നമസ്‌കാരം, എന്റെ പ്രിയപ്പെട്ട രാജ്യവാസികളേ,
ഇന്ന് ദേവ്-ദീപാവലി വിശുദ്ധ ഉത്സവമാണ്. ഗുരു നാനാക്ക് ദേവ് ജിയുടെ പ്രകാശ പൂരബ് വിശുദ്ധോത്സവം കൂടിയാണ്. ഈ വിശുദ്ധ ഉത്സവദിനത്തിൽ ലോകത്തിലെ എല്ലാ ജനങ്ങള്‍ക്കും എല്ലാ രാജ്യക്കാര്‍ക്കും ഞാന്‍ ഊഷ്മളമായ ആശംസകള്‍ നേരുന്നു. ഒന്നരവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കര്‍താര്‍പൂര്‍ സാഹിബ് ഇടനാഴി ഇപ്പോള്‍ വീണ്ടും തുറന്നിരിക്കുന്നു എന്നതും ഏറെ സന്തോഷകരമാണ്.
സുഹൃത്തുക്കളേ,
ഗുരു നാനാക് ജി പറഞ്ഞു: ''വിച്ഛ് ദുനിയാ സേവ കമായേ താ ദരഗാഹ് ബൈസന്‍ പൈയേ''. അതായത്, സേവനത്തിന്റെ പാത സ്വീകരിക്കുന്നതിലൂടെ മാത്രമേ ജീവിതം അര്‍ത്ഥപൂര്‍ണ്ണമാകൂ. ഈ സേവന മനോഭാവം ഉപയോഗിച്ച് രാജ്യത്തെ ജനങ്ങളുടെ ജീവിതം സുഗമമാക്കുന്നതില്‍ നമ്മുടെ ഗവണ്‍മെന്റ് ഏര്‍പ്പെട്ടിരിക്കുകയാണ്. നിരവധി തലമുറകളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഇന്ത്യ എല്ലാ ശ്രമങ്ങളും നടത്തുകയാണ്.
സുഹൃത്തുക്കളേ,
അഞ്ചു പതിറ്റാണ്ടിന്റെ പൊതുജീവിതത്തില്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഞാന്‍ വളരെ അടുത്ത് കാണുകയും അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍, 2014ല്‍ പ്രധാനമന്ത്രിയായി പ്രവര്‍ത്തിക്കാന്‍ രാജ്യം എനിക്ക് അവസരം നല്‍കിയപ്പോള്‍ കാര്‍ഷിക വികസനത്തിനും കര്‍ഷകരുടെ ക്ഷേമത്തിനും ഞങ്ങള്‍ മുന്‍ഗണന നല്‍കി.
സുഹൃത്തുക്കളേ,
രാജ്യത്തെ 100 കര്‍ഷകരില്‍ 80 പേരും ചെറുകിട കര്‍ഷകരാണെന്ന വസ്തുത പലര്‍ക്കും അറിയില്ല. ഇവര്‍ക്ക് രണ്ട് ഹെക്ടറില്‍ താഴെ മാത്രമാണ് ഭൂമിയുള്ളത്. ഈ ചെറുകിട കര്‍ഷകരുടെ എണ്ണം 10 കോടിയിലധികമാണെന്ന് നിങ്ങള്‍ക്ക് ഊഹിക്കാനാകുമോ? ഈ ചെറിയ ഭൂമിയാണ് അവരുടെ മുഴുവന്‍ ജീവിതത്തിന്റെയും ഉറവിടം. ഇതാണ് അവരുടെ ജീവിതം, ഈ ചെറിയ ഭൂമിയുടെ സഹായത്തോടെ അവര്‍ തങ്ങള്‍ക്കും കുടുംബത്തിനും ഉപജീവനം നല്‍കുന്നു. തലമുറകളായ കുടുംബങ്ങളുടെ വിഭജനം ഈ ഭൂമിയെ ചെറുതാക്കുന്നു.
