''100 കോടി പ്രതിരോധ കുത്തിവയ്പ്പുകള്‍ എന്നത് വെറുമൊരു സംഖ്യയല്ല; രാജ്യത്തിന്റെ കരുത്തിന്റെ പ്രതിഫലനമാണ്''
''ഇന്ത്യയുടെ വിജയം; ഓരോ ഇന്ത്യക്കാരന്റെയും വിജയം''
''രോഗത്തിനു വിവേചനമില്ലെങ്കില്‍ കുത്തിവയ്പിനും വിവേചനമില്ല. അതുകൊണ്ടാണ് വിഐപി സംസ്‌കാരത്തിന് വാക്‌സിനേഷന്‍ ക്യാമ്പയ്‌നില്‍ ആധിപത്യം നല്‍കില്ലെന്ന് ഉറപ്പാക്കിയത്''
''ഔഷധകേന്ദ്രം എന്ന നിലയില്‍ ലോകത്തിന് ഇന്ത്യയിലുള്ള സ്വീകാര്യത കൂടുതല്‍ കരുത്തുറ്റതാക്കും.''
''മഹാമാരിക്കെതിരായ രാജ്യത്തിന്റെ പോരാട്ടത്തില്‍ പൊതുപങ്കാളിത്തത്തെയാണ് ഗവണ്‍മെന്റ് പ്രതിരോധത്തിന്റെ ആദ്യ വ്യൂഹമാക്കിയത്''
''ഇന്ത്യയുടെ പ്രതിരോധകുത്തിവയ്പു പരിപാടി ശാസ്ത്രത്താല്‍ പിറന്നതും ശാസ്ത്രം മുന്നോട്ടുകൊണ്ടുപോകുന്നതും ശാസ്ത്രാധിഷ്ഠിതവുമാണ്''
''ഇന്ന് ഇന്ത്യന്‍ കമ്പനികളില്‍ റെക്കോര്‍ഡ് നിക്ഷേപങ്ങള്‍ വരുന്നുവെന്നു മാത്രമല്ല, യുവാക്കള്‍ക്ക് പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുന്നു. സ്റ്റാര്‍ട്ടപ്പുകളില്‍ റെക്കോര്‍ഡ് നിക്ഷേപത്തോടെ, യൂണികോണുകളും വളര്‍ന്നുവരുന്നു''
''സ്വച്ഛ് ഭാരത് അഭിയാന്‍ ഒരു ബഹുജന മുന്നേറ്റമായതുപോലെ, ഇന്ത്യയില്‍ നിര്‍മ്മിച്ച സാധനങ്ങള്‍ വാങ്ങുക, ഇന്ത്യക്കാര്‍ നിര്‍മിച്ച ഉല്‍പ്പന്നങ്ങള്‍ വാങ്ങുക, പ്രാദേശികതയുടെ ശബ്ദമാകുക എന്നിവയും പ്രയോഗത്തില്‍ വരുത്തണം''
''സംരക്ഷണം എത്ര മികച്ചതാണെങ്കിലും, കവചം എത്ര നവീനമെങ്കിലും, കവചം പൂര്‍ണ്ണ പരിരക്ഷ ഉറപ്പ് നല്‍കിയാലും, യുദ്ധം നടക്കുമ്പോള്‍ ആയുധങ്ങള്‍ ഉപേക്ഷിക്കാറില്ല. ഒരു കാരണവശാലും അശ്രദ്ധരാകരുത്. നമ്മുടെ ഉത്സവങ്ങള്‍ അതീവ ജാഗ്രതയോടെവേണം ആഘോഷിക്കാന്‍''

നമസ്‌കാരം, എന്റെ പ്രിയപ്പെട്ട ദേശവാസികളേ!

ഇന്ന് ഞാന്‍ ഒരു വേദവചനത്തില്‍ നിന്നു തുടങ്ങാന്‍ ആഗ്രഹിക്കുന്നു.

