ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി. 2023 ഡിസംബര്‍ 1-ന് ദുബായില്‍ നടന്ന കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയില്‍ (കോപ് 28) പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഇരുവരും.
മേഖലയില്‍ നടക്കുന്ന ഇസ്രായേല്‍-ഹമാസ് സംഘര്‍ഷത്തെക്കുറിച്ച് രണ്ടു നേതാക്കളും അഭിപ്രായങ്ങള്‍ കൈമാറി. ഒക്ടോബര്‍ ഏഴിലെ ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ പേരില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തുകയും ബന്ദികളെ മോചിപ്പിച്ചതിനെ സ്വാഗതം ചെയ്യുകയും ചെയ്തു.
ദുരിതബാധിതരായ ജനങ്ങള്‍ക്ക് തുടര്‍ച്ചയായും സുരക്ഷിതമായും മാനുഷിക സഹായം എത്തിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള ഇന്ത്യയുടെ പിന്തുണയും സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും ഇസ്രായേല്‍ പലസ്തീന്‍ പ്രശ്നത്തിന് വേഗത്തിലും സുസ്ഥിരവുമായ പരിഹാരത്തിനും അദ്ദേഹം ഊന്നല്‍ നല്‍കി.
ഇന്ത്യയുടെ ജി20 അധ്യക്ഷതയുടെ വിജയത്തില്‍ പ്രസിഡന്റ് ഹെര്‍സോഗ് പ്രധാനമന്ത്രിയെ അഭിനന്ദിക്കുകയും ഇന്ത്യ-മിഡിൽ ഈസ്റ്റ് -യൂറോപ്പ് സാമ്പത്തിക ഇടനാഴിയുടെ സമാരംഭത്തെ സ്വാഗതം ചെയ്യുകയും ചെയ്തു.