നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദുബെയുടെ ക്ഷണപ്രകാരം ബുദ്ധ പൂര്‍ണിമയുടെ മംഗളകരമായ അവസരത്തിനോട് യോജിച്ചുവന്ന 2022 മേയ് 16 ന്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നേപ്പാളിലെ ലുംബിനിയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി. പ്രധാനമന്ത്രിയെന്ന നിലയില്‍, ശ്രീ നരേന്ദ്ര മോദിയുടെ നേപ്പാളിലേക്കുള്ള അഞ്ചാമത്തെയും ലുംബിനിയിലേക്കുള്ള ആദ്യത്തെയും സന്ദര്‍ശനമാണിത്.
പ്രധാനമന്ത്രി ദുബെ, ഭാര്യ ഡോ. അര്‍സു റാണ ദേബ, ആഭ്യന്തര മന്ത്രി ശ്രീ ബാല്‍ കൃഷ്ണ ഖണ്ഡ്, വിദേശകാര്യ മന്ത്രി ഡോ. നാരായണ്‍ ഖഡ്ക, ഭൗതിക പശ്ചാത്തല, ഗതാഗത മന്ത്രി ശ്രീമതി രേണു കുമാരി യാദവ്, ഊര്‍ജ- ജലവിഭവ-ജലസേചന മന്ത്രി ശ്രീമതി പംഫാ ഭൂസല്‍, സാംസ്‌കാരിക, വ്യോമയാന, ടൂറിസം മന്ത്രി ശ്രീ. പ്രേം ബഹാദൂര്‍ ആലെ, വിദ്യാഭ്യാസ മന്ത്രി ശ്രീ. ദേവേന്ദ്ര പൗഡല്‍, നിയമം, നീതിന്യായ, പാര്‍ലമെന്ററി കാര്യ മന്ത്രി ശ്രീ. ഗോവിന്ദ പ്രസാദ് ശര്‍മ, ഇവര്‍ക്കൊപ്പം ലുംബിനി പ്രവിശ്യാ മുഖ്യമന്ത്രി ശ്രീ കുല്‍ പ്രസാദ് കെ.സിയും ചേര്‍ന്ന് പ്രധാനമന്ത്രിയെ ഊഷ്മളമായി സ്വീകരിച്ചു.
അവിടെ എത്തിയശേഷം രണ്ടു പ്രധാനമന്ത്രിമാരും ഭഗവാന്‍ ബുദ്ധന്റെ ജന്മസ്ഥലം ഉള്‍ക്കൊള്ളുന്ന പ്രദേശത്തുള്ള മായാദേവി ക്ഷേത്രം സന്ദര്‍ശിച്ചു. ക്ഷേത്രത്തില്‍ ബുദ്ധമത ആചാരപ്രകാരമുള്ള പ്രാര്‍ത്ഥനകളില്‍ പ്രധാനമന്ത്രിമാര്‍ പങ്കെടുക്കുകയും കാഴ്ചദ്രവ്യങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തു. ഭഗവാന്‍ ബുദ്ധന്റെ ജന്മസ്ഥലം ലുംബിനിയാണെന്നതിന്റെ ആദ്യ ശിലാലിഖ തെളിവുകള്‍ ഉള്‍ക്കൊള്ളുന്ന ചരിത്രപ്രധാനമായ അശോകസ്തംഭം പ്രധാനമന്ത്രിമാര്‍ സന്ദര്‍ശിക്കുകയും ദീപം തെളിയിക്കുകയും ചെയ്തു. 2014ല്‍ നേപ്പാള്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി മോദി സമ്മാനമായി കൊണ്ടുവന്ന വിശുദ്ധ ബോധിവൃക്ഷത്തിനെ അവര്‍ നനയ്ക്കുകയും ചെയ്തു.