കൃതമൂ മേ ദക്ഷിണേ ഹസ്‌തേ
ജയേ മേ സവ്യ ആഹിത:

ഇന്ത്യയുടെ പശ്ചാത്തലത്തില്‍ ഇത് നോക്കുകയാണെങ്കില്‍, ഒരു വശത്ത് നമ്മുടെ രാജ്യം കടമ നിര്‍വഹിക്കുകയും മറുവശത്ത് അത് വലിയ വിജയം നേടുകയും ചെയ്തു എന്നാണ് അര്‍ത്ഥമാക്കുന്നത്. ഇന്നലെ, ഒക്ടോബര്‍ 21 ന്, ഇന്ത്യ ബുദ്ധിമുട്ടുള്ളതും എന്നാല്‍ അസാധാരണവുമായ ലക്ഷ്യം കൈവരിച്ചു; 100 കോടി വാക്‌സിന്‍ ഡോസുകള്‍ തികച്ചു. ഈ നേട്ടത്തിന് പിന്നില്‍ 130 കോടി രാജ്യവാസികളുടെ കടമയാണു പ്രവര്‍ത്തിച്ചത്. അതിനാല്‍ ഈ വിജയം ഇന്ത്യയുടെ വിജയമാണ്, ഓരോ നാട്ടുകാരന്റെയും വിജയം.  ഇതിന്റെ പേരില്‍ എല്ലാ രാജ്യവാസികളെയും ഞാന്‍ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളേ,

100 കോടി വാക്‌സിന്‍ ഒരു സംഖ്യയല്ല. അത് രാജ്യത്തിന്റെ സാധ്യതകളുടെ പ്രതിഫലനമാണ്; അത് ചരിത്രത്തിന്റെ പുതിയ അധ്യായമാണ്. ബുദ്ധിമുട്ടുള്ള ലക്ഷ്യങ്ങള്‍ വയ്ക്കാനും അവ നേടാനും അറിയാവുന്ന ആ പുതിയ ഇന്ത്യയുടെ ചിത്രമാണിത്. ദൃഢനിശ്ചയങ്ങളുടെ പൂര്‍ത്തീകരണത്തിനായി കഠിനമായി പരിശ്രമിക്കുന്ന ആ പുതിയ ഇന്ത്യയുടെ ചിത്രമാണിത്.

സുഹൃത്തുക്കളേ,

ഇന്ന് ഇന്ത്യയുടെ പ്രതിരോധ കുത്തിവയ്പ്പ് പദ്ധതിയെ ലോകത്തിന്റെ മറ്റ് രാജ്യങ്ങളുമായി നിരവധി ആളുകള്‍ താരതമ്യം ചെയ്തു. ഇന്ത്യ നൂറു കോടി കടന്ന വേഗതയും അഭിനന്ദിക്കപ്പെടുന്നു. എന്നിരുന്നാലും, ഈ വിശകലനത്തില്‍ പലപ്പോഴും ഒരു കാര്യം നഷ്ടപ്പെടുന്നു, അത് എവിടെ നിന്നാണ് നമ്മള്‍ ആരംഭിച്ചത് എന്നതാണ്. വികസിത രാജ്യങ്ങള്‍ക്ക് വാക്‌സിനുകളുടെ ഗവേഷണവും വികസനവും സംബന്ധിച്ച് പതിറ്റാണ്ടുകള്‍ പഴക്കമുള്ള വൈദഗ്ദ്ധ്യം ഉണ്ടായിരുന്നു. ഈ രാജ്യങ്ങള്‍ വികസിപ്പിച്ച വാക്‌സിനുകളെയാണ് ഇന്ത്യ കൂടുതലും ആശ്രയിച്ചിരുന്നത്. നാം അവ ഇറക്കുമതി ചെയ്യുമായിരുന്നു. അതിനാല്‍, 100 വര്‍ഷത്തെ ഏറ്റവും വലിയ പകര്‍ച്ചവ്യാധി വന്നപ്പോള്‍ ഇന്ത്യയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നു. ഈ ആഗോള മഹാമാരിക്കെതിരെ പോരാടാന്‍ ഇന്ത്യയ്ക്ക് കഴിയുമോ? മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇത്രയധികം വാക്‌സിനുകള്‍ വാങ്ങാന്‍ ഇന്ത്യക്ക് എവിടെ നിന്ന് പണം ലഭിക്കും?  ഇന്ത്യയ്ക്ക് എപ്പോഴാണ് പ്രതിരോധ കുത്തിവയ്പ്പുകള്‍ ലഭിക്കുക?  ഇന്ത്യയിലെ ജനങ്ങള്‍ക്ക് വാക്‌സിനുകള്‍ ലഭിക്കുമോ ഇല്ലയോ?  പകര്‍ച്ചവ്യാധി പടരാതിരിക്കാന്‍ വേണ്ടത്ര ആളുകള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കാന്‍ ഇന്ത്യയ്ക്ക് കഴിയുമോ?  വിവിധ ചോദ്യങ്ങള്‍ ഉണ്ടായിരുന്നു, എന്നാല്‍ ഇന്ന് ഈ 100 കോടി കണക്ക് അത്തരം ഓരോ ചോദ്യത്തിനും ഉത്തരം നല്‍കുന്നു. ഇന്ത്യ തങ്ങളുടെ പൗരന്മാര്‍ക്ക് 100 കോടി വാക്‌സിന്‍ ഡോസുകള്‍ നല്‍കി; അതും സൗജന്യമായി.