അതിനാല്‍, രാജ്യത്തെ ചെറുകിട കര്‍ഷകരുടെ വെല്ലുവിളികളെ അതിജീവിക്കുന്നതിന് വിത്ത്, ഇന്‍ഷുറന്‍സ്, വിപണി, സമ്പാദ്യം എന്നിവ നല്‍കുന്നതിനു ഞങ്ങള്‍ എല്ലായിടത്തും പ്രവര്‍ത്തിച്ചിട്ടുണ്ട്. നല്ല ഗുണമേന്മയുള്ള വിത്തുകള്‍ക്കൊപ്പം വേപ്പ് പൂശിയ യൂറിയ, സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍, സൂക്ഷ്മ ജലസേചനം തുടങ്ങിയ സൗകര്യങ്ങളും ഗവണ്‍മെന്റ് കര്‍ഷകര്‍ക്ക് നല്‍കിയിട്ടുണ്ട്. 22 കോടി സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ കര്‍ഷകര്‍ക്ക് നല്‍കി. ഇതിന്റെ ഫലമായ ശാസ്ത്രീയ പ്രചാരണം മൂലം കാര്‍ഷിക ഉല്‍പാദനവും വര്‍ദ്ധിച്ചു.
സുഹൃത്തുക്കളേ,
വിള ഇന്‍ഷുറന്‍സ് പദ്ധതി ഞങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കിയിട്ടുണ്ട്. കൂടുതല്‍ കര്‍ഷകരെ ഇതിന്റെ പരിധിയില്‍ കൊണ്ടുവന്നു. ദുരന്തസമയത്ത് കൂടുതല്‍ കര്‍ഷകര്‍ക്ക് എളുപ്പത്തില്‍ നഷ്ടപരിഹാരം ലഭിക്കത്തക്കവിധം പഴയ ചട്ടങ്ങളും മാറ്റി. ഇതിന്റെ ഫലമായി കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ നമ്മുടെ കര്‍ഷക സഹോദരങ്ങള്‍ക്ക് ഒരു ലക്ഷം കോടിയിലധികം രൂപയുടെ നഷ്ടപരിഹാരം ലഭിച്ചു. ചെറുകിട കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ സൗകര്യങ്ങളും ഞങ്ങള്‍ വ്യാപിപ്പിച്ചിട്ടുണ്ട്. ചെറുകിട കര്‍ഷകരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി 1.62 ലക്ഷം കോടി രൂപ അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നിക്ഷേപിച്ചു.
സുഹൃത്തുക്കളേ,
കര്‍ഷകരുടെ കഠിനാധ്വാനത്തിന് പ്രതിഫലമായി കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ശരിയായ വില ലഭിക്കുന്നതിന് നിരവധി നടപടികളും സ്വീകരിച്ചു. രാജ്യം അതിന്റെ ഗ്രാമീണ വിപണി അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തി. ഞങ്ങള്‍ താങ്ങുവില (എംഎസ്പി) വര്‍ധിപ്പിക്കുക മാത്രമല്ല, ഗവണ്‍മെന്റ് സംഭരണ കേന്ദ്രങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. നമ്മുടെ ഗവണ്‍മെന്റിന്റെ ഉല്‍പന്നസംഭരണം കഴിഞ്ഞ നിരവധി ദശാബ്ദങ്ങളിലെ റെക്കോര്‍ഡുകള്‍ തകര്‍ത്തു. രാജ്യത്തെ 1,000-ലധികം ഗ്രാമീണ ചന്തകളെ 'ഇ-നാം' പദ്ധതിയുമായി ബന്ധിപ്പിച്ച് കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ എവിടെയും വില്‍ക്കാന്‍ ഞങ്ങള്‍ ഒരു പ്ലാറ്റ്‌ഫോം നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം രാജ്യത്തുടനീളമുള്ള കാര്‍ഷിക ഗ്രാമീണച്ചന്തകളുടെ നവീകരണത്തിനായി കോടിക്കണക്കിന് രൂപ ചെലവഴിച്ചു.