ന്യൂഡല്‍ഹി ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ ബുദ്ധിസ്റ്റ് കോണ്‍ഫെഡറേഷന്റെ (ഐ.ബി.സി) ലുംബിനിയിലെ ഒരു ഭൂഭഗാത്തില്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ബുദ്ധിസ്റ്റ് കള്‍ച്ചര്‍ ആന്റ് ഹെറിറ്റേജ് (അന്താരാഷ്ട്ര ബുദ്ധസംസ്‌ക്കാര പാരമ്പര്യ കേന്ദ്രം) നിര്‍മ്മിക്കുന്നതിനുള്ള ശിലാസ്ഥാപന ചടങ്ങില്‍ പ്രധാനമന്ത്രി ദുബെയ്‌ക്കൊപ്പം പ്രധാനമന്ത്രി മോദി പങ്കെടുത്തു. 2021 നവംബറില്‍ ലുംബിനി ഡെവലപ്‌മെന്റ് ട്രസ്റ്റ് ആണ് ഐ.ബി.സിക്ക് ഈ ഭൂഭാഗം അനുവദിച്ചു കൊടുത്തത്. ശിലാസ്്ഥാപന ചടങ്ങിന് ശേഷം, പ്രധാനമന്ത്രിമാര്‍ ബുദ്ധമത കേന്ദ്രത്തിന്റെ ഒരു മാതൃകയും അനാച്ഛാദനം ചെയ്തു, നെറ്റ്-സീറോ മാനദണ്ഡങ്ങളുള്ള ലോകോത്തര സൗകര്യങ്ങളുള്ളതായി വിഭാവനം ചെയ്തിരിക്കുന്ന ഇവിടെ പ്രാര്‍ത്ഥനാമുറികള്‍, ധ്യാനകേന്ദ്രങ്ങള്‍, വായനാശാല, പ്രദറശന ഹാള്‍, കഫറ്റീരിയ, മറ്റ് സൗകര്യങ്ങള്‍ എന്നിവ ലോകമെമ്പാടുമുള്ള ബുദ്ധമത തീര്‍ത്ഥാടകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും തുറക്കും.
ഇരു പ്രധാനമന്ത്രിമാരും നടത്തിയ ഉഭയകക്ഷി കൂടിക്കാഴ്ചയില്‍ ഏപ്രില്‍ 2 ന് ന്യൂഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകള്‍ തുടര്‍ന്നു. സാംസ്‌കാരിക, സാമ്പത്തിക, വ്യാപാര, ബന്ധിപ്പിക്കല്‍, ഊര്‍ജ, വികസന പങ്കാളിത്തം എന്നിവയുള്‍പ്പെടെ വിവിധ മേഖലകളിലെ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള പ്രത്യേക മുന്‍കൈകളും ആശയങ്ങളും അവര്‍ ചര്‍ച്ച ചെയ്തു. ബുദ്ധമതത്തിന്റെ ഏറ്റവും പുണ്യസ്ഥലങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളത്ത ബുദ്ധ പൈതൃകത്തെ പ്രതിഫലിപ്പിക്കുന്നതുമായ ലുംബിനിക്കും കുശിനഗറിനും ഇടയില്‍ വിശാലാടിസ്ഥാനത്തിലുള്ളതും ദീര്‍ഘകാലധിഷ്ഠിതവുമായ നഗരബന്ധം (സിസ്റ്റര്‍ സിറ്റി റിലേഷന്‍) സ്ഥാപിക്കാന്‍ ഇരുപക്ഷവും തത്വത്തില്‍ സമ്മതിച്ചു.