സുഹൃത്തുക്കളേ,

100 കോടി വാക്‌സിന്‍ ഡോസുകളുടെ ഒരു പ്രഭാവം കൊറോണയെ സംബന്ധിച്ച് ഇന്ത്യ ഇപ്പോള്‍ കൂടുതല്‍ സുരക്ഷിതമാണെന്ന് ലോകം ഇപ്പോള്‍ പരിഗണിക്കും എന്നതാണ്.  ഒരു ഔഷധ കേന്ദ്രം എന്ന നിലയില്‍ ഇന്ത്യ ലോകത്ത് ആസ്വദിക്കുന്ന സ്വീകാര്യത കൂടുതല്‍ ശക്തിപ്പെടുത്തും. ഇന്ന് ലോകം മുഴുവന്‍ ഇന്ത്യയുടെ ശക്തി നിരീക്ഷിക്കുകയും അനുഭവിക്കുകയും ചെയ്യുന്നു.

സുഹൃത്തുക്കളേ,

'എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനത്തിന്, എല്ലാവരുടെയും വിശ്വാസം, എല്ലാവരുടെയും പ്രയത്‌നം' എന്നിവയുടെ ജീവിക്കുന്ന ഉദാഹരണമാണ് ഇന്ത്യയുടെ പ്രതിരോധ കുത്തിവയ്പ്പ്.  കൊറോണ മഹാമാരിയുടെ പ്രാരംഭ ഘട്ടത്തില്‍, ഇന്ത്യ പോലുള്ള ഒരു ജനാധിപത്യത്തില്‍ ഈ മഹാമാരിയോട് പോരാടുന്നത് വളരെ ബുദ്ധിമുട്ടാണെന്ന ഭയവും പ്രകടിപ്പിക്കപ്പെട്ടു. ഇതിന് ആവശ്യമായ സംയമനം, അച്ചടക്കം എന്നിവയെക്കുറിച്ച് ഇന്ത്യയ്ക്കും ഇന്ത്യയിലെ ജനങ്ങള്‍ക്കും വേണ്ടി പറയപ്പെടുന്നുണ്ടോ? എന്നാല്‍ ഞങ്ങളെ സംബന്ധിച്ചിടത്തോളം ജനാധിപത്യം എന്നാല്‍ 'എല്ലാവരുടെയും സഹകരണം'എന്നാണ്.  എല്ലാവരെയും കൂടെക്കൂട്ടി രാജ്യം, 'എല്ലാവര്‍ക്കും വാക്‌സിന്‍', 'സൗജന്യ വാക്‌സിന്‍' എന്ന പ്രചാരണം ആരംഭിച്ചു. ദരിദ്രനായാലും സമ്പന്നനായാലും ഗ്രാമമായാലും നഗരമായാലും ദൂരെയായാലും രാജ്യത്തിന് ഒരു മന്ത്രമേ ഉണ്ടായിരുന്നുള്ളൂ, രോഗം വിവേചനം കാണിക്കുന്നില്ലെങ്കില്‍, കുത്തിവയ്പ്പില്‍ ഒരു വിവേചനവും ഉണ്ടാകില്ല. അതിനാല്‍, വിഐപി സംസ്‌കാരം പ്രതിരോധ കുത്തിവയ്പു പ്രചാരണത്തില്‍ ആധിപത്യം പുലര്‍ത്തുന്നില്ലെന്ന് ഉറപ്പാക്കി. ഒരാള്‍ എത്ര പ്രധാനപ്പെട്ട പദവി വഹിച്ചാലും, അവര്‍ എത്ര സമ്പന്നരാണെങ്കിലും, സാധാരണ പൗരന്മാരെപ്പോലെ അവര്‍ക്കും പ്രതിരോധ കുത്തിവയ്പ്പുകള്‍ ലഭിക്കും.