സുഹൃത്തുക്കളേ,
കേന്ദ്രഗവണ്‍മെന്റിന്റെ കാര്‍ഷിക ബജറ്റ് മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇന്ന് അഞ്ച് മടങ്ങ് വര്‍ധിച്ചിട്ടുണ്ട്. ഓരോ വര്‍ഷവും 1.25 ലക്ഷം കോടിയിലധികം രൂപയാണ് കാര്‍ഷിക മേഖലയ്ക്കായി ചെലവഴിക്കുന്നത്. ഒരു ലക്ഷം കോടി രൂപയുടെ കാര്‍ഷിക അടിസ്ഥാനസൗകര്യ ഫണ്ടിന് കീഴില്‍, ഗ്രാമങ്ങള്‍ക്കും ഫാമുകള്‍ക്കും സമീപം ഉല്‍പന്നങ്ങള്‍ സംഭരിക്കുന്നതിനും കാര്‍ഷിക ഉപകരണങ്ങള്‍ അതിവേഗം ലഭ്യമാക്കുന്നതുള്‍പ്പെടെയുള്ള നിരവധി സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിനുമുള്ള ക്രമീകരണങ്ങള്‍ ചെയ്തുവരുന്നു.
ചെറുകിട കര്‍ഷകരെ ശാക്തീകരിക്കുന്നതിനായി 10,000 എഫ്പിഒകള്‍ (കാര്‍ഷിക ഉത്പാദക സംഘടനകള്‍) സൃഷ്ടിക്കുന്നതിനുള്ള പ്രചാരണവും നടക്കുന്നു. ഏകദേശം 7000 കോടി രൂപയാണ് ഇതിനും ചെലവഴിക്കുന്നത്. സൂക്ഷ്മ ജലസേചന ഫണ്ടിന്റെ വിഹിതം ഇരട്ടിയാക്കി 10,000 കോടി രൂപയാക്കി. ഞങ്ങള്‍ വിള വായ്പയും ഇരട്ടിയാക്കി, ഈ വര്‍ഷം 16 ലക്ഷം കോടി രൂപ വരും. ഇപ്പോള്‍ മത്സ്യകൃഷിയുമായി ബന്ധപ്പെട്ട നമ്മുടെ കര്‍ഷകര്‍ക്കും കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകളുടെ പ്രയോജനം ലഭിച്ചു തുടങ്ങിയിരിക്കുന്നു. അതായത് കര്‍ഷകരുടെ താല്‍പര്യം മുന്‍നിര്‍ത്തി സാധ്യമായ എല്ലാ നടപടികളും നമ്മുടെ ഗവണ്‍മെന്റ് സ്വീകരിക്കുന്നുണ്ട്. കര്‍ഷകരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും അവരുടെ സാമൂഹിക നില ശക്തിപ്പെടുത്തുന്നതിനും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നു.
സുഹൃത്തുക്കളേ,
കര്‍ഷകരുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനുള്ള ഈ മഹത്തായ പ്രചാരണത്തിന്റെ ഭാഗമായി മൂന്ന് കാര്‍ഷിക നിയമങ്ങള്‍ അവതരിപ്പിച്ചു. രാജ്യത്തെ കര്‍ഷകരെ, പ്രത്യേകിച്ച് ചെറുകിട കര്‍ഷകരെ ശാക്തീകരിക്കുകയും അവര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ക്ക് ശരിയായ വില ലഭിക്കുകയും അവരുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുകയും ചെയ്യുക എന്നതായിരുന്നു ലക്ഷ്യം. വര്‍ഷങ്ങളായി ഈ ആവശ്യം രാജ്യത്തെ കര്‍ഷകരും കാര്‍ഷിക വിദഗ്ധരും കാര്‍ഷിക സാമ്പത്തിക വിദഗ്ധരും കര്‍ഷക സംഘടനകളും നിരന്തരം ഉന്നയിക്കുകയായിരുന്നു. മുമ്പും പല ഗവണ്‍മെന്റുകളും ഈ വിഷയത്തില്‍ മസ്തിഷ്‌ക പ്രക്ഷാളനം നടത്തിയിരുന്നു. ഇത്തവണയും പാര്‍ലമെന്റില്‍ ചര്‍ച്ച നടന്നതിനെ തുടര്‍ന്നാണ് ഈ നിയമങ്ങള്‍ അവതരിപ്പിച്ചത്. രാജ്യത്തുടനീളമുള്ള നിരവധി കര്‍ഷകരും നിരവധി കര്‍ഷക സംഘടനകളും ഇതിനെ സ്വാഗതം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്തു. എല്ലാവരോടും ഞാന്‍ വളരെ നന്ദിയുള്ളവനാണ്, അവര്‍ക്ക് നന്ദി പറയാന്‍ ആഗ്രഹിക്കുന്നു.