ഉഭയകക്ഷി ഊര്‍ജ്ജ മേഖല സഹകരണത്തില്‍ സമീപമാസങ്ങളില്‍ ഉണ്ടായ പുരോഗതിയില്‍ രണ്ടു പ്രധാനമന്ത്രിമാരും സംതൃപ്തി രേഖപ്പെടുത്തി. ഉല്‍പ്പാദന പദ്ധതികളുടെ വികസനം, ഊര്‍ജ്ജ പ്രസരണ പശ്ചാത്തലസൗകര്യങ്ങള്‍, ഊര്‍ജ്ജ വിപണനം (പവര്‍ ട്രേഡ്) എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. നേപ്പാളിലെ വെസ്റ്റ് സെറ്റി ജലവൈദ്യുത പദ്ധതിയുടെ വികസനം ഏറ്റെടുക്കാന്‍ പ്രധാനമന്ത്രി ദേബ ഇന്ത്യന്‍ കമ്പനികളെ ക്ഷണിച്ചു. നേപ്പാളിലെ ജലവൈദ്യുത മേഖലയുടെ വികസനത്തിലും ഇക്കാര്യത്തില്‍ പുതിയ പദ്ധതികള്‍ വേഗത്തില്‍ പര്യവേക്ഷണം ചെയ്യാന്‍ താല്‍പ്പര്യമുള്ള ഇന്ത്യന്‍ ഡെവലപ്പര്‍മാരെ പ്രോത്സാഹിപ്പിക്കുന്നതിലും ഇന്ത്യയുടെ പിന്തുണ പ്രധാനമന്ത്രി മോദി ഉറപ്പുനല്‍കി. ഇരു രാജ്യങ്ങളിലേയും ജനങ്ങളെ കൂടുതല്‍ അടുപ്പിക്കുന്നതിനായി വിദ്യാഭ്യാസ സാംസ്‌കാരിക കൈമാറ്റങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുന്നതിന് ഇരു പ്രധാനമന്ത്രിമാരും സമ്മതിച്ചു. പ്രധാനമന്ത്രി മോദിക്ക് ആദരസൂചകമായി പ്രധാനമന്ത്രി ദുബെ ഉച്ചവിരുന്ന് സംഘടിപ്പിച്ചു.
നേപ്പാള്‍ ഗവണ്‍മെന്റിന്റെ കീഴിലുള്ള ലുംബിനി ഡെവലപ്‌മെന്റ് ട്രസ്റ്റ് സംഘടിപ്പിച്ച 2566-ാമത് ബുദ്ധ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടന്ന പ്രത്യേക പരിപാടിയില്‍ ഇരു പ്രധാനമന്ത്രിമാരും പങ്കെടുത്തു. ചടങ്ങില്‍, സന്യാസിമാര്‍, ഉദ്യോഗസ്ഥര്‍, വിശിഷ്ട വ്യക്തികള്‍, ബുദ്ധമത ലോകവുമായി ബന്ധപ്പെട്ട മറ്റുള്ളവര്‍ എന്നിവരുള്‍പ്പെടുന്ന ഒരു ബൃഹദ്‌സമ്മേളനത്തെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്തു.
പ്രധാനമന്ത്രി ദേബ 2022 ഏപ്രില്‍ 1 മുതല്‍ 3 വരെ നടത്തിയ ഡല്‍ഹി, വാരണാസി സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയായാണ് പ്രധാനമന്ത്രിയുടെ നേപ്പാളിലെ ലുംബിനി സന്ദര്‍ശനം. ഇന്നത്തെ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബഹുമുഖ പങ്കാളിത്തത്തിനും സുപ്രധാന മേഖലകളിലെ പ്രത്യേകിച്ച് വിദ്യാഭ്യാസം, സാംസ്‌കാരികം, ഊര്‍ജം, ജനങ്ങളുടെ വിനിമയം എന്നിവയില്‍ വിപുലമായ സഹകരണത്തിനും ആക്കം വര്‍ദ്ധിപ്പിച്ചു. പ്രധാനമന്ത്രി മോദിയുടെ ലുംബിനി സന്ദര്‍ശനം ഇന്ത്യയും നേപ്പാളും തമ്മിലുള്ള ആഴമേറിയതും സമ്പന്നവുമായ നാഗരിക ബന്ധത്തിനെയും അത് വളര്‍ത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ സംഭാവനകളെയും ഊന്നിപ്പറയുന്നതുമാണ്.