സുഹൃത്തുക്കളേ,

പ്രതിരോധ കുത്തിവയ്പ് എടുക്കാന്‍ മിക്ക ആളുകളും വരില്ലെന്നും പ്രചരിപ്പിക്കപ്പെട്ടു. ലോകത്തിലെ പല പ്രമുഖ വികസിത രാജ്യങ്ങളിലും ഇന്നും പ്രതിരോധ കുത്തിവയ്പ് ഒരു വലിയ വെല്ലുവിളിയാണ്. എന്നാല്‍ ഇന്ത്യയിലെ ജനങ്ങള്‍ അത്തരം വിമര്‍ശകര്‍ക്ക് 100 കോടി വാക്‌സിന്‍ ഡോസുകള്‍ എടുത്ത് ഉത്തരം നല്‍കിയിട്ടുണ്ട്.

സുഹൃത്തുക്കളേ,

'സബ്കാ പ്രയാസ്' (എല്ലാവരുടെയും പ്രയത്‌നം) ഒരു പ്രചാരണത്തില്‍ ചേര്‍ക്കുമ്പോള്‍, ഫലങ്ങള്‍ അതിശയകരമാണ്. പകര്‍ച്ചവ്യാധിക്കെതിരായ രാജ്യത്തിന്റെ പോരാട്ടത്തില്‍ നമ്മുടെ ആദ്യ ശക്തിയായി നാം പൊതു പങ്കാളിത്തം ഉണ്ടാക്കി. അവരെ പ്രതിരോധത്തിന്റെ ആദ്യ നിരയാക്കി. രാജ്യം ഐക്യദാര്‍ഢ്യത്തിന് ഊര്‍ജ്ജം പകരാന്‍ കൈകൊട്ടി. കൈയടിക്കുകയും വിളക്കുകള്‍ കത്തിക്കുകയും ചെയ്തു. അപ്പോള്‍ ചില ആളുകള്‍ ചോദ്യം ചെയ്തു, ഇതെല്ലാം ചെയ്യുന്നതിലൂടെ ഈ രോഗം ഓടിപ്പോകുമോ? എന്നാല്‍ നാമെല്ലാവരും അതില്‍ രാജ്യത്തിന്റെ ഐക്യം, കൂട്ടായ ശക്തിയുടെ ഉണര്‍വ്വ് ആണു കണ്ടത്. ഈ കൂട്ടായ ശക്തി ചുരുങ്ങിയ സമയത്തിനുള്ളില്‍ രാജ്യത്തെ 100 കോടി വാക്‌സിന്‍ ഡോസുകളുടെ നാഴികക്കല്ലിലേക്ക് കൊണ്ടുപോയി. നമ്മുടെ രാജ്യം ഒരു ദിവസം ഒരു കോടി പ്രതിരോധ കുത്തിവയ്പു കടന്നു.  ഇത് ഒരു വലിയ സാധ്യതയും മാനേജ്‌മെന്റ് വൈദഗ്ധ്യവും സാങ്കേതികവിദ്യയുടെ മികച്ച ഉപയോഗവുമാണ്. അത് വന്‍കിട രാജ്യങ്ങള്‍ക്ക് പോലും ഇല്ല.