സുഹൃത്തുക്കളേ,
കര്‍ഷകരുടെ, പ്രത്യേകിച്ച് ചെറുകിട കര്‍ഷകരുടെ, കൃഷിയുടെയും രാജ്യത്തിന്റെയും താല്‍പര്യം മുന്‍നിര്‍ത്തിയും ഗ്രാമങ്ങളിലെ പാവപ്പെട്ടവരുടെ ശോഭനമായ ഭാവിക്കുമായി നല്ല ഉദ്ദേശത്തോടെയും പൂര്‍ണ്ണ ആത്മാര്‍ത്ഥതയോടെയും സമ്പൂര്‍ണ്ണ സമര്‍പ്പണത്തോടെയുമാണ് നമ്മുടെ ഗവണ്‍മെന്റ് പുതിയ നിയമങ്ങള്‍ കൊണ്ടുവന്നത്. എന്നാല്‍, ഞങ്ങള്‍ എത്ര ശ്രമിച്ചിട്ടും തികച്ചും ശുദ്ധവും കര്‍ഷകര്‍ക്ക് പ്രയോജനകരവുമായ ഒരു വിശുദ്ധ കാര്യം ചില കര്‍ഷകരോട് വിശദീകരിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല.
കര്‍ഷകരില്‍ ഒരു വിഭാഗം മാത്രമാണു സമരം ചെയ്യുന്നതെങ്കിലും ഞങ്ങള്‍ക്ക് അത് പ്രധാനമായിരുന്നു. കാര്‍ഷിക നിയമങ്ങളുടെ പ്രാധാന്യം മനസ്സിലാക്കാന്‍ കാര്‍ഷിക സാമ്പത്തിക വിദഗ്ധരും ശാസ്ത്രജ്ഞരും പുരോഗമന കര്‍ഷകരും കഠിനമായി ശ്രമിച്ചു. അങ്ങേയറ്റം വിനയത്തോടെയും തുറന്ന മനസ്സോടെയും ഞങ്ങള്‍ അവരോട് വിശദീകരിച്ചുകൊണ്ടിരുന്നു. വിവിധ മാധ്യമങ്ങളിലൂടെ വ്യക്തികളും കൂട്ടവുമായ ഇടപെടലുകളും തുടര്‍ന്നു. കര്‍ഷകരുടെ വാദങ്ങള്‍ മനസ്സിലാക്കാനുതകുന്ന ഒരവസരവും ഞങ്ങള്‍ ഉപേക്ഷിച്ചില്ല.
എതിര്‍പ്പുള്ള നിയമങ്ങളിലെ വ്യവസ്ഥകളില്‍ മാറ്റം വരുത്താനും ഗവണ്‍മെന്റ് സമ്മതിച്ചു. ഈ നിയമങ്ങള്‍ രണ്ട് വര്‍ഷത്തേക്ക് മരവിപ്പിക്കാനും ഞങ്ങള്‍ നിര്‍ദ്ദേശിച്ചു. ഇതിനിടയില്‍, ഈ വിഷയം ബഹുമാനപ്പെട്ട സുപ്രീം കോടതിയിലേക്കും പോയി. ഇക്കാര്യങ്ങളെല്ലാം രാജ്യത്തിന് മുന്നിലുള്ളതിനാല്‍ കൂടുതല്‍ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല.
സുഹൃത്തുക്കളേ,
നാട്ടുകാരോട് ക്ഷമാപണം നടത്തുമ്പോള്‍, ഇന്ന് ഞാന്‍ ആത്മാര്‍ത്ഥമായി പറയാന്‍ ആഗ്രഹിക്കുന്നു: ഒരു പക്ഷേ നമ്മുടെ തപസ്സിനു എന്തെങ്കിലും കുറവുണ്ടായിരിക്കാം, കര്‍ഷക സഹോദരങ്ങള്‍ക്കു മുന്നില്‍ വിളക്കിന്റെ വെളിച്ചം പോലെ സത്യം വിശദീകരിക്കാന്‍ കഴിഞ്ഞില്ല.
