.

Executive Programme (EP) for Cooperation in the Field of Sports
(2025-2028)

The Executive Programme will strengthen bilateral cooperation in the field of sports between India and Kuwait by promoting exchange of visits of sports leaders for experience sharing, participation in programs and projects in the field of sports, exchange of expertise in sports medicine, sports management, sports media, sports science, among others.

4.

Kuwait’s membership of International Solar Alliance (ISA).

 

The International Solar Alliance collectively covers the deployment of solar energy and addresses key common challenges to the scaling up of use of solar energy to help member countries develop low-carbon growth trajectories.