 സുഹൃത്തുക്കളേ,

ഇന്ത്യയുടെ മുഴുവന്‍ പ്രതിരോധ കുത്തിവയ്പ്പ് പരിപാടിയും ശാസ്ത്രത്തിന്റെ ഗര്‍ഭപാത്രത്തിലാണു ജനിച്ചത്. ശാസ്ത്രീയ അടിസ്ഥാനത്തില്‍ വളര്‍ന്നു, ശാസ്ത്രീയ രീതികളിലൂടെ നാല് ദിശകളിലും എത്തി. ഇന്ത്യയുടെ മുഴുവന്‍ പ്രതിരോധ കുത്തിവയ്പ്പ് പരിപാടിയും ശാസ്ത്രത്തില്‍ ജനിച്ചതും ശാസ്ത്രം നയിക്കുന്നതും ശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതുമാണ് എന്നത് നമുക്കെല്ലാവര്‍ക്കും അഭിമാനകരമാണ്. വാക്‌സിനുകളുടെ വികസനം മുതല്‍ കുത്തിവയ്പ്പ് വരെ എല്ലായിടത്തും ശാസ്ത്രവും ശാസ്ത്രീയവുമായ സമീപനമാണ് മുഴുവന്‍ പ്രചാരണത്തിലും ഉള്‍പ്പെട്ടിരുന്നത്.  ഉല്‍പ്പാദനത്തോടൊപ്പം ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതുമായിരുന്നു നമ്മുടെ മുന്നിലുള്ള വെല്ലുവിളി.  ഇത്രയും വലിയ രാജ്യവും ഇത്രയും വലിയ ജനസംഖ്യയും!  അതിനുശേഷം, വിവിധ സംസ്ഥാനങ്ങളിലും വിദൂര പ്രദേശങ്ങളിലും വാക്‌സിനുകള്‍ കൃത്യസമയത്ത് എത്തിക്കുകയും വേണം. ഇതും ഒരു ഭീമമായ ദൗത്യത്തില്‍ കുറഞ്ഞതൊന്നുമല്ല. പക്ഷേ, ശാസ്ത്രീയ രീതികളും പുതിയ കണ്ടുപിടുത്തങ്ങളും ഉപയോഗിച്ച് രാജ്യം ഈ വെല്ലുവിളികള്‍ക്ക് പരിഹാരം കണ്ടെത്തി.വിഭവങ്ങള്‍ അസാധാരണമായ വേഗതയില്‍ വര്‍ദ്ധിപ്പിച്ചു. ഏത് സംസ്ഥാനത്തിന് എത്ര വാക്‌സിനുകള്‍ എപ്പോള്‍ ലഭിക്കണം, ഏത് പ്രദേശത്ത് എത്ര വാക്‌സിനുകള്‍ എത്തണം തുടങ്ങിയവയില്‍ ശാസ്ത്രീയ സൂത്രവാക്യം ഉപയോഗിച്ചു. നമ്മുടെ രാജ്യം വികസിപ്പിച്ചെടുത്ത കോവിന്‍ വേദി ലോകത്തിലെ ആകര്‍ഷണ കേന്ദ്രമാണ്.  മെയ്ഡ്-ഇന്‍-കോവിന്‍ പ്ലാറ്റ്‌ഫോം സാധാരണക്കാര്‍ക്ക് സൗകര്യമൊരുക്കുക മാത്രമല്ല, നമ്മുടെ ആരോഗ്യപ്രവര്‍ത്തകരുടെ ജോലി എളുപ്പമാക്കുകയും ചെയ്തു.