ഇന്ന് ഗുരുനാനാക്ക് ദേവ് ജിയുടെ പ്രകാശ പെരുന്നാളിന്റെ വിശുദ്ധ ഉത്സവമാണ്. ആരെയും കുറ്റപ്പെടുത്താനുള്ള സമയമല്ല ഇത്. ഇന്ന് ഞാന്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു, രാജ്യം മുഴുവന്‍, മൂന്ന് കാര്‍ഷിക നിയമങ്ങളും റദ്ദാക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു. ഈ മാസാവസാനം ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഈ മൂന്ന് കാര്‍ഷിക നിയമങ്ങളും റദ്ദാക്കാനുള്ള ഭരണഘടനാ നടപടികള്‍ ഞങ്ങള്‍ പൂര്‍ത്തിയാക്കും.
സുഹൃത്തുക്കളേ,
ഇന്ന് ഗുരുപൂരത്തിന്റെ പുണ്യദിനമാണെന്നും അതിനാല്‍ നിങ്ങള്‍ നിങ്ങളുടെ വീടുകളിലേക്കും വയലുകളിലേക്കും നിങ്ങളുടെ കുടുംബങ്ങളിലേക്കും മടങ്ങിവരണമെന്നും ഞാന്‍ എന്റെ എല്ലാ കര്‍ഷക സഹയാത്രികരോടും അഭ്യര്‍ത്ഥിക്കുന്നു. നമുക്ക് ഒരു പുതിയ തുടക്കം കുറിക്കാം. പുതിയ തുടക്കവുമായി നമുക്ക് മുന്നേറാം.
സുഹൃത്തുക്കളേ,
ഇന്ന് കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റൊരു സുപ്രധാന തീരുമാനമാണ് ഗവണ്‍മെന്റ് കൈക്കൊണ്ടിരിക്കുന്നത്. ചെലവുരഹിത കൃഷി പ്രോത്സാഹിപ്പിക്കുക, അതായത് പ്രകൃതി കൃഷി, രാജ്യത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യകതകള്‍ കണക്കിലെടുത്ത് ശാസ്ത്രീയമായി വിള രീതി മാറ്റുക, താങ്ങുവില കൂടുതല്‍ ഫലപ്രദവും സുതാര്യവുമാക്കുക തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ഒരു സമിതി രൂപീകരിക്കും. കേന്ദ്ര ഗവണ്‍മെന്റ്, സംസ്ഥാന ഗവണ്‍മെന്റുകള്‍, കര്‍ഷകര്‍, കാര്‍ഷിക ശാസ്ത്രജ്ഞര്‍, കാര്‍ഷിക സാമ്പത്തിക വിദഗ്ധര്‍ എന്നിവരുടെ പ്രതിനിധികള്‍ സമിതിയിലുണ്ടാകും.
സുഹൃത്തുക്കളേ,
ഞങ്ങളുടെ ഗവണ്‍മെന്റ് കര്‍ഷകരുടെ താല്‍പര്യം മുന്‍നിര്‍ത്തിയാണ് പ്രവര്‍ത്തിക്കുന്നത്, അത് തുടരും. ഗുരു ഗോവിന്ദ് സിംഗ് ജിയുടെ ഊര്‍ജ്ജത്തില്‍ ഞാന്‍ എന്റെ പ്രസംഗം അവസാനിപ്പിക്കാം: '' അല്ലയോ ദേവീ, സല്‍കര്‍മ്മങ്ങളില്‍ നിന്ന് ഒരിക്കലും പിന്മാറാത്ത ഈ അനുഗ്രഹം എനിക്ക് നല്‍കണമേ.
ഞാനെന്തു ചെയ്താലും കര്‍ഷകര്‍ക്കു വേണ്ടിയും രാജ്യത്തിനുവേണ്ടിയുമാണ്. താങ്കളുടെ അനുഗ്രഹത്താല്‍ നേരത്തെയും എന്റെ കഠിനാധ്വാനത്തിന് ഒരു കുറവുമുണ്ടായിരുന്നില്ല. നിങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനും രാജ്യത്തിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനും ഞാന്‍ ഇപ്പോള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യുമെന്ന് ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു.
നിങ്ങള്‍ക്ക് വളരെ നന്ദി! നമസ്‌കാരം!