സുഹൃത്തുക്കളേ,

ഇന്ന് ചുറ്റും വിശ്വാസവും ഉത്സാഹവും തീക്ഷ്ണതയും ഉണ്ട്. സമൂഹം മുതല്‍ സമ്പദ്വ്യവസ്ഥ വരെ എല്ലാ വിഭാഗത്തിലും ശുഭാപ്തി വിശ്വാസമുണ്ട്. സ്വദേശത്തും വിദേശത്തുമുള്ള വിദഗ്ധരും നിരവധി ഏജന്‍സികളും ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയുടെ കാര്യത്തില്‍ വളരെ അനുകൂലമായാണ്. ഇന്ന്, ഇന്ത്യന്‍ കമ്പനികള്‍ മാത്രമല്ല റെക്കോര്‍ഡ് നിക്ഷേപം ആകര്‍ഷിക്കുന്നത്. യുവാക്കള്‍ക്ക് പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുന്നു. റെക്കോര്‍ഡ് നിക്ഷേപങ്ങളോടെ, സ്റ്റാര്‍ട്ടപ്പുകള്‍ പ്രതീക്ഷാകേന്ദ്രങ്ങളായി മാറുകയാണ്. ഭവന മേഖലയിലും പുതിയ ഊര്‍ജ്ജം ദൃശ്യം. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഏറ്റെടുത്ത വിവിധ പരിഷ്‌കാരങ്ങളും സംരംഭങ്ങളും - ഗതിശക്തി മുതല്‍ പുതിയ ഡ്രോണ്‍ നയം വരെ - ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ വേഗത്തില്‍ വളരാന്‍ സഹായിക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കും.  കൊറോണ കാലഘട്ടത്തില്‍ കാര്‍ഷിക മേഖല നമ്മുടെ സമ്പദ്വ്യവസ്ഥയെ ദൃഢമായി നിലനിര്‍ത്തി. ഇന്ന്, ഗവണ്‍മെന്റ് ഭക്ഷ്യധാന്യങ്ങളുടെ സംഭരണം റെക്കോര്‍ഡ് തലത്തില്‍ നടക്കുന്നു, പണം നേരിട്ട് കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പോകുന്നു. വാക്‌സിനുകളുടെ വര്‍ദ്ധിച്ചുവരുന്ന ലഭ്യതയ്‌ക്കൊപ്പം സാമ്പത്തിക-സാമൂഹിക പ്രവര്‍ത്തനങ്ങള്‍, കായിക വിനോദങ്ങള്‍, വിനോദസഞ്ചാരം അല്ലെങ്കില്‍ വിനോദം എന്നിങ്ങനെയുള്ള ഊര്‍ജ്ജദായകമായ പ്രവര്‍ത്തനങ്ങള്‍ തീവ്രമാക്കി. വരാനിരിക്കുന്ന ഉത്സവകാലം അതിന് കൂടുതല്‍ ഊര്‍ജ്ജം നല്‍കും.

സുഹൃത്തുക്കളേ,

മെയ്ഡ് ഇന്‍ എന്ന വാക്ക് വലിയ പ്രലോഭനമായിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് 'മെയ്ഡ് ഇന്‍ ഇന്ത്യ'യുടെ ശക്തി വളരെ വലുതാണെന്ന് ഓരോ രാജ്യക്കാരനും തിരിച്ചറിയുന്നു. അതിനാല്‍, ഇന്ത്യയില്‍ നിര്‍മ്മിച്ച എല്ലാ ചെറിയ വസ്തുക്കളും വാങ്ങാന്‍ നാം നിര്‍ബന്ധിക്കണമെന്ന് ഞാന്‍ വീണ്ടും നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. അതിന്റെ നിര്‍മ്മാണത്തിന് പിന്നില്‍ ഇന്ത്യക്കാരുടെ വിയര്‍പ്പുണ്ട്. എല്ലാവരുടെയും പരിശ്രമത്തിലൂടെ മാത്രമേ ഇത് സാധ്യമാകൂ. ശുചിത്വ ഭാരത് അഭിയാന്‍ ഒരു ജനകീയ പ്രസ്ഥാനമായതിനാല്‍, അതുപോലെ തന്നെ, നാം ഇന്ത്യയില്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ വാങ്ങേണ്ടിവരും, പ്രാദേശികമായി ശബ്ദമുയര്‍ത്തണം.  ഞങ്ങള്‍ ഇത് പ്രായോഗികമാക്കേണ്ടതുണ്ട്.  കൂടാതെ, എല്ലാവരുടെയും പ്രയത്‌നത്തിലൂടെ നമുക്ക് ഇത് ചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.  എല്ലാവരുടെയും മനസ്സില്‍ ഒരു ആശങ്ക ഉണ്ടായിരുന്ന കഴിഞ്ഞ ദീപാവലി നിങ്ങള്‍ ഓര്‍ക്കുന്നു. എന്നാല്‍ ഈ ദീപാവലിയില്‍, 100 കോടി വാക്‌സിന്‍ ഡോസുകള്‍ കാരണം ആത്മവിശ്വാസമുണ്ട്. എന്റെ രാജ്യത്തെ പ്രതിരോധ കുത്തിവയ്പ്പുകള്‍ക്ക് എനിക്ക് സംരക്ഷണം നല്‍കാന്‍ കഴിയുമെങ്കില്‍, എന്റെ രാജ്യത്തിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് എന്റെ ദീപാവലി ഗംഭീരമാക്കാം. ദീപാവലി വില്‍പ്പന വ്യത്യസ്തമാണ്. ദീപാവലി, ഉത്സവ കാലങ്ങളില്‍ വില്‍പ്പന ഉയരുന്നു. നമ്മുടെ ചെറുകിട കടയുടമകളും സംരംഭകരും തെരുവ് കച്ചവടക്കാരും ഉള്‍പ്പെടെ എല്ലാവരുടെയും പ്രതീക്ഷയുടെ കിരണമായി 100 കോടി വാക്‌സിന്‍ ഡോസുകളുടെ ഈ കണക്ക് വന്നിരിക്കുന്നു.

സുഹൃത്തുക്കളേ,

ഇന്ന് നമ്മുടെ മുന്നില്‍ അമൃത് മഹോത്സവത്തിന്റെ തീരുമാനങ്ങളുണ്ട്. ഈ വിജയം നമുക്ക് പുതിയ ആത്മവിശ്വാസം നല്‍കുന്നു. വലിയ ലക്ഷ്യങ്ങള്‍ വയ്ക്കാനും അവ നേടാനും രാജ്യത്തിന് നന്നായി അറിയാമെന്ന് നമുക്ക് ഇന്ന് പറയാന്‍ കഴിയും. എന്നാല്‍ നമ്മള്‍ എപ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മള്‍ അശ്രദ്ധരായിരിക്കരുത്. ആവരണം എത്ര മികച്ചതാണെങ്കിലും, കവചം എത്ര ആധുനികമാണെങ്കിലും, കവചം പരിരക്ഷയുടെ പൂര്‍ണ്ണ ഉറപ്പ് നല്‍കിയാലും, യുദ്ധം നടക്കുമ്പോള്‍ ആയുധങ്ങള്‍ ഉപേക്ഷിക്കില്ല. നമ്മുടെ ഉത്സവങ്ങള്‍ അതീവ ജാഗ്രതയോടെ ആഘോഷിക്കണമെന്ന എന്റെ അഭ്യര്‍ത്ഥനയാണിത്. മാസ്‌കിനെ സംബന്ധിച്ചിടത്തോളം, ഇപ്പോള്‍ ഡിസൈനര്‍ മാസ്‌കുകളും ഉള്ളതിനാല്‍, നമ്മള്‍ പുറത്തിറങ്ങുമ്പോള്‍ ഷൂ ധരിക്കുന്ന അതേ രീതിയില്‍ മാസ്‌കുകളും ധരിക്കണം. പ്രതിരോധ കുത്തിവയ്പ് എടുക്കാത്തവര്‍ അതിന് മുന്‍ഗണന നല്‍കണം. പ്രതിരോധ കുത്തിവയ്പ് എടുത്തവര്‍ മറ്റുള്ളവരെ പ്രചോദിപ്പിക്കണം. നമുക്കെല്ലാവരും ഒരുമിച്ച് പരിശ്രമിച്ചാല്‍, കൊറോണയെ വളരെ വേഗം പരാജയപ്പെടുത്താന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. വരാനിരിക്കുന്ന ഉത്സവങ്ങള്‍ക്ക് നിങ്ങള്‍ക്കെല്ലാവര്‍ക്കും വളരെയധികം ആശംസകള്‍, വളരെ നന്ദി!

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PLI, Make in India schemes attracting foreign investors to India: CII

Media Coverage

PLI, Make in India schemes attracting foreign investors to India: CII
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 നവംബർ 21
November 21, 2024

PM Modi's International Accolades: A Reflection of India's Growing Influence on the World Stage